Begin typing your search above and press return to search.
ഗാന്ധിയുടെ ആത്മകഥയുടെ 5 ലക്ഷം കോപ്പികള്‍ വിറ്റ അധ്യാപകന്‍!
പ്രസാദ് ഒരു പുസ്തക വിതരണക്കാരന്‍ അല്ല. എന്നാല്‍ അദ്ദേഹം കഴിഞ്ഞ 15 വര്‍ഷത്തിനുളളില്‍ ഗാന്ധിജിയുടെ ''എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍'' എന്ന ആത്മകഥ 5 ലക്ഷം കോപ്പിയുടെ റിക്കോര്‍ഡ് വില്‍പ്പനയാണ് നടത്തിയത്. മുംബൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗില്‍ (എന്‍ഐടിഐഇ) പ്രൊഫസറായ പ്രസാദ് തീഗലപ്പള്ളി 77 -ാമത് രാജഗിരി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു കൊണ്ട് ആ കഥ വിവരിച്ചത് ഇങ്ങനെ:
ഒരിക്കല്‍ ബിരുദാനന്തര ക്ലാസില്‍ രാഷ്ട്രപിതാവിന്റെ ആത്മകഥ വായിച്ച് ഒരു ഉപന്യാസം രചിക്കാന്‍ വിദ്യാര്‍ഥികള്‍ക്കു ഒരു അസൈന്‍ മെന്റ് നല്‍കി. വിദ്യാര്‍ഥികള്‍ അത് വായിച്ചു ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതിനു പകരം അന്യോന്യം നോക്കി പകര്‍ത്തി എഴുതി സമര്‍പ്പിക്കുകയാണ് ചെയ്തത്. പ്രസാദ് അവരോടു ഈ പുസ്തകം വിപണിയില്‍ വില്‍ക്കാനുള്ള ദൗത്യം കൂടി നല്‍കി. അത് കൂടാതെ ഉപന്യാസം പുനര്‍ സമര്‍പ്പിക്കുകയും വേണം.
ഓരോ കോപ്പി വില്‍ക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് 10 രൂപ പ്രതിഫലവും നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ഗാന്ധിജിയെ കുറിച്ച് കൂടുതല്‍ അറിയാനും മനസിലാക്കാനും ഇത് പ്രേരകമായി. ഒരു കോഴ്സില്‍ 30 അസൈന്‍മെന്റ് ഉണ്ടങ്കില്‍ അത് ഓരോന്നും സംരഭകത്വ പരിശീലനത്തിനായി പ്രസാദ് ഉപയോഗപ്പെടുത്തുന്നു. അത് പൂര്‍ത്തിയാവുമ്പോള്‍ ഒരു പുതിയ സംരംഭത്തിന് തുടക്കമാകുന്നു.
ക്രമേണ എന്‍ഐടിഐഇ യുടെ മഹാ മന്ദി (വലിയ മാര്‍ക്കറ്റ്) എന്ന സംരംഭകത്വ പരിശീലന പരിപാടി അനവധി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് വഴി തെളിക്കുകയും ചെയ്തു. ഏതാനും ദേശിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. തന്റെ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ഉണ്ടാക്കിയ ടി - ഷര്‍ട്ട് ധരിച്ച് പ്രസാദ് ക്ലാസുകളെടുക്കുന്നത് പതിവാണ്. തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ നിന്നുമുള്ള പ്രചോദനം കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സംരഭകത്വത്തില്‍ അധിഷ്ഠിതമായ പഠനക്രമത്തിന്ന് രൂപം നല്‍കിയതെന്ന് പ്രസാദ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം നേടുന്നത് വരെ ഉള്ള ചെലവുകള്‍ വാരാന്ത്യത്തില്‍ തുന്നല്‍ പണി ചെയ്താണ് പണം കണ്ടെത്തിയത്.
ഓരോ സ്‌കൂളിലും ഒരു ചര്‍ക്ക ഉണ്ടാവണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു. കുട്ടികള്‍ നൂല് നൂറ്റു ലഭിക്കുന്ന വരുമാനം സ്‌കൂളിന്റെ നടത്തിപ്പിനും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിന്നും സഹായകമാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. എക്സൈസ് നികുതിയും ഭൂനികുതിയും കൊണ്ട് വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കുന്നതിനോട് ഗാന്ധിജിക്ക് വിയോജിപ്പായിരുന്നു. മദ്യം വിറ്റ് കിട്ടുന്ന പണം വിദ്യാഭ്യാസത്തിനു ഉപയോഗിക്കുന്നത് നാടിന് അപമാനമാണെന്ന്, അദ്ദേഹം വാദിച്ചു.
സംരംഭകത്വത്തിലേക്ക് വെളിച്ചം വീശി ചര്‍ച്ച
പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ താല്‍പര്യം വര്‍ധിച്ചു വരുന്നതായി രാജഗിരി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്മന്റ് സ്റ്റഡീസ് പ്രഫസര്‍ ഡോ സാം തോമസ് അഭിപ്രായപ്പെട്ടു. എന്‍ജിനീയറിംഗ്, മാനേജ്മന്റ് പാഠ്യപദ്ധതി പരിഷ്‌കരിക്കുകയും, അധ്യാപകര്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ പങ്കാളത്തം നല്‍കുകയും ചെയ്യുന്നത് സര്‍വ്വ കലാ ശാലകളില്‍ സംരംഭകത്വം വളര്‍ത്താന്‍ സഹായകരമാകും. നിലവില്‍ 50 വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ കുസാറ്റ് ഇന്‍ക്യൂബേറ്ററില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2020 ല്‍ ആരംഭിച്ച ഡല്‍ഹി സ്‌കില്‍സ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ് സര്‍വകലാശാലയില്‍ ബി എ, ബി എസ് സി, ബികോം പാഠ്യപദ്ധതിയില്‍ നൈപുണ്യ അധിഷ്ഠിതമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ പ്രഫ നിഹാരിക വോഹ്ര പറഞ്ഞു. ബാങ്കിംഗ്, ധനകാര്യ രംഗത്തെ പുതിയ തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യം വെച്ചാണ് ഈ നൂതന കോഴ്സുകള്‍ക്ക് രൂപം നല്‍കിയത്.
പള്ളിക്കൂടം പതാധിപര്‍ ശ്രീകുമാര്‍ രാഘവന്‍ നയിച്ച രാജഗിരി റൗണ്ട് ടേബിള്‍ കോണ്‍ഫെറന്‍സില്‍ അശോക് ലേ ലാന്‍ഡ് വൈസ് പ്രസിഡന്റ് ഡോ സത്യാ പ്രസാദ്, രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജി പ്രൊഫസര്‍ ഡോ വര്‍ഗീസ് പന്തലുകാരന്‍ തുടങ്ങിയവരും പങ്കെടുത്തു.
Next Story
Videos