സംരംഭം തുടങ്ങാനുള്ള എല്ലാ അനുമതിയും ഇനി ഓരൊറ്റ പോര്‍ട്ടലില്‍ നിന്ന്

മലയാളികള്‍ മറക്കാനിടയില്ല, ദാക്ഷായണി ബിസ്‌ക്കറ്റ് കമ്പനി തുടങ്ങാന്‍ അനുമതിക്കായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുന്ന സേതുമാധവനെ. ശ്രീനിവാസന്റെ രചനയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിഥുനം എന്ന സിനിമയില്‍ മോഹന്‍ലാല്‍ ജീവന്‍ നല്‍കിയ സേതുമാധവന്‍, അക്കാലത്ത് വ്യവസായം തുടങ്ങാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഒരു സാധാരണ മലയാളിയുടെ തനിപ്പകര്‍പ്പായിരുന്നു.

കെ-സ്വിഫ്റ്റ്

വ്യവസായമോ കച്ചവടസ്ഥാപനമോ തുടങ്ങാന്‍ പല ഓഫീസുകള്‍ കയറിയിറങ്ങി മനസുമടുത്ത് അന്യനാട്ടില്‍ പണി തേടിപ്പോയ എത്രയോ മലയാളികളുണ്ട്. എന്നാല്‍ ഇനി അതൊക്കെ ഒരു പഴങ്കഥയാകും. കേരള സര്‍ക്കാരിന് കീഴിലെ 21 വകുപ്പുകളില്‍ നിന്നുള്ള 85ലേറെ അനുമതികള്‍ ഒരൊറ്റ വെബ് പോര്‍ട്ടലില്‍ നിന്ന് സംരംഭകര്‍ക്ക് നേടിയെടുക്കാം. അതും വീട്ടിലിരുന്ന് തന്നെ! വിശ്വസിക്കാന്‍ പ്രയാസമുണ്ടോ?

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) സജ്ജമാക്കിയിരിക്കുന്ന ഏകജാലക ക്ലിയറന്‍സ് വെബ് പോര്‍ട്ടലായ കെ-സ്വിഫ്റ്റ് (Kerala Single Window Interface for Fast and Transparent Clearance) ആണ് അനുമതികളുടെ കാര്യത്തില്‍ ഇതുപോലൊരു വിപ്ലവം സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്.

30 ദിവസത്തിനുള്ളില്‍

പുതിയ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനോടൊപ്പം നിലവിലുള്ള വ്യവസായങ്ങളുടെ അനുമതികള്‍ പുതുക്കി നല്‍കാനും കെ-സ്വിഫ്റ്റ് സജ്ജമാണ്. മതിയായ വിവരങ്ങളോടെ അപാകതകളില്ലാതെ സമര്‍പ്പിച്ച അപേക്ഷകളിലെ സംസ്ഥാനത്തെ നിയമങ്ങളുടെ കീഴിലുള്ള അനുമതികള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള സംവിധാനമാണ് കെ-സ്വിഫ്റ്റിലുള്ളത്. ആ നിശ്ചിത സമയ പരിധിക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ലെങ്കില്‍ കല്‍പ്പിത അനുമതി ഓട്ടോമാറ്റിക്കായി സംരംഭകന് ലഭിക്കും.

അതായത് അപേക്ഷകള്‍ വെച്ചുതാമസിപ്പിക്കാനോ സംരംഭകനെ ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് ഓഫീസുകള്‍ കയറിയിറക്കാനോ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല. കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര തുടങ്ങിയ ഏജന്‍സികളുടെ വ്യാവസായിക ഭൂമി അനുവദിക്കുന്നതിനുള്ള അപേക്ഷ നല്‍കല്‍, തൊഴില്‍ നികുതി അടയ്ക്കുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം കെ-സ്വിഫ്റ്റിലുണ്ട്.

അനുമതികളുടെ കാര്യത്തില്‍ നിശബ്ദ ഇ-വിപ്ലവം!

ഏതൊരു രാജ്യത്തും വികസനം സാധ്യമാക്കുന്നത് സംരംഭകരാണ്. സമ്പത്ത് സൃഷ്ടിക്കാനും തൊഴില്‍ നല്‍കാനുമെല്ലാം സ്വകാര്യ നിക്ഷേപം അത്യാവശ്യമാണ്. സംരംഭകരെ നെട്ടോട്ടമോടിക്കുന്ന സംവിധാനമാണ് നിലവിലുള്ളതെങ്കില്‍ അവിടെ നിക്ഷേപം ഉണ്ടാവില്ല, ജോലിയുണ്ടാവില്ല, സമ്പത്തുണ്ടാവില്ല. ജനങ്ങള്‍ പട്ടിണിയിലുമാകും. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ലോകബാങ്ക് 2003ല്‍ രാജ്യങ്ങളെ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള എളുപ്പം, അനുമതികളൊക്കെ നേടിയെടുക്കുന്നതിനുള്ള സുതാര്യ നടപടിക്രമങ്ങള്‍ എന്നിവയൊക്കെ അടിസ്ഥാനമാക്കി പട്ടികയാക്കാന്‍ തുടങ്ങി.

2014ലാണ് ഇന്ത്യ ഇതിന്റെ ഭാഗമാകുന്നത്. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകബാങ്ക് രാജ്യങ്ങളുടെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടിക തയ്യാറാക്കുന്നത്. 2014ല്‍ 142ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2020ല്‍ ഇത് 63 ആയി. സംസ്ഥാനങ്ങള്‍ നടപ്പാക്കിയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പദ്ധതികള്‍ പട്ടികയില്‍ രാജ്യത്തിന്റെ നില മെച്ചപ്പെടുത്താന്‍ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്.

ബിസിനസ് സൗഹൃദ അന്തരീക്ഷം സംസ്ഥാനങ്ങളിലും സൃഷ്ടിക്കപ്പെടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി) എന്ന ഏജന്‍സി, എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗ് കൊണ്ടുവരുന്നതിന് തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകള്‍, വ്യവസായ സംരംഭങ്ങള്‍ എളുപ്പത്തില്‍ തുടങ്ങുന്നതിനും തടസമില്ലാതെ നടത്തിക്കൊണ്ടുപോകുന്നതിനും നടപ്പാക്കേണ്ട വിവിധ കാര്യങ്ങള്‍ ഏതൊക്കെയെന്നത് നിശ്ചയിച്ചുതരുന്നത് ഡി.പി.ഐ.ഐ.ടിയാണ്. ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ (ബി.ആര്‍.എ.പി.) എന്ന പേരില്‍ ഓരോവര്‍ഷവും സംസ്ഥാനങ്ങള്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ഡി.പി.ഐ.ഐ.ടി നല്‍കിവരുന്നു.

2016 മുതലാണ് നമ്മുടെ സംസ്ഥാനം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് നടപടികള്‍ തുടങ്ങിയത്. ഇതിനായി കേരള സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷനെ (കെ.എസ്.ഐ.ഡി.സി.) നോഡല്‍ ഏജന്‍സിയായി നിയോഗിച്ചു. സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുന്ന തിനും അതുവഴി കൂടുതല്‍ പുതിയ വ്യവസായ സംരംഭങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും ഏറ്റെടുത്ത് നടത്തിവരുന്നുമുണ്ട്.

വ്യവസായ സംരംഭങ്ങള്‍ക്ക് വേണ്ട അനുമതികള്‍ സമയബന്ധിതമായി നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റ് 2019 ഫെബ്രുവരിയിലാണ് ആദ്യമായി അവതരിപ്പിച്ചത്. അന്നുമുതല്‍ 49844 പേര്‍ കെ-സ്വിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 4581 അനുമതി അപേക്ഷകള്‍ കെ-സ്വിഫ്റ്റിലൂടെ പ്രോസസ് ചെയ്ത് അനുമതികള്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 2800 കോടി രൂപയുടെ നിക്ഷേപം കെ-സ്വിഫ്റ്റിലൂടെ സാധ്യമാക്കി.

ഇന്നുതന്നെ സംരംഭം തുടങ്ങണോ? നിങ്ങള്‍ക്ക് അതും പറ്റും

നിങ്ങള്‍ക്ക് സംരംഭം തുടങ്ങാന്‍ നല്ലസമയം നോക്കി ഇനി കാത്തിരിക്കേണ്ട. ഇന്നുതന്നെ വേണമെങ്കില്‍ ഇന്നുതന്നെയാകാം. അതിനുള്ള അനുമതി പത്രവും കെ-സ്വിഫ്റ്റില്‍ നിന്ന് ഞൊടിയിടയില്‍ നേടിയെടുക്കാം. നമ്മുടെ കേരളത്തില്‍ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന വന്‍കിട കമ്പനികള്‍ സ്ഥാപിക്കാന്‍ സാധിക്കില്ല. ചെറുകിട ഇടത്തരം സംരംഭങ്ങളാണ് കേരളത്തിന് അനുയോജ്യം.

ഇത് തിരിച്ചറിഞ്ഞ് അനായാസം കേരളത്തില്‍ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാനായാണ് സംസ്ഥാന സര്‍ക്കാര്‍ കേരള സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ സുഗമമാക്കല്‍ നിയമം 2019 കൊണ്ടുവന്നത്. 50 കോടി രൂപയില്‍ താഴെ മുതല്‍മുടക്കുള്ളതും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡ പ്രകാരം ചുവപ്പു വിഭാഗത്തില്‍പ്പെടാത്തതുമായ ഏതൊരു വ്യവസായ സംരംഭം തുടങ്ങുന്നതിനും, സംസ്ഥാന നിയമങ്ങള്‍ക്ക് കീഴില്‍വരുന്ന ചില അനുമതികള്‍ മൂന്ന് വര്‍ഷത്തേക്ക് ഒഴിവാക്കിക്കൊണ്ടുള്ളതാണ് ഈ നിയമം.

സ്വയം സാക്ഷ്യപത്രം സമര്‍പ്പിച്ച് അനുമതി പത്രം ഉടന്‍ ലഭ്യമാക്കുന്നതിന് ഇതുവഴി സംരംഭകന് സാധിക്കും. മൂന്ന് വര്‍ഷം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ മേല്‍പറഞ്ഞ അനുമതികള്‍ ലഭ്യമാക്കിയാല്‍ മതിയാവും. ഇക്കാലയളവില്‍ വ്യവസായ സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധനകള്‍ നടത്തുന്നത് ഒഴിവാക്കിയിട്ടുണ്ട്. 2020 ജനുവരിയില്‍ നടപ്പാക്കിയ ഈ നിയമപ്രകാരമുള്ള അനുമതി പത്രം ലഭ്യമാക്കുന്നതിനുള്ള സംവിധാനം കെ-സ്വിഫ്റ്റ് ഓണ്‍ലൈന്‍ ഏകജാലക സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുരസ്‌കാര തിളക്കത്തില്‍

കെ-സ്വിഫ്റ്റിനെ തേടി നിരവധി അംഗീകാരങ്ങളും ഇതിനകം വന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ രാജ്യത്തെ ബെസ്റ്റ് ഇ-ഗവേണന്‍സ് സൊലൂഷന്‍ വിഭാഗത്തില്‍ പുരസ്‌കാരം, പൊതുജനസേവന വിഭാഗത്തില്‍ ഏറെ ആദരിക്കപ്പെടുന്ന 'ചീഫ് മിനിസ്റ്റേഴ്സ് അവാര്‍ഡ് ഫോര്‍ അഡ്മിനിസ്ട്രേറ്റീവ് ഇന്നൊവേഷന്‍സ്' (2020) പുരസ്‌കാരവും അടുത്തിടെ കെ-സ്വിഫ്റ്റിന് ലഭിച്ചു.

കെ-സ്വിഫ്റ്റിന്റെ അടുത്ത പതിപ്പ് കൂടുതല്‍ വകുപ്പുകളും സേവനങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ട് അധികം വൈകാതെ പുറത്തിറങ്ങും. FSSAI, CZMA, ഡ്രഗ്സ് കണ്‍ട്രോള്‍, ഹെല്‍ത്ത് തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ അതിന്റെ ഭാഗമായുണ്ടാകും. പുതുക്കിയ ഈ പതിപ്പിനൊപ്പം മൊബൈല്‍ ആപ്പും പുറത്തിറക്കും.

ഇത്ര ലളിതമാണ് കെ-സ്വിഫ്റ്റ്

വെബ് പോര്‍ട്ടലുകള്‍ ലോഗിന്‍ ചെയ്യാനും അതിലെ ലളിതമായ നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകാനുമൊക്കെ ഒട്ടുമിക്കയാളുകള്‍ക്കും അറിയാം. അതുപോലെ സുഗമമായ പ്ലാറ്റ്ഫോമിലാണ് കെ-സ്വിഫ്റ്റും സജ്ജമാക്കിയിരിക്കുന്നത്. http://www.kswift.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ ഏതൊരാള്‍ക്കും നേരിട്ട് കയറി സേവനങ്ങള്‍ നേടാം.

സവിശേഷതകള്‍

 • ഇ-മെയ്ല്‍ ഐ.ഡിയും മൊബൈല്‍ നമ്പറും നല്‍കിക്കൊണ്ട് വണ്‍ ടൈം രജിസ്ട്രേഷന്‍ നടത്താനാകും.
 • സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളില്‍ നിന്ന് അനുമതികള്‍, ലഭിച്ചിട്ടുള്ള അനുമതികള്‍ പുതുക്കല്‍ എന്നീ സേവനങ്ങള്‍ തേടുന്നവര്‍ 'File Common application Form (CAF) for approvals' ല്‍ ക്ലിക്ക് ചെയ്യണം.
 • അതല്ല മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റെഡ് കാറ്റഗറിയില്‍ പെടാത്ത ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാനാണെങ്കില്‍ 'MSME Acknowledgement Certificate' എന്നതില്‍ ക്ലിക്ക് ചെയ്യുക.
 • നിങ്ങളുടെ സംരംഭത്തിന്റെ പേര് നല്‍കുക.
 • നിങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ പരമാവധി വിവരങ്ങള്‍ വെബ് പോര്‍ട്ടലിലുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി നല്‍കുക. കുറേയേറെ ചോദ്യങ്ങള്‍ പോര്‍ട്ടല്‍ ചോദിക്കും. നിങ്ങളുടെ സംരംഭത്തിന്റെ സ്വഭാവം കൃത്യമായി മനസിലാക്കി വേണ്ട അനുമതികളേതെന്ന് സിസ്റ്റം തന്നെ തെരഞ്ഞെടുത്ത് നിങ്ങളോട് പറയുന്നതിന് വേണ്ടിയാണ് ഈ ചോദ്യങ്ങളെല്ലാം ചോദിക്കുന്നത്. ഏറ്റവും കൃത്യമായ ഉത്തരം സംരംഭകന് നല്‍കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
 • മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ CAF പൂരിപ്പിച്ച് അപ്ലോഡ് ചെയ്യുക.
 • വിവിധ വകുപ്പുകളില്‍ നിന്നുവേണ്ട അനുമതികളുടെ കാര്യങ്ങള്‍ പൂരിപ്പിക്കുക.
 • അപേക്ഷിച്ച അനുമതികള്‍ക്കു വേണ്ട ഫീസ് സിസ്റ്റം തന്നെ കണക്കുകൂട്ടി പറയും.
 • മതിയായ തുക അടച്ച് അപേക്ഷ സമര്‍പ്പിക്കണം.
 • സംരംഭകന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ വകുപ്പുകള്‍ അതിന്റെ പ്രോസസിംഗ് ആരംഭിക്കും.
 • കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കിലോ ഫീസ് കൂടുതല്‍ അടയ്ക്കേണ്ടതുണ്ടെങ്കിലോ അക്കാര്യം കെ-സ്വിഫ്റ്റിലൂടെ തന്നെ അപേക്ഷകനെ അറിയിക്കും.
 • 30 ദിവസത്തിനുള്ളില്‍ അപേക്ഷ നിരസിച്ച കാര്യമോ അനുമതി സംബന്ധിച്ച അറിയിപ്പോ ലഭിച്ചില്ലെങ്കില്‍ അപേക്ഷയിന്മേല്‍ കല്‍പ്പിത അനുമതിയായി.
 • ഇ-മെയ്ല്‍ വഴിയും എസ്.എം.എസ് വഴിയും അപ്പപ്പോള്‍ അലര്‍ട്ടുകളും അക്നോളഡ്ജ്മെന്റും ലഭിക്കും.
 • അപേക്ഷയുടെ പ്രോസസിംഗ് സംബന്ധിച്ച കാര്യങ്ങള്‍ യൂണീക് നമ്പര്‍ വെച്ച് അറിയാന്‍ സാധിക്കും.
 • സംശയങ്ങള്‍ ചോദിക്കാനും പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹാരത്തിനും സംവിധാനമുണ്ട്.

വ്യവസായ വകുപ്പിന്റെ മേധാവികള്‍ക്കും ഓരോ അപേക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമായി അറിയാന്‍ സാധിക്കും. അപേക്ഷകള്‍ ഏതെങ്കിലും ഘട്ടത്തില്‍ മുന്നോട്ട് നീങ്ങാതെ കിടപ്പുണ്ടെങ്കില്‍ കൃത്യമായി അറിയാന്‍ സാധിക്കുന്ന ഡാഷ് ബോര്‍ഡുണ്ട്. ടെക്നോളജിയെ പരമാവധി വിനിയോഗിച്ച് സാധാരണ സംരംഭകര്‍ക്ക് അങ്ങേയറ്റം സുഗമമായ സംവിധാനമാണ് കെ.എസ്.ഐ.ഡി.സി കെ-സ്വിഫ്റ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

കെ-സ്വിഫ്റ്റിന് മുമ്പും ശേഷവും

മുമ്പ്

 • ഒരു സംരംഭം തുടങ്ങാന്‍ വിവിധ വകുപ്പുകളുടെ അനുമതി ആവശ്യമായി വരും. ഇതിനായി വെവ്വേറെ അപേക്ഷകള്‍ വിവിധ ഓഫീസുകളില്‍ നല്‍കണം.
 • ഒരു സംരംഭത്തിന് ആവശ്യമായി വേണ്ട അനുമതികളേതെന്ന് അറിയാന്‍ ഉദ്യോഗസ്ഥരോടോ കണ്‍സള്‍ട്ടന്റുമാരോടൊ പോയി ചോദിച്ചറിയണം.
 • വകുപ്പുകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനങ്ങളുണ്ടെങ്കില്‍ പോലും എല്ലാ വകുപ്പുകളിലെയും അപേക്ഷകളുടെ വിവരങ്ങള്‍ അറിയാന്‍ വ്യത്യസ്ത പ്ലാറ്റ്ഫോമുകള്‍ നോക്കണം.
 • ഫീസടയ്ക്കാന്‍ ബാങ്കിലോ ട്രഷറിയിലോ പോണം. രസീതോ ചലാനോ സ്‌കാന്‍ ചെയ്തിടണം.
 • അനുമതികള്‍ പുതുക്കാന്‍ വീണ്ടും അപേക്ഷിക്കണം.
 • എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അത് വിവിധ വകുപ്പുകളില്‍ പോയി എഴുതി സമര്‍പ്പിക്കണം.

ശേഷം

 • എല്ലാ അനുമതികള്‍ക്കും ഒരൊറ്റ ഓണ്‍ലൈന്‍ സംവിധാനം.
 • ഓരോ സംരംഭത്തിനും വേണ്ട അനുമതികള്‍ കെ-സ്വിഫ്റ്റ് തന്നെ സംരംഭകനോട് പറയും.
 • അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസ് ആയോ ഇ-മെയ്ല്‍ ആയോ അതത് സമയത്ത് ലഭിക്കും.
 • 30 ദിവസത്തിനുള്ളില്‍ അറിയിപ്പൊന്നുമില്ലെങ്കില്‍ കല്‍പ്പിത അനുമതി.
 • എവിടെയും പോകാതെ വീട്ടിലിരുന്ന് തന്നെ ഫീസടയ്ക്കാനുള്ള സംവിധാനങ്ങള്‍.
 • മതിയായ ഫീസ് നല്‍കിയാല്‍ അനുമതികള്‍ ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും.
 • ഡിജിറ്റലി സൈന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ സംരംഭകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.
 • പരാതികളുണ്ടെങ്കില്‍ ഓണ്‍ലൈനായി നല്‍കാം.
 • ഒരു ഉദ്യോഗസ്ഥനും അനാവശ്യമായി അപേക്ഷകള്‍ വെച്ചുതാമസിപ്പിക്കാന്‍ സാധിക്കില്ല.

മതിയായ വിവരങ്ങളോടെ അപാകതകളില്ലാതെ സമര്‍പ്പിച്ച അപേക്ഷകളിലെ സംസ്ഥാനത്തെ നിയമങ്ങളുടെ കീഴിലുള്ള അനുമതികള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള സംവിധാനമാണ് കെ-സ്വിഫ്റ്റിലുള്ളത്. ആ നിശ്ചിത സമയ പരിധിക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ലെങ്കില്‍ കല്‍പ്പിത അനുമതി ഓട്ടോമാറ്റിക്കായി സംരംഭകന് ലഭിക്കും.

എസ്. ഹരികിഷോര്‍

എം.ഡി, കെ.എസ്.ഐ.ഡി.സി

ഡയറക്റ്റര്‍, വ്യവസായ വാണിജ്യ വകുപ്പ്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it