ദ് ബാഗ്ച്ചി മാജിക്
സ്വന്തം ജീവിതം എങ്ങനെ ജീവിക്കണം എന്ന് ആരും സുബ്രതോ ബാഗ്ച്ചിയെ പഠിപ്പിച്ചിട്ടില്ല. പക്ഷേ, ഇന്ന്, ലക്ഷക്കണക്കിനാളുകള്‍ക്കാണ് ബാഗ്ച്ചിയുടെ വാക്കുകളും പുസ്തകങ്ങളും ജീവിതവും വഴികാട്ടിയാകുന്നത്. വില്‍പ്പനയുടെ മാജിക്ക് മുതല്‍ നേതൃത്വത്തിന് വേണ്ട ചേരുവകള്‍ ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഈ ബിസിനസ് ഗുരു വിജയത്തിലേക്കുള്ള വഴിയില്‍ കൂട്ടായുണ്ട്.
'ഏത് പ്രതിസന്ധിഘട്ടത്തിലും സ്വന്തം ബ്രാന്‍ഡ് വളര്‍ത്താന്‍ ശ്രദ്ധിക്കണം. തലമുറകള്‍ കഴിഞ്ഞാലും.' സ്വയം ഒരു ബ്രാന്‍ഡ് ആകും മുമ്പേ ബ്രാന്‍ഡിംഗിനെയും ജീവിതവിജയത്തെയും കുറിച്ച് ബോധവാനായിരുന്ന ബാഗ്ച്ചി നടന്ന വഴികള്‍ അതുകൊണ്ടുതന്നെ തികച്ചും വ്യത്യസ്തവുമാണ്. വളരെ ലളിതമായ ഭാഷയില്‍ ബാഗ്ച്ചി പറയുന്നതും വേറിട്ട് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമാണ്. 'സെല്‍' എന്ന ഏറ്റവും പുതിയ പുസ്തകത്തില്‍ എഴുതിയതുപോലെ വില്‍പ്പന ഒരു കലയും ശാസ്ത്രവും മാത്രമല്ല ഒരുതരം മന്ത്രവാദം കൂടിയാണ്. വില്‍ക്കുന്നത് ഒരു ഉല്‍പ്പന്നമോ സേവനമോ മാത്രമല്ല. ഇന്ന്, ജീവിതത്തിന്റെ ഏത് മേഖലയിലും ഉയരങ്ങളിലെത്തണമെങ്കില്‍ നല്ലൊരു സെയ്ല്‍സ് പ്രൊഫഷണല്‍ ആകാതെ വയ്യ.
ബിസിനസിന്റെ ചിന്തകള്‍ പോലും എത്തിനോക്കാത്ത ഒഡീഷയിലെ ഒരു പിന്നോക്ക ജില്ലയില്‍ ജനിച്ചുവളര്‍ന്ന ബാഗ്ച്ചിയുടെ ജീവിതം മാറ്റിമറിച്ചതും ഈ 'സെല്‍ഫ് സെല്ലിംഗ്' ചിന്താഗതി തന്നെ. അല്ലെങ്കില്‍, മൈന്‍ഡ് ട്രീ എന്ന 780 മില്യണ്‍ ഡോളര്‍ കമ്പനി തുടങ്ങാതെ, വിപ്രോയുടെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് പോലുള്ള സ്ഥാനങ്ങളില്‍ എത്താതെ, ബെസ്റ്റ് സെല്ലിംഗ്
പുസ്തകങ്ങള്‍ രചിക്കാതെ ഒരു ക്ലര്‍ക്ക് എന്ന ജോലിയില്‍ ഒതുങ്ങിയേനെ ഈ പേര്.
പരാജയം പഠിപ്പിച്ചത്
'ആദ്യം തുടങ്ങിയത് ഐ.റ്റി കമ്പനിയായ പ്രോജക്ട് 21. ആവശ്യമായ കാപ്പിറ്റല്‍ ഇല്ല എന്നതായിരുന്നു തുടക്കത്തിലെ പ്രശ്‌നം, ലോണ്‍ തരാന്‍ ബാങ്കുകള്‍ക്ക് താല്‍പ്പര്യമില്ലാതിരുന്ന കാലം. പക്ഷേ, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഥാപനം
പൂട്ടിയത് അതൊരു വിജയമായി മാറിയതുകൊണ്ടാണ്. കാരണം, വിജയവും ലാഭവും എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമായിരുന്നു മൂന്ന് സ്ഥാപകര്‍ക്കും. ഒരു സംരംഭം വിജയിക്കണമെങ്കില്‍ അതിന്റെ വിഷന്‍ എല്ലാവരും ഒരുപോലെ ഷെയര്‍ ചെയ്യണമെന്ന് ഞാന്‍ പഠിച്ചത് അങ്ങനെയാണ്.'
ഫണ്‍ ആകട്ടെ സ്റ്റാര്‍ട്ടപ്പുകള്‍
'സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടുന്നു എന്ന് പറയുന്നതിന് പിന്നില്‍ ഒരു കാര്യമുണ്ട്. ഇപ്പോഴത്തെ യുവാക്കളെ വളരെ പ്രൊഡക്റ്റീവായി ഉപയോഗപ്പെടുത്തണമെങ്കില്‍ ആ ജോലിയില്‍ നല്ല ക്രിയേറ്റിവിറ്റി വേണം, ഒപ്പം 'ഫണ്‍' എന്ന് അവര്‍ക്ക് തോന്നുന്ന ജോലിസ്ഥലവും. അതല്ലാതെ, ഒരു കംപ്യൂട്ടറും സൗജന്യമായ ഇന്‍ക്യുബേഷന്‍ സൗകര്യവും മാത്രം പോരാ പുതിയ തലമുറയുടെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ വിജയിപ്പിക്കാന്‍. ആംസ്റ്റര്‍ഡാമിലായാലും ഡബ്ലിനിലായാലും വിജയിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കെല്ലാം പൊതുവായുള്ള ഒരു കാര്യം ഈ ഫണ്‍ എലമെന്റ് തന്നെയാണ്. ഇത് ഉറപ്പുവരുത്തുന്നത് വലിയ ചെലവുള്ള കാര്യവുമല്ല. അല്ലാതെ, പുതിയ നയങ്ങളും നിയമങ്ങളും മാത്രം നടപ്പില്‍ വരുത്തിയിട്ട് എന്ത് പ്രയോജനം? കേരളത്തില്‍ വന്നുതാമസിച്ച് ഒരു ചിത്രം ഷൂട്ട് ചെയ്ത് അത് വൈറലാക്കണമെന്ന് ചിന്തിക്കുന്ന യുവാക്കളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഇവിടത്തെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം മാറേണ്ടത്.'
ന്യൂജന്‍ സെയ്ല്‍സ്
''വില്‍പ്പനയുടെ ശാസ്ത്രം തന്നെ മാറി എന്ന് സംരംഭകര്‍ മനസിലാക്കേണ്ട കാലമാണ്. ഒരു കമ്പനിയുടെ ആധികാരികതയും ഇന്നത്തെ കസ്റ്റമര്‍ക്ക് പ്രധാനമാണ്. എന്തിനെക്കുറിച്ചും ഒരുപാട് വിവരങ്ങള്‍ ലഭ്യമാണ് എന്നതാണ് മറ്റൊരു കാര്യം. വില്‍പ്പനക്കാരന് അറിയാവുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ കസ്റ്റമറുടെ കൈയിലുണ്ടാകും, അതുകൊണ്ട് ചോയ്‌സും വിപുലം. മാത്രമല്ല, ഉപഭോക്താവിന്റെ ഒരു മോശം കമന്റിന് ഒരു സംരംഭം തന്നെ ഇല്ലാതാക്കാനുള്ള കഴിവും ഇന്നുണ്ട്. ഒരു ഹാഷ്ടാഗില്‍ തീരും എല്ലാ ബിസിനസും''.
ഒരു ലീഡര്‍ ചെയ്യേണ്ടത്
''ഒരു വിഷന്‍ ഉണ്ടാക്കണം, അത് മറ്റുള്ളവരുമായി പങ്കുവെക്കണം. വിപണിയെ തൊട്ടറിഞ്ഞു പ്രവര്‍ത്തിക്കണം. സ്ഥാപനത്തിന് വേണ്ടി ദീര്‍ഘകാലത്തേക്കായി ഒരു പ്ലാന്‍ ഉണ്ടാക്കണം. കമ്പനിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുക, കസ്റ്റമറുടെ കസ്റ്റമറെയും ഉള്‍പ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും വേണം''.
കേരളം എന്ന പ്രൊഡക്റ്റ്
''വില്‍ക്കേണ്ടത് കേരളത്തിന്റെ യൂത്ത് പവര്‍ ആണ്. പിന്നെ, ഇവിടത്തെ വൈവിധ്യവും. സന്തോഷമായി ജീവിക്കാന്‍ ഏറ്റവും യോജിച്ച നാട് എന്നാണ് കേരളത്തെ മാര്‍ക്കറ്റ് ചെയ്യേണ്ടത്''.