സ്ത്രീകൾക്ക് വിജയത്തിന് വേണ്ടത് രണ്ടേ രണ്ടു ചേരുവകൾ, ടെസി തോമസ് പറയുന്നു 

ലക്ഷ്യം നേടാൻ എത്ര ദൂരം പോകാനും സ്ത്രീകൾ തയ്യാറാകണമെന്നും വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് ആർജിച്ചാലേ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സ്ത്രീകൾക്ക് കടന്നുവരാനാവൂയെന്നും ഡിആർഡിഒ എയ്റോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറൽ ടെസി തോമസ്. കേരള മാനേജ്‍മെന്റ് അസോസിയേഷൻ (കെഎംഎ) സംഘടിപ്പിച്ച വിമൻ ലീഡർഷിപ് കോൺക്ലേവ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

മാറ്റം കുടുംബങ്ങളിൽ നിന്ന് തുടങ്ങണം. വീട്ടിലെ ജോലികളുടെ ഉത്തരവാദിത്തം സ്ത്രീകൾക്കു മാത്രമാണെന്ന ചിന്ത മാറണമെന്നും അവർ അഭിപ്രായപ്പെട്ടു. സ്ത്രീകൾ ഇമോഷണൽ ഇന്റലിജൻസ് ആർജ്ജിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

പുതുതലമുറക്കാണെങ്കിലും സ്ത്രീകൾക്കാണെങ്കിലും വിജയിക്കാൻ രണ്ടേ രണ്ടു കാര്യങ്ങളാണ് മാത്രമാണ് വേണ്ടത്: അറിവും ആത്മവിശ്വാസവും. തെറ്റുപറ്റിയാൽ അത് സമ്മതിക്കാനുള്ള കഴിവുണ്ടാകണമെന്നും അവർ പറഞ്ഞു.

സ്വന്തം കാഴ്ചപ്പാടുകൾ തുറന്നു പറയാൻ സ്ത്രീകൾ മടിക്കരുതെന്ന് പരിപാടിയിൽ പങ്കെടുത്ത നിസ്സാൻ ഡിജിറ്റൽ ഹബ്ബിന്റെ മാനേജിങ്‌ ഡയറക്ടർ സുജാ ചാണ്ടി പറഞ്ഞു. സ്ത്രീകൾ അവരുടേതായ സ്പേസ് ക്രിയേറ്റ് ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ കഴിവുകൾ അവർ തന്നെ മാർക്കറ്റ് ചെയ്യേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമാണെന്ന് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തിയ എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാ ശാല വൈസ് ചാന്‍സലര്‍ ഡോ.എം.എസ് രാജശ്രീ പറഞ്ഞു.

പൗരാണിക കേരളത്തിൽ സ്ത്രീകൾ അധികാരവും അറിവും നേടിയവരായിരുന്നുവെന്നും ബ്രിട്ടീഷുകാരുടെ വരവോടെ അവരുടെ സാമൂഹിക ഇടപെടലുകളിൽ മാറ്റം വന്നതാണെന്നും കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പുരസ്‌കാരത്തിനര്‍ഹനായ യുവ എഴുത്തുകാരന്‍ മനു എസ് പിള്ള അഭിപ്രായപ്പെട്ടു. സംരംഭകത്വ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളെ ഉന്നതവിദ്യാഭ്യാസത്തിനും തൊഴിൽ നേടുന്നതിനും റാണി സേതു ലക്ഷ്മി ഭായ് പോലുള്ള ഭരണാധികാരികൾ മുൻകൈയ്യെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃത്യ സമയത്ത് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സ്ത്രീകൾക്ക് സാധിക്കുമെങ്കിൽ വിജയം ഉറപ്പാണെന്ന സന്ദേശമായിരുന്നു ലീഡര്‍ഷിപ്പ് ഗ്രന്ഥകാരിയും മോട്ടിവേഷണല്‍ സ്പീക്കറുമായ ആഭാ മര്യാദാ ബാനര്‍ജി നൽകിയത്.

സ്ത്രീകൾക്ക് അവരുടെ സ്വപ്നങ്ങൾ കയ്യെത്തിപ്പിടിക്കുന്നതിന് തടസം നിൽക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നും അവയെ എങ്ങനെ നേരിടാമെന്നുമുള്ള മാർഗനിർദേശങ്ങളാണ് ഐ.ഐ.എം കോഴിക്കോടിന്റെ കൊച്ചി കാംപസ് ചെയര്‍പേഴ്‌സണ്‍ ആയ ഡോ. പ്രിയ നായര്‍ രാജീവ് കോൺക്ലേവിൽ അവതരിപ്പിച്ചത്.

വസ്ത്രധാരണത്തിനും ശരീര ഭാഷക്കും നിറങ്ങൾക്കും സ്വകാര്യ, പ്രൊഫഷണൽ ജീവിതത്തിൽ എന്തെല്ലാം സ്വാധീനം കൊണ്ടുവരാനാവുമെന്ന് ഇമേജ് മേക്ക് ഓവര്‍ കണ്‍സള്‍ട്ടന്റും ഫാഷന്‍ ഡിസൈനറുമായ ബബിത ജയശങ്കര്‍ വിവരിച്ചു.

കെഎംഎ പ്രസിഡന്റ് ദിനേശ് പി തമ്പി അധ്യക്ഷത വഹിച്ചു. വിമൻ മാനേജേഴ്സ് ഫോറം ചെയർപേഴ്‌സൺ മരിയ എബ്രഹാം, കെഎംഎ ഓണററി സെക്രട്ടറി ജോർജ് ആന്റണി, ഭവൻസ് അക്കാദമിക് കൺസൾട്ടന്റ് മീന വിശ്വനാഥൻ, ലീഡേഴ്‌സ് ഫോർ റ്റുമാറോ ജനറൽ മാനേജർ ഉമാ പാർവതി എന്നിവരും സംസാരിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it