സംരംഭത്തിന് ശക്തി പകരാം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ
അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍, പോസ്റ്ററുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവയില്‍ നിന്നും വ്യത്യസ്തമായി ഒരൊറ്റ ക്ലിക്കിലൂടെ നിരവധി മടങ്ങ് ആളുകളിലേക്ക് എത്താന്‍ സാധിക്കുന്നുവെന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ മുഖ്യ സവിശേഷത. ഉപഭോക്താക്കളാവാന്‍ സാധ്യതയുള്ളവരിലേക്ക് ഉല്‍പ്പന്നത്തെ, സേവനത്തെ, അഥവാ ബ്രാന്‍ഡിനെ എത്തിക്കാനും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആണ് നല്ലത്. ഇതുകൂടാതെ പരമ്പരാഗത പരസ്യ മാധ്യമങ്ങളെ അപേക്ഷിച്ചു ചെലവ് കുറവാണ് എന്ന പ്രത്യേകതയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനുണ്ട്.
എനിക്കും ചെയ്യാമോ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ?
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നാല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം മാത്രമാണെന്ന ധാരണ പലര്‍ക്കുമിടയില്‍ ശക്തമാണ്. അതുകൊണ്ടു തന്നെ റീറ്റെയ്ല്‍ സംരംഭകര്‍ക്ക് മാത്രമുള്ളതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന ധാരണയാണ് ഉല്‍പ്പാദകര്‍, ഹോള്‍സെയില്‍ വില്‍പ്പനക്കാര്‍, സേവനദാതാക്കള്‍ തുടങ്ങിയ ബിസിനസുകാര്‍ക്ക്. ആമസോണ്‍, ഇ-ബേ, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയ വമ്പന്മാരുടെ ഇ കൊമേഴ്‌സ് ബിസിനസിനെ മറിക്കടന്ന് എങ്ങനെ വിപണി കണ്ടെത്തുമെന്ന ചെറുകിട റീറ്റെയ്ല്‍ സംരംഭകരുടെ ആശങ്കയും അതോടൊപ്പം ചേര്‍ത്തു വായിക്കണം.
എന്നാല്‍ ഇത്തരം മുന്‍വിധികളെല്ലാം അസ്ഥാനത്താണെന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ കൊഴുക്കുന്ന ഇ കൊമേഴ്‌സ് വ്യവസായം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഒരു മുഖം മാത്രമാണ്. ഉപഭോക്താക്കളിലേക്ക് അവര്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ ഫെസിലിറ്റേറ്റര്‍ മാത്രമാണ് ഇത്തരം സൈറ്റുകള്‍. എന്നാല്‍ ബ്രാന്‍ഡ് ബില്‍ഡിംഗ്, സോഷ്യല്‍ ഇമേജ് ബില്‍ഡിംഗ് തുടങ്ങിയവയ്ക്കും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉപയോഗിക്കാം.
എങ്ങനെ ചെയ്യണം?
ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ നമ്മുടെ സ്ഥാപനത്തിന്റെ പേര് സജീവമായി നിലനിര്‍ത്തുകയെന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ ആദ്യ തന്ത്രം. അതിന് ആദ്യം വേണ്ടത് സ്വന്തമായ ഒരു വെബ്‌സൈറ്റ് ആണ്. ഡിജിറ്റല്‍ ഇടങ്ങളില്‍ സംരംഭകന്റെ മേല്‍വിലാസമാണ് അയാളുടെ വെബ്‌സൈറ്റ്. ഒരു സംരംഭകന് കമ്പനിയുടെ പേരിലോ കമ്പനിയുടെ പ്രധാന ബ്രാന്‍ഡിന്റെ പേരിലോ വെബ്‌സൈറ്റ് തുടങ്ങാം. വളരെ ലളിതമായ ഭാഷയില്‍ ആകര്‍ഷകമായ പാറ്റേണില്‍ വേണം വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്യാന്‍. റീറ്റെയ്ല്‍ സംരംഭകരും സേവനദാതാക്കളും അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കാനുള്ള ഇ കൊമേഴ്‌സ് സൗകര്യവുമായി വെബ്‌സൈറ്റിനെ ബന്ധിപ്പിച്ചിരിക്കണം. ഇതിനെല്ലാം പ്രൊഫഷണലായ വെബ് ഡിസൈനര്‍മാരുടെ സഹായം തേടാവുന്നതാണ്.
എന്നും ആക്റ്റീവ് കണ്ടന്റ് നല്‍കുകയെന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ മൂല മന്ത്രം. ഒരു ഉപഭോക്താവ് ഒരു ഉല്‍പ്പനം അഥവാ സേവനത്തെക്കുറിച്ച് നെറ്റില്‍ തിരയുമ്പോള്‍ ആദ്യം നിങ്ങളുടെ പേര് കിട്ടുന്ന തരത്തിലേക്ക് വെബ്‌സൈറ്റിനെ കൊണ്ടുവരുന്ന പ്രക്രിയയാണ് സേര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍. അതിനായി ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ നമ്മളെ സജീവമായി നിലനിര്‍ത്താനാ
യി ചെറു കുറിപ്പുകള്‍, ഉപഭോക്താക്കളുടെ റിവ്യൂകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങി ഫോര്‍മാറ്റുകളില്‍ ആകര്‍ഷകവും ഉപഭോക്താക്കളുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നതുമായ ക്രിയേറ്റിവ് കണ്ടന്റുകള്‍ തുടര്‍ച്ചയായ ഇടവേളകളില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ്ആപ്പ്, ബ്ലോഗ്, പിന്‍ട്രസ്റ്റ്, ഇന്‍സ്റ്റഗ്രാം, ടംബ്ലര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യണം. ആവശ്യമെങ്കില്‍ ഇതിന് പ്രൊഫഷണല്‍ സഹായം തേടാം. ഇങ്ങനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രധാന വെബ്‌സൈറ്റിലേക്ക് ഉപഭോക്താവിനെ നയിക്കുന്ന രീതിയാണ് ബാക്ക് ലിങ്കിംഗ്.
ഓരോ വ്യക്തിയും ഇന്റര്‍നെറ്റില്‍ പലതും പരതുന്നത് അതിനെ സംബന്ധിക്കുന്ന ചില കീവേഡുകളുടെ സഹായത്തോടെയാണ്. വിപണനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉല്‍പ്പന്നത്തെയും അതിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന മാധ്യമങ്ങളെയും ഇത്തരം കീവേഡുകളുടെ പരിധിയില്‍ കൊണ്ടുവരുന്നത് പ്രധാനമാണ്. ഉദാഹരണത്തിന് കൊച്ചിയില്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തിരയുന്ന വ്യക്തി ആദ്യം ഉപയോഗിക്കുന്ന 'ഫൈവ്സ്റ്റാര്‍ ഹോട്ടല്‍സ് ഇന്‍ കൊച്ചി' എന്ന കീവേര്‍ഡിന്റെ പരിധിയില്‍ വന്നാലേ കൊച്ചിയിലെ ഒരു ഹോട്ടലിയര്‍ക്ക് ഉപഭോക്താവിനെ ആകര്‍ഷിക്കാന്‍ സാധിക്കുകയുള്ളു. ഇങ്ങനെ നല്ല കീവേഡുകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന നിരവധി ടൂളുകള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
ഇതു കൂടാതെ ടാര്‍ഗറ്റഡ് ഉപഭോക്താവിലേക്ക് നേരിട്ടെത്തുന്ന ഇ-മെയ്ല്‍ മാര്‍ക്കറ്റിംഗ്, എസ്.എം.എസ് മാര്‍ക്കറ്റിംഗ് ന്യൂസ് ലെറ്ററുകളും പ്രമോഷണല്‍ ഇമെയ്‌ലുകളും എന്നിവയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തു വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ പ്രാധാന്യത്തെ കൂറിച്ചുളള അറിവില്ലായ്മയും, ഫണ്ടില്ലാത്തതും വിഭവ പരിമിതിയുമൊക്കെയാണ് ഈ രംഗത്തെ വെല്ലുവിളികള്‍.
മനസിലിരിക്കട്ടെ ഈ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടിപ്പുകള്‍
* നല്ലൊരു വെബ്‌സൈറ്റ് നിര്‍മിക്കുകയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ആദ്യ ഘടകം. സംരംഭത്തിന്റെ സ്വഭാവവും ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളെയും ഒക്കെ പരിഗണിച്ചു വേണം വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്യുവാന്‍. ഗൂഗിളില്‍ ലഭിക്കുന്ന ടെംപ്ലേറ്റുകള്‍ ഉപയോഗിച്ച് വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്താല്‍ മികച്ച ഫലം ലഭിക്കുകയില്ല.
* ഫേസ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്‌സാപ്പ്, ലിങ്ക്ഡ്ഇന്‍, പിന്‍ട്രസ്റ്റ്, ടംബ്ലര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളുമായി വെബ്‌സൈറ്റിനെ ബന്ധിപ്പിക്കുക. അതിനായി കമ്പനിയെ കുറിച്ചോ ബ്രാന്‍ഡിനെ കുറിച്ചോ ഉള്ള കണ്ടന്റുകള്‍ കൃത്യമായ ഇടവേളകളില്‍ മേല്‍പ്പറഞ്ഞ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യണം. ജനങ്ങളുടെ മനസില്‍ പതിയുന്ന തരത്തിലുള്ള ടെക്സ്റ്റ്, വീഡിയോ, ഫോട്ടോ, ജിഫ്, ബ്ലോഗ് തുടങ്ങിയ വിവിധ ഫോര്‍മാറ്റിലുള്ള കണ്ടന്റുകള്‍ ഉപയോഗിക്കാം. ഇവയെല്ലാം നേരിട്ട് വെബ്‌സൈറ്റിലേക്ക് ഡയറക്റ്റ് ചെയ്യുന്ന തരത്തില്‍ വേണം അപ്‌ലോഡ് ചെയ്യാന്‍. ജനങ്ങളെ എന്‍ഗേജ്
ചെയ്യിക്കാന്‍ കഴിയുന്നതാകണം പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകള്‍.
* നിങ്ങളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി തുടര്‍ച്ചയായി വിലയിരുത്താന്‍ സംരംഭത്തില്‍ സ്വന്തമായി ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടീമിനെ ഉണ്ടാക്കിയെടുക്കുന്നത് നന്നായിരിക്കും. അതിനു പ്രയാസം അനുഭവപ്പെടുന്നവര്‍ക്കു പ്രൊഫഷണല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദഗ്ധരുടെ സഹായം തേടാം.
* കമ്പനിയില്‍ ഒരു സോഷ്യല്‍ മീഡിയ പോളിസി രൂപീകരിച്ച് മറ്റു ജീവനക്കാരെ കൂടി അതിന്റെ ഭാഗമാക്കുക. അവരോട് കമ്പനിയുടെ പ്രൊമോഷണല്‍ കണ്ടന്റുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ എക്കൗണ്ട് വഴി ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടാം.
* വെബ്‌സൈറ്റിനെ മൊബീല്‍ ഫ്രണ്ട്‌ലി ഫോര്‍മാറ്റിലേക്കു മാറ്റണം. ഡെസ്‌ക്‌ടോപ്പില്‍ വിവരങ്ങള്‍ പരതുന്നവരേക്കാള്‍ സ്മാര്‍ട്ട് ഫോണില്‍ സര്‍ഫിംഗ്
നടത്തുന്നവരാണ് ഇന്ന് അധികവും.
* ഇടയ്ക്കിടയ്ക്ക് സ്വന്തം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി വിശകലനം ചെയ്യുന്നതും അതില്‍ കാലികമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതും നന്നായിരിക്കും.