നിക്ഷേപകർക്ക് മുന്നിൽ നിങ്ങളുടെ സംരംഭത്തെ എങ്ങനെ അവതരിപ്പിക്കാം
ഇന്ത്യയിലിപ്പോൾ 40,000 ലധികം സ്റ്റാർട്ടപ്പുകളുണ്ട്. ഇവയിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഫണ്ടിംഗ് നേടാൻ കഴിയുന്നുള്ളൂ. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളിൽ നിന്ന് ഫണ്ടിംഗ് നേടുക എന്നതാണ് ഏറ്റവും കഠിനം.
എവിടെയാണ് സ്റ്റാർട്ടപ്പുകൾക്ക് തെറ്റ് പറ്റുന്നത്? പലപ്പോഴും തങ്ങളുടെ സംരംഭത്തെ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ അവരിൽ വേണ്ടത്ര മതിപ്പുളവാക്കാൻ സാധിക്കാതെ പോകുന്നതാണ് കാരണം. ഇതിനെന്താണ് ഒരു പരിഹാരം.
നിക്ഷേപകരിൽ നിന്ന് ഫണ്ടിംഗ് തേടുമ്പോൾ എങ്ങനെ ഒരു മികച്ച പ്രസന്റേഷൻ അവതരിപ്പിക്കാമെന്നതിനെക്കുറിച്ച് യുഎസ് ആസ്ഥാനമായ സെഖോയ (sequoia) ക്യാപിറ്റൽ തങ്ങളുടെ ബ്ലോഗ്ഗിൽ ചില ടിപ്‌സ് പങ്കുവെച്ചിട്ടുണ്ട്. ബൈജൂസ്, ഗ്രോഫേർസ്, സോമാറ്റോ തുടങ്ങിയ കമ്പനികളിൽ നിക്ഷേപിച്ചിട്ടുള്ള മുൻനിര വിസിയാണ് സെഖോയ.
സെഖോയയുടെ തുടക്കകാലത്ത് തങ്ങൾ ഫണ്ടിംഗ് സ്വരൂപിക്കാൻ ശ്രമിച്ചപ്പോൾ വെഞ്ച്വർ കമ്പനിയുമായുള്ള മീറ്റിംഗുകൾ വിജയകരമായിരുന്നില്ലെന്ന് സ്ഥാപനത്തിന്റെ പാർട്ണർ ആയ ആരെഫ് ഹിലാലി പറയുന്നു. ഇതിന് പ്രധാനമായും കാരണം അവർ നാം പറയുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നില്ല എന്നതാണ്.
സാധാരണ വരുത്തുന്ന തെറ്റുകൾ
നിരവധി വെഞ്ച്വർ ക്യാപിറ്റൽ കമ്പനികൾ സെഖോയക്കെതിരെ മുഖം തിരിച്ചപ്പോഴാണ് ഹിലാലിക്കും കൂട്ടർക്കും തങ്ങളുടെ തെറ്റ് മനസിലായത്. 60 മിനിറ്റ് മീറ്റിംഗിൽ മുഴുവൻ സമയവും നിക്ഷേപകരുടെ ശ്രദ്ധ തങ്ങളിലായിരിക്കുമെന്ന് വിശ്വസിച്ചതായിരുന്നു അവരുടെ ആദ്യത്തെ തെറ്റ്. ഹിലാലിയുടെ അഭിപ്രായത്തിൽ മീറ്റിംഗ് ഒരു മണിക്കൂറാണെങ്കിൽ അവരുടെ അറ്റെൻഷൻ സ്പാൻ താഴെക്കൊടുത്തിരിക്കുന്ന ചാർട്ടിലേത് പോലെയായിരിക്കും
ആദ്യ അഞ്ച് മിനിറ്റിൽ തന്നെ നിങ്ങളുടെ കമ്പനിയിൽ അവർ എന്തുകൊണ്ട് താല്പര്യം കാണിക്കണം എന്നത് വിശദീകരിച്ചിരിക്കണം. പ്രസന്റേഷന്റെ ആദ്യത്തെ മൂന്ന് സ്ലൈഡുകൾ വളരെ പ്രധാനമാണ്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
നിങ്ങളുടെ ഇന്നവേഷൻ കമ്പനിക്ക് പുതിയ അവസരങ്ങൾ കൊണ്ടുവരുന്നതെങ്ങനെ എന്ന് വിശദീകരിക്കുക. ഒറ്റ വാചകത്തിൽ നിങ്ങളുടെ കമ്പനിയെ അല്ലെങ്കിൽ ബിസിനസിനെ വിവരിക്കുക.കമ്പനിയെക്കുറിച്ചുള്ള നിർണ്ണായക വസ്തുതകൾ ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിക്കുകഇവയെല്ലാം അണച്ച് മിനിറ്റിനുള്ളിൽ തീർക്കണം.കൂടുതൽ വിശദാംശങ്ങ;ളിലേക്ക് കടക്കുന്നതിന് മുൻപ് നിക്ഷേപകരുടെ അഭിപ്രായം ആരായാം.
ഒഴിവാക്കേണ്ട കാര്യങ്ങൾ
ആദ്യ അഞ്ച് മിനിറ്റ് വിജയകരമായി പൂർത്തിയാക്കിയാൽ, അടുത്ത 15 മിനിറ്റ് സമയത്തെ അവരുടെ ശ്രദ്ധയും നിങ്ങൾക്ക് നേടാനായി എന്നാണ് അർത്ഥം. വീണ്ടുമൊരു 30 മിനിറ്റ് അവരുടെ ശ്രദ്ധ നിങ്ങളിൽ തന്നെ ഉറപ്പിച്ചു നിർത്താനുള്ള കാര്യങ്ങളാണ് ഈ 15 മിനിറ്റ് നിങ്ങൾ അവതരിപ്പിക്കേണ്ടത്. മുന്നോട്ട് പോകുന്തോറും വളരെ വ്യക്തതയോടെ വേണം ഓരോ കാര്യങ്ങൾ അവതരിപ്പിക്കാൻ. അതുകൊണ്ട് ഈ അബദ്ധങ്ങൾ ഒഴിവാക്കാം.
ഏതെങ്കിലും ഒരു വസ്‌തുതയെക്കുറിച്ച് നിക്ഷേപകർക്ക് മനസ്സിലാക്കിക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മുന്നോട്ട് പോകാൻ അവർക്ക് താല്പര്യമില്ലാതാകും. അതുകൊണ്ട് അങ്ങനെയുള്ള അവസരങ്ങളിൽ ചിത്രങ്ങളോ, മാതൃകകളും കാണിച്ച് വിശദീകരിച്ച് നൽകുന്നതാണ് ഉചിതം.
ഏതെങ്കിലും വിപണി റിസർച്ച് റിപ്പോർട്ടുകളിൽ നിന്നെടുത്ത വലിയ കണക്കുകൾ പ്രസന്റേഷനിൽ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കണം. അവയെ സാധൂകരിക്കാൻ പോന്ന ഡേറ്റ നമ്മുടെ പക്കൽ ഉണ്ടെങ്കിൽ മാത്രമേ അത്തരം വിവരങ്ങൾ പ്രേസന്റെഷനിൽ ഉപയോഗിക്കാവൂ. നിങ്ങളുടെ ബിസിനസ് എതിരാളികളെക്കുറിച്ച് നല്ല ബോധ്യം ഉണ്ടാകണം.
അവരിൽ നിന്ന് നിങ്ങൾ എത്രമാത്രം വ്യത്യസ്തരാണെന്ന് സ്ഥാപിക്കാൻ കഴിയണം. നിങ്ങൾ പറഞ്ഞതെല്ലാം കേൾക്കാൻ നിക്ഷേപകർ തയ്യാറായാൽ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ വ്യക്തിവിവരങ്ങൾ പങ്കുവെക്കാൻ ഒരു രണ്ട് മിനിറ്റ് അധികം ചെലവഴിക്കുന്നതിൽ തെറ്റില്ല.കമ്പനിയുടെ സാമ്പത്തിക കണക്കുകൾ വളരെ ലളിതമായേ അവതരിപ്പിയ്ക്കാവൂ. ഇതിനായി ഒരു ടൈംലൈൻ രീതി ഉപയോഗിക്കാം.
ഏറ്റവും പ്രധാനപ്പെട്ട ടിപ്പ്
നിങ്ങളുടേത് ഏറ്റവും മികച്ച പ്രസന്റേഷൻ ആണെങ്കിൽ ചർച്ചക്കായി വേണ്ടുവോളം സമയം ബാക്കി വെച്ചിട്ടുണ്ടാകും. ഒരുമണിക്കൂർ പ്രസന്റേഷനിൽ 20 മിനിറ്റ് ചർച്ചകൾക്ക് നീക്കിവെക്കണം.