നവ സംരംഭകര്‍ക്ക് ചിറകു നല്‍കി സ്റ്റാര്‍ട്ടപ്പ് മിഷന്‍

സ്റ്റാര്‍ട്ടപ് രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അടുത്ത തലങ്ങളിലേക്ക് വളര്‍ത്തുന്നതിനുമുള്ള നൂതന സംവിധാനങ്ങള്‍ സജ്ജമാക്കി മുന്നേറുകയാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍. ടെക്‌നോളജി അധിഷ്ഠിത സംരംഭങ്ങള്‍ക്ക് വളരാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും വേണ്ടിയുള്ള ഇക്കോസിസ്റ്റം സൃഷ്ടിക്കുകയും അതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രാഥമിക ലക്ഷ്യം.

സംസ്ഥാനത്ത് എല്ലാ തലത്തിലും വളരെ ഊര്‍ജ്ജസ്വലമായിട്ടുള്ള സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റത്തെ വികസിപ്പിച്ചെടുക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വളരെ നിര്‍ണായകമായൊരു പങ്ക് വഹിക്കുന്നുണ്ട്. അന്തര്‍ദേശീയ ഫോറങ്ങളില്‍ കേരളത്തില്‍ നിന്നുള്ള സംരംഭകരും തിളങ്ങുന്നുവെന്നത് ഇതിനൊരു ഉദാഹരണമാണ്. ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് പോളിസിയുടെ അവതരണത്തോടെ, സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മാത്രം പ്രത്യേക നയം അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. പുതുക്കിയ ഐ.റ്റി നയത്തിന്റെ ഭാഗമായി ഉപനയങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ടെക്‌നോളജി എന്‍ട്രപ്രണര്‍ഷിപ്പ്, ഇന്നവേഷന്‍ ഉപനയം പ്രാധാന്യം നല്‍കി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്‍ക്യുബേഷനും ആക്‌സിലറേഷനും

സുസ്ഥിരമായ സംരംഭങ്ങളെ കെട്ടിപ്പടുക്കുന്നതിന് ഇന്‍കുബേഷന്‍ പ്രോഗ്രാം സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കും. ഭൗതികപശ്ചാത്തലം, സാമ്പത്തിക സഹായം, മാര്‍ഗനിര്‍ദേശം, എക്‌സ്‌പോഷര്‍ പ്രോഗ്രാം തുടങ്ങി സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചക്ക് എല്ലാവിധ പിന്തുണയും സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കാസര്‍കോഡ് എന്നിവിടങ്ങളില്‍ പുതിയ ഇന്‍കുബേഷന്‍ പ്രോഗ്രാം നടന്നുവരുന്നു. സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് വിവിധ മേഖലകളിലെ വിദഗ്ധര്‍, ബിസിനസ് മെന്റേഴ്‌സ്, പ്രത്യേക രൂപകല്‍പന ചെയ്ത വര്‍ക്ക് ഷോപ്പുകള്‍, ഇന്‍ഡസ്ട്രി & ഇന്‍വെസ്റ്റര്‍ നെറ്റ്‌വര്‍ക്‌സ് എന്നിവയുമായി വളരെ എളുപ്പത്തില്‍ ബന്ധപ്പെടാനാകും. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി പദ്ധതികള്‍ക്കും ധന സഹായത്തിനുമൊക്കെ അപേക്ഷിക്കുന്നതിനും സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് അര്‍ഹതയുണ്ട്.

സ്‌കെയില്‍ അപ് സ്റ്റാര്‍ട്ടപ്പുകളെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ കനേഡിയന്‍ ആക്‌സിലറേറ്ററായ സോണ്‍ സ്റ്റാര്‍ട്ടപ്പുമായി സഹകരിച്ച് ആക്‌സിലറേഷന്‍ പ്രോഗ്രാം നടത്തുന്നുണ്ട്. 'നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് ലിങ്കേജ്, പ്രോഡക്ട് മോഡിഫിക്കേഷന്‍ എന്നീ മേഖലകളില്‍ ആവശ്യമായ സഹായം ഇവര്‍ ലഭ്യമാക്കുന്നു. 14 സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തതില്‍ ഒമ്പത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതിനകം തന്നെ പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ട്.' കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

കേരള സ്റ്റാര്‍ട്ടപ് മിഷന്റെ സേവനങ്ങള്‍

  1. ഫണ്ടിംഗ്, മെന്ററിംഗ്, അടിസ്ഥാന സൗകര്യം, സാങ്കേതിക മാര്‍ഗനിര്‍ദേശം, മാര്‍ക്കറ്റിംഗ് പിന്തുണ, സോഫ്റ്റ്‌വെയര്‍ & ഹാര്‍ഡ്‌വെയര്‍ പിന്തുണ, വ്യാവസായിക ബന്ധങ്ങള്‍, രാജ്യാന്തര എക്‌സ്‌പോഷര്‍ എന്നിവയിലൂടെ ആശയരൂപീകരണം മുതല്‍ സ്‌കെയില്‍ അപ് ഘട്ടം വരെയുള്ള പിന്തുണ കെ.എസ്.യു.എം നല്‍കുന്നു.
  2. ഇന്‍കുബേറ്ററിനെയോ ലൊക്കേഷനെയോ അടിസ്ഥാനമാക്കാതെ സംസ്ഥാനത്തൊട്ടാകെയുള്ള ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നു.
  3. കോളെജുകളിലെ ചെറിയ ഇന്‍കുബേറ്ററുകളായ ഇന്നവേഷന്‍ എന്‍ട്രപ്രനര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകള്‍ (ഐ.ഇ.ഡി.സി) മുഖേന കോളെജില്‍ തുടങ്ങുന്ന സംരംഭങ്ങളെ സഹായിക്കുന്നു.
  4. സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ വെബ്‌സൈറ്റ് മുഖേന എല്ലാ പദ്ധതികള്‍ക്കും അപേക്ഷിക്കാം.

വിശദ വിവരങ്ങള്‍ക്ക് +91 471 2700270, www.startupmission.kerala.gov.in

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it