ഒഎന്‍ഡിസിയിലൂടെ ഇ-കൊമേഴ്സില്‍ ഏതൊരാള്‍ക്കും ധൈര്യമായി പ്രവേശിക്കാം, അറിയേണ്ട കാര്യങ്ങള്‍

മഴക്കാലമല്ലേ, ചക്കക്കുരു ഇട്ട കറി കഴിക്കാനൊരു പൂതി. എവിടെ കിട്ടാനില്ലെങ്കിലും ഓണ്‍ലൈനിലുണ്ടാവുമെന്ന് ഉറപ്പാണ്. ഓര്‍ഡര്‍ ചെയ്യാന്‍ വേണ്ടി നിങ്ങള്‍ സ്ഥിരം ഉപയോഗിക്കുന്ന ഏതെങ്കിലുമൊരു ആപ്പ് എടുത്ത് സെര്‍ച്ച് ചെയ്താല്‍ നിരനിരയായി കാറ്റലോഗുകള്‍ വരും. ആദ്യം വരുന്നതില്‍ കണ്ണുടക്കും. എങ്കിലും പിന്നെയും ഫില്‍റ്ററുകളൊക്കെ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യും. സമയമുണ്ടെങ്കില്‍ മറ്റൊരു ആപ്പില്‍ കൂടി കയറി സെര്‍ച്ച് ചെയ്ത് വില താരമത്യം ചെയ്യും. ഒടുവില്‍ മികച്ചതെന്നു തോന്നുന്നത് ഓര്‍ഡര്‍ ചെയ്യും.

എന്തൊരു സുഖമാണല്ലേ? എത്ര മാത്രം ചോയ്‌സാണ് മുമ്പില്‍ വന്നിരിക്കുന്നതെന്ന് ഒരുവേള നിങ്ങളാലോചിച്ചിരിക്കാം. തൊട്ടടുത്ത പറമ്പില്‍ കിട്ടുന്ന ചക്കക്കുരുവിന് പോലും ഇത്രമാത്രം ചോയ്‌സുകള്‍ തരുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കു മേല്‍ ഒന്നുകൂടി വിശ്വാസം ഊട്ടിയുറച്ചു.
എന്നാല്‍ ഓര്‍ഡര്‍ ചെയ്തതിലും മികച്ചതും വിലക്കുറവുള്ളതുമായ ചക്കക്കുരു, തൊട്ടപ്പുറത്തു നിന്നുള്ളൊരു വീട്ടമ്മ പായ്ക്കറ്റിലാക്കി ഓണ്‍ലൈനിലൂടെ വില്‍ക്കുന്നുണ്ടെന്ന കാര്യം നിങ്ങളറിഞ്ഞിട്ടുപോലുമുണ്ടാകില്ല. എന്തുകൊണ്ടായിരിക്കും ആ വീട്ടമ്മയുടെ ചക്കക്കുരു നിങ്ങളുടെ കൈയ്യിലുള്ള ആപ്പില്‍ എത്താത്തത്? ഉത്തരം സിമ്പിളാണ്, ഒന്നുകില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്പില്‍ അവര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അഥവാ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ ആ വീട്ടമ്മയെ നിങ്ങളിലേക്കെത്തിക്കാന്‍ ആപ്പിന് ഉദ്ദേശ്യമില്ല!
സമാന അവസ്ഥയാണ് സെല്ലര്‍മാര്‍ക്കും ഉണ്ടാവുന്നത്. നമ്മുടെ കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ എത്ര ഓണ്‍ലൈന്‍ ഉപഭോക്താകളുടെ മുന്നില്‍ പ്രത്യക്ഷപ്പെടും. എത്തില്ല. കാരണം വമ്പന്‍ സെല്ലര്‍മാരെപോലെ മാര്‍ക്കറ്റ് ഫണ്ട് ഇറക്കാന്‍ കുടുംബശ്രീക്കാവില്ലെന്നതു തന്നെ.
ഈയൊരു അനുഭവത്തിലൂടെ കടന്നുപോകുന്നവരാണ് ലോകത്തെ എല്ലാ ഇ-കൊമേഴ്സ് ഉപഭോക്താക്കളും വില്‍പ്പനക്കാരും.
ഉപഭോക്താക്കളുടെ ചോയ്‌സല്ല സെര്‍ച്ച് റിസള്‍ട്ടുകളായി വരുന്നത്. പകരം, അതാത് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ ചോയ്‌സാണ്. ആ കമ്പനികള്‍ക്ക് ഏറ്റവും ഗുണമുണ്ടാകുന്ന സെല്ലര്‍മാരുടെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ മുന്നിലെത്തും. കമ്പനികള്‍ക്ക് താല്‍പ്പര്യമില്ലാത്തത് പുറത്താവുകയും ചെയ്യും. വമ്പന്‍ മാര്‍ക്കറ്റായചൈനയില്‍ ആധിപത്യത്തിലുള്ളത് 4 കമ്പനികള്‍, ഇന്ത്യയിലും അത്രതന്നെ. യു.എസിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും എല്ലാം സ്ഥിതി സമാനം തന്നെ.
ഇതിനൊരു പരാഹാരം വേണ്ടേ? രാജ്യങ്ങള്‍ പലതും നിയന്ത്രണങ്ങളെപ്പറ്റിയും നിയമങ്ങളെപ്പറ്റിയും ആലോചിച്ചപ്പോള്‍, ഡിജിറ്റല്‍ ഇടപാട് രംഗത്ത് വിപ്ലവം കൊണ്ടുവന്ന യുപിഐ സംവിധാനിച്ച ഇന്ത്യ പുതിയൊരു നെറ്റ്വര്‍ക്ക് ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് ആലോചിച്ചത്. അങ്ങനെ നിലവില്‍ ക്ലോസ്ഡ് ആയ ഇ-കൊമേഴ്‌സ് രംഗത്തെ ഓപ്പണ്‍ ആക്കുന്നതിനു വേണ്ടി ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് അഥവാ ഒഎന്‍ഡിസി സ്ഥാപിച്ചു.
പലതുണ്ട് ഗുണങ്ങള്‍
ഓപ്പണ്‍ സോഴ്‌സ് എന്ന മൂല്യത്തെ അടിസ്ഥാനമാക്കി തന്നെയാണ് രാജ്യത്ത് യുപിഐ വന്നതും ഡിജിറ്റല്‍ പേയ്
മെന്റ് രംഗം കീഴടക്കിയതും മറ്റെല്ലാ രാജ്യങ്ങള്‍ക്കും മാതൃകയായതും. ഇന്ത്യയിലെ ഈ ചിന്താരീതിയിലെ ഏറ്റവും പുതിയതാണ് ഒഎന്‍ഡിസി. ഒഎന്‍ഡിസി വരുമ്പോള്‍ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള കമ്പനികള്‍ തകര്‍ന്നുപോവുകയൊന്നുമില്ല. കാരണം, അതുപോലൊരു പ്ലാറ്റ്‌ഫോമല്ല ഒഎന്‍ഡിസി. കൃത്യമായ പ്രോട്ടോക്കോളുകളുള്ള നെറ്റ്വര്‍ക്ക് മാത്രമാണ്. വമ്പന്‍ കമ്പനികള്‍ക്കെന്ന പോലെ, ചെറുകിടക്കാര്‍ക്കും നാട്ടുമ്പുറത്തെ കുഞ്ഞു കടകള്‍ക്കും മുതലെടുക്കാമെന്നതാണ് ഒഎന്‍ഡിസിയുടെ പ്രധാന ഗുണം. ഒപ്പം, ഉപഭോക്താവിന് പൂര്‍ണമായ സ്വാതന്ത്ര്യത്തോടെ തെരഞ്ഞെടുപ്പ് നടത്താനുമാവും.
കച്ചവടക്കാര്‍ക്കെന്ത് നേട്ടം?
ഇതുവരെ ഒരു ഗ്രോസറിക്കട നടത്തിയിരുന്ന നിങ്ങള്‍ക്ക്ഇ-കൊമേഴ്‌സിലേക്ക് കടക്കണമെന്ന് തോന്നിയാല്‍ എന്തുചെയ്യും? വെബ്‌സൈറ്റുണ്ടാക്കും, കാറ്റലോഗുകളുണ്ടാക്കും, ഡെലിവെറി ചെയ്യാന്‍ ആളുകളെ വെക്കും. ഇതെല്ലാം ചെയ്‌തെടുത്താലും നിങ്ങള്‍ക്ക് എത്രമാത്രം ഉപഭോക്താക്കളെ കണ്ടെത്താനാവും? കോടികള്‍ മുടക്കിയാലും നിലവിലുള്ള വമ്പന്മാരുടെ ഏഴയലത്ത് എത്താന്‍ സാധിക്കണമെന്നില്ല. എന്നാല്‍ സ്‌നാപ്പ്ഡീലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 30 ലക്ഷത്തോളം ഉപഭോക്താക്കളെ കൂടികിട്ടുകയാണെങ്കിലോ? ഇതാണ് ഒഎന്‍ഡിസി വരുന്ന തോടെ സംഭവിക്കാന്‍ പോകുന്നത്. ഏതൊക്കെ പ്ലാറ്റ്‌ഫോമുകള്‍ ഒഎന്‍ഡിസിയുടെ ഭാഗമാകുന്നുവോ, അവയുടെയെല്ലാം സെല്ലര്‍മാരെയും ബയര്‍മാരെയും നെറ്റ്വര്‍ക്കിലൂടെ പരസ്പരം ലഭ്യമാകും.
അതായത്, ആമസോണ്‍ ഒഎന്‍ഡിസിക്ക് കീഴിലാവുകയും നിങ്ങള്‍ സമാനമായൊരു ഇ-കൊമേഴ്സ് ആപ്പ് തുടങ്ങുകയും ചെയ്താല്‍, ആമസോണിന് എത്ര ഉപഭോക്താക്കളുണ്ടോ അവരൊക്കെയും നിങ്ങളുടെ കൂടി ഉപഭോക്താക്കളാവും. സ്വാഭാവികമായി അവിടെ മത്സരം കൂടും. മികച്ച ഉല്‍പ്പന്നം മികച്ച വിലയ്ക്ക് നല്‍കാന്‍ കഴിയുന്നയാള്‍ വിജയിക്കുകയും ചെയ്യും.
ഉപഭോക്താക്കള്‍ക്കെന്ത് നേട്ടം?
എല്ലാ സെല്ലര്‍മാരും എല്ലാ കമ്പനികളുമായും ഇടപാടില്‍ ഏര്‍പ്പെടുന്നുണ്ടാവില്ലല്ലോ. ഒഎന്‍ഡിസിയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ എത്രമാത്രം സെല്ലര്‍മാരുണ്ടോ, അവരുടെയെല്ലാം ഉല്‍പ്പന്നങ്ങള്‍ പരസ്പരം ലഭ്യമാകും. അതായത്, ആമസോണ്‍ മാത്രം ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഫ്ളിപ്കാര്‍ട്ടില്‍ വില്‍പ്പന നടത്തുന്നയാളില്‍ നിന്നും സാധനം വാങ്ങാനാവും. ഒപ്പം, ഒരാളുടെയും സമ്മര്‍ദ്ദഫലമല്ലാതെ സ്വന്തമായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉപഭോക്താവിന് ലഭ്യ മാകും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നിര്‍ദേശിക്കുന്ന ഉല്‍പ്പന്നംഎന്നതിലപ്പുറം ഉപഭോക്താവിന്റെ ഇഷ്ടവും ചോയ്‌സുമായിരിക്കും വാങ്ങലിലെത്തിക്കുക.
ചുരുക്കത്തില്‍, ഏത് കച്ചവടക്കാരനും അവര്‍ക്കിഷ്ടമുള്ളഒരു പ്ലാറ്റ്‌ഫോമില്‍ ചേര്‍ന്നാല്‍ മതി. മുഴുവന്‍ നെറ്റ്വര്‍ക്കിലും അവരുടെ സാന്നിധ്യമുണ്ടാകും. അതുപോലെ ഏത് ഉപഭോക്താവും അവര്‍ക്കിഷ്ടമുള്ള ഒരു പ്ലാറ്റ്‌ഫോമില്‍ ജോയ്ന്‍ ചെയ്താല്‍ അവര്‍ക്കെല്ലാ സെല്ലര്‍മാരെയും കാണാനാവും. ഉദാഹരണത്തിന്, കേരളത്തിലെ കുടുംബശ്രീക്ക് വേണ്ടിയുള്ള പ്ലാറ്റ്‌ഫോമിലേക്ക് എത്രപേര്‍ വരും? ആര്‍ക്കും അറിയുക പോലുമില്ല. പക്ഷേ, അവര്‍ ഒഎന്‍ഡിസിയുടെ ഭാഗമായിക്കഴിഞ്ഞാല്‍ 100 കോടി ആളുകള്‍ക്ക്
അവരെ കാണാനാവും. ഇതാണ് സംഭവിക്കാന്‍ പോകുന്ന വിപ്ലവം. ഡിജിറ്റല്‍ കൊമേഴ്‌സിന്റെ ജനാധിപത്യവത്ക്കരണം.
ലോജിസ്റ്റിക്സ് ആര് ചെയ്യും?
സാധനം വില്‍ക്കുന്ന സെല്ലര്‍, വാങ്ങുന്ന ബയര്‍, ഡെലിവെറി ചെയ്യുന്ന ലോജിസ്റ്റിക്‌സ്... ഇ-കൊമേഴ്‌സ് ഇട പാട് നടക്കുന്നത് ഈ മൂന്ന് ഇഴകളിലൂടെയാണ്. ഇവ മൂന്നും കൂട്ടിക്കെട്ടിയുള്ളൊരു പ്ലാറ്റ്‌ഫോമാണ് നിലവിലുള്ളതെങ്കില്‍, ഇതിനെ ഇഴിപിരിക്കുകയാണ് ഒഎന്‍ഡിസി ചെയ്യുന്നത്. ഒരുപക്ഷേ, വമ്പന്‍ കമ്പനികള്‍ക്ക് വലിയൊരു ലോജിസ്റ്റിക്‌സ് കമ്പനിയുമായി കരാറിലെത്താനാവും. അതുപോലെയല്ലല്ലോ നാട്ടുമ്പുറത്തെ ചെറുകിടക്കാരന്റെ അവസ്ഥ. അവരുടെ സാധനങ്ങള്‍ ഡെലിവെറി ചെയ്യാനായി ഒഎന്‍ഡിസിയുടെ ഭാഗമായിട്ടുള്ള മറ്റേതെങ്കിലും ലോജിസ്റ്റിക്‌സ് ടീം തയ്യാറാവും. ഇത് വലിയൊരു ലോജിസ്റ്റിക്‌സ് കമ്പനി ആയിക്കോളണമെന്നില്ല.
ചെറുകിട സെല്ലറെപ്പോലെ ഒഎന്‍ഡിസിയുടെ ഭാഗമായിട്ടുള്ള പ്രാദേശിക ലോജിസ്റ്റിക്‌സ് ടീം ആയിരിക്കാം. അതൊന്നും സെല്ലറെ ബാധിക്കുന്ന പ്രശ്‌നമല്ല. ബയര്‍ വാങ്ങിക്കുകയാണെങ്കില്‍ സെല്ലറുടെ അടുത്ത് നെറ്റ്വര്‍ക്കിലുള്ള മറ്റേതെങ്കിലും ലോജിസ്റ്റിക്‌സ് ടീം എത്തുന്നു, ഡെലിവെറി ചെയ്യുന്നു. അതുകൊണ്ടു തന്നെ ചെറിയ കടക്കാരന് പോലും എളുപ്പത്തില്‍ ഒഎന്‍ഡിസിയുടെ ഭാഗമായി ഇ-കൊമേഴ്‌സ് നടത്താനാവും.
എപ്പോള്‍ വരും?
നിലവില്‍ ഗ്രോസറി, ഫുഡ് & ബിവറേജസ്, ഹോം ഫര്‍ണിഷിംഗ്‌സ് രംഗങ്ങളിലായി നൂറിലധികം സെല്ലര്‍മാര്‍ ഒഎന്‍ഡിസിയുടെ ഭാഗമായിക്കഴിഞ്ഞു. 25,000 ത്തിലധികം കാറ്റലോഗുകളും ഡിജിറ്റൈസ് ചെയ്തു. കണ്ണൂര്‍, തൃശൂര്‍, മാന്നാര്‍ അടക്കം രാജ്യത്തെ 22 സ്ഥലങ്ങളില്‍ ഒഎന്‍ഡിസിയുടെ പ്രവര്‍ത്തനങ്ങളും നടക്കുന്നു. പേടിഎം, സ്‌നാപ്ഡീല്‍ പോലുള്ള വമ്പന്മാരും ഒഎന്‍ഡിസിയുടെ ഭാഗമായിക്കഴിഞ്ഞു. ആമസോണും ഫ്‌ളിപ്കാര്‍ട്ടും വൈകാതെ എത്തുമെന്നാണ് പ്രതീക്ഷ. ടി കോശി പറയുന്നതുപോലെ, പതിയെപ്പതിയെ മറ്റുകമ്പനികളും ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിന്റെ ഭാഗമാവുമെന്നാണ് പ്രതീക്ഷ.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായും വിവിധ സ്ഥാപനങ്ങളുമായും നബാര്‍ഡ്, സിഡ്ബി പോലുള്ളവയുമായും ചേര്‍ന്ന് വ്യത്യസ്ത സെല്ലര്‍മാരെ ഇതുമായി സഹകരിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്. എല്ലാറ്റിലുമുപരി ചെറുകിട വ്യാപാരികളെയും കടകളെയും ഇതിന്റെ ഗുണമെടുക്കാന്‍ തയ്യാറെടുപ്പിക്കാനാണ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നതെന്ന് ടി കോശി പറയുന്നു.
മടിച്ചുനിന്നാല്‍?
ഏതൊരു ടെക് ഇന്നൊവേഷന്റെയും ആദ്യഘട്ടത്തിലെ ഗുണഭോക്താക്കളാവുകയെന്നത് സുപ്രധാനമാണ്. ഒഎന്‍ഡിസിയുടെ ഭാഗമാവുന്നതില്‍ വ്യാപാരികള്‍ എന്തു സമീപനമെടുക്കണമെന്ന കാര്യത്തില്‍ കോശി പറയുന്നതിങ്ങനെ: എല്ലാ മേഖലയിലും ചിലര്‍ ആദ്യമേ കേറി ചെയ്ത് ലീഡര്‍മാരാവും. മറ്റു ചിലരാവട്ടേ, വൈകിയോട്ടക്കാരാവും. മടിച്ചുനിന്നാല്‍ ഇപ്പോഴുള്ള പോലെയങ്ങനെ പോവും. ചിലപ്പോള്‍ അടുത്തുള്ളവന്‍ കൂടുതല്‍ മിടുക്കനായി പോവും.
എല്ലാം ആപ്പിലൂടെ ചെയ്യുന്ന പുതുതലമുറ നോക്കുമ്പോള്‍, ഡിജിറ്റൈസ് ചെയ്ത കട മാത്രമേ അവന് കാണുകയുള്ളൂ. അപ്പോള്‍ ഇതൊക്കെ ചെയ്താലേ പറ്റൂയെന്ന് അതില്ലാത്തവനും തോന്നും. മാറ്റത്തിനൊപ്പം അതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഭാവിയില്‍ ബിസിനസുള്ളത്. അതോടൊപ്പം സഞ്ചരിക്കാനാവാതെ മാറിനില്‍ക്കുന്ന, മടിച്ചുനില്‍ക്കുന്നവരാണ് നിങ്ങളെങ്കില്‍ ആ ഡിസ്‌റപ്ഷനൊപ്പം നിങ്ങള്‍ ഒലിച്ചുപോയിട്ടുണ്ടാവും.


Razack M. Abdullah
Razack M. Abdullah  

Senior Sub Editor

Related Articles
Next Story
Videos
Share it