പണമില്ലാത്തതിനാല്‍ നിശ്ചലമാകേണ്ട; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വീണ്ടും സ്റ്റാര്‍ട്ട് ആകാം, പദ്ധതിയിതാ

പ്രതിസന്ധി ഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൈത്താങ്ങായി പുതിയ പദ്ധതി. കെഎഫ്സിയുടെ 'സ്റ്റാര്‍ട്ടപ്പ് കേരള' സഹായ പദ്ധതിയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം മുതല്‍ 10 കോടി വരെ സഹായം നല്‍കുന്നു. ആശയം മുതല്‍ വാണിജ്യവല്‍ക്കരണം വരെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കുന്നതാണ് പദ്ധതി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ പോളിസി & പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ (ഡി ഐ പി പി) രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും കേരളത്തില്‍ രജിസ്റ്റേര്‍ഡ് ഓഫീസുള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് വായ്പാ സഹായം.

എന്താണ് പദ്ധതി ?
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സ്റ്റാര്‍ട്ടപ്പുകളെയാണ് കെ. എഫ്.സി വഴി പ്രധാനമായും ഈ പദ്ധതി യിലൂടെ സഹായിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ നടപ്പിലാക്കാനും, വെഞ്ച്വര്‍ ഡെറ്റ് ആയും പദ്ധതിക്ക് കീഴില്‍ വായ്പ നല്‍കും.അതേസമയം തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതികള്‍ക്കാകും മുന്‍ഗണന. ഒപ്പം സമ്പത്ത് സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രായോഗിക പദ്ധതികള്‍ക്കും സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കും.
അപേക്ഷ നല്‍കേണ്ടത് എങ്ങനെ?
ഉല്‍പാദനത്തിന് 25 ലക്ഷം രൂപയും വാണിജ്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപയുമാണ് നല്‍കുക. സ്‌കെയ്ല്‍ അപ്പ് ചെയ്യുന്നതിന് 100 ലക്ഷം രൂപയും സഹായം ലഭിക്കും. ഇത് ഓരോ ഘട്ടത്തിലും പദ്ധതിച്ചെലവിന്റെ 90% വിധേയമായിരിക്കും. www.kfc.org- ല്‍ ആണ് സ്റ്റാര്‍ട്ടപ്പുകള്‍ അപേക്ഷ നല്‍കേണ്ടത്. ഇത് പരിശോധിച്ച് വിദഗ്ദ സമിതിയായിരിക്കും വായ്പ അനുവദിക്കുക.
സര്‍ക്കാരിന്റെ ലക്ഷ്യം
മൂലധനത്തിന്റെ ദൗര്‍ലഭ്യവും വായ്പാ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. സ്റ്റാര്‍ട്ടപ്പ് സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നയത്തിനനുസരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 3900 സ്റ്റാര്‍ട്ടപ്പുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുതുതായി 2500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കൂടി ചേര്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
എന്തിനൊക്കെയാണ് വായ്പ അനുവദിക്കുന്നത്?
വര്‍ക് ഷോപ്പ് സ്ഥാപിക്കല്‍, ആവശ്യമായ യന്ത്രങ്ങള്‍ സജ്ജമാക്കല്‍, കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍, സോഫ്റ്റ്വെയര്‍ തുടങ്ങിയവ, ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജീകരണം, അസംസ്‌കൃത വസ്തുക്കള്‍ വാങ്ങല്‍, പ്രവര്‍ത്തന ഫണ്ട്, പ്രവര്‍ത്തന മൂലധനം, ക്ലൗഡ് ചെലവുകള്‍, ലൈസന്‍സുകള്‍, പെര്‍മിറ്റുകള്‍, കണ്‍സള്‍ട്ടന്‍സി ചാര്‍ജുകള്‍, മാര്‍ക്കറ്റിംഗ് ചെലവുകള്‍, നടപ്പാക്കല്‍ കാലയളവിലെ പലിശ തുടങ്ങിയ കാര്യങ്ങളും പ്രൊജക്ടില്‍ പരിഗണിക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍, ഓര്‍ഡറുകള്‍ നടപ്പിലാക്കുന്നതിന് അവര്‍ക്ക് 10 കോടി രൂപ വരെ വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ട്. 'ഏതെങ്കിലും ഒരു സെബി രജിസ്റ്റര്‍ ചെയ്ത വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന്റെ പരിശോധനക്ക് വിധേയമായ സ്ഥാപനങ്ങള്‍ക്ക് 10 കോടി രൂപയുടെ വെഞ്ച്വര്‍ കടവും ലഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും ഹാന്‍ഡ്ഹോള്‍ഡിംഗും ഉണ്ടാകുമെന്ന് ഇത് സംബന്ധിച്ച് പുറത്തിറങ്ങിയ ധനമന്ത്രിയുടെ വിശദീകരണത്തില്‍ പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it