കുടുംബ ബജറ്റ് ഇനി സ്ത്രീകൾ കൈകാര്യം ചെയ്യും, വരുന്നു പുതിയ 'സ്കൂൾ'  

കുടുംബത്തിലെ ഓരോരുത്തരുടെയും സ്വഭാവങ്ങളും, ഭക്ഷണ ചെലവുകളും, ആവശ്യങ്ങളും ഏറ്റവും നന്നായി അറിയാവുന്നത് അവിടത്തെ സ്ത്രീകൾക്കാണ്. അതുകൊണ്ട് തന്നെ കുടുംബ ബജറ്റ് കൈകാര്യം ചെയ്യാൻ ഏറ്റവും യോജിച്ച വ്യക്തികളും ഇവരാണ്.

ഇത് തിരിച്ചറിഞ്ഞാണ് കുടുംബശ്രീ 'കുടുംബശ്രീ സ്കൂൾ' എന്ന പദ്ധതി തുടങ്ങുന്നത്. ആധുനിക കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഒരു നല്ല ധനകാര്യ വിദഗ്ധയാകാൻ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. കൂടാതെ ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ആറ് ആഴ്ചകൾ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി ഡിസംബർ ഒന്നിന് ആരംഭിക്കുമെന്ന് എറണാകുളം ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എസ്. രഞ്ജിനി പറഞ്ഞു. 2,000 അയൽക്കൂട്ടങ്ങളിലായി 2.5 ലക്ഷം സ്ത്രീകൾക്ക് പരിശീലനം നൽകാനാണ് പദ്ധതിയെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

'സ്കൂൾ' സിലബസ്

പ്രധാനമായും ആറ് വിഷയങ്ങളാണ് പരിശീലന പരിപാടിയിൽ കൈകാര്യം ചെയ്യുന്നത്.

1) അയൽക്കൂട്ട സംവിധാനത്തെ കുറിച്ച് അവബോധം വളർത്തുക.

2) കുടുംബശ്രീയുടെ വിവിധ പദ്ധതികൾ അറിഞ്ഞിരിക്കുക.

3) അയൽക്കൂട്ടങ്ങൾക്ക് വേണ്ടിയുള്ള കണക്കെഴുത്ത് പരിശീലിക്കുക.

4) കുടുംബ ധനകാര്യ മാനേജ്മെന്റ്.

5) ഉപജീവനത്തിനായി മൈക്രോ സംരംഭങ്ങൾ.

6) ദുരന്ത നിവാരണ പാഠങ്ങൾ.

സംരംഭങ്ങൾ തുടങ്ങുന്നതിനെ സംബന്ധിച്ച ആശങ്കകൾ അകറ്റി മടികൂടാതെ ബിസിനസിലേക്ക് കടക്കാൻ അവരെ പ്രാപ്തരാക്കുക എന്നതും കുടുംബശ്രീ സ്കൂളിന്റെ ലക്ഷ്യമാണ്. അതിന്റെ ഭാഗമായാണ് 'ഉപജീവനത്തിനായി മൈക്രോ സംരംഭങ്ങൾ' എന്ന വിഷയം ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് രഞ്ജിനി പറഞ്ഞു.

വീട്ടമ്മമാരെ കാര്യക്ഷമമായ ധനവിനിയോഗം പരിശീലിപ്പിക്കുന്നതിലൂടെ കുടുംബങ്ങൾ ബ്ലേഡ് പലിശക്കാരുടെയും മറ്റും ചൂഷണത്തിന് ഇരയാകാതെ സംരക്ഷിക്കാനാകും എന്നാണ് പ്രതീക്ഷ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it