'നൊസ്റ്റാള്‍ജിയ, ബിസിനസ് വിജയത്തിന്റെ ഏറ്റവും വലിയ ശത്രു!'
എന്തുകൊണ്ടാണ് എന്റെ ബിസിനസ് ഒരു പരിധിക്കപ്പുറം വളരാത്തത്? മിക്ക സംരംഭകരും നേരിടുന്ന ഒരു സമസ്യയാണിത്. പലപ്പോഴും കൂടുതല്‍ നിക്ഷേപം നടത്തിയാലും ഫലം കാണാറില്ല. എന്നാല്‍ എവിടെയാണ് പ്രശ്‌നം?
പ്രമുഖ ഗ്രന്ഥകാരനും പ്രഭാഷകനുമായ പോള്‍ റോബിന്‍സണ്‍ 'How to reinvent your business' എന്ന വിഷയത്തെ അധികരിച്ച് ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2018ല്‍ നടത്തിയ പ്രഭാഷണത്തില്‍ ഇത്തരത്തിലുള്ള പല കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഉണ്ടായിരുന്നു.
നൊസ്റ്റാള്‍ജിയ വേണ്ട, മുമ്പോട്ടു നോക്കാം
പോള്‍ റോബിന്‍സണിന്റെ അഭിപ്രായത്തില്‍ വിജയങ്ങളുടെ ഏറ്റവും വലിയ ശത്രു അല്ലെങ്കില്‍ തടസ്സം മുന്‍കാലങ്ങളിലെ വിജയമാണ്.
കഴിഞ്ഞ കാലത്തെ വന്‍ വിജയകരമായ പ്രസ്ഥാനം, ഇന്നത്തെ ഇടത്തരം, സംരംഭം, നാളത്തെ പരിഹാസപാത്രം. ഇതാണ് പൊതുവേ സംഭവിക്കുന്നത്. സുസ്ഥിരമായ വളര്‍ച്ചയ്ക്കുള്ള മറ്റൊരു വെല്ലുവിളി, സ്വന്തം അനുഭവ സമ്പത്തുതന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
'നിങ്ങളുടെ ബിസിനസിനെ കഴിഞ്ഞ കാലത്ത് വിജയത്തിലെത്തിച്ച ചില രീതികളുണ്ട്. അല്ലെങ്കില്‍ ശൈലികളുണ്ട്. ബിസിനസ് മോഡലുണ്ട്. നിങ്ങള്‍ക്ക് ഏറെ പരിചിതമായ ഒന്ന്. വിജയത്തിന് ആ മോഡല്‍ മാത്രമാണ് നല്ലതെന്ന് നിങ്ങള്‍ ധരിക്കും. മറ്റൊന്നും നിങ്ങള്‍ അറിയാന്‍ ശ്രമിക്കില്ല. സ്വന്തം ശരിയില്‍ വിശ്വസിക്കും. ഇതോടെ സംരംഭങ്ങളുടെ പ്രസക്തിയില്ലാതാകുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു.
ജനറല്‍ ഇലക്ട്രിക്കല്‍സിന്റെ വിഖ്യാത ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജാക്ക് വെല്‍ഷ് ഒരിക്കല്‍ സ്വന്തം കമ്പനിയിലെ, ടെക്‌നോളജി വിദഗ്ധനായ 21 കാരനെ മെന്ററാക്കി.
ബിഗ് ഡേറ്റ, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ്, നിര്‍മിത ബുദ്ധി... അങ്ങനെയങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ജാക്ക് വെല്‍ഷ് സ്വീകരിച്ച ഈ രീതിക്ക് പ്രസക്തിയുണ്ട്. കാരണം മാറ്റങ്ങളെ ഒപ്പിയെടുക്കുന്ന പുതുതലമുറ പ്രൊഫഷണലുകളാണ് വരും സാധ്യതകളെ മുന്‍കൂട്ടി കാണുക.
അന്ന് ജാക്ക് വെല്‍ഷ് സ്വന്തം ടീമിലെ ലീഡര്‍മാരോട് ഇതേ വഴി പിന്തുടരാന്‍ ഉപദേശിക്കുകയും ചെയ്തു.
നൊസ്റ്റാള്‍ജിയ ഉപേക്ഷിച്ച് മുന്‍പോട്ടു നോക്കി കുതിക്കുകയാണ് വേണ്ടത്. മാത്രമല്ല, യുവതലമുറയെ മെന്റര്‍ ചെയ്യാന്‍ ഇരുത്തം വന്ന പ്രമുഖര്‍ തയാറാകുന്നതു പോലെ യുവതലമുറയില്‍ നിന്ന് മെന്ററിംഗ് സ്വീകരിക്കാന്‍, റിവേഴ്‌സ് മെന്ററിംഗിന് കൂടി തയ്യാറാകണം. മാത്രമല്ല, മിലേനിയലുകളില്‍ നിന്ന് ( അതായത് 1990കളുടെ ആദ്യത്തില്‍ ജനിച്ചവരില്‍ നിന്ന്) മാര്‍ഗനിര്‍ദേശം തേടാന്‍ സജ്ജരാകണം.