മികച്ച ബിസിനസ് പാര്‍ട്ണറെ തെരഞ്ഞെടുക്കാൻ നിങ്ങളറിയേണ്ട കാര്യങ്ങള്‍

ഒരു ബിസിനസ് പാര്‍ട്ണറെ തെരഞ്ഞെടുക്കുമ്പോള്‍ സുഹൃദ് ബന്ധമുള്‍പ്പടെയുള്ള പരിഗണനകള്‍ നിങ്ങളെ സ്വാധീനിക്കാതിരിക്കണം. നിങ്ങള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം നിങ്ങളുദ്ദേശിക്കുന്ന പാര്‍ട്ണറിലുണ്ടോ, അയാളുമായി നിങ്ങള്‍ക്കുള്ള പൊരുത്തവും പൊരുത്തക്കേടുകളും തുടങ്ങിയവ സൂക്ഷ്മമായി വിലയിരുത്തുക. എന്നിട്ടുവേണം പാര്‍ട്ണര്‍ഷിപ്പിലേക്കെടുത്തുചാടാന്‍. നിങ്ങള്‍ വിഭാവനം ചെയ്യുന്ന ബിസിനസ് ആശയം ഒരു വിജയമായി മാറ്റാന്‍ നിങ്ങള്‍ക്കുള്ളത്ര ആവേശം തന്റെ പാര്‍ട്ണര്‍ക്കുണ്ടെന്ന് ഉറപ്പുവരുത്തുക.

താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

  • ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക, നിര്‍ണായക തീരുമാനങ്ങളെടുക്കുക, ബിസിനസിനെ സജീവമായി മുന്‍പോട്ടു കൊണ്ടുപോകുക എന്നീ കാര്യങ്ങളില്‍ തുറന്നു സംസാരിച്ച് ധാരണയിലെത്താന്‍ കഴിയുന്ന പാര്‍ട്ണറെയാണ് കണ്ടെത്തേണ്ടത്. പിന്തിരിപ്പിന്‍ ചിന്താഗതിയുള്ള, എന്തിനെയും എതിര്‍ക്കുന്ന സ്വഭാവമുള്ള, നിങ്ങളുടെ കാഴ്ച്ചപ്പാടിനെ അംഗീകരിക്കാന്‍ മടിയുള്ള ഒരു പാര്‍ട്ണര്‍ ഒരിക്കലും ബിസിനസിന്റെ വിജയത്തിന് സഹായകമാകില്ല. ഇരുവരുടെയും ആത്യന്തിക ലക്ഷ്യങ്ങള്‍ തമ്മില്‍ സമ്പൂര്‍ണമായ സമന്വയം വേണം. ഇരുവരും ഒരേ തലത്തിലും ദിശയിലുമാണെന്ന് സ്വയം ഉറപ്പാക്കുക.

  • തെരഞ്ഞെടുക്കുന്ന പാര്‍ട്ണറുടെ കഴിവുകളും പരിചയസമ്പത്തും നിങ്ങള്‍ക്കും നിങ്ങളുടെ ബിസിനസിനും മികവുറ്റ നിലയില്‍ സഹായകരമാകും എന്നുറപ്പുവരുത്തണം. ഒരു വ്യക്തിക്ക് ഒരിക്കലും ബിസിനസില്‍ എല്ലാം തികഞ്ഞ ആളാകാനാകില്ല. ഉദാഹരണത്തിന് വ്യക്തിപരമായ ഇടപെടലുകളില്‍ നിങ്ങള്‍ക്ക് അസാമാന്യ കഴിവുണ്ടായിരിക്കാം. പക്ഷേ, സാമ്പത്തിക കാര്യങ്ങളില്‍ തീരെ കഴിവില്ലായിരിക്കും. അങ്ങനെയെങ്കില്‍, ബിസിനസ് എക്കൗണ്ടിംഗ് നന്നായറിയുന്ന ഒരു പാര്‍ട്ണറെ കണ്ടെത്തുന്നതായിരിക്കും അഭികാമ്യം. മറ്റൊരു കാര്യം ചെയ്യാവുന്നത്, ഇരുവരുടെയും കഴിവുകളും പോരായ്മകളും തിരിച്ചറിയാനായി ഒരു SWOT (Strength WeaknessOpportunity Trends) അനാലിസിസ് നടത്തുകയെന്നതാണ്. നിങ്ങള്‍ ഓരോരുത്തരും കമ്പനിയില്‍ ഏറ്റെടുക്കേണ്ട ജോലിയും ഉത്തരവാദിത്തവും കൃത്യമായി നിര്‍ണയിക്കുക. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഓരോരുത്തരുടെയും റോളിനെക്കുറിച്ച് കൃത്യമായ വ്യക്തതയുണ്ടാകും.

  • പങ്കാളിയുടെ വിഭവശേഷി വിലയിരുത്തണം. സാമ്പത്തിക വിഭവശേഷിയുള്ള ഒരു പങ്കാളിയെ കണ്ടെത്തുന്നത് ഏറെ നല്ലതാണ്. പക്ഷേ സാമ്പത്തികേതര വിഭവശേഷിയും പ്രധാനമാണ്. കരുത്തുറ്റ ഒരു ബിസിനസ് നെറ്റ്‌വര്‍ക്ക്, വ്യാവസായിക ബന്ധങ്ങള്‍, ധാരാളം ക്ലൈന്റ്‌സ്, വിശ്വസനീയമായ ബിസിനസ് റെക്കോഡ്, മികച്ച പരിചയസമ്പത്ത് ഇതെല്ലാം സാമ്പത്തികശേഷിയെപ്പോലെതന്നെ ഒരു പാര്‍ട്ണറുടെ കാര്യത്തില്‍ നിങ്ങളുടെ ബിസിനസിന്റെ മൂല്യം വര്‍ധിപ്പിക്കാനും ദീര്‍ഘകാല വിജയം ഉറപ്പുവരുത്താനും ധാരാളമായി സഹായിക്കും.

  • ബിസിനസിന്റെ ധാര്‍മികത ഏറെ പ്രധാനമാണ്. വിശ്വസ്തനായ ഒരാളെ മാത്രമേ പാര്‍ട്ണറാക്കാവൂ. സ്വന്തം ജീവിതത്തിലും വ്യക്തി ബന്ധങ്ങളിലും ബിസിനസ് ഇടപാടുകളിലും സത്യസന്ധതയും ധാര്‍മികതയും മുറുകെ പിടിക്കുന്ന ഒരു പാര്‍ട്ണറെയാണ് കണ്ടെത്തേണ്ടത്.

  • പരസ്പരം ബഹുമാനം ഉണ്ടാകണം. ഏത് ബന്ധത്തിലുള്ളതുപോലെ തന്നെ ബിസിനസ് പാര്‍ട്ണര്‍ഷിപ്പുകളിലും പരസ്പര ബഹുമാനം പരമ പ്രധാനമാണ്. നിങ്ങള്‍ക്ക് ബഹുമാനമില്ലാത്ത ഒരു വ്യക്തിയുമായി ഒരുകാലത്തും ബിസിനസ് പാര്‍ട്ണര്‍ഷിപ്പില്‍ ഏർപ്പെടരുത്.

  • സുഹൃത്തുമായോ പരിചയക്കാരനുമായോ കൂട്ടുചേര്‍ന്ന് ബിസിനസ് ആരംഭിക്കുന്നതിനു മുമ്പ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വിലയിരുത്തുന്നത് നന്നായിരിക്കും. തികച്ചും അപരിചിതനായ ഒരു വ്യക്തിയെയാണ് പാര്‍ട്ണറായി ഉദ്ദേശിക്കുന്നതെങ്കില്‍ ഒട്ടും ധൃതി കാണിക്കാതിരിക്കുക. നല്ലതുപോലെ സമയമെടുത്ത് തീരുമാനമെടുക്കുക. ഒരൊറ്റ സംഭാഷണത്തിലോ മൂന്നോ ആറോ ആഴ്ചകളിലെ നിരന്തരമായ കൂടിക്കാഴ്ചകളിലോ ഒരു വ്യക്തിയെ പൂര്‍ണമായി നിങ്ങള്‍ക്ക് മനസിലാക്കാനായെന്നു വരില്ല. ചിലപ്പോള്‍ മാസങ്ങള്‍ ഇതിന് വേണ്ടിവരും. പക്ഷേ എത്രയും തുറന്ന് മുഖത്തുനോക്കി സംസാരിച്ച് കാര്യങ്ങള്‍ പരസ്പരം അറിയുന്നത് നല്ലതാണ്. കമ്പനി തുടങ്ങാന്‍ കുറച്ച് മാസങ്ങള്‍ വൈകിയാല്‍ പോലും ഒരു മെച്ചപ്പെട്ട പങ്കാളിയെ കണ്ടെത്താന്‍ പറ്റുമെങ്കില്‍ ഈ കാലതാമസത്തില്‍ നിങ്ങള്‍ക്ക് ദുഃഖിക്കേണ്ടിവരില്ല.

തയ്യാറാക്കിയത്: പോള്‍ റോബിന്‍സണ്‍, (ലേഖകന്‍, ബിസിനസ് സ്ട്രാറ്റജിസ്റ്റ്, മോട്ടിവേഷണല്‍ സ്പീക്കര്‍, ഗ്രന്ഥകാരന്‍ എന്ന നിലയില്‍ പ്രശസ്തനാണ് )2010 ജൂണില്‍ ധനം മാഗസിന്‍ പ്രസിദ്ധീകരിച്ചത്.

Paul Robinson
Paul Robinson  

പ്രമുഖ ഗ്രന്ഥകാരനും പ്രഭാഷകനും ബിസിനസ് സ്ട്രാറ്റജിസ്റ്റുമാണ്. ബെഗളൂരു ആസ്ഥാനമായ പോസിറ്റീവ് റെവൊല്യൂഷൻസിന്റെ സഹസ്ഥാപകനും കൂടിയാണ് അദ്ദേഹം.

Related Articles

Next Story

Videos

Share it