ചെറുകിട സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ ഉപഭോക്താക്കളിലേക്കെത്താം; അറിയണം ഈ ഡിജിറ്റല്‍ തന്ത്രങ്ങള്‍

ചെറുകിട സംരംഭങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായേക്കാവുന്ന വലിയൊരു മഹാമാരിയെ നീന്തിക്കടക്കാന്‍ ശ്രമിക്കുകയാണ് ഈ കൊറോണ കാലത്ത്. ഓഫീസുകള്‍ പ്രവര്‍ത്തിക്കാതെ, ഉല്‍പ്പാദനവും സപ്ലൈയും സേവനങ്ങളുമെല്ലാം നിശ്ചലാവസ്ഥയിലായി അടുത്തതെന്ത് എന്ന ആശങ്കയോടെയാണ് പലരും നില്‍ക്കുന്നത്. എന്നാല്‍ ക്ലയന്റുകളെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നിരിക്കെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്നെയാണ് സഹായത്തിനെത്തുക. കൊറോണ കാലത്ത് മാത്രമല്ല ചെറുകിട സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ ബിസിനസില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാം. എങ്ങനെയാണ് സംരംഭങ്ങള്‍ക്ക്, പ്രത്യേകിച്ച് ചെറുകിടക്കാര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സഹായകമാകുന്നത് എന്ന് നോക്കാം.

കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആളുകളിലേക്ക്

ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് ഇന്ന് അനിവാര്യം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആണ്.വളരെ കുറഞ്ഞ ചിലവില്‍ ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ പറ്റിയ വിപണന തന്ത്രമാണ് ഇത്.അതുകൊണ്ട് തന്നെയാണ് ടെലിവിഷന്‍, റേഡിയോ, ബില്‍ബോര്‍ഡുകള്‍, വര്‍ത്തമാന പത്രങ്ങള്‍, മാസികകള്‍ തുടങ്ങിയ പരമ്പരാഗത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളേക്കാള്‍ ഇന്ന് ഏവരും ഇന്റര്‍നെറ്റില്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തെരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്റര്‍നെറ്റിന്റെ ലഭ്യതയും ഉപയോഗവും വര്‍ധിച്ചതും ബിസിനസ് രംഗത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. തന്റെ ബിസിനസ് എന്തിനു ഡിജിറ്റലാക്കണം എന്ന് സ്വയം നിര്‍ണയിക്കുകയാണ് ഇതിന്റെ ആദ്യപടി.

വരും കാലത്ത് ബിസിനസിന്റെ മൂല്യം നിശ്ചയിക്കുന്നത് ഡിജിറ്റല് ആസ്തികളാകും. ഇക്കാര്യം എന്നും മനസില്‍ കരുതണം.ആരാണ് നമ്മുടെ ടാര്‍ഗെറ്റഡ് കസ്റ്റമര്‍ ? ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ പ്രസ്തുത ഉപഭോക്താക്കളിലേക്ക് നമ്മുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കാന്‍ കഴിയുമോ എന്നതാണ് നാം ആദ്യമായി ചിന്തിക്കേണ്ടത് .അങ്ങനെ കഴിയുമെങ്കില്‍ തീര്‍ച്ചയായും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാം. പരമ്പരാഗത പരസ്യ മാര്‍ഗങ്ങളിലൂടെ പത്തു വര്‍ഷം കൊണ്ട് നേടിയെടുക്കുന്ന പ്രശസ്തി പത്തു ദിവസത്തിനുള്ളില്‍ സമ്മാനിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കൊണ്ട് സാധിക്കുന്നുവെന്ന് ഗൂഗ്‌ളിന്റെ സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ്(SEM) , പേ പെര്‍ ക്ലിക് (PPC) എന്നിവ ചൂണ്ടിക്കാട്ടുന്നു.

ഗൂഗ്ള്‍, ബിംഗ് തുടങ്ങിയ സെര്‍ച്ച് എന്‍ജിനുകള്‍ കോട്ക്കണക്കിനു ജനങ്ങളിലേക്കാണ് ഓരോ ദിവസവും അവരുടെ കണ്ടന്റുകളെത്തിക്കുന്നത്. എന്നാല്‍ ഒരു ബിസിനസിനെ സംബന്ധിച്ച് വളരെ ചുരുങ്ങിയ മുതല്‍ മുടക്കില്‍ കൂടുതല്‍ ജനങ്ങളിലേക്കെത്താന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ കഴിയുന്നു. എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉപയോഗിക്കാം. പക്ഷെ ഉപയോഗിക്കാതെ തരമില്ല.

ഡിജിറ്റല്‍ കണ്ടന്റ് 'ഫ്രഷ്' ഭക്ഷണം പോലെ

ഇന്ന് ആളുകള്‍ ഭക്ഷണം കഴിക്കും പോലെ തന്നെയാണ് ഡിജിറ്റല്‍ കണ്ടന്റ് അഥവാ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ നമ്മളിലേക്കെത്തുന്ന വിവരങ്ങള്‍ക്കായി വിശന്നിരിക്കുന്നത്. രാവിലെ ഉറക്കമുണരുന്നത് മുതല്‍ രാത്രി ഉറങ്ങാന്‍ നേരം വരെയും സോഷ്യല്‍മീഡിയയും ഗൂഗ്‌ളും ഉപയോഗിക്കുന്ന വലിയൊരു സമൂഹമാണ് നമ്മുടേത്. എത്രത്തോളം ഫ്രഷ് ആയ പുതുമയും വ്യത്യസ്തതയുമുള്ള കണ്ടന്റുകള്‍ നല്‍കുന്നുവോ അത്രയും വേഗത്തില്‍, വീണ്ടും വീണ്ടും കണ്ടന്റുകള്‍ ആളുകള്‍ ഉപയോഗിച്ചു കൊണ്ടേ ഇരിക്കുന്നു. ഈ അവസരത്തെയാണ് ചെറുകിടക്കാര്‍ ഉപയോഗപ്പെടുത്തേണ്ടത്. ഉദാഹരണത്തിന് നിങ്ങളുടെ സംരംഭം ഒരു ഫിറ്റ്‌നസ് സെന്ററാണെന്നിരിക്കട്ടെ. നിങ്ങള്‍ക്ക് ആളുകളിലേക്ക് എത്താന്‍ വളരെ എളുപ്പത്തിലൊരു മാര്‍ഗമാണ് ഡിജിറ്റല്‍ കണ്ടന്റ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി പ്രദാനം ചെയ്യുന്നത്.

' 30 ദിവസം കൊണ്ട് യാതൊരു മരുന്നിന്റെയും ഉപയോഗമില്ലാതെ വണ്ണം കുറയ്ക്കാം'' എന്ന ഒരു ആര്‍ട്ടിക്ക്ള്‍ നിങ്ങള്‍ക്ക് വിവിധ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാം. അവയ്ക്കിടയില്‍ നിങ്ങളുടെ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാം. അവയ്ക്ക് നിങ്ങളുടെ വെബ്‌സൈറ്റിലേക്കെത്താനും അഡ്രസ് നല്‍കുന്ന രീതിയിലും വിവരങ്ങള്‍ ക്രമീകരിക്കാം. ആളുകള്‍ എളുപ്പത്തില്‍ വളരെ ഇഷ്ടത്തോടെ വായിച്ച ആ കണ്ടന്റ് നിങ്ങളുടെ പരസ്യം തന്നെയല്ലെ. അതേസമയം നിങ്ങള്‍ പരസ്യം ചെയ്യുകയാണ് ചെയ്തതെങ്കില്‍ എത്ര പേര്‍ നോക്കും. അതാണ് ഡിജിറ്റല്‍ കണ്ടന്റ് മാര്‍ക്കറ്റിംഗിന്റെ പ്രത്യേകത.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടൂളുകള്‍ ഉപയോഗിക്കാം

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എത്രമാത്രം ചെയ്യുന്നുവോ അതിന്റെ ഗുണങ്ങളും ആളുകളിലേക്കെത്തുന്നതിന്റെ ലൈവ് വിവരങ്ങളും എത്തിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടൂളുകള്‍ ഇന്ന് ലഭ്യമാണ്.

ഗൂഗ്ള്‍ അനലിറ്റിക്‌സ്

പേപെര്‍ക്ലിക്, ഉപയോക്താക്കളുടെ എണ്ണം, ഉപയോഗത്തിന്റെ സ്വഭാവം, എത്രപേര്‍ കണ്ടന്റ് ഉപയോഗിച്ചു, എത്രപേര്‍ ചര്‍ച്ച ചെയ്തു, ഷെയര്‍ ചെയ്തു തുടങ്ങി ഒട്ടനവധി വിവരങ്ങള്‍ കാണാന്‍ കഴിയുന്നതാണ് ഗൂഗ്ള്‍ അനലിറ്റിക്‌സ്.

ഗൂഗ്ള്‍ കീവേഡ് പ്ലാനര്‍

നിങ്ങള്‍ക്കറിയാം മിക്കവാറും ഉപഭോക്താക്കളെല്ലാം ഉല്‍പ്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ഗൂഗ്ള്‍ സെര്‍ച്ച് ചെയ്യുന്നവരാണെന്ന്. എന്താണ് ആളുകള്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യുന്നത്, എങ്ങനെ അത് നമ്മുടെ ഉല്‍പ്പന്നമായോ, സേവനമായോ ഉപയോഗപ്പെടുത്താം എന്ന് പഠിച്ചാണ് ഗൂഗ്ള്‍ വഴി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെയ്യാവുന്നത്. ലിങ്ക് ബില്‍ഡിംഗ്& ട്രാക്കിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍ എന്നിവയെല്ലാം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ മികച്ചതാക്കുന്ന ടൂളുകളാണ്.

സോഷ്യല്‍മീഡിയ വ്യക്തിഗത ചാനല്‍ പോലെ

സോഷ്യല്‍മീഡിയയില്‍ പേജുകള്‍ പലതും ഉപഭോക്താക്കളിലേക്ക് അവര്‍ പോലും അറിയാതെ പ്രദര്‍ശിക്കപ്പെടുകയും ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിഗത ചാനലുകള്‍ പോലെയാണ്. പലരും സോഷ്യല്‍ മീഡിയയെ പല തരത്തില്‍ ഉപയോഗിക്കുന്നു. ചിലര്‍ പഠിക്കാന്‍, വാര്‍ത്തകള്‍ അറിയാന്‍ മറ്റു ചിലര്‍ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും എന്‍ഗേജ്ഡ് ആയിരിക്കാനും അങ്ങനെ വിവിധ തരം ആളുകള്‍. ഡേറ്റ എന്നതാണ് ഇന്ന് ഏറ്റവും അധികം ആളുകളിലേക്ക്് എത്തുന്ന മാധ്യമം സോഷ്യല്‍ മീഡിയ തന്നെയാണ് ഇത് ഡേറ്റയുടെ കലവറയാണ്. ഇവയെ ഉപയോഗിക്കുന്നതിലാണ് നിങ്ങളുടെ മിടുക്ക്.

നിങ്ങളുടെ കമ്പനിയുടെ പുതിയ പ്രോഡക്റ്റുകളും സേവനങ്ങളും എന്തൊക്കെയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ആളുകളെ അറിയിക്കാനും അതുപോലെ ഉപഭോക്താവുമായിട്ടുള്ള ബന്ധം ഊഷ്മളമാക്കാനും സോഷ്യല്‍ മീഡിയയിലൂടെ സാധിക്കുന്നു. നിങ്ങളുടെ വെബ്സൈറ്റിലേക്ക് ആളുകളെ ആകര്‍ഷിക്കാനും സോഷ്യല്‍മീഡിയ സഹായകമാണ്. എസ്ഇ ഓ ചെയ്യുന്നതും ഉത്തമമാണ്. ഒരു സ്ഥാപനത്തിന്റെ സ്വന്തം വെബ്സൈറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന സെമിനാറുകളെയാണ് വെബിനാറുകള്‍ എന്ന് പറയുന്നത്. ഇതും അതുപോലെ വീഡിയോകളും വളരെ ഉപയോഗപ്രദമാണ്. ഇവ രണ്ടും യഥാര്‍ത്ഥ ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനായി സഹായിക്കുന്നു.

നിങ്ങള്‍ക്ക് വേണോ എന്ന് സ്വയം തീരുമാനിക്കാം

എന്താണ് നിങ്ങളുടെ ഉല്‍പ്പന്നം? ഓണ്‍ലൈനില്‍ പ്രസ്തുത ഉല്‍പ്പന്നം കണ്ടശേഷം വാങ്ങുന്നതിനായി ആളെത്തുമോ? സ്ഥാപനത്തിന്റെ ഭാവി വളര്‍ച്ചക്ക് ഇത് സഹായകരമാകുമോ? തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയ ശേഷമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലേക്ക് ഇറങ്ങേണ്ടത്. വെബ്സൈറ്റ് നിര്‍മാണം, സോഷ്യല്‍ മീഡിയ പേജുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ലേഖനങ്ങള്‍, പരസ്യങ്ങള്‍ എന്നിവ ഇന്നത്തെകാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഉപയോഗിക്കുന്നു. വീഡിയോ കണ്ടന്റിനും ഇപ്പോള്‍ പ്രസക്തി വര്‍ധിച്ചു വരികയാണ്.അതിനാല്‍ അത്തരത്തിലുള്ള പ്രാധാന്യം തിരിച്ചറിഞ് , ഭാവി ഉപഭോക്താക്കളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന തരത്തിലുള്ള മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഉപയോഗിക്കുക. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനായി പണം നിക്ഷേപിക്കുമ്പോള്‍ അതില്‍ നിന്നും വരുമാനം കണ്ടെത്താനുള്ള ലക്ഷ്യവും മനസ്സില്‍ കുറിച്ചിടണം.കാലങ്ങളായി നല്ല രീതിയില് നടക്കുന്ന ബിസിനസുകളെ പുതിയ കാലത്തിന് അനുയോജ്യമാകുന്ന വിധത്തിലേക്ക് ശാസ്ത്രീയമായി രൂപാന്തരീകരണം നടത്തിവേണം ഡിജിറ്റലൈസ് ചെയ്യാന്‍. ചെറുകിട, ഇടത്തരം സംരംഭകര്‍ നാളെയുടെ സാധ്യതകള്‍ മനസിലാക്കി ഈ രംഗത്തേക്ക് വരുന്നതാണുത്തമം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it