സംരംഭകനാകണോ? കോളെജില്‍ പോകുകതന്നെ വേണം

പുസ്തകത്തില്‍ പഠിച്ച കാര്യങ്ങളല്ല സംരംഭകജീവിതത്തില്‍ പ്രയോജനപ്പെടുന്നത്. വന്‍വിജയം നേടിയ സംരംഭകരെല്ലാം കോളെജ് ഡ്രോപ്പൗട്ട്‌സ് ആയിരുന്നു താനും. പിന്നെന്തിന് കോളെജില്‍ പോയി വെറുതെ സമയം കളയണം? പലരുടെയും ചോദ്യമാണിത്. എന്നാല്‍ സംരംഭകജീവിതത്തില്‍ ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ കോളെജ് പഠനത്തിന് കഴിയും.

എന്തുകൊണ്ട് സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ കോളെജില്‍ പോകണം എന്നതിന്റെ ഉത്തരം വിജയികളായ സംരംഭകര്‍ തന്നെ പറയുന്നു.

അമൂല്യഅവസരങ്ങള്‍ തരുന്നു

കോളെജുകളും യൂണിവേഴ്‌സിറ്റികളും പല മാര്‍ഗ്ഗങ്ങളിലൂടെ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കുന്നത് നിരവധി അവസരങ്ങളാണ്. വ്യവസായശാലാ സന്ദര്‍ശനം, വിദഗ്ധരുമായുള്ള സംവാദങ്ങള്‍, കരിയര്‍ ഫെയറുകള്‍, വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍, വിവിധ ഇവന്റുകള്‍... ഇവയൊക്കെ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യും.

പാഠ്യക്രമം മാറി

കാലഹരണപ്പെട്ട പഴയ സിലബസല്ല ഇപ്പോഴത്തെ യൂണിവേഴ്‌സിറ്റികള്‍ പിന്തുടരുന്നത്. വിദ്യാര്‍ത്ഥികളെ പുതിയ ലോകത്തെ വെല്ലുവിളികള്‍ നേരിടാന്‍ അവ ഒരു പരിധിവരെ സഹായിക്കുന്നു. വ്യവസായശാലാസന്ദര്‍ശനവും വിദഗ്ധരുമായുള്ള ഇടപഴകലുമൊക്കെ പ്രായോഗിക പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു. സോഫ്റ്റ്‌സ്‌കില്ലുകളില്‍ പരിശീലനം നല്‍കുന്നു. നേതൃത്വകഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന ആക്റ്റിവിറ്റികള്‍ പഠനത്തിന്റെ ഭാഗമാണ്.

ബന്ധങ്ങള്‍ തരുന്നു

നിങ്ങളുടെ ഭാവിയിലെ സംരംഭത്തിലെ ബിസിനസ് പങ്കാളിയായിരിക്കാം അടുത്തിരിക്കുന്ന സഹപാഠി. ഇന്നത്തെ പല വന്‍ ബിസിനസ് സംരംഭകരുടെയും ബിസിനസ് പാര്‍്ട്ണര്‍മാര്‍ പഴയ സഹപാഠികളാണ്. കോളെജിലെ സുഹൃത്തുക്കള്‍ ഒരുമിച്ചുചേര്‍ന്ന് തുടങ്ങി വന്‍വിജയമായ എത്രയോ സംരംഭങ്ങളുണ്ട്.

ലേണിംഗ് സ്‌കില്‍

നമുക്കറിയാം പഠനം സ്‌കൂളുകൊണ്ടോ കോളെജ് കൊണ്ടോ അവസാനിക്കുന്ന ഒന്നല്ലെന്ന്. ജീവിതം മുഴുവന്‍ പഠിച്ചുകൊണ്ടിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലേണിംഗ് സ്‌കില്‍ മുന്നോട്ടുള്ള ജീവിതത്തിലേക്ക് തുടര്‍ന്നുകൊണ്ടുപോകാന്‍ മറ്റുള്ളവരെ അപേക്ഷിച്ച് കോളെജ് പഠനം പൂര്‍ത്തിയായവര്‍ക്കായിരിക്കും കഴിയുന്നത്. അവര്‍ക്ക് പുതിയ സാങ്കേതികവിദ്യകള്‍ പഠിച്ചെടുക്കാനും പുതിയ ട്രെന്‍ഡുകള്‍ക്കനുസരിച്ച് നീങ്ങാനും കൂടുതല്‍ എളുപ്പമായിരിക്കും.

തുറന്ന മനോഭാവം

പലതരക്കാരായ വിദ്യാര്‍ത്ഥികളുടെ കേന്ദ്രമാണ് ഒരു കലാലയം. വ്യത്യാസങ്ങള്‍ മറന്ന് എല്ലാവരെയും ഒന്നായി കാണാനുള്ള പാഠം കോളെജ് വിദ്യാഭ്യാസം തരുന്നു. എല്ലാവരോടും സ്വതന്ത്രമായി ഇടപെടാനുള്ള അവസരം ഒരുക്കുന്നു. ഒരു സംരംഭകനെ സംബന്ധിച്ചടത്തോളം ഇത് വളരെ പ്രധാനമാണ്.

പുറംലോകത്തേക്കുള്ള വാതില്‍

അസ്വാതന്ത്ര്യത്തിന്റെ സ്‌കൂള്‍ ജീവിതത്തില്‍ നിന്നാണ് ഒരു കുട്ടി കോളെജ് ജീവിതത്തിലേക്ക് കടക്കുന്നത്. ലോകത്തേക്ക് ഇറങ്ങുന്നതിന് മുമ്പുള്ള ഒരു പാലം കൂടിയാണ് ഈ കോളെജ് ജീവിതം. കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതുകൊണ്ട് തനിയെ തീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഭാവിസംരംഭകനെ പാകപ്പെടുത്തുന്ന ഇടമാണ് കോളെജ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it