ഇങ്ങനെയുമുണ്ടോ ഒരു കോടീശ്വരൻ?

ബെര്‍ക്ക്‌ഷെയര്‍ ഹാത്‌വേ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ചെയര്‍മാനും പ്രമുഖ നിക്ഷേപകനുമായ വാറന്‍ ബഫെറ്റ് തന്റെ സ്വത്തിന്റെ 99 ശതമാനവും നേടിയത് അന്‍പത് വയസിന് ശേഷമാണ്.

മുപ്പതാമത്തെ വയസില്‍ ഒരു മില്യണ്‍ ഡോളര്‍ എന്ന നേട്ടം സ്വന്തമാക്കിയ ബഫെറ്റിന്റെ സ്വത്ത് ബില്യന്‍ ഡോളര്‍ കടക്കുന്നത് 56 മത്തെ വയസില്‍. പിന്നീട് ഉയര്‍ച്ചയുടെ വലിയ കണക്കുകള്‍ മാത്രം. വാറന്‍ ബഫറ്റിന്റെ ജീവിതത്തിലെ 12 അല്‍ഭുതകരമായ കാര്യങ്ങള്‍.

1. വാറന്‍ ബഫറ്റ് ആദ്യത്തെ ഓഹരി വാങ്ങുന്നത് 11ാം വയസില്‍.

കളിച്ചുനടക്കേണ്ട പ്രായത്തില്‍ വാങ്ങിയ ആ ഓഹരി അദ്ദേഹം വാങ്ങിയയുടനെ താഴേക്ക് പോയെങ്കിലും പിന്നീട് 500 ശതമാനം കുതിച്ചു. ഒരു ഓഹരിക്ക് 40 ഡോളറായിരുന്നുവെങ്കില്‍ പിന്നീടത് 200 ഡോളറായി ഉയര്‍ന്നു.

2. 16ാം വയസില്‍ 53,000 ഡോളര്‍ സമ്പാദിച്ചുകഴിഞ്ഞിരുന്നു അദ്ദേഹം.

ഓഹരി മാത്രമായിരുന്നില്ല, ചെറിയ ചെറിയ ചില വരുമാനമാര്‍ഗ്ഗങ്ങള്‍ കൂടിയുണ്ടായിരുന്നു ഈ കൗമാരക്കാരന്.

3. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു.

''ഹാര്‍വാര്‍ഡിനെക്കുറിച്ച് മറന്നേക്കൂ, നിങ്ങള്‍ക്ക് ഒരിക്കലും ഇവിടേക്ക് വരാന്‍ കഴിയില്ല.'' എന്നാണ് ഹാര്‍വാര്‍ഡ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂവില്‍ അവര്‍ ബഫറ്റിനോട് പറഞ്ഞത്.

4. വല്ലാത്ത ഭക്ഷണശീലം

ആറു വയസുകാരനെപ്പോലെയാണ് ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ഭക്ഷണശീലങ്ങള്‍. കൊക്കൊ കോളയും ഐസ്‌ക്രീമും ഉള്‍പ്പടെ 2700 കാലറി ഒരു ദിവസം കഴിക്കും! ജങ്ക് ഫുഡ് ആണ് ഏറെയിഷ്ടം. ചീസ്ബര്‍ഗറിനൊപ്പം ചെറികോക്ക് ആണ് ഇഷ്ടഭക്ഷണം.

5. താമസിക്കുന്നത് 60 വര്‍ഷം പഴക്കമുള്ള വീട്ടില്‍.

1958 മുതല്‍ അദ്ദേഹം താമസിക്കുന്നത് ഒരേ വീട്ടില്‍. അഞ്ച് കിടപ്പുമുറികളുള്ള ഒരു സാധാരണ വീടാണത്. കൊട്ടാരങ്ങളും ആഡംബരകാറുകളുമൊന്നും അദ്ദേഹം ഉപയോഗിക്കാറില്ല.

6. പരാജയപ്പെടുമെന്ന് പറഞ്ഞ ഭാവി അമ്മായിച്ഛന്‍.

മകള്‍ക്ക് വിവാഹാലോചനയുമായി ഭാവി അമ്മായിയച്ഛനെ പോയിക്കണ്ട ബഫറ്റ് തന്റെ ഭാവി പദ്ധതികള്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ബഫറ്റ് പരാജയപ്പെടും എന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

7. അദ്ദേഹവുമായി ഭക്ഷണം കഴിക്കാന്‍ ദശലക്ഷം ഡോളറുകള്‍ ചെലവിടാന്‍ തയാറായി നിരവധിപ്പേര്‍

വാറന്‍ ബഫറ്റുമൊത്ത് ലഞ്ച് കഴിക്കാന്‍ അവസരമുണ്ടാകുക വലിയൊരു ഭാഗ്യമായി കരുതി ദശലക്ഷങ്ങള്‍ അതിനായി ചെലവഴിക്കുന്നവര്‍ നിരവധി. ഒരു ലഞ്ചിന്റെ ചെലവ് 3.4 മില്യണ്‍ ഡോളര്‍.

8. ഒരു ദിവസം 37 മില്യണ്‍ ഡോളര്‍ വരുമാനം

2013ല്‍ ഒരു ദിവസം ശരാശരി അദ്ദേഹം നേടിയിരുന്നത് 37 മില്യണ്‍ ഡോളറാണ്.

9. സമ്പത്തിന്റെ 94 ശതമാനവും അദ്ദേഹം നേടിയത് 60 വയസിന് ശേഷമായിരുന്നു.

സമ്പാദിക്കാന്‍ പ്രായം ഒരു തടസമല്ലെ്ന്ന് തെളിയിച്ചു അദ്ദേഹം.

10. സ്വന്തമായുള്ള 20 സ്യൂട്ടുകള്‍… ഒന്നിനും പണം കൊടുത്തിട്ടില്ല.

മാഡം ലീ എന്ന പ്രശസ്ത ഡിസൈനര്‍ അവരുടെ ആളുകളെ വിട്ട് അദ്ദേഹത്തിന്റെ അളവ് എടുത്ത് ആദ്യമായി ഒരു സ്യൂട്ട് ഡിസൈന്‍ ചെയ്ത് സൗജന്യമായി അദ്ദേഹത്തിന് നല്‍കുകയായിരുന്നു. അവര്‍ അത് പിന്നീടും തുടര്‍ന്നുകൊണ്ടിരുന്നു.

11. ബഫറ്റ് ദിവസത്തിന്റെ 80 ശതമാനവും ചെലവഴിക്കുന്നത് വായിക്കാനായാണ്!

ശതകോടീശ്വര പദവിയിലേക്ക് അദ്ദേഹത്തെ വളര്‍ത്തിയതില്‍ ഈ ശീലത്തിന് വളരെ പങ്കുണ്ട്.

12. ഇ-മെയ്‌ലും ട്വീറ്റുമില്ല

വളരെ വിരളമായാണ് ബഫറ്റ് ഇ-മെയ്ല്‍ അയക്കുന്നത്. അതുപോലെ അദ്ദേഹം തനിയെ ട്വീറ്റ് ചെയ്യാറുമില്ല. ഉപയോഗിക്കുന്നതാകട്ടെ പഴയ മോഡല്‍ ഫോണും. ടച്ചിനോട് തീരെ പ്രതിപത്തിയില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it