ആറാമത് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ നാളെ മുതല്‍

പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്പോര്‍ട്സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐ.ബി.എം.എസ്) ആറാമത് പതിപ്പ് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ ഫെബ്രുവരി 8 മുതല്‍ 10 വരെ നടക്കും. കൊച്ചി ആസ്ഥാനമായ ക്രൂസ് എക്സ്പോസാണ് മേളയുടെ സംഘാടകര്‍.

റിക്രിയേഷനല്‍, ലീഷര്‍ ബോട്ടിംഗ് വിപണിയില്‍ നിന്നുള്ള സ്പീഡ്ബോട്ടുകള്‍, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, മറ്റ് സേവനദാതാക്കള്‍ തുടങ്ങി ഈ രംഗത്തെ മുഴുവന്‍ വ്യവസായ മേഖലകളില്‍ നിന്നുമുള്ളവര്‍ അണിനിരക്കുന്ന മേളയിൽ
60ലേറെ സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന്
ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. 5,000ത്തിലേറെ ബിസിനസ് സന്ദര്‍ശകരേയും പ്രതീക്ഷിക്കുന്നു.
കേരള സര്‍ക്കാരിനു കീഴിലുള്ള കെ-ബിപ്, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എന്‍.എസ്.ഐ.സി, കൊച്ചി വാട്ടര്‍ മെട്രോ, കേരളാ ടൂറിസം, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, എസ്.എന്‍.സി ഡി.ടി.പി.സി, ഐ.എം.യു എന്നീ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും മേളയ്ക്കുണ്ട്. ഇതിനു പുറമെ ബോട്ട് യാര്‍ഡുകള്‍, ഉപകരണ നിര്‍മാതാക്കള്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള എസ്.എം.ഇകളുടെ പ്രത്യേക ഇന്‍ഡസ്ട്രി പവലിയനും ഐ.ബി.എം.എ സിന്റെ ഭാഗമാകും.

വെണ്ടര്‍ ഡെവലപ്മെന്റെ പ്രോഗ്രാം

മേളയുടെ രണ്ടാം ദിവസം വിവിധ പ്രതിരോധ വകുപ്പ് സ്ഥാപനങ്ങള്‍, ഷിപ്പ്‌യാര്‍ഡുകള്‍, തുറമുഖങ്ങള്‍ എന്നിവയ്ക്കായുള്ള വെണ്ടര്‍ ഡെവലപ്മെന്റെ പ്രോഗ്രാം (വിഡിപി) എന്‍.എസ്.ഐ.സി സംഘടിപ്പിക്കും. ഈ മേഖലയില്‍ നിന്നുള്ള കൂടുതല്‍ എം.എസ്.എം.ഇകളെ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവങ്ങളും നല്‍കാന്‍ പ്രാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടാണ് വി.ഡി.പിയുടെ പ്രവര്‍ത്തനം. കേന്ദ്ര സര്‍ക്കാരിനു കീഴിലെ ആത്മ ഭാരത് സ്‌കീമിനു കീഴില്‍ ഇത്തരത്തില്‍പ്പെട്ട വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ എം.എസ്.എം.ഇ മേഖലയോട് അവരുടെ ഉല്‍പ്പന്ന, സേവന ആവശ്യങ്ങള്‍ അവതരിപ്പിക്കണമെന്നതിന്റെ പശ്ചാത്തലത്തിലാണ് വി.ഡി.പി.
വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരും
മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തെലങ്കാന , ലക്ഷദ്വീപ് തുടങ്ങിയ പ്രമുഖ ടൂറിസം ബോര്‍ഡുകള്‍ മേളയ്ക്ക് പ്രതിനിധികളെ അയക്കും. ഇവയ്ക്കു പുറമെ മാലി, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരും മേളയ്ക്കെത്താന്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വിവിധ വാട്ടര്‍ സ്പോര്‍ട്സ്, ലീഷര്‍ ബോട്ട് ഉപകരണ നിര്‍മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരെ തെരഞ്ഞെടുക്കാനാണ് ഇവരുടെ വരവ്.
ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, എന്‍.എസ്.ഐ.സി സ്റ്റേറ്റ് ഹെഡ് പോള്‍ ബ്രൈറ്റ് സിംഗ്, സമുദ്ര ഉത്തര്‍പ്രദേശ് എം.ഡി എസ്. ജീവന്‍, വാലെത്ത് ബോട്ട് യാര്‍ഡ് എം.ഡി പീറ്റര്‍ വാലെത്ത്, മറൈന്‍ എന്‍ജിനീയേഴ്സ് സംഘടനയുടെ പ്രസിഡന്റ് പ്രൊഫ. കെ.എ സൈമണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it