2020ല്‍ ബിസിനസ് തുടങ്ങാന്‍ പറ്റിയ ഏറ്റവും മികച്ച 10 രാജ്യങ്ങള്‍

ജെപി മോര്‍ഗന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2020ല്‍ സാമ്പത്തികമാന്ദ്യത്തിനുള്ള സാധ്യത 60 ശതമാനമാണ്. മഹാമാരി ലോകം മുഴുവന്‍ ബാധിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ എവിടെ നിക്ഷേപിക്കും എന്നത് ഒരു വലിയ ചോദ്യചിഹ്നം തന്നെയാണ്.

ആഗോള സാമ്പത്തികപ്രതിസന്ധി ചില രാജ്യങ്ങളെ രൂക്ഷമായി ബാധിക്കുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ക്ക് ആഗോളവിപണിയിലെ സാഹചര്യങ്ങള്‍ ബാധിക്കാതെ പിടിച്ചുനില്‍ക്കാന്‍ സഹായിക്കുന്ന, ആന്തരിക വളര്‍ച്ചയ്ക്ക് കളമൊരുക്കുന്ന ചില ഘടകങ്ങളുണ്ട്. ആഗോളസാമ്പത്തികമാന്ദ്യം ഇത്തരം രാജ്യങ്ങളെ കാര്യമായി ബാധിക്കാറില്ല. ഇത്തരം രാജ്യങ്ങളായിരിക്കും 2020ല്‍ നിക്ഷേപിക്കാന്‍ മികച്ചത്.

രാജ്യത്തിന്റെ പ്രകൃതിദത്ത വിഭവങ്ങള്‍, കാര്യക്ഷമത, വിപണി, ടെക്‌നോളജി പോലുള്ള സ്ട്രാറ്റജിക് അസറ്റുകള്‍ എന്നീ നാല് ഘടകങ്ങളാണ് ഒരു രാജ്യത്ത് നിക്ഷേപിക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ടതെന്ന് വേള്‍ഡ് ബാങ്ക് ഗ്രൂപ്പ് പറയുന്നു. ഈ നാല് ഘടകങ്ങള്‍ പരിഗണിച്ച് 2020ല്‍ നിക്ഷേപിക്കാന്‍ പറ്റിയ രാജ്യങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ലണ്ടന്‍ പോസ്റ്റ്. അവ ഏതൊക്കെയാണെന്ന് നോക്കാം:

1. ക്രൊയേഷ്യ

നിക്ഷേപിക്കാന്‍ പറ്റിയ രാജ്യങ്ങളില്‍ ഏറ്റവും മികച്ചതായി നില്‍ക്കുന്നത് ക്രൊയേഷ്യയാണ്. ഈ രാജ്യത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ച അല്‍ഭുതപ്പെടുത്തുന്ന രീതിയിലാണ്. സുസ്ഥിരമായ സാമ്പത്തികവ്യവസ്ഥയും സംരംഭകത്വവും പുതുമ കണ്ടെത്തലവും ശീലമാക്കിയ ജനതയും ചേര്‍ന്ന് ഇവിടെ ബിസിനസുകള്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കുന്നു.

2. തായ്‌ലന്റ്

2020ലെ ഏറ്റവും മികച്ച എട്ടാമത്തെ ഉയര്‍ന്നുവരുന്ന വിപണിയായാണ് ഫോര്‍ബ്‌സ് ഈ രാജ്യത്തെ ലിസ്റ്റ് ചെയ്തത്. യു.എസ്-ചൈന വ്യാപാരയുദ്ധത്തില്‍ നേട്ടമുണ്ടാക്കിയത് തായ്‌ലന്റ് ആണ്. വ്യാപാരയുദ്ധത്തില്‍ മനംമടുത്ത നിക്ഷേപകരുടെ ശ്രദ്ധ തായ്‌ലന്റിലേക്ക് തിരിയുകയാണുണ്ടായത്. 2019ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ രാജ്യത്ത് ലഭിച്ച ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് അപേക്ഷകളുടെ മൊത്തത്തിലുള്ള മൂല്യത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 69 ശതമാനം വര്‍ദ്ധനയുണ്ടായി. ഈ അപേക്ഷകളില്‍ 65 ശതമാനവും ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ഡിജിറ്റല്‍ മേഖലകളില്‍ നിന്നായിരുന്നു.

3. യു.കെ

സുസ്ഥിരമായ സാമ്പത്തികവ്യവസ്ഥയാണ് ഇവിടത്തെ സവിശേഷതയായി എടുത്തുപറയുന്നത്. യു.എന്നിന്റെ കണക്കുപ്രകാരം വിദേശനിക്ഷേപം ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ആറാമത്തെ രാജ്യമാണിത്. ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തികവ്യവസ്ഥയാണ് യു.കെ.

4. ഇന്‍ഡോനേഷ്യ

ഏഷ്യയിലെ ഏറ്റവും വലിയ ഓഹരിവിപണികളിലൊന്നാണ് ഇന്‍ഡോനേഷ്യയിലേത്. ശക്തമായ കണ്‍സ്യൂമര്‍ വിപണിയാണ് ഈ രാജ്യത്തിന്റെ പ്രത്യേകത. ഇതുവരെ ആരും കാര്യമായി തിരിച്ചറിയാത്ത ഈ കണ്‍സ്യൂമര്‍ വിപണിയില്‍ വലിയ സാധ്യതകളാണുള്ളത്. നിങ്ങള്‍ മാനുഫാക്ചറിംഗ് മേഖലകളിലുള്ളവരോ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുള്ളവരോ ആണെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട രാജ്യമാണ് ഇന്‍ഡോനേഷ്യ.

5. ഇന്ത്യ

ഈ ലിസ്റ്റില്‍ അഞ്ചാമതായി ഇന്ത്യയും ഉണ്ടെന്നുള്ളത് നമുക്ക് ആവേശം പകരുന്ന കാര്യമാണ്. വിദേശനിക്ഷേപം ഏറ്റവും കൂടുതല്‍ വന്ന രാജ്യങ്ങളില്‍ മുന്‍നിരയിലുള്ള രാജ്യമാണ് ഇന്ത്യ. റിസര്‍ച്ച് & ഡെവലപ്‌മെന്റ് മേഖലകളില്‍ ഏറെ നിക്ഷേപം നടത്തിയിട്ടുള്ള ഏഷ്യന്‍ ഭീമനെന്നാണ് ഇന്ത്യയെ വിശേഷിപ്പിച്ചിരിക്കുന്നത്. സ്‌കില്‍ഡ് തൊഴിലാളികളാണ് രാജ്യത്തിന്റെ മറ്റൊരു സവിശേഷതയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

6. ഇറ്റലി

2002 മുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ മുന്‍നിരയിലുള്ള രാജ്യം. ഇക്കോണമിക് സ്‌റ്റെബിലിറ്റി, ശക്തമായ മാനുഫാക്ചറിംഗ് മേഖല, സുസ്ഥിരമായ രാഷ്ട്രീയ അന്തരീക്ഷം തുടങ്ങിയവയൊക്കെ ഈ രാജ്യത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നു.

7. ഓസ്‌ട്രേലിയ

25 വര്‍ഷമായി സ്ഥിരമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. 2020ല്‍ ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിച്ച ഒമ്പതാമത്തെ രാജ്യം. ഏറെ വര്‍ഷമായി സുസ്ഥിരമായ ഒരു നിക്ഷേപകേന്ദ്രമായി നിലനില്‍ക്കുന്നു.

8. വിയറ്റ്‌നാം

തായ്‌ലന്റിനെപ്പോലെ യു.എസ്-ചൈന വ്യാപാരയുദ്ധം തുണച്ച മറ്റൊരു രാജ്യമാണ് വിയറ്റ്‌നാം. ചൈനയുടെ അയല്‍രാജ്യമായ വിയറ്റ്‌നാം പതിയെ പ്രബലമായ ഒരു മാനുഫാക്ചറിംഗ് കേന്ദ്രമായി പതിയെ ഉയര്‍ന്നുവരുകയായിരുന്നു. സാംസംഗ് പോലുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ ചൈനയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയതോടെ ഈ വളര്‍ച്ച കൂടുതല്‍ പ്രകടമായി. നിരവധി സീപോര്‍ട്ടുകള്‍, കുറഞ്ഞ നിരക്കിലുള്ള ഉല്‍പ്പാദനം എന്നിവ ഈ രാജ്യത്തെ ബിസിനസ് സൗഹൃദമാക്കുന്നു. വിയറ്റ്‌നാമിന്റെ സാമ്പത്തികവ്യവസ്ഥ സുസ്ഥിരമാണ്. ഈ രാജ്യത്ത് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഒറ്റ സാമ്പത്തികമാന്ദ്യം പോലും ഉണ്ടായിട്ടില്ലത്രെ.

9. ലാവിയ (Latvia)

വളരെ ബിസിനസ് സൗഹൃദ അന്തരീക്ഷമുള്ള പ്രദേശം. ഇവിടത്തെ സര്‍ക്കാര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കുറഞ്ഞ റിയല്‍ എസ്റ്റേറ്റ് നിരക്കുകള്‍, താരതമ്യേന കുറഞ്ഞ നികുതിനിരക്ക്, കുറഞ്ഞ ലേബര്‍ ചെലവുകള്‍ തുടങ്ങി... ഇവിടെ ബിസിനസ് കുറഞ്ഞ ചെലവില്‍ നടത്താനാകുന്ന സാഹചര്യമാണുള്ളത്.

10. സിംഗപ്പൂര്‍

ലോകോത്തര നിലവാരത്തിലുള്ള ബിസിനസ് സൗഹൃദ അന്തരീക്ഷമാണ് ഇവിടേക്ക് സംരംഭകരെ ആകര്‍ഷിക്കുന്നത്. 2020ല്‍ ബിസിനസ് ചെയ്യാന്‍ ഏറ്റവും പറ്റിയ പത്താമത്തെ രാജ്യം എന്നുമാത്രമല്ല, വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിലും പത്താം സ്ഥാനമാണ് സിംഗപ്പൂരിന്. സിംഗപ്പൂരിന്റെ ശക്തമായ സാമ്പത്തികരംഗം നിക്ഷേപകര്‍ക്ക് ശുഭാപ്തിവിശ്വാസം പകരുന്നു.

ഈ രാജ്യങ്ങളില്‍ നിക്ഷേപിച്ചു എന്ന കാരണം കൊണ്ടുമാത്രം ഒരു ബിസിനസും വിജയിക്കണമെന്നില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. വളരെ ശ്രദ്ധാപൂര്‍വ്വം വിപണിപഠനം നടത്തി, നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന മേഖലയിലെ സാധ്യതകള്‍ ഉറപ്പുവരുത്തി വേണം ഏതൊരു മേഖലയിലേക്കും ഇറങ്ങേണ്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it