ബിസിനസ് നടത്തുമ്പോള്‍ ഒപ്പം നിക്ഷേപവും തുടങ്ങണം

ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി രംഗത്ത് രണ്ട് ദശാബ്ദമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം എനിക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല സംരംഭകരെയും ഈ കാലയളവില്‍ കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചു. ബിസിനസില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ/നീക്കിയിരുപ്പിന്റെ ഒരു ഭാഗം നല്ല നിക്ഷേപ പദ്ധതികളില്‍ (mutual fund) നിക്ഷേപിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ സ്ഥിരമായി പറയുന്ന ഒരു മറുപടിയുണ്ട്: ''ഈ നീക്കിയിരുപ്പ് എന്റെ തന്നെ ബിസിനസില്‍ തിരിച്ച് മുതല്‍മുടക്കിയാല്‍ മറ്റെന്തിനേക്കാളും നല്ല വളര്‍ച്ച ഉണ്ടാക്കാന്‍ കഴിയും. അതുകൊണ്ട് ഞാന്‍ മറ്റ് ആസ്തികളിൽ നിക്ഷേപിക്കാറില്ല''. ഇത് ശരിയാണോ? നമുക്കൊന്ന് പരിശോധിക്കാം.

പ്രിന്റിംഗ് രംഗത്ത് വിജയകരമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനം നിക്ഷേപങ്ങള്‍ നടത്തുന്നതിനായി ഞങ്ങളുടെ ഉപദേശമാണ് സ്വീകരിച്ചിരുന്നത്. വളരെ വിലകൂടിയ ഒരു മെഷിനറി മാറ്റിസ്ഥാപിക്കുന്നതിനായി ഒരു വലിയ തുക ഇവര്‍ക്ക് സ്വരുക്കൂട്ടേണ്ടിയിരുന്നു. ഇതിനായി ഞങ്ങളുടെ ഉപദേശമനുസരിച്ച് ഓരോ മാസവും നിശ്ചിത തുക പല മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലായി ഇവര്‍ നിക്ഷേപിച്ചു പോന്നു. 2018ലെ പ്രളയത്തില്‍ സ്ഥാപനത്തിന് വലിയ നാശനഷ്ടം ഉണ്ടായി. ശേഷം പതിയെ അവര്‍ പ്രതാപത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. ഈ കാലയളവില്‍ ഇവരുടെ നിക്ഷേപം ഇടയ്ക്കിടെ മുടങ്ങിയിരുന്നു.

ഡിജിറ്റല്‍ വിപ്ലവവും കോവിഡും ഈ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചതിനെ തുടര്‍ന്ന് നൂതനമായ ഒരു മാറ്റത്തിനും പുതിയ തുടക്കത്തിനുമായി അവര്‍ക്ക് വലിയ തുക ആവശ്യമായി വന്നു.

മുന്‍ വര്‍ഷങ്ങളില്‍ നിക്ഷേപിച്ചിരുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് വലിയ ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നതിനാല്‍ അതില്‍ നിന്ന് നല്ലൊരു ഭാഗം പിന്‍വലിച്ച് മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ വരുത്തുന്നതിനും വിജയകരമായി മുന്നോട്ടുപോകുന്നതിനും അയാള്‍ക്ക് സാധിച്ചു.

Read This : നിങ്ങള്‍ക്കും നടത്താം പൂട്ടിപ്പോകാത്ത ബിസിനസ്!

'സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം' എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന അനുഭവമാണ് മുകളില്‍ വിവരിച്ചത്. ബിസിനസിന്റെ ലാഭത്തില്‍ നിന്നോ നീക്കിയിരുപ്പില്‍ നിന്നോ ഒരു നിശ്ചിത തുക കാലാകാലങ്ങളായി നിക്ഷേപങ്ങള്‍ക്കായി നീക്കിവെയ്ക്കുന്നതിനെ സാധൂകരിക്കുന്ന ചില കാരണങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു:

അപ്രതീക്ഷിത തിരിച്ചടികള്‍, ആഗോള മാന്ദ്യം തുടങ്ങിയവ വരുമ്പോള്‍ കാലങ്ങളോളം നഷ്ടത്തില്‍ ഓടിക്കേണ്ട ഒരു സാഹചര്യം ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങളില്‍ ഇങ്ങനെ വളര്‍ത്തിയെടുത്ത ഒരു നിക്ഷേപം വളരെയധികം സഹായകരമാണ്.

ഒരു ബിസിനസിനെ മത്സരബുദ്ധിയോടെ നിലനിര്‍ത്തുന്നതിനും കാലാനുസൃതമായ മാറ്റങ്ങള്‍ക്കായും പലപ്പോഴും മൂലധനം ആവശ്യമായി വരാറുണ്ട്. കൃത്യമായൊരു നീക്കിയിരുപ്പ് ഉണ്ടെങ്കില്‍ ഇത് കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കും.

സംരംഭത്തിലെ ആസ്തികളുടെ ഡിപ്രീസിയേഷന്‍ (തേയ്മാനം) എല്ലാ വര്‍ഷവും കണക്കുകളില്‍ കാണിക്കുകയും ലാഭത്തില്‍ നിന്ന് കുറയ്ക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ തുക കൃത്യമായി മാറ്റിവെച്ച് നിക്ഷേപിച്ചില്ലെങ്കില്‍ ഈ ആസ്തി മാറ്റേണ്ട സമയത്ത് ഫണ്ട് അപര്യാപ്തമാകുന്നത് സ്ഥിരമായി കാണാറുണ്ട്. ഇത് ഒഴിവാക്കുന്നതിന് ഡിപ്രീസിയേഷന്‍ കാണിക്കുന്ന തുക കൃത്യമായി നല്ല നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കണം.

റിലയന്‍സ്, വിപ്രൊ, ടി.സി.എസ് തുടങ്ങിയ വലിയ സ്ഥാപനങ്ങളും അതിന്റെ പ്രമോട്ടര്‍മാരും അവരുടെ നീക്കിയിരുപ്പിന്റെ ഒരു ഭാഗം മറ്റു കമ്പനികളുടെ ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാറുണ്ട്. ഇത് റിസ്‌ക്കിനെ വൈവിധ്യവല്‍ക്കരിക്കുന്നതിനും മറ്റ് സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ ഒരു പങ്ക് നേടിയെടുക്കാനും വേണ്ടിയാണ്.

ജീവനക്കാരുടെ ദീര്‍ഘകാലത്തിനു ശേഷമുള്ള പല ആവശ്യങ്ങള്‍ക്കും പെട്ടെന്ന് വലിയ തുകകള്‍ ആവശ്യമായി വരാറുണ്ട്.

വിരമിക്കുമ്പോള്‍ ഉള്ള ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഉദാഹരണങ്ങളാണ്. മാസംതോറും ഒരു നിശ്ചിത തുക ഇതിനായി നീക്കിവെച്ചാല്‍ ഈ ആവശ്യം അനായാസമായി കൈകാര്യം ചെയ്യാന്‍ സ്ഥാപനത്തിന് സാധിക്കും.

എവിടെ നിക്ഷേപിക്കാം?

ഒരു നിശ്ചിത ശതമാനം സ്ഥിര നിക്ഷേപമായി ബാങ്കുകളില്‍ ഇടാവുന്നതാണ്. എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നതും ഇവയുടെ മേല്‍ ഓവര്‍ഡ്രാഫ്റ്റ് ലോണ്‍ എടുക്കാമെന്നതും സ്ഥിര നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്നു. നികുതി കൂടി വരുമ്പോള്‍ ഇതിന്റെ റിട്ടേണില്‍ കുറവ് വരും എന്നത് ശ്രദ്ധിക്കണം.

മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങളാണ് കമ്പനികള്‍ക്ക് ഏറ്റവും അനുയോജ്യം. മാര്‍ക്കറ്റ് ലിങ്ക്ഡ് ഇന്‍വെസ്റ്റ്‌മെന്റുകള്‍ മാത്രമല്ല, സ്ഥിര വരുമാനമായി കരുതാവുന്ന ഡെറ്റ് ഫണ്ടുകള്‍, ഗോള്‍ഡ് ഫണ്ടുകള്‍, റിസ്‌ക് വളരെ കുറഞ്ഞ ആബിട്രജ് ഫണ്ടുകള്‍ എന്നിവയെല്ലാം മ്യൂച്വല്‍ ഫണ്ടുകളില്‍ ലഭ്യമാണ്. ദേശീയ തലത്തില്‍ നേടുന്ന വളര്‍ച്ചയുടെ ഒരു പങ്ക് ഫലപ്രദമായി നേടിയെടുക്കാനും മാര്‍ക്കറ്റ് ലിങ്ക്ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ പോലെ ഫലപ്രദമായ മറ്റൊന്നില്ല.

സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങുക എന്ന നിക്ഷേപ മാര്‍ഗമാണ് കൂടുതല്‍ പേരും കാലങ്ങളായി ചെയ്തുപോരുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യവും ടാക്‌സേഷന്റെ വിപരീത ഫലങ്ങളും പണമൊഴുക്കിന്റെ അഭാവവും ഈ നിക്ഷേപമാര്‍ഗത്തില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്. പലപ്പോഴും ദീര്‍ഘകാല ലീസിംഗിന് കിട്ടാവുന്ന സ്ഥാപന ആസ്തികള്‍ അവയെ സ്വന്തമാക്കുന്നതിനേക്കാള്‍ ലാഭകരവും ബുദ്ധിപരവും ആണ്.

എവിടെ, എങ്ങനെ, എപ്പോള്‍ നിക്ഷേപങ്ങള്‍ നടത്തണമെന്നും പിന്‍വലിക്കണമെന്നു മുള്ള കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്നത് പ്രൊഫഷണലിന്റെ സഹായമില്ലാതെ ചെയ്യാന്‍ സാധിക്കില്ല.

പലപ്പോഴും സാമ്പത്തിക മേഖലയില്‍ അറിവുള്ളവര്‍ക്കും ഇത്തരം കാര്യങ്ങളുടെ സമഗ്രമായ ജ്ഞാനം ഉള്ളതായി കാണാറില്ല. കമ്പനികളുടെ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗിനും മുന്‍പരിചയം ഉള്ള ഒരു സാമ്പത്തിക ആസൂത്രകന്റെ സഹായം തേടുക എന്നതാണ് നല്ലത്.

നിക്ഷേപിക്കുന്നതിന് മുമ്പ്

നിക്ഷേപം നടത്തുന്നതിന് മുമ്പ് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം

  • എത്ര കാലത്തേക്ക് നിക്ഷേപിക്കാം?
  • റിസ്‌ക് എടുക്കാന്‍ എത്രമാത്രം തയാറാണ്?
  • നികുതിവ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. അത്യാവശ്യത്തിന് പിന്‍വലിക്കാന്‍ സാധിക്കുമോ?
  • (Liquidity of Investment) പ്രതീക്ഷിക്കുന്ന റിട്ടേണ്‍.
  • എന്തിനുവേണ്ടിയാണ് നിക്ഷേപിക്കുന്നത്?


(ഹാന്‍ഹോള്‍ഡ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്ററാണ് ലേഖകന്‍. ഇ-മെയ്ല്‍: reachus@hanhold.com, വെബ്സൈറ്റ്: www.hanhold.com, ഫോണ്‍: 62386 01079)

(This article originally appeared in the December second issue of Dhanam Business Magazine)

Jimson David C
Jimson David C - Director of Hanhold Consulting Pvt. Ltd. and Co-founder of NAVION Wealth Management  
Related Articles
Next Story
Videos
Share it