നദെല്ല പറയുന്നു, ഒരു ലീഡർക്ക് വേണ്ടത് ഈ 3 ഗുണങ്ങൾ!

തന്റെ സഹപ്രവർത്തകരിലും തന്നിൽത്തന്നെയും ഈ ലീഡർഷിപ് ഗുണങ്ങൾ അദ്ദേഹം കാണാൻ ആഗ്രഹിക്കുന്നു.

Satya Nadella
Image credit: Wikimedia Commons(Flickr: LE WEB PARIS 2013)

ഇരുപതു വർഷത്തോളം മൈക്രോസോഫ്റ്റിൽ ജോലി ചെയ്തതിന് ശേഷമാണ് സത്യ നദെല്ല 2014-ൽ സിഇഒ പദവിയിലേക്കെത്തുന്നത്. ഈയിടെ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC) ഒരു ലീഡറിന് വേണ്ട മൂന്ന് ഗുണങ്ങൾ എന്തൊക്കെയാണെന്ന് അദ്ദേഹം പറയുകയുണ്ടായി.     

തന്റെ സഹപ്രവർത്തകരിലും തന്നിൽത്തന്നെയും ഈ ലീഡർഷിപ് ഗുണങ്ങൾ അദ്ദേഹം കാണാൻ ആഗ്രഹിക്കുന്നു. എന്നാൽ, എല്ലാ ദിവസങ്ങളിലും ഒരേ മികവോടെ ജോലി ചെയ്യുക എന്നത് കഠിനമാണെന്നും നദെല്ല സമ്മതിക്കുന്നുണ്ട്.

ഒരു ലീഡറിൽ അദ്ദേഹം തിരയുന്ന ഗുണങ്ങൾ ഇവയൊക്കെയാണ്:

1. കാര്യങ്ങളിൽ വ്യക്തത 

പ്രതിസന്ധിയിലും മറ്റും കമ്പനി പ്രശ്നങ്ങൾക്ക് ഉത്തരം തേടുന്നത് വ്യക്തമായ കാഴ്ചപ്പാടുകൾ നല്കാൻ സാധിക്കുന്നവരോടും പ്രശ്നകരമായ സാഹചര്യത്തെ ലഘൂകരിക്കാൻ കഴിവുള്ളവരോടുമാണ്. കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളിൽ വ്യക്തത കൊണ്ടുവരാൻ സ്വാഭാവികമായ കഴിവുള്ളവരാണ് നല്ല ലീഡർമാർ.   

2. ഊർജം പകരുക 

നിങ്ങൾ ചെയ്യുന്ന ജോലിയിൽ പാഷനും ഉത്സാഹവും ഉണ്ടാകണം. നിങ്ങൾക്ക് ചുറ്റുമുള്ളവരിൽ ഊർജം പകരാൻ കഴിയണം. ഞാൻ വലിയവനാണ്, എന്റെ ടീം മഹത്തരമാണ്. എന്നാൽ ബാക്കിയെല്ലാവരും പരാജയമാണെന്ന് പറയുന്ന ഒരാൾ ലീഡർ ആകില്ല എന്നാണ് നദെല്ലയുടെ പക്ഷം. നിങ്ങൾ എവിടെയെല്ലാം പോകുന്നോ അവിടെയെല്ലാം പോസിറ്റീവ് ഊർജം പകർന്ന് നല്കാൻ സാധിക്കുന്നവരാണ് യഥാർത്ഥ ലീഡർ.       

3. വിജയം കൊയ്യുക 

ഏത് സാഹചര്യത്തിലും വിജയം നേടാൻ സാധിക്കുന്നവരാകും ലീഡർമാർ. ‘ആകാശം തെളിയട്ടെ, കാർമേഘങ്ങൾ ഒഴിയട്ടെ , എന്നിട്ട് ഞാൻ എന്റെ മിടുക്ക് തെളിയിക്കാം’ എന്ന് പറയുന്നവർ ലീഡർ ആകില്ല. പ്രതിസന്ധികളെ മനസിലാക്കി അതിനെ തരണം ചെയ്ത് വിജയം നേടുന്നവരാണ് യഥാർത്ഥ ടീം ലീഡർ. 

എന്നാൽ എല്ലായ്‌പ്പോഴും ഈ മൂന്ന് ഗുണങ്ങളും ഒരാളിൽ കാണാൻ കഴിഞ്ഞെന്ന് വരില്ല. അത് നേടിയെടുക്കാൻ കഠിനമായ, നിരന്തര പരിശ്രമം തന്നെ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.   

LEAVE A REPLY

Please enter your comment!
Please enter your name here