കോവിഡ് കാലത്ത് 200 ശതമാനം വരെ വളര്‍ച്ച നേടിയ സംരംഭങ്ങളുടെ വിജയരഹസ്യം ഇതാ!
സ്ട്രാറ്റജി കണ്‍സള്‍ട്ടിംഗിന് സവിശേഷ ഊന്നല്‍ നല്‍കി കൊണ്ട് ബ്രാന്‍ഡ് & ബിസിനസ് സൊലൂഷന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. പ്രധാനമായും ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ക്കാണ് സേവനം നല്‍കുന്നത്. സ്റ്റാര്‍ട്ടപ്പുകളെയും ഇടത്തരം ബിസിനസുകളെയും രാജ്യത്തിന് പുറത്തേക്കുള്ള വിപണിയിലേക്ക് വളര്‍ത്താനുള്ള പിന്തുണയാണ് ഞങ്ങള്‍ നല്‍കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലെ ജനസമൂഹത്തിന്റെ സാംസ്‌കാരിക പശ്ചാത്തലം നോക്കി അവര്‍ക്ക് സേവനങ്ങളും ഉല്‍പ്പന്നങ്ങളും ലഭ്യമാക്കാന്‍ ശ്രമിക്കുന്ന ബിസിനസുകള്‍ക്ക് സമഗ്രമായ പിന്തുണയാണ് ഞങ്ങള്‍ നല്‍കുന്നത്. വളര്‍ച്ചയില്‍ ശ്രദ്ധയൂന്നി അതിവേഗത്തില്‍ മുന്നേറാനുള്ള സഹായമാണ് ഞങ്ങള്‍ ബിസിനസുകള്‍ക്ക് നല്‍കുന്നത്.
ഈ കോവിഡ് കാലത്തും ഞങ്ങളുടെ സേവനം തേടുന്ന എല്ലാ ബിസിനസുകളുടെയും വളര്‍ച്ചയില്‍ 20 മുതല്‍ 200 വരെ ശതമാനം വളര്‍ച്ചയുണ്ടായി. Accelerated adaptability (പരിതഃസ്ഥിതികളോട് ത്വരിതഗതിയില്‍ ഇളങ്ങാനുള്ള കഴിവ്) സംരംഭങ്ങളില്‍ സൃഷ്ടിച്ചാണ് ഈ വളര്‍ച്ച സാധ്യമാക്കിയത്.
സ്ട്രാറ്റജി കണ്‍സള്‍ട്ടിംഗിന്റെ പശ്ചാത്തലത്തില്‍, പ്രധാനമായും മൂന്ന് ട്രെന്‍ഡുകളാണ് നിരീക്ഷിച്ചിരിക്കുന്നത്.
1. ത്വരിത മാറ്റത്തിലേക്ക് തുറന്ന സമീപനം: ബിസിനസുകള്‍ അതിവേഗ ടേണ്‍ എറൗണ്ടിന് സജ്ജമായുള്ള ത്വരിത മാറ്റത്തിനായി തുറന്ന സമീപനം ഇപ്പോള്‍ പുലര്‍ത്തുന്നുണ്ട്. അതുപോലെ മാറിയില്ലെങ്കില്‍ കാലത്തിന്റെ ചുവരെഴുത്ത് വൈകാതെ തങ്ങള്‍ കാണേണ്ടിവരുമെന്ന ധാരണ അവര്‍ക്കുണ്ട്. ജീവനക്കാര്‍ വരെ മാറ്റത്തിന് സജ്ജരാണിപ്പോള്‍.
2. സ്ട്രാറ്റജിക്കായി സമയം ചെലവിടാന്‍ താല്‍പ്പര്യം കാണിക്കുന്നു: അങ്ങേയറ്റം ഫോക്കസ്ഡായി ബിസിനസ് നടത്തുന്നവര്‍ ഇപ്പോള്‍ സ്ട്രാറ്റജിക്കായി സമയം ചെലവിടാന്‍ തയ്യാറാകുന്നുണ്ട്. ഇവിടെയുള്ള പല ബിസിനസുകാര്‍ക്കും വെടിയുതിര്‍ക്കുന്നതിന് മുമ്പ് ലക്ഷ്യത്തിലേയ്ക്ക് ശ്രദ്ധയൂന്നുന്നമെന്ന വസ്തുതയില്‍ അധികം വിശ്വാസമില്ലായിരുന്നു. അവര്‍ എപ്പോഴും ബിസിനസ് തന്ത്രങ്ങളെയും പ്ലാനുകളെയും ഗോളുകളെയുമെല്ലാം സ്ട്രാറ്റജിയായി തെറ്റായി വായിച്ചു. സ്ട്രാറ്റജിയോടുള്ള ഇപ്പോഴത്തെ പുതിയ ഒരു പ്രതിപത്തി ഏറ്റവും വലിയൊരു പുത്തന്‍ പ്രവണതയാണ്.
3. പരമ്പരാഗത രീതികളും ആശയവിനിമയ ഉപാധികളും ചരമമടഞ്ഞുകഴിഞ്ഞു: കൂര്‍മ്മ ബുദ്ധിയുള്ള ബിസിനസുകള്‍, ഇപ്പോള്‍ തന്നെ പരമ്പരാഗത രീതികളും ആശയവിനിമയ ഉപാധികളും ചരമമടഞ്ഞതായുള്ള വസ്തുത ഉള്‍ക്കൊണ്ടുകഴിഞ്ഞു. അവരെ പരമ്പരാഗത മീഡിയകള്‍ പരസ്യത്തിനായി സമീപിക്കുമ്പോള്‍ കൂലങ്കഷമായി തന്നെ അവര്‍ ചിന്തിക്കുന്നുണ്ട്. എന്തിനധികം, ബിസിനസുകള്‍ക്കുള്ളില്‍ തന്നെയുള്ള ആശയവിനിമയവും ജോലികളുടെ പുരോഗതി വിലയിരുത്തല്‍ രീതിയുമെല്ലാം അടിമുടി മാറിക്കഴിഞ്ഞു. പ്രാദേശിക തലത്തില്‍ ബിസിനസ് നടത്തുന്നവരുടെ പരസ്യങ്ങള്‍ പത്രങ്ങളും ബ്രോഡ് കാസ്റ്റ് മീഡിയയിലും ഇപ്പോള്‍ വന്‍തോതില്‍ കുറഞ്ഞുകഴിഞ്ഞു. 'ധന'ത്തിന് തന്നെ കഴിഞ്ഞ വര്‍ഷം ഇതേകാലവുമായി താരതമ്യം ചെയ്യുമ്പോള്‍, പ്രിന്റിനേക്കാള്‍ കൂടുതല്‍ വായനക്കാര്‍ ഓണ്‍ലൈനുണ്ടാകുമെന്ന് എനിക്കുറപ്പാണ്.
ഇതാണ് ആ പുതിയ മൂന്ന് ബിസിനസ് അവസരങ്ങള്‍!
എന്റെ കാഴ്ചപ്പാടില്‍ ഇപ്പോള്‍ ബിസിനസില്‍ ഒന്നാമതായും രണ്ടാമതായും മൂന്നാമതായുമുള്ള ബിസിനസ് അവസരങ്ങള്‍ ഇതാണ്. മാര്‍ക്കറ്റ് ട്രാന്‍സിഷന്‍ അറിവ്. വിപണിയില്‍ നടക്കുന്ന പരിവര്‍ത്തനത്തെ കുറിച്ച് നിങ്ങള്‍ പഠിച്ചാല്‍ നിങ്ങളുടെ ബിസിനസിന്റെ ഭാവി വിജയത്തിനുവേണ്ട കാര്യങ്ങളെ കുറിച്ചും നിങ്ങള്‍ക്ക് ഈ നിമിഷം തന്നെ ഉള്‍ക്കാഴ്ച ലഭിക്കും. കോവിഡ് നമ്മെ ബാധിക്കുന്നത് ഏറെ മുമ്പ് തന്നെ നമ്മുടെ ചുറ്റുവട്ടത്തുള്ള വിപണി ഏറെ മാറിക്കഴിഞ്ഞിരുന്നു.
ഹോസ്പിറ്റാലിറ്റി വിപണിയില്‍ ഓണ്‍ലൈന്‍ കമ്പനികള്‍ കടന്നുവന്ന് ഓരോ പ്രോപ്പര്‍ട്ടിലുടെ ലാഭം വന്‍തോതില്‍ വളരെ മുമ്പു തന്നെ ഇല്ലാതാക്കിയിരുന്നു. ഫുഡ്‌ടെക് കമ്പനികള്‍ ഇതേ കാര്യം തന്നെ റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, ഈറ്ററികള്‍, നിങ്ങളുടെ വീടിനടുത്തള്ള ചെറിയ കടകള്‍ എന്നിവയുടെ കാര്യത്തിലും ആവര്‍ത്തിച്ചു. മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഇ കോമേഴ്‌സ് കമ്പനികള്‍ എന്നിവരെല്ലാം തന്നെ ഭൂരിഭാഗം റീറ്റെയ്‌ലേഴ്‌സിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വിഘാതം സൃഷ്ടിച്ചിരുന്നു. കോവിഡ് മൂലമുണ്ടായ ഏക കാര്യം, വിപണിയില്‍ വളരെ നേരത്തെയുണ്ടായ മാറ്റങ്ങളെ സുവ്യക്തമാക്കി എല്ലാവരുടെയും മുന്നില്‍ എത്തിച്ചുവെന്നതാണ്.
കഴിഞ്ഞ ഓണക്കാലത്ത് ധനത്തില്‍ ഞാന്‍ വിപണിയിലെ പരിവര്‍ത്തനം എങ്ങനെയാണ് നമ്മുടെ പ്രാദേശിക ബിസിനസുകളെ കീഴ്‌മേല്‍ മറിക്കുന്നതെന്നും നശിപ്പിക്കുന്നതെന്നും വിശദമായി എഴുതിയിരുന്നു.
ഈ ആഴ്ചയില്‍ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ തന്നെ പരിശോധിക്കൂ. കേരളത്തിലെ 8000 കടകള്‍ അടച്ചുപൂട്ടിയെന്ന് വ്യാപാരി വ്യവസായികള്‍ പറയുന്നു. സൊമാറ്റോയുടെ പഠനം പറയുന്നു, അടച്ചുപൂട്ടിയ, രാജ്യത്തെ 40 ശതമാനം റെസ്റ്റോറന്റുകള്‍ ഇനി തുറക്കില്ലെന്ന്. ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു, ജൂലൈയില്‍ രാജ്യത്തെ 50 ലക്ഷം ശമ്പള വരുമാനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്ന്.
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് അതിവേഗ വളര്‍ച്ച നേടി കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. വിപണി പരിവര്‍ത്തനം സമഗ്രമായി അറിയാതെ അതിവേഗ വളര്‍ച്ചയോ, എന്തിന് സാധാരണ വളര്‍ച്ചയോ പോലും നേടാന്‍ സാധിക്കില്ല. ബിസിനസുകള്‍ ഇപ്പോഴുള്ള കുറവ്, വിപണി പരിവര്‍ത്തനത്തെക്കുറിച്ചുള്ള ധാരണയില്ലായ്മയാണ്. മാര്‍ക്കറ്റ് ട്രാന്‍സിഷന്‍ അറിവ് നേടിയാല്‍ ബാക്കിയെല്ലാം അവര്‍ വിജയകരമായി കൈകാര്യം ചെയ്യുക തന്നെ ചെയ്യും.
കോവിഡ് കാലം പഠിപ്പിച്ചത്
ഉപഭോക്താവിന്റെ വാങ്ങല്‍ രീതിയില്‍ വന്നിരിക്കുന്ന സൈക്കോളജിക്കല്‍ മാറ്റം മനസ്സിലാക്കി ബിസിനസില്‍ പുതിയ കാര്യങ്ങള്‍ അതിവേഗം ഉള്‍ക്കൊള്ളിക്കുന്നതാണ് ആധുനിക ലോകത്ത് ഏത് വിപണിയിലാകട്ടേ ബിസിനസുകളുടെ വിജയത്തിനും തിളക്കമാര്‍ന്ന നേട്ടത്തിനുമുള്ള സുപ്രധാനമായ കാര്യം. ഇതുമാത്രമാണ്, ബിസിനസുകളുടെ വിജയത്തിനുള്ള ഒറ്റമൂലിയും. കോവിഡ് ലോകമെമ്പാടുമുള്ള ബിസിനസുകളെ പഠിപ്പിച്ച ഏറ്റവും സുപ്രധാനമായ കാര്യവും ഇതുതന്നെ. പുതിയ പരിസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവ് ബിസിനസുകള്‍ക്ക് ഇല്ലെങ്കില്‍ അവര്‍ കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവന്ന് അവരുടെ ആശയങ്ങള്‍ സ്വീകരിച്ച് പുതിയ കാര്യങ്ങള്‍ ബിസിനസില്‍ നടപ്പാക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ ബിസിനസുകള്‍ പഴഞ്ചനാകുകയും അധികം വൈകാതെ നശിച്ചുപോകുകയും ചെയ്യും.
എല്ലാത്തിനുമുപരി, ഒരു സംരംഭം ബിസിനസായി മാറണമെങ്കില്‍, പുതിയ ഇടപാടുകാരെ സുസ്ഥിരമായി കൂട്ടിച്ചേര്‍ക്കണം. നിങ്ങളുടെ സംരംഭത്തിന് വളരെ മികച്ചൊരു ഉല്‍പ്പന്നമുണ്ടാകാം. വിപണിയില്‍ സാന്നിധ്യമുണ്ടാകാം. വിപണിയില്‍ നിങ്ങള്‍ പരിചിതരാണെന്നിരിക്കാം. സുസജ്ജമായ വിപണനശൃംഖലയുണ്ടായെന്നിരിക്കാം. എന്നിരുന്നാലും നിങ്ങളുടെ സംരംഭം ബിസിനസായി മാറുന്നത് കസ്റ്റമേഴ്‌സിന്റെ സുസ്ഥിരമായൊരു ഒഴുക്ക് സൃഷ്ടിക്കപ്പെടുമ്പോഴാണ്. അതുവരെ അതൊരു ബിസിനസല്ല. അതിനെ ഒരു ഹോബിയെന്നല്ലാതെ ബിസിനസ് എന്നുവിളിക്കാന്‍ സാധിക്കില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine