സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി ചര്‍ച്ച ചെയ്യാന്‍, ഹഡില്‍ ഗ്ലോബല്‍ സമ്മേളനം ഇന്നു മുതല്‍

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ സമ്മേളനത്തിന് ഇന്ന് കൊടിയേറും. കോവളം ലീല റാവിസ് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഹഡില്‍ ഗ്ലോബല്‍ സമ്മേളനം സംഘടിപ്പിച്ചിരുന്നില്ല. വിദ്യാഭ്യാസം, ഗവേഷണം, സാമൂഹ്യം, കോര്‍പ്പറേറ്റ്, എന്‍.ആര്‍.ഐ ഗ്രാമീണ സംരംഭം തുടങ്ങിയ അഞ്ച് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് സമ്മേളനത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ 36 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 30 എയ്ഞ്ചല്‍ ഫണ്ടിംഗ് സ്ഥാപനങ്ങള്‍, എഴുപതോളം നിക്ഷേപകര്‍ എന്നിവയുടെ സാന്നിധ്യം ഉണ്ടാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍, അന്തര്‍ സംസ്ഥാന സഹകരണത്തിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന സാധ്യതകള്‍ എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാ വിഷയമാകുക.

3000 സ്റ്റാര്‍ട്ടപ്പുകള്‍, 200 മെന്റര്‍മാര്‍

മൂവായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളും ഇരുന്നൂറിലധികം മെന്റര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കും. പുതിയ ആശയങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായി നൂറിലധികം നിക്ഷേപകരും സംഗമത്തിനെത്തുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാങ്കേതികവ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരവുണ്ടാകും.

നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപം നടത്താനുമുള്ള അവസരവും ലഭിക്കും. അക്കാദമിക് വിദഗ്ധരും സംരംഭകരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവും ഹഡില്‍ ഗ്ലോബലിനുണ്ട്.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ അഞ്ച് വ്യത്യസ്ത പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും. സ്റ്റാര്‍ട്ടപ്പുകളുടെ പുതിയ ഉല്പന്നങ്ങള്‍ എങ്ങനെ ഉപഭോക്താക്കളുടെ മുന്നില്‍ അവതരിപ്പിക്കണം എന്നതു മുതല്‍ എങ്ങനെ വിപണനം ചെയ്യണം എന്നു വരെയുള്ള കാര്യങ്ങള്‍ ഇതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.

പ്രമുഖര്‍ പങ്കെടുക്കും

ഇന്ത്യയിലെ സ്വിസ്നെക്സിന്റെ സിഇഒയും സ്വിറ്റ്സര്‍ലന്‍ഡ് കോണ്‍സല്‍ ജനറലുമായ ജോനാസ് ബ്രണ്‍ഷ്വിഗ്, ഓസ്ട്രിയന്‍ എംബസിയിലെ വാണിജ്യ കൗണ്‍സിലറും ട്രേഡ് കമ്മീഷണറുമായ ഹാന്‍സ്ജോര്‍ഗ് ഹോര്‍ട്നാഗല്‍, മല്‍പാനി വെഞ്ചേഴ്സ് സ്ഥാപകന്‍ ഡോ. അനിരുദ്ധ മല്‍പാനി, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്റെ സഹസ്ഥാപകയും സിഒഒയുമായ മേബല്‍ ചാക്കോ, ടിവിഎസ് ഹെഡ്ഡിജിറ്റല്‍ ആന്‍ഡ് എഐ ഇന്നൊവേഷന്‍ അഭയ് ടണ്ടന്‍, യുണികോണ്‍ ഇന്ത്യ വെഞ്ചേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി, തമിഴ്നാട് ഐ.ടി മന്ത്രി ടി. മനോ തങ്കരാജ്, മാട്രിമോണി.കോം സ്ഥാപകന്‍ മുരുകവേല്‍ ജാനകി രാമന്‍, യുണീകോണ്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകരായ പ്രതീക് മഹേശ്വരി (ഫിസിക്സ് വാലാ), നീരജ് സിങ് (സ്പിന്നി), അനീഷ് അച്ചുതന്‍ (ഓപ്പണ്‍), നയ്യാ സാഗി (ഗുഡ് ഗ്ലാം ഗ്രൂപ്പ്) തുടങ്ങിയവര്‍ ദ്വിദിന സമ്മേളനത്തില്‍ പ്രഭാഷകരായെത്തും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it