കണ്ടന്റ് വില്‍ക്കാം, വാങ്ങാം, കേള്‍ക്കാം: നൂതന ആശയവുമായി മലയാളി സംരംഭകൻ 

ഒരുപക്ഷേ മലയാളികള്‍ കേട്ടു തുടങ്ങിയിട്ടേയുള്ളൂ പോഡ്കാസ്റ്റുകളെ കുറിച്ച്. ഏതൊരു വിഷയത്തെ കുറിച്ചുമുള്ള ഓഡിയോ പ്രക്ഷേപണങ്ങള്‍ സാധാരണക്കാരനും സാധ്യമാക്കുന്ന സംവിധാനമാണിത്. ഇത്തരമൊരു മേഖലയില്‍ സാധ്യതകളുടെ വലിയ ലോകം തുറക്കുകയാണ് ഒരു മലയാളി സംരംഭകന്‍.

കൊച്ചി സ്വദേശിയായ രാഹുല്‍ നായരാണ് സ്‌റ്റോറിയോ എന്ന ആപ്ലിക്കേഷനിലൂടെ പോഡ്കാസ്റ്റിന്റെ സാധ്യതകള്‍ ലോകത്തിനു മുന്നില്‍ വെക്കുന്നത്. നിങ്ങള്‍ക്ക് ഇതിലൂടെ പ്രക്ഷേപണം ചെയ്യേണ്ട കണ്ടന്റുകള്‍ തീരുമാനിക്കാനും യൂട്യൂബില്‍ എന്ന പോലെ അത് അപ് ലോഡ് ചെയ്യാനും കഴിയുന്നു. മാത്രമല്ല, സമാനരീതിയില്‍ ഏത് വിഷയത്തിലുമുള്ള ഓഡിയോ കണ്ടന്റുകള്‍ കേള്‍ക്കാനുമാകും.

സ്‌റ്റോറിയോയുടെ പ്രത്യേകത

വിവിധ വിഷയത്തിലുള്ള ആറു കോടിയിലേറെ ഓഡിയോ എപ്പിസോഡുകളാണ് പോഡ്കാസ്റ്റ് രീതിയില്‍ ലോകത്ത് ഇന്നു നിലവിലുള്ളത്. ഇവയൊക്കെയും നിങ്ങള്‍ക്ക് സ്‌റ്റോറിയോ വഴി കേള്‍ക്കാനാകും.

സ്റ്റോറിയോ എന്ന ആപ്ലിക്കേഷന്‍ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്‌സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാനാകും. അതില്‍ നമുക്ക് നമ്മുടെ പ്രൊഫൈല്‍ ഉണ്ടാക്കാനാകും. നമ്മുടെ സുഹൃത്തുക്കളുടെ പ്രൊഫൈലുകളും അതില്‍ ലഭ്യമാകും. മികച്ചവ പരസ്പരം പങ്കുവെക്കുകയുമാകാം.

മറ്റൊന്ന് ഈ ആപ്ലിക്കേഷനില്‍ ഇഷ്ടപ്പെട്ട വിഷയങ്ങളിലുള്ള പോഡ്കാസ്റ്റുകള്‍ ഉള്‍പ്പെടുത്തി നമുക്ക് പ്ലേ ലിസ്റ്റ് ഉണ്ടാക്കാനാകുകയും ഇഷ്ടമുള്ളപ്പോള്‍ അത് കേള്‍ക്കാനാകുകയും ചെയ്യുമെന്നതാണ്.

കൂടാതെ നാം സ്ഥിരമായി കേള്‍ക്കുന്നവയുടെ തുടര്‍ എപ്പിസോഡുകള്‍ ഓട്ടോമാറ്റിക്കായി ആപ്പില്‍ എത്തിക്കുന്ന സ്മാര്‍ട്ട് പ്ലേലിസ്റ്റ് സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ, സ്റ്റോറിയോ തന്നെ തെരഞ്ഞെടുത്ത മികച്ച കണ്ടന്റുകള്‍ അടങ്ങിയ കളക്ഷന്‍സ് എന്ന വിഭാഗവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

മാത്രമല്ല, നമുക്ക് ഇഷ്ടമുള്ള കണ്ടന്റുകള്‍ പണം നല്‍കി മറ്റുള്ളവരെ കൊണ്ട് സൃഷ്ടിച്ച് പ്രക്ഷേപണം ചെയ്യാനുമാകും. അത്തരം കണ്ടന്റുകള്‍ തയാറാക്കുന്നവര്‍ക്ക് പ്രതിഫലവും ഇതിലൂടെ ലഭിക്കും.

കണ്ടന്റ് നല്‍കുന്നവര്‍ക്ക് ഭാവിയില്‍ മികച്ച വരുമാന സാധ്യത ഇത് നല്‍കുന്നുണ്ടെന്ന് സ്റ്റോറിയോ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ രാഹുല്‍ പറയുന്നു. നിലവില്‍ കണ്ടന്റുകള്‍ സൗജന്യമായി പോഡ്കാസ്റ്റ് ചെയ്യുകയും അതില്‍ പരസ്യം നല്‍കി വരുമാനം കണ്ടെത്തുകയുമാണ് ചെയ്യുന്നത്.

എന്നാല്‍ ഭാവിയില്‍ ഈ രീതിക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന തിരിച്ചറിവില്‍ പുതിയ സാധ്യതകള്‍ തേടുകയാണ് സ്റ്റോറിയോ. കണ്ടന്റുകള്‍ വില്‍ക്കുക എന്നതാണത്. മികച്ച കണ്ടന്റുകള്‍ വിലകൊടുത്ത് വാങ്ങി കേള്‍ക്കുവാന്‍ ആളുകള്‍ ഉണ്ടാകുമെന്ന തിരിച്ചറിവാണ് ഇതിന് പ്രചോദനം.

രാഹുല്‍ എന്ന സംരംഭകന്‍

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലും ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയിലും പഠനം പൂര്‍ത്തിയാക്കിയ രാഹുല്‍ 15 വര്‍ഷം മുമ്പ് ലണ്ടനില്‍ സ്റ്റോക്ക് ബ്രോക്കര്‍ ആയാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് റിയല്‍ എസ്റ്റേറ്റ്, കോഫീ ഷോപ്പ് എന്നിങ്ങനെ സ്വന്തമായി ചില സംരംഭങ്ങള്‍ തുടങ്ങിയെങ്കിലും മുന്നോട്ടു പോകാനായില്ല.

ജെംസ് എഡ്യുക്കേഷന്‍ ഗ്രൂപ്പിലും കുറച്ചു കാലം ജോലി ചെയ്തു. എന്നാല്‍ സ്വന്തം സംരംഭം എന്ന അടങ്ങാത്ത ആഗ്രഹം മൂലം ജോലി ഉപേക്ഷിച്ചു. ഒടുവിലാണ് പോഡ്കാസ്റ്റിംഗ് മേഖലയിലേക്ക് എത്തുന്നത്.

അദ്ദേഹത്തിന്റ പിതാവ് സി.എന്‍ രാധാകൃഷ്ണന്‍ (ചെയര്‍മാന്‍), സഹോദരന്‍ രോഹിത് നായര്‍ എന്നിവരാണ് കമ്പനിയുടെ സഹസ്ഥാപകര്‍. കൂടാതെ, 35 വര്‍ഷത്തിലേറെയായി മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന എന്‍. വിജയമോഹന്‍ കമ്പനിയുടെ ചീഫ് കണ്ടന്റ് ഓഫീസര്‍ എന്ന ചുമതലയിലും പ്രവര്‍ത്തിക്കുന്നു. ഏറെ സാധ്യതകളുള്ള ബിസിനസില്‍ കൂടുതല്‍ നിക്ഷേപകരെ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് രാഹുലും സംഘവും.

വിവരങ്ങള്‍ക്ക്: ഇ മെയ്ല്‍: rahul@storiyoh.com

ധനത്തിന്റെ പേഴ്സണൽ ഫിനാൻസ് പോഡ്കാസ്റ്റുകൾ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Dhanam Podcasts

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it