ബിസിനസുകാര്‍ക്ക് എന്നുവരും നല്ലകാലം?

എന്നു വരും ഒരു നല്ല കാലം?

കേരളത്തിലെ സമസ്ത രംഗങ്ങളിലെയും ബിസിനസുകാര്‍ ചോദിക്കുന്നുണ്ടിത്. ഇന്ത്യന്‍ ജിഡിപി സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും നിരന്തര വളര്‍ച്ച കാഴ്ചവെയ്ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സമീപ ഭാവിയില്‍ തന്നെ രാജ്യം വന്‍ വളര്‍ച്ച നേടുമെന്നാണ് കേന്ദ്ര ധനമന്ത്രി പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ബിസിനസ് രംഗത്ത് ഉടനടി മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടുന്നു ബിസിനസുകാരും ബിസിനസ് കണ്‍സള്‍ട്ടന്റുകളും സാമ്പത്തിക വിദഗ്ധരുമെല്ലാം അടങ്ങുന്ന മറ്റൊരു വിഭാഗം. രണ്ട് വിഭാഗങ്ങളുടെയും വാദത്തിന് കരുത്ത് നല്‍കുന്ന നിരവധി ഘടകങ്ങളാണ് നിലവിലുള്ളത്.

''സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും ജിഡിപി നിരന്തര വളര്‍ച്ചയാണ് കാഴ്ചവെയ്ക്കുന്നത്. ഇന്ത്യന്‍ ഇക്കോണമി ശരിയായ പാതയിലാണെന്നും ഭാവിയില്‍ വന്‍ വളര്‍ച്ച നേടുമെന്നുമാണ് ഇത് തെളിയിക്കുന്നത്,'' ആരോഗ്യപരമായ കാരണങ്ങളാല്‍ അരുണ്‍ ജെയ്റ്റ്‌ലി ഉത്തരവാദിത്തങ്ങള്‍ വഹിക്കാതിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി പദവി കൈകാര്യം ചെയ്യുന്ന പീയുഷ് ഗോയലിന്റെ ജൂണ്‍ ആദ്യത്തിലെ ട്വിറ്റര്‍ സന്ദേശം ഇതായിരുന്നു.

കേരളത്തിലും ബിസിനസ് സാഹചര്യം മെച്ചപ്പെടുത്താന്‍ ഭരണകൂടവും ഉന്നത ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്ത് ബിസിനസ് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായമന്ത്രി എ.സി മൊയ്തീനും നടത്തുന്ന പരിശ്രമങ്ങള്‍ പക്ഷെ താഴെത്തട്ടിലേക്ക് അതേ അളവില്‍ എത്തുന്നില്ലെന്ന പരാതി ഇന്നും ബിസിനസ് സമൂഹത്തിന് ശേഷിക്കുന്നുണ്ടെന്നതാണ് വാസ്തവം.

പുതിയ കമ്പനികള്‍

മറ്റൊന്ന് കേരളത്തിലേക്ക് രാജ്യാന്തര സ്ഥാപനങ്ങളുടെ കടന്നുവരവാണ്. നിസാന്റെ ഡിജിറ്റല്‍ ഹബ്ബും തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വരുന്ന ഏണ്‍സ്റ്റ് ആന്‍ഡ് യംഗിന്റെ ബിസിനസ് സര്‍വീസ് സെന്ററുമെല്ലാം കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്.

എന്നാല്‍ സംസ്ഥാനത്തെ നല്ലൊരു ഭാഗം സംരംഭകരും സമ്പദ്‌വ്യവസ്ഥയുടെ മങ്ങിയ മുഖമാണ് പങ്കുവെയ്ക്കുന്നത്. കേരള വിപണിയിലേക്ക് പണം വരാത്ത സാഹചര്യമാണുള്ളതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ''അങ്ങേയറ്റത്തെ പ്രതിസന്ധിയിലാണ് ഞങ്ങള്‍. മാര്‍ക്കറ്റിലേക്ക് പണം വരുന്നേയില്ല. പണം ആരെങ്കിലും പൂഴ്ത്തിവെച്ചിട്ടോ ചെലവിടാന്‍ മടിച്ചിട്ടോ അല്ല. മറിച്ച് സിസ്റ്റത്തില്‍ പണമില്ല,'' പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ പ്രമുഖനായൊരു ബിസിനസുകാരന്‍ തുറന്നുപറയുന്നു.

ബില്ലുകള്‍ കൃത്യമായി 30 ദിവസത്തിനകം ക്ലിയര്‍ ചെയ്തിരുന്ന പ്രമുഖ ബിസി

നസ് ഗ്രൂപ്പുകളില്‍ നിന്നു പോലും 90 ദിവസത്തിനുശേഷവും പണം ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് കൊച്ചിയില്‍ ഡിസ്ട്രിബ്യൂഷന്‍ ബിസിനസ് രംഗത്ത് വര്‍ഷങ്ങളായുള്ള പ്രമുഖ ഗ്രൂപ്പിന്റെ സാരഥി വ്യക്തമാക്കുന്നു.

ഇന്ത്യയിലെ സാഹചര്യം മെച്ചപ്പെടുന്നുവെന്ന് കേന്ദ്ര ധനമന്ത്രിയെ പോലുള്ളവര്‍ പറയുമ്പോള്‍, കേരളത്തിലേക്ക് രാജ്യാന്തര കമ്പനികള്‍ വരുന്ന സാഹചര്യമുണ്ടാകുമ്പോള്‍ എന്തുകൊണ്ടാണ് ബിസിനസുകാര്‍ ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുന്നത്? എന്താണ് സംസ്ഥാനത്തെ യഥാര്‍ത്ഥ ബിസിനസ് സാഹചര്യം?

''കേരളത്തില്‍ ഞാനിപ്പോള്‍ കാണുന്നത് ദീര്‍ഘമായ കാലയളവുള്ള ഒരു സാമ്പത്തിക പ്രതിസന്ധിയാണ്. ഇതിന് പല കാരണങ്ങളുണ്ട്. അവ അതിവേഗം പരിഹരിക്കപ്പെടാന്‍ സാധ്യതയും കാണുന്നില്ല. അതുകൊണ്ട് സംസ്ഥാനത്തെ ബിസിനസ് സാഹചര്യം 2020 നു ശേഷമേ പ്രകടമായ തോതില്‍ മെച്ചപ്പെടുകയുള്ളൂവെന്നാണ് എന്റെ നിഗമനം,'' പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്റ് ടിനി ഫിലിപ്പ് വ്യക്തമാക്കുന്നു.

തുടര്‍ പ്രതിസന്ധിയാണ് സംസ്ഥാനത്തെ ബിസിനസുകളെ തളര്‍ത്തുന്ന മുഖ്യ ഘടകം. 2007-08 കാലഘട്ടത്തില്‍ ലോകമെമ്പാടും വ്യാപിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ അലയൊലികള്‍ കേരളത്തിലും ആഘാതം സൃഷ്ടിച്ചിരുന്നു. ഇതില്‍ നിന്നും പൂര്‍ണമായും കരകയറും മുമ്പേ നയപരമായ മാറ്റങ്ങള്‍, ലോകത്തിലെ വിവിധ ഭാഗങ്ങളിലെ തൊഴില്‍ സാഹചര്യങ്ങളിലുണ്ടായ കീഴ്‌മേല്‍ മറിക്കലുകള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, വിപണിയിലെ വിലയിടിവ് തുടങ്ങി നിരവധി ഘടകങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കേരളത്തിലെ ബിസിനസുകളെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.

തളര്‍ത്തുന്ന ഘടകങ്ങളെന്തെല്ലാം?

2007-08 കാലത്ത് ലോക സമ്പദ്‌വ്യവസ്ഥയെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മറികടക്കാന്‍ ഏതാണ്ടെല്ലാ രാജ്യങ്ങളും സമ്പദ്‌വ്യവസ്ഥകളും ഉത്തേജക പാക്കേജുകളും പ്രോത്സാഹന നടപടികളും സ്വീകരിച്ചിരുന്നു. പലതും വിജയവും കണ്ടു. എന്നാല്‍ കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ സംരംഭകരുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അനുഭാവ പൂര്‍ണമായ സമീപനം ഉണ്ടായിട്ടില്ലെന്ന് ബിസിനസുകാര്‍ ചൂണ്ടിക്കാട്ടുന്നു. ''സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ ഇവിടെയില്ല. സമ്പദ് ഘടനയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ആഴത്തിലുള്ളതാണ്. ഇവയെല്ലാം കേരളത്തെ സംബന്ധിച്ചിടത്തോളം അടിസ്ഥാന പ്രശ്‌നങ്ങളായതിനാല്‍ ഉടനടി പരിഹരിക്കപ്പെട്ട് ബിസിനസുകാര്‍ക്ക് അതിവേഗം നല്ലകാലം വരുമെന്ന പ്രതീക്ഷയില്ല,'' സാമ്പത്തിക വിദഗ്ധനായ ഡോ. ബി.എ പ്രകാശ് പറയുന്നു.

ഇന്ത്യ ഫ്രാന്‍സിനെ പിന്തള്ളി കരുത്തുറ്റ സാമ്പത്തിക ശക്തിയായി വളരുമ്പോള്‍ കേരളത്തില്‍ അതല്ല സ്ഥിതിയെന്ന് വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടുന്നു. ''ബിസിനസ് അനുകൂല അന്തരീക്ഷത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ 21ാം സ്ഥാനമാണ് കേരളത്തിന് എന്നത് നമുക്ക് ഒട്ടും ഭൂഷണമല്ല. ആ പട്ടിക വന്നപ്പോള്‍ ഞാന്‍ നമുക്ക് പിന്നിലുള്ള സംസ്ഥാനങ്ങളേതൊക്കെയാണെന്ന് നോക്കി. അവയെല്ലാം ഏറെ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ്. ഏറ്റവും സാധാരണക്കാരനായ, ഒരു ചെറുകിട സംരംഭകന് വരെ ആത്മവിശ്വാസത്തോടെ, സമാധാനത്തോടെ ബിസിനസ് ചെയ്യാനുള്ള സാഹചര്യം കേരളത്തില്‍ വരാതെ ബിസിനസുകള്‍ക്ക് നല്ല കാലം വരില്ല,'' കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു.

ബാര്‍ നയത്തിന്റെ പ്രത്യാഘാതം

''2014ല്‍ കേരളത്തില്‍ ബാര്‍ നിരോധനം വന്ന കാലം മുതല്‍ സാമ്പത്തിക രംഗത്ത് തളര്‍ച്ച ഞാന്‍ കാണുന്നുണ്ട്. പിന്നീട് ഓരോ വര്‍ഷവും ഓരോ കാരണങ്ങള്‍ പിന്നാലെ വന്നു. 2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും കേരളത്തില്‍ അതിനോടൊപ്പം സാഹചര്യം മെച്ചപ്പെടുകയും ചെയ്താല്‍ 2020 നു ശേഷം ബിസിനസുകള്‍ക്ക് നല്ല കാലം വന്നേക്കാം,'' ടിനി ഫിലിപ്പ് വ്യക്തമാക്കുന്നു.

2014ല്‍ ബാര്‍ നിരോധനം, 2015ല്‍ ഗള്‍ഫ് തൊഴില്‍ പ്രതിസന്ധി, 2016ല്‍ നോട്ട് പിന്‍വലിക്കല്‍, 2017ല്‍ ചരക്ക് സേവന നികുതി നടപ്പാക്കല്‍, 2018ന്റെ ആദ്യ പകുതിയില്‍ കടുത്ത വേനല്‍, പിന്നീട് കനത്ത മഴ, ഉരുള്‍പൊട്ടല്‍, ഇതിനിടെ കോഴിക്കോട് ഭാഗത്തെ നിപ്പ വൈറസ് ബാധ... ടിനി ഫിലിപ്പ് ഓരോ വര്‍ഷത്തെയും പ്രതിസന്ധികളെ അക്കമിട്ടു നിരത്തുന്നു.

സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ ബിസിനസുകളെ തളര്‍ത്തുന്ന ഘടകങ്ങള്‍ ഇനിയുമേറെയുണ്ട്.

റിയല്‍ എസ്‌റ്റേറ്റ്, പ്രത്യേകിച്ച് കണ്‍സ്ട്രക്ഷന്‍ രംഗത്തെ പ്രതിസന്ധി. ഇത് മൂലം താഴെ തട്ടിലുള്ളവര്‍ക്ക് വരെ തൊഴിലുകള്‍ കുറഞ്ഞു. ജനങ്ങളുടെ കൈയിലെ പണവും കുറഞ്ഞു.

പണമൊഴുക്ക് കുറഞ്ഞു

സ്വകാര്യ, പൊതു മേഖലയില്‍ വന്‍കിട പദ്ധതികള്‍ നടപ്പാക്കപ്പെട്ടില്ല. നടക്കുന്നവ തന്നെ സമയബന്ധിതമായി പുരോഗമിക്കാത്തതിനാല്‍ അതിന്റെ നേട്ടം സംസ്ഥാനത്തിനും ബിസിനസ് മേഖലയ്ക്കും ലഭിക്കാത്ത സാഹചര്യമാണ്.

കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ല് പ്രവാസികളില്‍ നിന്നുള്ള പണമൊഴുക്കാണ്. ബാങ്കുകളിലേക്കുള്ള എന്‍ആര്‍ഇ നിക്ഷേപത്തില്‍ കാര്യമായ കുറവില്ലെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ നടപ്പാക്കപ്പെടുന്ന പ്രാദേശിക വല്‍ക്കരണത്തെ തുടര്‍ന്ന് ഏറെ പേര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരുന്നുണ്ട്. ഗള്‍ഫ് വരും കാലത്ത് സ്വപ്‌ന ഭൂമിയല്ലെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വന്നതോടെ പണം യഥേഷ്ടം ചെലവിടുന്ന രീതി മാറി. ഇതോടെ വിപണിയിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞു.

കേരളത്തില്‍ കൂലിയിനത്തില്‍ വിതരണം ചെയ്യുന്ന തുകയുടെ സിംഹഭാഗവും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ലഭിക്കുന്നത്. ഇവര്‍ കേരളത്തില്‍ ഇതിന്റെ നല്ലൊരു ഭാഗം ചെലവഴിക്കുന്നില്ല. അതോടെ ഇവിടെ നടക്കുന്ന ജോലികളില്‍ നിന്നുള്ള വേതനം പോലും തിരികെ വിപണിയിലെത്താത്ത സാഹചര്യമുണ്ട്.

തോട്ടം മേഖലയാണ് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തിയിരുന്ന മറ്റൊരു സുപ്രധാന ഘടകം. റബറിന്റെയും മറ്റു വിളകളുടെയും വിലയിടിവും കൃഷിനാശവും തുടങ്ങി നിരവധി ഘടകങ്ങള്‍ ഈ രംഗത്തെ ബാധിച്ചപ്പോള്‍ തകര്‍ന്നത് കേരളത്തിന്റെ നട്ടെല്ല് കൂടിയാണ്.

പ്രതിസന്ധികള്‍ ഒന്നിനു പിറകെ ഒന്ന്

നോട്ട് പിന്‍വലിക്കലും ചരക്ക് സേവന നികുതിയും ഒന്നിനു പിറകെ ഒന്നായി വന്നതോടെ ചെറുകിട സംരംഭകര്‍ പലരും പൂട്ടി പോയി. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാത്തവരില്‍ നിന്ന് പലരും ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വാങ്ങുന്നില്ല. ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തവര്‍ക്ക് തന്നെ യഥാ സമയം ഫയല്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ വന്‍ പിഴയും മറ്റും ഏറ്റുവാങ്ങേണ്ടി വരുന്നു.

ജിഎസ്ടി റീഫണ്ട് യഥാസമയം ലഭിക്കാത്തത് ബിസിനസുകളുടെ പണഞെരുക്കത്തിന് കാരണമാകുന്നുണ്ട്. കേരളത്തിലെ സാഹചര്യം മനസിലാക്കി അനുഭാവ പൂര്‍ണമായ സമീപനം ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് ഉണ്ടാവുന്നില്ലെന്നും മറ്റൊരു വിഭാഗം ബിസിനസുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ബിസിനസുകള്‍ സുസ്ഥിര വളര്‍ച്ചയിലേക്ക് എത്തുന്നതുവരെ പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന സംവിധാനത്തിന്റെ അഭാവം. ചെറിയ തെറ്റുകള്‍ക്കു പോലും കനത്ത പിഴ. നിയമപരമായി ബിസിനസ് ചെയ്യുന്നവര്‍ക്കു പോലും സാഹചര്യം പരിഗണിക്കാതെ നിയമങ്ങള്‍ അതേപടി പിന്തുടരുന്ന കര്‍ശനമായ ഉദ്യോഗസ്ഥ മനോഭാവം.

പെട്രോള്‍, ഡീസല്‍ വില വര്‍ധന. ഉപഭോഗ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം ഈ വിലവര്‍ധന വന്‍ തിരിച്ചടിയാണ്.

ശുഭസൂചനകളുണ്ടോ?

നാട്ടില്‍ വന്‍ നിക്ഷേപത്തോടെയുള്ള പദ്ധതികള്‍ വരാതെ നിലവിലെ സാഹചര്യം മാറില്ലെന്ന അഭിപ്രായമാണ് മലബാറിലെ ബിസിനസ്, സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷെവ. സി ഇ ചാക്കുണ്ണി പങ്കുവെയ്ക്കുന്നത്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ പുത്തന്‍ അവസരങ്ങള്‍ കൊണ്ടുവരുന്നത് ശുഭസൂചനയാണെന്നും ഇതുമൂലം ഏറെ സംരംഭങ്ങളും സംരംഭകരും സൃഷ്ടിക്കപ്പെടുമെന്നും സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ ഫാക്കല്‍റ്റിയുമായ ഡോ. ജോസ് സെബാസ്റ്റിയന്‍ പറയുന്നു.

''ലോകത്തിലെ പല പ്രമുഖ സര്‍വകലാശാലകളും ഇവിടെ വരാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അനുകൂല അന്തരീക്ഷമില്ല. ലൈവ് സ്റ്റോക്ക് ഫാമിംഗ്, മത്സ്യ - മാംസ ഉല്‍പ്പാദന, സംസ്‌കരണ മേഖല എന്നിവിടങ്ങളില്‍ സാധ്യതയേറെയുണ്ട്. പക്ഷേ പരിസ്ഥിതി പ്രശ്‌നം പറഞ്ഞ് എല്ലാം മുടക്കുന്ന മനോഭാവം മാറണം,'' അഗ്രിപ്രണറായ റോഷന്‍ കൈനടി അഭിപ്രായപ്പെടുന്നു.

കേരളത്തില്‍ ബിസിനസ് ചെയ്യാനുള്ള സാഹചര്യം മുന്‍പത്തേക്കാള്‍ മെച്ചപ്പെട്ടു വരുന്നുണ്ടെന്നും നിസാനെ പോലുള്ള കമ്പനികള്‍ ഇങ്ങോട്ട് വരുന്നത് അതിന്റെ സൂചനയാണെന്നും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിഗ പറയുന്നു. മാത്രമല്ല, വിദേശത്ത് തൊഴില്‍ ചെയ്ത് പരിചയവും വൈദഗ്ധ്യവുമുള്ളവര്‍ നാട്ടില്‍ തിരിച്ചെത്തി ഇവിടുത്തെ തൊഴില്‍ സേനയിലേക്ക് വരുന്നതോടെ നല്ലൊരു തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന ശുഭാപ്തി വിശ്വാസവും ഇദ്ദേഹം പങ്കുവെയ്ക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it