കൊറോണ പ്രതിസന്ധികള്‍ക്കിടയിലും വന്‍ നിക്ഷേപ പദ്ധതിയുമായി യുവസംരംഭകര്‍

കേരളത്തിലെ ഏറ്റവും വലിയ അഡ്വഞ്ചറസ് പാര്‍ക്ക്- സ്‌പോര്‍ട്‌സ് സിറ്റി പദ്ധതിയുമായി ഒരു കൂട്ടം യുവസംരംഭകര്‍. കാസര്‍കോട്ടും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള മലയാളികളായ ഏതാനും യുവ സംരംഭകരുടെ കൂട്ടായ്‌യ്മയായ അബ്്‌യോ ഗ്രൂപ്പാണ് പദ്ധതിക്ക് പിന്നില്‍. കാസര്‍കോടിനടുത്ത് കുമ്പള ആരിക്കാടിയിലെ ആറേക്കര്‍ സ്ഥലത്താണ് ബേക്കല്‍ വാലി എന്ന പേരില്‍ പദ്ധതി ഒരുക്കുന്നത്.

ഏകദേശം 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ പദ്ധതിയുടെ നിര്‍മാണം ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലുടനെ തുടങ്ങും. ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം ഭാഗികമായി പൂര്‍ത്തിയാക്കി പാര്‍ക്ക് തുറക്കും. അഞ്ചു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ണസജ്ജമാകും. കോഴിക്കോട്ടെ ഡി2 ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ ആണ് രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്.

മൂന്നു പ്രത്യേക മേഖലകളാക്കി തിരിച്ചാണ് നിര്‍മാണം. ലക്ഷ്വറി പൂള്‍ വില്ലയടക്കമുള്ള ആറ് വില്ലകളാണ് അതില്‍ ആദ്യത്തേത്. മിതമായ വാടകയ്ക്ക് ഇവിടെ താമസിക്കാനാകും. ഗെയിം സോണുകളും റസ്റ്റൊറന്റുകളും അടക്കമുള്ള സൗകര്യങ്ങളുള്ള സ്‌പോര്‍ട്‌സ് സിറ്റി, അഡ്വഞ്ചറസ് തീം പാര്‍ക്ക് എന്നിവയാണ് രണ്ടും മൂന്നും മേഖലകള്‍.

സമ്പൂര്‍ണ സൈക്കിള്‍ ട്രാക്ക്, ഫുട്ബാള്‍ ടര്‍ഫുകള്‍, ക്രിക്കറ്റ് നെറ്റ്സ്, മാര്‍ഷല്‍ ആര്‍ട്‌സ് അക്കാഡമി, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ഥ സ്വിമ്മിങ് പൂളുകള്‍, ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട്, ജിം, സ്നൂക്കര്‍ മറ്റു ബോര്‍ഡ് ഗെയിം റൂമുകളുള്‍പ്പടെ രാജ്യാന്തര നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് സിറ്റിയുടെ മൊത്തം നിര്‍മാണവും സ്‌പോര്‍ട്‌സ് തീമില്‍ ഊന്നിയതായിരിക്കും. കായിക മേളയില്‍ കാസര്‍കോടിനെ കൈപിടിച്ചുയര്‍ത്തുന്നതിനുതകുന്നതാകും സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്. വിവിധ കെട്ടിടങ്ങള്‍ക്ക് രാജ്യാന്തര സ്‌പോര്‍ട്‌സ് താരങ്ങളുടെ പേരുകള്‍ നല്‍കുമെന്നും സംരംഭകനായ നൗഷാദ് ജെന്റ്‌സ് ഗാരേജ് പറയുന്നു.

റോപ്പ് സൈക്ലിങ്, സിപ് ലൈന്‍, ഗ്രാവിറ്റി ഫ്രീ ഫാളിങ് തുടങ്ങി ഇരുപതില്‍ അധികം ആക്ടിവിറ്റീസ് ഉള്‍പ്പെടുന്നതാകും അഡ്വഞ്ചറസ് സോണ്‍. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റസ്‌റ്റൊറന്റും കുട്ടികള്‍ക്ക് സമയം ചിലവഴിക്കാന്‍ സ്‌നോ സിറ്റി, ഡിജിറ്റല്‍ കിഡ്സ് പ്ലേയ്‌സോണ്‍, കിഡ്‌സ് പാര്‍ക്ക്, മിനി വാട്ടര്‍ തീം പാര്‍ക്ക് എന്നിവയുമുണ്ടാകും .

വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങളോടു കൂടി 1500 ആളുകളെ ഉള്‍കൊള്ളാന്‍ പറ്റുന്ന ഗ്രാന്‍ഡ് ഓഡിറ്റോറിയം, എക്‌സിക്യൂട്ടീവ് മീറ്റിംഗ് ഹാള്‍, ബാങ്കെറ്റ് ഹാള്‍, വാച്ച് ടവര്‍ എന്നിവയും പ്രോജക്ടില്‍ ഉള്‍പ്പെടുന്നു.

പൂര്‍ണമായും പരിസ്ഥിതിക്കിണങ്ങുന്ന രീതിയിലാണ് നിര്‍മാണമെന്ന് ഡി2 ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോയിലെ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ് ദീപക് ജി മീത്തല്‍ പറയുന്നു. തദ്ദേശീയമായ നിര്‍മാണ വസ്തുക്കള്‍ ഉപയോഗിച്ച് തികച്ചും കേരളീയമായ രീതിയിലാകും ഓരോ കെട്ടിടത്തിന്റെയും നിര്‍മാണം. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവര്‍ക്ക് സമയം ചെലവഴിക്കാന്‍ പറ്റുന്ന സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുക.

ജോഗിംഗ് ട്രാക്കുകളും സൈക്കിളിംഗ് ട്രാക്കുകളും ഉണ്ടാകും. പ്രവേശന കവാടത്തില്‍ നിന്നു തന്നെ സൈക്ക്ള്‍ വാടകയ്ക്ക് ലഭിക്കും. അത് ഉപയോഗിച്ച് പാര്‍ക്കില്‍ എല്ലായിടത്തും പോയി വരാനാകും.

ബേക്കല്‍ വാലി പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുകയും ഫീസിബിലിറ്റി സ്റ്റഡി പൂര്‍ത്തിയാക്കുകയും ചെയ്തു. പ്രോജക്ടിന്റെ സമ്പൂര്‍ണ ത്രീഡി ഡിസൈന്‍ ഉള്‍പ്പടെ തയാറാക്കി നിര്‍മാണം ആരംഭിക്കാനായി കാത്തിരിക്കുകയാണ് അബ്‌യോ ഗ്രൂപ്പ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it