Begin typing your search above and press return to search.
ധനം ബിസിനസ് സംഗമത്തിന് പ്രൗഢഗംഭീര തുടക്കം, അറിവിന്റെ വേദിയായി പാനല്‍ ചര്‍ച്ച
ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2024ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ഡിജിറ്റല്‍ യുഗത്തിലെ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് എന്ന വിഷയത്തെ അധികരിച്ച് ടി.വി.സി ഫാക്ടറി മാനേജിംഗ് ഡയറക്റ്റര്‍ സിജോയ് വര്‍ഗീസ് നയിക്കുന്ന പാനല്‍ ചര്‍ച്ചയോടെയാണ് സമ്മിറ്റ് ആരംഭിച്ചത്. ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യ മാനേജിംഗ് ഡയറക്റ്റര്‍ ഓര്‍വെല്‍ ലയണല്‍, ഹീല്‍ എന്റര്‍പ്രൈസസ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ രാഹുല്‍ മാമ്മന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സാഹചര്യങ്ങള്‍ക്കനുസരിച്ച് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയില്‍ മാറ്റം വരുത്തുകയെന്നതാണ് ഈ രംഗത്ത് വിജയിക്കാന്‍ വേണ്ടതെന്നും കസ്റ്റമര്‍മാരില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ അവര്‍ അതിരട്ടിയായി തിരികെ തരുമെന്നുമാണ് സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പാനല്‍ അംഗങ്ങള്‍ പങ്കുവച്ചത്. നോട്ടു നിരോധനവും കൊവിഡും അടക്കമുള്ള പ്രസിസന്ധി സമയങ്ങളില്‍ മാര്‍ക്കറ്റിംഗിലുണ്ടാക്കിയ കീഴ്മേല്‍ മറിക്കലുകളെ എങ്ങനെ കൈകാര്യം ചെയ്തുവെന്നതും വേറിട്ട അനുഭവമായി. ബ്രാന്‍ഡ് അംബാസിഡര്‍മാരെ എങ്ങനെ ഉപയോഗിക്കണം? എങ്ങനെയാണ് ബ്രാന്‍ഡ് അംബാസിഡര്‍മാരെ തിരഞ്ഞെടുക്കേണ്ടത്? ബ്രാന്‍ഡ് എവിടെയാണ് പൊസിഷന്‍ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചും സംരംഭകര്‍ക്ക് അറിവു പകരുന്നതായി പാനല്‍ ചര്‍ച്ച.
അസ്ഥിരതകളും സാങ്കേതിക മുന്നേറ്റങ്ങളും നിറഞ്ഞ പുതിയ യുഗത്തില്‍ ആത്മവിശ്വാസത്തോടെ ബിസിനസിനെ നയിക്കാന്‍ നേതൃനിരയിലുള്ളവര്‍ക്ക് ഉള്‍ക്കാഴ്ച പകര്‍ന്നേകാന്‍ സവിശേഷമായി രൂപകല്‍പ്പന ചെയ്ത ഈ മഹാസംഗമത്തില്‍ ടാറ്റ സ്റ്റീല്‍ ഗ്ലോബല്‍ സി.ഇ.ഒ ടി.വി നരേന്ദ്രനാണ് മുഖ്യാതിഥി.
വൈകിട്ട് 4.35 മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് എങ്ങനെ ബിസിനസ് വളര്‍ത്താം എന്ന വിഷയത്തെ ആസ്പദമാക്കി രാജ്യാന്തര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധന്‍ ആദിത്യ ബെര്‍ലിയ മാസ്റ്റര്‍ ക്ലാസ് നയിക്കും. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സ്ഥാപകന്‍ എം.പി അഹമ്മദ് പ്രത്യേക പ്രഭാഷണം നടത്തും.
മികവിന് അംഗീകാരം
സംസ്ഥാനത്തെ ബിസിനസ് മേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കുന്നവര്‍ക്കുള്ള ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വര്‍ണാഭമായ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും. ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ശ്യാം ശ്രീനിവാസനാണ് ഈ വര്‍ഷത്തെ ധനം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാവ്. ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മുത്തൂറ്റ് ഫിന്‍കോര്‍പ് മാനേജിംഗ് ഡയറക്റ്ററുമായ തോമസ് ജോണ്‍ മുത്തൂറ്റ് അര്‍ഹനായി. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ എ. ബാലകൃഷ്ണനാണ് ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍.
ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് നെസ്റ്റ് ഗ്രൂപ്പ് സോഫ്‌റ്റ്വെയര്‍ ബിസിനസ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്റ്ററും സിഇഒയുമായ നസ്‌നീന്‍ ജഹാംഗീറിനെ തെരഞ്ഞെടുത്തു.
സ്പിന്നര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ പി ജെ ജോര്‍ജ്കുട്ടിക്ക് ധനം എസ്എംഇ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് സൈലം ലേണിംഗ് സ്ഥാപകനും സിഇഒയുമായ ഡോ. അനന്തു എസിനെ തെരഞ്ഞെടുത്തു.
പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് അധ്യക്ഷനായ ജൂറിയാണ് ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്റ്റര്‍ സി.ജെ ജോര്‍ജ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ. ദാസ് എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങള്‍.
Next Story
Videos