ബിസിനസ് സൗഹൃദ അന്തരീക്ഷം: കേരളത്തെ മുന്നിലെത്തിക്കാന്‍ കെ.എസ്.ഐ.ഡി.സി

നിക്ഷേപസൗഹൃദ കേരളം എന്ന ലക്ഷ്യത്തിലൂന്നി നിരവധി പദ്ധതികള്‍ നടപ്പാക്കുകയാണ് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി). സംസ്ഥാനത്ത് ബിസിനസ് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനും വ്യാവസായിക നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സമഗ്രമായ ഇടപെടലാണ് കെ.എസ്.ഐ.ഡി.സി നടത്തുന്നത്.

കേരള സര്‍ക്കാരിന് കീഴിലുള്ള പ്രഥമ വ്യവസായ നിക്ഷേപ ഏജന്‍സിയായി 1961ല്‍ രൂപീകരിക്കപ്പെട്ട നാള്‍ മുതല്‍ വ്യവസായ നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും കെ.എസ്.ഐ.ഡി.സി നല്‍കുന്നുണ്ട്.

അന്നുമുതല്‍ വ്യവസായ നിക്ഷേപ ആശയങ്ങളെ വികസിപ്പിക്കുക, അനുയോജ്യമായ പദ്ധതികള്‍ കെണ്ടത്തുക, പദ്ധതികള്‍ക്കാവശ്യമായ സാമ്പത്തിക സഹായം അനുവദിക്കുക, പദ്ധതി സ്ഥാപിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുക, വ്യവസായങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യവികസനങ്ങള്‍ നടപ്പിലാക്കുക, വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുക തുടങ്ങി എല്ലാ രംഗങ്ങളിലും സൃഷ്ടിപരമായ ഇടപെടലാണ് കെ.എസ്.ഐ.ഡി.സി നടത്തിവരുന്നത്.

വ്യവസായനിക്ഷേപം സുഗമമാക്കുന്നതിനും, പ്രോല്‍സാഹിപ്പിക്കുന്നതിനുമായി ധാരാളം നൂതന സംരംഭങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍, സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് മെക്കാനിസം എന്നിവ കേരളത്തെ വ്യവസായ നിക്ഷേപ സൗഹൃദമാക്കി മാറ്റുന്നതിനും വ്യവസായ വളര്‍ച്ച കൈവരിക്കുന്നതിനുമായി നടപ്പിലാക്കിവരുന്ന ചില പദ്ധതികളാണ്.

കെ.എസ്.ഐ.ഡി.സി. നടപ്പാക്കിവരുന്ന

പ്രധാന സംരംഭങ്ങള്‍

ഇന്‍വെസ്റ്റ്‌മെന്റ് ഫസിലിറ്റേഷന്‍ & ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ആക്ടിവിറ്റീസ്

കേരളത്തിലെ വ്യവസായ അന്തരീക്ഷം സൗഹൃദപരമാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന പദ്ധതി നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തിയിരുന്നു. കേരളത്തില്‍ നിലവിലുള്ള ഏഴു നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി വരുത്തികൊണ്ട് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫസിലിറ്റേഷന്‍ ഓര്‍ഡിനന്‍സും, കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫസിലിറ്റേഷന്‍ ആക്ടും നിലവില്‍ വന്നു. ഈ ആക്ട് പ്രാബല്യത്തില്‍ വന്നതോടെ സംരംഭകര്‍ക്ക് വ്യവസായം ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കപ്പെടുകയും സുതാര്യമാവുകയും ചെയ്തു.

മെന്ററിംഗിലൂടെ സംരംഭക സഹായം

നോണ്‍ ഐ.റ്റി മേഖലകളായ കൃഷി, ഭക്ഷ്യ സംസ്‌കരണം, ടൂറിസം, ജൈവശാസ്ത്രം എന്നിവയില്‍ സംരംഭകത്വം പരിപോഷിപ്പിക്കുന്നതിനായി കെ.എസ്.ഐ.ഡി.സി. റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂഷനുകളുമായും, യൂണിവേഴ്‌സിറ്റികളുമായും ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. സ്റ്റാര്‍ട്ട് അപ്പ് മെന്ററിംഗ് പദ്ധതിയുടെ ഭാഗമായി ധാരാളം കോളെജുകളില്‍ ബിസിനസ് ഇന്‍കുബേഷന്‍ സെന്ററും സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

സീഡ് ഫണ്ടിംഗ്/ഏയ്ഞ്ചല്‍ ഫണ്ടിംഗ്/വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് സ്‌കീം

കേരളത്തില്‍ ഇന്നു കാണുന്ന ഐ.റ്റി, ടെലികോം തുടങ്ങിയ മേഖലകളിലെ നൂതന മാറ്റങ്ങളും, വികസനങ്ങളും പരിഗണിച്ച് ഏയ്ഞ്ചല്‍ ഫണ്ടിംഗ് സ്‌കീം എന്ന പദ്ധതി കെ.എസ്.ഐ.ഡി.സി നടപ്പാക്കി വരുന്നു. കേരളത്തിലെ യുവതലമുറയെ തൊഴിലന്വേഷകരില്‍ നിന്നും തൊഴില്‍ദാതാക്കളായി മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ഏയ്ഞ്ചല്‍ ഫണ്ടിംഗ് /സീഡ് ഫണ്ടിംഗ് സ്‌കീം എന്ന പദ്ധതിയില്‍ കെ.എസ്.ഐ.ഡി.സി. ഇന്നവേറ്റീവ് സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി അവര്‍ക്ക് വ്യാവസായിക വിജയം ഉറപ്പു വരുത്തുന്നു. ഈ പദ്ധതിയില്‍ ആരോഗ്യം, കൃഷി, വെബ് & ആപ്ലിക്കേഷന്‍ ഡെവലപ്പ്‌മെന്റ്, ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോം, ഫിന്‍ടെക്, എന്‍ജിനീയറിംഗ്, ഉല്‍പ്പാദനം, ഇലക്ട്രോണിക്‌സ്, റോബോട്ടിക്‌സ്, ആയുര്‍വേദം, പരസ്യം, സാമ്പത്തിക മേഖല, ഫുഡ് പ്രോസസിംഗ്, വേസ്റ്റ് മാനേജ്‌മെന്റ്, ബയോടെക്‌നോളജി, ഹ്യൂമന്‍ റിസോഴ്‌സസ് എന്നീ മേഖലകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ലൈഫ് സയന്‍സ് പാര്‍ക്ക്, തിരുവനന്തപുരം

കെ.എസ്.ഐ.ഡി.സി. തോന്നയ്ക്കലില്‍ സ്ഥാപിക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. പാര്‍ക്കിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കെ.എസ്. ഐ.ഡി.സിയ്ക്ക് ലഭ്യമായ ഭൂമിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും, ഇതില്‍ റോഡ്, ഡ്രയിനേജ് സംവിധാനം, മഴവെള്ള സംഭരണി എന്നിവയുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. വൈദ്യുതി, ജലം എന്നിവ ലഭ്യമാക്കുന്നതിനായി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്, കേരള വാട്ടര്‍ അഥോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മരുന്നു ഗവേഷണവുമായി ബന്ധപ്പെട്ട് ഒരു കമ്പനി ലൈഫ് സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരള വെറ്റിനറി & അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ റിസര്‍ച്ച്-കം -ലേണിംഗ് സെന്ററിന്റെ പൂര്‍ത്തീകരണോദ്ഘാടനം ലൈഫ് സയന്‍സ് പാര്‍ക്കില്‍ നിര്‍വഹിച്ചു കഴിഞ്ഞു. കൂടാതെ എകദേശം മൂന്ന് ലക്ഷം ചതുരശ്ര അടി വരുന്ന ഇന്നവേഷന്‍ കം ഇന്‍കുബേഷന്‍ സെന്ററിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.

ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ പാര്‍ക്ക്, കൊച്ചി

ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ പാര്‍ക്ക് എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കിലെ ആമ്പല്ലൂര്‍ വില്ലേജില്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നു.

വ്യവസായ വളര്‍ച്ചാകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം

കെ.എസ്.ഐ.ഡി.സി. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടുകൂടി കേരളത്തില്‍ ചേര്‍ത്തല (279 ഏക്കര്‍), കോഴിക്കോട് (310 ഏക്കര്‍), കണ്ണൂര്‍ (250 ഏക്കര്‍), മലപ്പുറം (258 ഏക്കര്‍) തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ് വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ കേന്ദ്രങ്ങളിലേക്ക് വ്യവസായികളെ ആകര്‍ഷിക്കുന്നതിന് ഉതകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു വരുന്നു.

വ്യാവസായികാവശ്യങ്ങളെ പരിപോഷിപ്പിക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ കെ.എസ്.ഐ.ഡി.സി. ഓരോ വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങളിലും ഗണ്യമായ തുക നിക്ഷേപിച്ചിട്ടുണ്ട്. ഇവ ചുറ്റുമതില്‍ നിര്‍മാണം, സെക്യൂരിറ്റി ക്യാബിന്‍, മെയിന്‍ ഗേറ്റ്, റോഡുകള്‍, ഡ്രയിനേജ് സംവിധാനങ്ങള്‍, മഴവെളള സംഭരണികള്‍, ജലവിതരണം, പൈപ്പ് ലൈനുകളുടെ നിര്‍മാണം, സ്റ്റോറേജ് ടാങ്കുകള്‍, ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, പമ്പിംഗ് സ്റ്റേഷനുകള്‍, ബന്ധപ്പെട്ട റോഡുകളുടെ നിര്‍മാണം, സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍, എഫ്‌ളുവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ എന്നിവ വിവിധ വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങളില്‍ നിര്‍മിച്ചു വരുന്നു.

സ്‌മോള്‍ സ്‌കെയ്ല്‍ വ്യവസായ പാര്‍ക്കുകളുടെ വികസനം, കണ്ണൂര്‍ വ്യവസായ വളര്‍ച്ചാകേന്ദ്രത്തിലെ റബര്‍ പാര്‍ക്കുകളുടെ വികസനം, കോഴിക്കോട് വ്യവസായ വളര്‍ച്ചാ കേന്ദ്രത്തിലെ ഫുട്‌വെയര്‍ പാര്‍ക്ക്, എം.എസ്.എം.ഇ പാര്‍ക്ക് എന്നിവയുടെ വികസനം, കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ആലപ്പുഴ വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ സ്ഥാപിച്ച മെഗാഫുഡ് പാര്‍ക്കിന്റെ വികസനം എന്നിവയെല്ലാം വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങളുടെ വികസനത്തിനായി കെ.എസ്.ഐ.ഡി.സി. കൈക്കൊണ്ട നടപടികളാണ്.

വ്യവസായ വളര്‍ച്ചയ്ക്കാവശ്യമായ കെട്ടിടങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി കോഴിക്കോട് വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ (SDF) സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ കണ്ണൂര്‍, കോഴിക്കോട് എന്നീ വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങളില്‍ ഓരോന്നിലും 110 കെ.വി. സബ്‌സ്റ്റേഷനുകള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.

ലൈറ്റ് എന്‍ജിനീയറിംഗ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, പാലക്കാട്

പാലക്കാട് സ്ഥാപിക്കുന്ന ലൈറ്റ് എന്‍ജിനീയറിംഗ് പാര്‍ക്കിനുള്ളില്‍ റോഡ്, വൈദ്യുതി, ജലവിതരണം, മഴവെള്ള സംഭരണി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, സെക്യൂരിറ്റി ക്യാബിന്‍, മെയിന്‍ ഗേറ്റ് എന്നിവ നിര്‍മിച്ചു കഴിഞ്ഞു. 60000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

മെഗാഫുഡ് പാര്‍ക്ക്, ചേര്‍ത്തല

കെ.എസ്.ഐ.ഡി.സിയുടെ കൈവശമുള്ള ചേര്‍ത്തലയിലെ പള്ളിപ്പുറത്ത് സ്ഥിതി ചെയ്യുന്ന വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ 65 ഏക്കറിലായി ഭക്ഷ്യ വിഭവങ്ങളുടെ സംസ്‌കരണത്തിനും കയറ്റുമതിയ്ക്കുമായി ഒരു മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഈ മെഗാഫുഡ് പാര്‍ക്കില്‍ കടല്‍ ഭക്ഷ്യ വിഭവങ്ങളുടെ സംസ്‌ക്കരണവും കയറ്റുമതിയും ചെയ്യുന്നതിനായി 19 കമ്പനികള്‍ കെ.എസ്.ഐ.ഡി.സിയെ സമീപിച്ചിട്ടുണ്ട്. ഭാരത സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ്, ചേര്‍ത്തലയില്‍ മെഗാ ഫുഡ് പാര്‍ക്ക് ആരംഭിക്കുവാനായി സാമ്പത്തിക സഹായത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഡ്രെയിനേജ് സിസ്റ്റം, ഇന്റേണല്‍ റോഡുകളുടെ നിര്‍മാണം, ചുറ്റുമതില്‍ നിര്‍മാണം, ഇലക്ട്രിഫിക്കേഷന്‍, ജലവിതരണം എന്നിവയുടെ പണികള്‍ പുരോഗമിക്കുന്നുണ്ട്.

വ്യാവസായിക വളര്‍ച്ചാ കേന്ദ്രങ്ങളിലെ സ്ത്രീകള്‍ക്കായുള്ള

പൊതു സൗകര്യങ്ങള്‍

സാമൂഹിക പശ്ചാത്തല സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ചേര്‍ത്തല, കോഴിക്കോടുള്ള കിനാലൂര്‍ എന്നിവിടങ്ങളിലെ വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വിശ്രമകേന്ദ്രം, ക്രഷ്, മറ്റു പൊതു സൗകര്യങ്ങള്‍ എന്നിവ ഒരുക്കുവാന്‍ കെ.എസ്.ഐ.ഡി.സി. ഒരു പുതിയ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.

ശബരിമല വിമാനത്താവളം

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഒരു ഗ്രീന്‍ ഫീല്‍ഡ് എയര്‍പോ

ര്‍ട്ട് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും അതിനായി ഒരു ആധികാരിക ഏജന്‍സി മുഖേന സാധ്യതാപഠനം നടത്തുന്നതിലേയ്ക്കായി കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പുരോഗമിച്ചു വരുന്നു.

കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ നിര്‍മാണം

സംസ്ഥാനത്തിന്റെ നഗരപ്രദേശങ്ങളില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ (മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന) നിര്‍മിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലാണ്.

കേരളത്തില്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി വ്യവസായ സംരംഭകര്‍ക്കാവശ്യമായ സാമ്പത്തിക സഹായം ആകര്‍ഷകമായ പലിശനിരക്കില്‍ തവണവ്യവസ്ഥയില്‍ വായ്പകളായി അനുവദിക്കുക മാത്രമല്ല കെ.എസ്.ഐ.ഡി.സി നടപ്പിലാക്കി വരുന്ന വ്യവസായ സൗഹൃദ നയത്തിലൂടെ പുതിയ വ്യവസായ സംരംഭങ്ങള്‍ സമാരംഭിക്കുന്നതുവഴി കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ കഴിയും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it