ഒരു സംരംഭത്തില്‍ എത്ര സ്ഥാപകര്‍ വരെ ആകാം, അതിനുമുണ്ടോ വിജയാനുപാതം?

കൂടുതല്‍ സഹസ്ഥാപകരുണ്ടെങ്കില്‍ കമ്പനിയെ വളര്‍ത്തുന്നതിനുപകരം ബന്ധങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും

ഒരു പാചകക്കാരന്‍ തനിച്ച് പാചകം ചെയ്യുന്നതിന് ധാരാളം പരിമിതിയുണ്ട്. എന്നാല്‍ ഒരുപാട് പാചകക്കാര്‍ ഒരുമിച്ച് ഒരു ഭക്ഷണം ഉണ്ടാക്കിയാല്‍ അത് അതിന്റെ രുചിയെ ഇല്ലാതാക്കും. ഒരു ബിസിനസ് ആരംഭിക്കുമ്പോഴും അതിലെ സ്ഥാപകരുടെ എണ്ണം ആ ബിസിനസിന്റെ വിജയ-പരാജയത്തെ സ്വാധീനിക്കുന്നുണ്ട്.

എത്ര സ്ഥാപകരുള്ള സംരംഭങ്ങള്‍ക്കാണ് വിജയസാധ്യത കൂടുതല്‍ എന്നതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നിലവില്‍ ഒന്നുംതന്നെ ഇല്ല എങ്കിലും പല പഠട്ടുകനെ റിപ്പോര്‍ള സ്വാംശീകരിച്ച് പറയാന്‍ സാധിക്കുക സ്ഥാപകരുടെ എണ്ണം വളരെ കുറവുള്ള സ്ഥാപങ്ങള്‍ക്കാണ് വിജയ സാധ്യത കൂടുതലായി കണ്ടിട്ടുള്ളതും ആളുകള്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ തയ്യാറായിട്ടുള്ളതും.
സഹസ്ഥാപക ബന്ധം കെട്ടിപ്പടുക്കാന്‍
രണ്ട് പേരടങ്ങുന്ന ഒരു സഹസ്ഥാപക ടീമില്‍, നിങ്ങള്‍ക്ക് മാനേജ് ചെയ്യാന്‍ ഒരു വ്യക്തിഗത ഇന്റര്‍പ്ലേ ഉണ്ട്. എന്നാല്‍, ഒരു അധിക സഹസ്ഥാപകനെ ചേര്‍ക്കുന്നത് സങ്കീര്‍ണ്ണത വര്‍ധിപ്പിക്കുന്നു; മൂന്നു പേര് പരസ്പരം യോജിച്ചുപോണം, അത് മൂന്നിരട്ടി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അഞ്ച് സഹസ്ഥാപകരോടൊപ്പം, ശ്രദ്ധയും സഹകരണവും ആവശ്യമുള്ള പത്ത് സഹ-സ്ഥാപക ബന്ധങ്ങള്‍ ഉയര്‍ന്നുവരുന്നു. ടീമുകള്‍ വളരുന്നതിനനുസരിച്ച് ഈ സങ്കീര്‍ണ്ണത പലപ്പോഴും കാര്യക്ഷമത കുറഞ്ഞ സ്‌കെയിലിംഗില്‍ കലാശിക്കുന്നു, അതുകൊണ്ടാണ് വലിയ സഹസ്ഥാപക ടീമുകള്‍ ഇടയ്ക്കിടെ വാദപ്രതിവാദങ്ങള്‍ നേരിടുന്നത്. ഫലപ്രദമായ ഒരു സഹസ്ഥാപക ബന്ധം കെട്ടിപ്പടുക്കുന്നതും പരിപാലിക്കുന്നതും വളരെ ബുദ്ധിമുട്ടാണ്. സഹ-സ്ഥാപകര്‍ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ അല്ല, അതിനാല്‍ മുമ്പ് നിങ്ങളുടെ സഹസ്ഥാപകരുമായി സൗഹൃദം ഉണ്ടെങ്കിലും ഫലപ്രദമായ ഒരു സഹസ്ഥാപക ബന്ധം കെട്ടിപ്പടുക്കാന്‍ വീണ്ടും ധാരാളം സമയവും പരിശ്രമവും ആവശ്യമാണ്.
വ്യത്യസ്തങ്ങളായ മേഖലകളില്‍ ശ്രദ്ധിക്കാം
ഒരു സ്റ്റാര്‍ട്ടപ്പിലെ ഏറ്റവും പ്രധാന ഘടകം അവര്‍ എടുക്കുന്ന തീരുമാനങ്ങളാണ്. കൃത്യസമയത്ത് കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് അവസരങ്ങളെ നഷ്ടപ്പെടുത്തും. കൂടുതല്‍ സ്ഥാപകരുള്ള സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം തീരുമാനങ്ങള്‍ എടുക്കുന്നതിന് ധാരാളം സമയം ചെലവിടേണ്ടതായിവരും കാരണം എല്ലാ സ്ഥാപകരുമായും ചര്‍ച്ചചെയ്ത് അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് എല്ലാവരുടെയും സമ്മതത്തിന് ശേഷം മാത്രമേ തീരുമാനം നടപ്പാക്കാന്‍ കഴിയുള്ളു. അതും ആ തീരുമാനം മികച്ചതാവണമെന്നും ഇല്ല. രണ്ട് സഹസ്ഥാപകര്‍ ഉള്ളത് തീരുമാനമെടുക്കല്‍ കാര്യക്ഷമമാക്കുകയും ആശയവിനിമയം ലളിതമാക്കുകയും പലപ്പോഴും സംഘര്‍ഷം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഒരു വ്യക്തി ബിസിനസ് തന്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റൊരാള്‍ സാങ്കേതികവിദ്യയിലും ഉല്‍പ്പന്ന വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലെയുള്ള കോംപ്ലിമെന്ററി സ്‌കില്‍ സെറ്റുകളില്‍ നിന്ന് സ്റ്റാര്‍ട്ടപ്പിന് പ്രയോജനം നേടാം.
റോള്‍ നിര്‍വചിക്കണം
ഓരോ വ്യക്തിക്കും വ്യക്തമായി നിര്‍വചിക്കപ്പെട്ട റോള്‍ ഉണ്ടെങ്കില്‍, അവര്‍ക്കിടയില്‍ ശക്തമായ ആശയവിനിമയം ഉണ്ടെങ്കില്‍ മൂന്ന് സഹസ്ഥാപകര്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയും. മാത്രമല്ല സ്ഥാപനം 'dead lock' ആവാതിരിക്കാനും 3 സ്ഥാപകരുള്ള സ്ഥാപനത്തിന് സാധിക്കും. കാരണം ഒരു തീരുമാനവുമായി ബന്ധപ്പെട്ട വോട്ടിങ്ങില്‍ മൂന്നാമതൊരാളിന്റെ സ്വാധീനം തീരുമാനത്തിലെത്താന്‍ സഹായിക്കും. എന്നാല്‍ മൂന്നില്‍ കൂടുതലായാല്‍ ബിസിനസിന്റെ വളര്‍ച്ച മന്ദഗതിയിലാവുകയും ചെയ്യും.
ലാഭവും കുറയും
സ്റ്റാര്‍ട്ടപ്പുകള്‍ ഒന്നിലധികം തവണ മൂലധനം സമാഹരിക്കുന്നതിനാല്‍, ഓരോ സ്ഥാപകന്റെയും വിഹിതം കാലക്രമേണ കുറഞ്ഞേക്കാം, ഇത് വര്‍ഷങ്ങളുടെ സമര്‍പ്പിത പ്രയത്‌നത്തിന് ശേഷം ഒരു നിസസ്സാരമായ ഉടമസ്ഥാവകാശ ഓഹരിയിലേക്ക് നയിച്ചേക്കാം. ഇത് സ്ഥാപകര്‍ക്കിടയില്‍ നിരാശ ജനിപ്പിച്ചേക്കാം. കൂടാതെ, ഒരു വലിയ ടീം മാനേജ്മെന്റില്‍ സങ്കീര്‍ണ്ണത വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിന്റെ ഘടന, ഓര്‍ഗനൈസേഷന്‍, ഷെയറുകളുടെ വിതരണം എന്നിവയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാം. ലാഭവിതരണവുമായി ബന്ധപ്പെട്ടും തര്‍ക്കത്തിനുള്ള സാഹചര്യം വര്‍ധിക്കും. കൂടുതല്‍ സ്ഥാപകര്‍ ഉണ്ടാകുമ്പോള്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന ലാഭത്തില്‍ കുറവുവരാം.
ഇത്തരം വിഷയങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ രണ്ടോ മൂന്നോ സ്ഥാപകരില്‍ ബിസിനസ് ആരംഭിക്കുന്നതാണ് ഏറ്റവും ഉചിതം. നിങ്ങള്‍ക്ക് കൂടുതല്‍ സഹസ്ഥാപകരുണ്ടെങ്കില്‍, കൂടുതല്‍ ബന്ധങ്ങള്‍ നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ കമ്പനിയെ വളര്‍ത്തുന്നതിനുപകരം ബന്ധങ്ങള്‍ക്കായി നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കും.
Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles
Next Story
Videos
Share it