ബിസിനസിനെ അടയാളപ്പെടുത്താൻ 2 മിനിറ്റ് എലിവേറ്റർ പിച്ച്; ഉള്‍പ്പെടുത്തണം ഈ 4 കാര്യങ്ങൾ

നിങ്ങളുടെ സ്റ്റാർട്ടപ്പ് ബിസിനസ് ആശയം അവതരിപ്പിക്കാൻ എത്ര സമയം വേണ്ടിവരും? പല സാഹചര്യങ്ങളിലും 30 സെക്കന്റ് മുതൽ 2 മിനിറ്റിനുള്ളിൽ നിങ്ങളുടെ ബിസിനസ് ആശയം എന്തെന്ന് അവതരിപ്പിച്ച് നിക്ഷേപകരിലോ പാർട്ണർമാരിലോ ഉപഭോക്താക്കളിലോ താല്പര്യം ജനിപ്പിക്കേണ്ടതായിവരും. ഇതിനെയാണ് എലിവേറ്റർ പിച്ച് എന്ന് പറയുന്നത്. ഒരു സിനിമാക്കഥ അഭിനേതാക്കൾക്ക് വൺ ലൈനറിലൂടെ (one liner) എന്തെന്ന് മനസിലാക്കികൊടുക്കുന്നതുപോലെയാണ് ബിസിനസിൽ എലിവേറ്റർ പിച്ച്. നിക്ഷേപകരുമായോ ഉപഭോക്താക്കളുമായോ പങ്കാളികളുമായോ ഒരു സ്റ്റാർട്ടപ്പ് നടത്തുന്ന ആദ്യ ഇടപെടലാണ് എലിവേറ്റർ പിച്ച്. അതിനാൽ ചുരുങ്ങിയ സമയത്തിൽ നിങ്ങളെക്കുറിച്ചും ബിസിനസിനെ കുറിച്ചും ഒരു മതിപ്പ് അവർക്കിടയിൽ ഉണ്ടാക്കാൻ കഴിയണം.

എന്തെല്ലാമാണ് ഒരു എലിവേറ്റർ പിച്ചിൽ ഉണ്ടാകേണ്ടത് എന്ന് നോക്കാം.
ആദ്യ 30 സെക്കൻഡിൽ ഈ 4 കാര്യങ്ങൾ ഉൾപെടുത്തുക.
1. നിങ്ങൾ എന്ത് പ്രശ്‌നമാണ് പരിഹരിക്കുന്നത്?: ആദ്യം തന്നെ എന്താണ് ഉത്പന്നം അല്ലെങ്കിൽ സേവനം എന്ന് പറയാതെ ആളുകളുടെ എന്ത് പ്രശനത്തിനുള്ള പരിഹാരമാണ് നിങ്ങളുടെ സ്റ്റാർട്ടപ്പ് നൽകുന്നത് എന്ന് പറയുക.
2. എന്ത് ഉത്പന്നം അല്ലെങ്കിൽ സേവനം?: ആളുകളുടെ എന്ത് പ്രശ്നത്തെയാണ് പരിഹരിക്കുന്നത് എന്ന് പറഞ്ഞതിന് ശേഷം എന്ത് ഉത്പന്നമാണ് അല്ലെങ്കിൽ സേവനമാണ് നിങ്ങളുടെ സ്റ്റാർട്ടപ്പ് ഓഫർ ചെയ്യുന്നത് എന്ന് പറയുക.
3. എത്രത്തോളം വലിയ മാർക്കറ്റാണ്: ഏതൊരു നിക്ഷേപകന്റെ ലക്ഷ്യവും അവർ നിക്ഷേപിക്കുന്ന തുകയുടെ പല മടങ്ങ് കുറച്ചു വർഷത്തിൽ തിരിച്ചുപിടിക്കുക എന്നതാണ്. അത്തരത്തിൽ തിരിച്ചുപിടിക്കണമെങ്കിൽ ഈ സ്റ്റാർട്ടപ്പിന് വലിയൊരു മാർക്കറ്റ് ഉണ്ടാകണം. എത്രത്തോളം വലിയ മാർക്കറ്റിലാണ് നിങ്ങൾ ബിസിനസ് ചെയ്യുന്നത് എന്ന് വിവരിക്കുക. കൃത്യമായ പഠന ഡാറ്റ ഉൾപെടുത്താൻ നോക്കുക.
4. എന്താണ് നിങ്ങളുടെ ബിസിനസ് ട്രാക്ഷൻ?: ട്രാക്ഷൻ എന്നത് ഒരു സ്റ്റാർട്ടപ്പ് അല്ലെങ്കിൽ ഒരു പുതിയ ഉത്പന്നം/സേവനം കാലക്രമേണ നേടുന്ന അളക്കാവുന്ന പുരോഗതിയും വേഗതയുമാണ്. വരുമാന വളർച്ച, ഉപഭോക്താക്കളുടെ എണ്ണം, ഉപയോക്തൃ ഇടപെടൽ, പാർട്ണർഷിപ്പും അലയൻസും, കസ്റ്റമർ റിവ്യൂ, തുടങ്ങി വളർച്ചയെ സൂചിപ്പിക്കുന്ന എന്തും ആക്കാം. അവിടെയും കൃത്യമായ അളക്കാവുന്ന ഡാറ്റ ചേർക്കുക.
അടുത്ത ഒന്നര മിനിറ്റ് നേരം ഇനി പറയുന്ന 4 കാര്യങ്ങൾ ഉൾപെടുത്തുക
1. എന്തുകൊണ്ട് നിങ്ങൾ?: മറ്റുള്ളവരിൽ നിന്ന് നിങ്ങളുടെ സ്റ്റാർട്ടപ്പിനെ വ്യത്യസ്‍തമാക്കുന്ന ഘടകങ്ങൾ എന്തെല്ലാം എന്ന് പറയുക. നൂതന സാങ്കേതികവിദ്യ, ഒരു പുതിയ ബിസിനസ് മോഡൽ, ആഴത്തിലുള്ള വ്യവസായ വൈദഗ്ദ്ധ്യം അല്ലെങ്കിൽ ഉപഭോക്തൃ ആവശ്യങ്ങളെക്കുറിച്ചുള്ള പ്രത്യേക ധാരണ എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം.
2. എങ്ങനെ വരുമാനം ഉണ്ടാക്കുന്നു?: ഏറ്റവും പ്രധാന ഭാഗം ഇതുതന്നെയാണ്. നിങ്ങളുടെ ബിസിനസ് മോഡൽ എന്താണ്? ഏതെല്ലാം സ്രോതസസിലൂടെയാണ് വരുമാനം ഉണ്ടാക്കുന്നത്? ലക്ഷ്യമിടുന്ന വരുമാനം എത്രയാണ് എന്നും ഇതിൽ ഉൾപെടുത്തുക.
3. ടീമിൽ ആരെല്ലാം?: ആരെല്ലാമാണ് നിങ്ങളുടെ ടീമിന്റെ ഭാഗമായുള്ളത്. പ്രത്യേകിച്ചും അവരുടെ നൈപുണ്യം, തൊഴിൽ പരിചയം, വിദ്യാഭ്യാസം തുടങ്ങിയവ ഉൾപെടുത്തുക. ഈ ബിസിനസ് വളർത്താൻ നിങ്ങളുടെ ടീമിന് ശേഷിയുണ്ട് എന്ന് ഇവിടെ ബോധ്യപ്പെടുത്തണം.
4. നിങ്ങളുടെ ആവശ്യം: അവസാനമായി നിങ്ങുടെ മുന്നിൽ നിൽക്കുന്ന വ്യക്തിയിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്തെന്ന് പറയുക. അതൊരുപക്ഷേ ഫണ്ടിംഗ് ആവാം ഇല്ലെങ്കിൽ പാർട്ണർഷിപ് ആവാം.
2 മിനിറ്റിൽ മൊത്തം 8 കാര്യങ്ങൾ. പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. 30 സെക്കന്റ് മാത്രമാണ് ലഭിക്കുന്നത് എങ്കിൽ ആദ്യത്തെ 4 കാര്യങ്ങൾ മാത്രം ഉൾപെടുത്തുക.
Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it