Begin typing your search above and press return to search.
ദുബൈ ജൈറ്റെക്‌സ് മേളയില്‍ സംരംഭകര്‍ക്ക് ഫണ്ടിംഗ് ഒരുക്കി മലയാളി കൂട്ടായ്മ, നേടാം ₹2 കോടി വരെ
ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക എക്‌സ്‌പോയായ ദുബൈ ജൈറ്റെക്‌സ് മേളയില്‍ ഷാര്‍ക് ടാങ്ക് മാതൃകയില്‍ ഫണ്ടിംഗ് ഒരുക്കി മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ് കൂട്ടായ്മയായ ''വണ്‍ട്രപ്രണര്‍'' (1trepreneur). ജൈറ്റെക്‌സില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 10 സംരംഭകര്‍ക്കാണ് 10 ലക്ഷം മുതല്‍ 2 കോടി രൂപ വരെയുള്ള ഫണ്ടിംഗ് ഒരുക്കുന്നത്. ആഗോള എക്‌സ്‌പോയുടെ ഭാഗമായിട്ടുള്ള പ്രധാനവേദിയില്‍നടക്കുന്ന ഓപ്പണ്‍ പിച്ചില്‍ തിരഞ്ഞെടുക്കപ്പെടുന്ന 10 സംരംഭകര്‍ക്ക് അവരുടെ ആശയം അവതരിപ്പിക്കാം.
ദുബൈ ജൈറ്റെക്‌സ് മേളയില്‍ ആയിരത്തോളം സംരംഭകരാണ് പങ്കെടുക്കുക. ഇതില്‍ നിന്നംകും 10 പേരെ ഓപ്പണ്‍ പിച്ചിന് തിരഞ്ഞെടുക്കുകയെന്ന് വണ്‍ട്രപ്രണര്‍ സ്ഥാപകരില്‍ ഒരാളായ ഇഹ്തിഷാം പുത്തൂര്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളും എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കുകളും ഗള്‍ഫ് മേഖലയിലെ പ്രധാനപ്പെട്ട വ്യവസായികളും ഇന്‍വെസ്റ്റര്‍ പാനലിന്റെ ഭാഗമാവാന്‍ സമ്മതം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ വണ്‍ട്രപ്രണര്‍ കമ്മ്യൂണിറ്റി തിരഞ്ഞെടുക്കുന്ന 20 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ജൈറ്റെക്‌സില്‍ പ്രത്യേകം പവലിയനും തയ്യാറാക്കും.
1,500ഓളം സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുടെ കൂട്ടായ്മ
ഗള്‍ഫ് മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങാനും വ്യാപിപ്പിക്കാനും സഹായിക്കുന്ന കൂട്ടായ്മയില്‍ പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നും 1,500 ഓളം സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ അംഗങ്ങളാണ്. സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ ബന്ധപ്പെടുന്നതിനും സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനു ഫണ്ടിംഗ് നേടുന്നതിനും ഈ കൂട്ടായ്മ സഹായിക്കും. മാസം തോറും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുടെ മീറ്റപ്പും മെന്റര്‍ഷിപ്പ് സെഷനുകളും ഈ കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്നുണ്ട്.
നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ദുബൈ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ജങ്ക്‌ബോട്ട് (Junkbot) റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ ഇഹ്തിഷാം പുത്തൂര്‍, സിലിക്കണ്‍വാലി 500 ഗ്ലോബല്‍ ആക്‌സിലറേറ്റര്‍ പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്ലാന്റ്‌ഷോപ് (Plantshop.me) സ്റ്റാര്‍ട്ടപ്പിന്റ സ്ഥാപകന്‍ ജിമ്മി ജെയിംസ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ മെന്ററും നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ അഡൈ്വസറുമായ സയ്യിദ് സവാദ് എന്നീ മലയാളി യുവസംരംഭകരാണ് വണ്‍ട്രപ്രണര്‍ എന്ന കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.
നിലവില്‍ ദുബൈ സര്‍ക്കാരിന്റെ കീഴിലുള്ള ഡിറ്റെക് (Dtec), ഷാര്‍ജ സര്‍ക്കാരിന്റെ കീഴിലുള്ള ഷെറ (Sherra), അബുദാബിയിലെ ഖലീഫ യൂണിവേഴ്‌സിറ്റി എന്നിവര്‍ വണ്‍ട്രപ്രണറുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story