കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് മൈക്രോസോഫ്റ്റ്: ‘ഹൈവേ ടു എ ഹണ്‍ഡ്രഡ് യൂണികോണ്‍സ്’ 22 ന്

സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍

Startup
Image credit: rawpixel.com / Freepik

കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ നവംബര്‍ 22 ന്് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് മൈക്രോസോഫ്റ്റ് ‘ഹൈവേ ടു എ ഹണ്‍ഡ്രഡ് യൂണികോണ്‍സ്’ പരിപാടി നടത്തുന്നു.സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. നവീന സാങ്കേതിക വിദ്യയെക്കുറിച്ച് നൂതന ആശയദാതാക്കള്‍ക്കും സംരംഭകര്‍ക്കും വേണ്ടി മൈക്രോസോഫ്റ്റിന്റെ വിദഗ്ദ്ധര്‍ നേരിട്ട് ക്ലാസുകള്‍ നയിക്കും.

വ്യവസായ സംരംഭക പ്രതിനിധികള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുമായി ആശയവിനിമയം നടത്താനും സ്റ്റാര്‍ട്ടപ്പുകളുടെ ആശയം പങ്കു വയ്ക്കാനും പരിപാടിയിലൂടെ സാധിക്കും.കേരളത്തിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുന്നതിനു വേണ്ടി ‘എമെര്‍ജ് എക്‌സ്’ എന്ന പേരില്‍ മത്സരവുമുണ്ട്.

തങ്ങളുടെ സ്റ്റാര്‍ട്ടപ്പുകളെ അവതരിപ്പിക്കാന്‍ സംരംഭകര്‍ക്ക് അവസരമുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൈക്രോസോഫ്റ്റിന്റെ സാങ്കേതിക സഹകരണവും വിദഗ്ധോപദേശവും പ്രദാനം ചെയ്യുന്ന ‘മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്’ പദ്ധതിയുടെ ഭാഗമാകാന്‍ കഴിയും.

തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൈക്രോസോഫ്റ്റ് ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതാണ്. രാജ്യത്തെ മുന്‍നിര സ്റ്റാര്‍ട്ടപ്പുകളോട് മത്സരിക്കുന്നതിനപ്പുറം മികച്ച സാങ്കേതികവിദ്യ, വിദഗ്ധോപദേശം തുടങ്ങിയ നേട്ടങ്ങളും സംരംഭങ്ങളെ തേടിയെത്തും.

ഇന്ത്യയിലെ ചെറുനഗരങ്ങളില്‍ ഇതുവരെ ഉപയോഗപ്പെടുത്താത്ത കഴിവ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്സിന്റെ ഇന്ത്യാ മേധാവി ലതിക എസ് പൈ ചൂണ്ടിക്കാട്ടി. മെട്രോ നഗരങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ ചെറുനഗരങ്ങളിലെ ആശയദാതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് മൈക്രോസോഫ്റ്റ് ചെയ്യുന്നത്. ലോകോത്തര സ്റ്റാര്‍ട്ടപ്പുകളുമായുള്ള മൈക്രോസോഫ്റ്റിന്റെ അനുഭവപരിചയം രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ഉന്നമനത്തിനും ആഗോളതലത്തിലേക്കുള്ള പ്രവേശനത്തിനും സഹായകരമാകുമെന്നും അവര്‍ പറഞ്ഞു.

ആഗോളതലത്തിലുള്ള സാങ്കേതികവിദ്യാ സമൂഹവുമായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശയവിനിമയം നടത്താനും സാങ്കേതികസഹകരണം നേടാനുമുള്ള അവസരമാണിതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. വളരാനാഗ്രഹിക്കുന്ന ശൈശവ ദശയിലുള്ള സംരംഭങ്ങള്‍ക്ക് മൈക്രോസോഫ്റ്റിന്റെ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസുര്‍, മെഷീന്‍ ലേണിംഗ്, കൃത്രിമ ബുദ്ധി തുടങ്ങിയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വിഷയങ്ങളെക്കുറിച്ച് പരിപാടിയില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. ആഗോളതലത്തിലുള്ള വിപണികള്‍ കണ്ടെത്താനും അന്താരാഷ്ട്ര ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കാനും മൈക്രോസോഫ്റ്റുമായുള്ള സഹകരണത്തിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയും. വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുവര്‍ണാവസരമായിരിക്കും ഈ പരിപാടിയെന്ന് സംഘാടകര്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here