കണ്ണടച്ച് വിശ്വസിക്കരുത്, എല്ലാ ബിസിനസ് ഉപദേശങ്ങളെയും

ബാഹ്യ സ്രോതസ്സുകളില്‍ നിന്ന് സംരംഭകര്‍ക്ക് ലഭിക്കുന്ന ഉപദേശങ്ങളില്‍ ഭൂരിഭാഗവും വിശ്വസനീയമല്ലെന്നാണ് എന്റെ വിശ്വാസം. ഉറച്ചൊരു പ്രസ്താവനയാണിത്. നിങ്ങളില്‍ പലര്‍ക്കും ഇതിനോട് യോജിപ്പില്ലായിരിക്കാം. അതിനാല്‍ ഞാന്‍ എന്തുകൊണ്ട് അങ്ങനെ വിശ്വസിക്കുന്നു എന്ന് വിശദമാക്കാം.

സംരംഭകര്‍ക്ക് ഉപദേശം ലഭ്യമാകുന്ന മൂന്ന് പ്രധാന സ്രോതസ്സുകള്‍ ഇവയാണ്:
1. പുസ്തകങ്ങള്‍, മാസികകള്‍, ലേഖനങ്ങള്‍ തുടങ്ങിയ ബിസിനസ് എഴുത്തുകള്‍
2. വിജയികളായ സംരംഭകരുടെ സംഭാഷണങ്ങള്‍
3. മാനേജ്മെന്റ് ഗുരു, മാനേജ്മെന്റ് കണ്‍സള്‍ട്ടന്റുകള്‍, പരിശീലകര്‍.
ഈ സ്രോതസ്സുകള്‍ ഓരോന്നും നല്‍കുന്ന ഉപദേശങ്ങള്‍ നമുക്ക് പരിശോധിക്കാം.
പല സംരംഭകരും വായിക്കുകയും പിന്തുടരുകയും ചെയ്യുന്ന പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയുമുള്ള വിജയകഥകള്‍ ആദ്യമെടുക്കാം. തോമസ് പീറ്റേഴ്സ്, റോബര്‍ട്ട് വാട്ടര്‍മാന്‍ എന്നിവരുടെ ഇന്‍ സേര്‍ച്ച് ഓഫ് എക്സലന്‍സ് (1982), ജിം കോളിന്‍സിന്റെ ഗുഡ് ടു ഗ്രേറ്റ് (2001) എന്നിവയാണ് ഇവയില്‍ ഏറ്റവും പ്രസിദ്ധമായത്. മറ്റു പലതും ഉണ്ട്.
ഈ പുസ്തകങ്ങളിലും ലേഖനങ്ങളിലും ഭൂരിഭാഗവും വിജയകരമായ കമ്പനികളുടെ ഉദാഹരണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സംരംഭകര്‍ക്ക് അവരുടെ ബിസിനസുകളില്‍ ഉപയോഗിക്കാനാവുന്ന പാഠങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഈ പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും പ്രശ്നമെന്താണെന്നു വെച്ചാല്‍, അവയില്‍ പറയുന്ന വിജയിച്ച കമ്പനികളില്‍ പലതും ഒരു പതിറ്റാണ്ടിനോ അതിനു ശേഷമോ പരാജയപ്പെടുകയോ സാധാരണ കമ്പനിയായി മാറുകയോ ചെയ്തിരിക്കുന്നു എന്നതാണ്. അതുകൊണ്ടു തന്നെ അതില്‍ നിന്നുള്ള പാഠങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ച് സംശയങ്ങള്‍ ഉയരുന്നു.
തങ്ങള്‍ ബിസിനസില്‍ എങ്ങനെ വിജയിച്ചു വെന്ന് വിവിധ ഫോറങ്ങളില്‍ വിശദീകരിക്കുന്ന വിജയികളായ സംരംഭകരാണ് ഉപദേശങ്ങളുടെ രണ്ടാമത്തെ ഉറവിടം. ഇവിടെയും ഈ വിജയികളായ സംരംഭകരില്‍ പലരും ഒരു പതിറ്റാണ്ടിനു ശേഷം നാടകീയമായി പരാജയപ്പെടുന്നതായി കാണുന്നു. മറ്റുള്ളവരാകട്ടെ, പിടിച്ചു നില്‍ക്കാനുള്ള പോരാട്ടത്തിലും തകര്‍ച്ചയിലുമാണ്.
മാനേജ്മെന്റ് ഗുരുക്കള്‍, കണ്‍സള്‍ട്ടന്റുകള്‍, പരിശീലകര്‍ എന്നിവരാണ് അവസാനത്തെ സ്രോതസ്. ഇതില്‍ ഒരു കൂട്ടം ആളുകള്‍ അവര്‍ക്ക് നേരിട്ട് ബന്ധമില്ലാത്ത സംരംഭങ്ങളുടെ വിജയകഥകള്‍ പറയുകയും അതില്‍ നിന്നുള്ള പാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഈ കഥകള്‍ ബിസിനസ് എഴുത്തുകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നവയാണ് എന്നതു കൊണ്ടു തന്നെ മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ ഇവയ്ക്കുമുണ്ട്.
മറ്റൊരു കൂട്ടര്‍, അവര്‍ നേരിട്ട് പ്രവര്‍ത്തിച്ച കമ്പനികളുടെ വിജയത്തെ കുറിച്ച് പറയുന്നു. ആ കമ്പനികള്‍ വിജയം വരിക്കാന്‍ ഉപയോഗിച്ച രീതികളെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്.
എന്നാല്‍ അതേ രീതികള്‍ പിന്തുടര്‍ന്ന് പരാജയപ്പെട്ട, അവര്‍ നേരിട്ട് പ്രവര്‍ത്തിച്ച കമ്പനികളുടെ കഥകള്‍ പറയുന്നതില്‍ അവര്‍ പരാജയപ്പെടുന്നു.
ഉപഭോക്തൃ ജാഗ്രത
(ഇമ്‌ലമ േലാുീേൃ) എന്ന തത്വം പ്രയോഗത്തില്‍ വരുത്താന്‍ സംരംഭകരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ ഈ ലേഖനം എഴുതുന്നത്. ഉപദേശത്തിന്റെ ഗുണനിലവാരം അത് പ്രയോഗത്തില്‍ വരുത്തുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വം പരിശോധിക്കുക എന്നതാണ് 'ഉപഭോക്തൃ ജാഗ്രത' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
ഏത് ഉപദേശവും അത് ഫലം നല്‍കുന്നുണ്ടെങ്കില്‍ മാത്രമാണ് നല്ലതെന്ന് പറയാനാവുക. മികച്ച ഫലം എന്നത് എങ്ങനെ നിര്‍വചിക്കാനാകും?
രണ്ടു തരത്തിലുള്ള ഉപദേശങ്ങള്‍ താരതമ്യം ചെയ്യാം. ആദ്യതരത്തിലുള്ള ഉപദേശം പിന്തുടരുമ്പോള്‍ 10,000 ല്‍ ഒരു കമ്പനി അതിശയകരമായ വിജയം നേടുന്നു. ബാക്കിയുള്ള 9999 കമ്പനികളില്‍ 1000 കമ്പനികള്‍ ന്യായമായ വിജയം കൈവരിക്കുകയും 4000 എണ്ണം പരാജയപ്പെടുകയും ചെയ്യുന്നു. ബാക്കിയുള്ള 4999 എ ണ്ണം നിലവില്‍പ്പിനായി പോരാടുന്ന സ്ഥിതിയിലുമാണ്.
നേരേ മറിച്ച് രണ്ടാമത്തെ ഉപദേശം പിന്തുടരുമ്പോള്‍, 10000 ല്‍ ഒരു കമ്പനി അതിശയകരമായ വിജയം നേടുന്നു. ബാക്കിയുള്ള 9999 കമ്പനികളില്‍ 7000 എണ്ണം ന്യായമെന്ന് തോന്നുന്ന വിജയം നേടുമ്പോള്‍ 1000 കമ്പനികള്‍ പരാജയപ്പെടുന്നു. ബാക്കി വരുന്ന 1999 കമ്പനികള്‍ നിലനില്‍പ്പിനായി പോരാടിക്കൊണ്ടിരിക്കുന്നു.
അപ്പോള്‍ ഏതാണ് മികച്ച ഉപദേശം?
ആദ്യത്തെ ഉപദേശം ഏകദേശം ഒരു ലോട്ടറി പോലെയാണ്. രണ്ടാമത്തെ തരത്തിലുള്ള ഉപദേശമാണ് കൂടുതല്‍ മെച്ചപ്പെട്ടതായി തോന്നുന്നത്.
ബിസിനസില്‍ എങ്ങനെ വിജയിക്കാം എന്നതിനെ കുറിച്ച് സംരംഭകര്‍ എപ്പോഴും ഉപദേശം തേടിക്കൊണ്ടിരിക്കണം. എന്നാല്‍ ലഭ്യമായ ഉപദേശം തന്റെ ബിസിനസില്‍ ഉപയോഗിക്കുന്നതിനു മുമ്പ് അത് ശരിക്കും മികച്ച ഫലം നല്‍കാന്‍ പര്യാപ്തമാണോ എന്ന് വിശകലനം ചെയ്തു നോക്കണം.


Tiny Philip
Tiny Philip  

ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകൾ വളർത്തിയെടുക്കുന്നതിന് വേണ്ടി ദീർഘകാല അടിസ്ഥാനത്തിൽ സംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിസിനസ് അഡ്വൈസർ. 1992ൽ IIM (L) നിന്ന് PGDM എടുത്തതിന് ശേഷം ബിസിനസ് അഡ്വൈസർ ആയി പ്രവർത്തനം ആരംഭിച്ച അദ്ദേഹം റിസൾട്സ് കൺസൾട്ടിങ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ്

Related Articles

Next Story

Videos

Share it