ലോക്ക്ഡൗണിന് ശേഷം ബിസിനസ് റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ സംരംഭകരെ ശ്രദ്ധിക്കൂ ഈ 6 കാര്യങ്ങള്‍

ലോക്ക്ഡൗണിന് ശേഷം ബിസിനസ് റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ സംരംഭകരെ ശ്രദ്ധിക്കൂ ഈ 6 കാര്യങ്ങള്‍
Published on

കോവിഡിന്റെ സാമൂഹ്യ വ്യാപനം ചെറുക്കാന്‍ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ച് കഴിയുമ്പോള്‍ നമ്മെ കാത്തിരിക്കുന്നത് ഏറെ മാറിയ ഒരു ലോകമാകും. നമുക്ക് മുന്‍പരിചയമില്ലാത്ത  പുതിയ ഒരു ലോകക്രമവും സാമ്പത്തിക ക്രമവുമാകും അതെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു വേണം നമ്മുടെ ഓരോ നീക്കവും പ്ലാന്‍ ചെയ്യേണ്ടത്. ബിസിനസ്സുകള്‍ വീണ്ടും ചലിപ്പിച്ചു തുടങ്ങുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു .

1. ബിസിനസ് റീസ്റ്റാര്‍ട് ചെയ്യുന്നതിന് മുന്‍പ് രണ്ടു വട്ടം ആലോചിക്കുക

നാം ഇതുവരെ ചെയ്തിരുന്ന ബിസിനസിന് ഇനിയും സാധ്യത ഉണ്ടോ എന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. നമ്മുടെ കസ്റ്റമേഴ്‌സിന്റെ സാമ്പത്തികാവസ്ഥ വളരെയധികം മാറിയിട്ടുണ്ടാവും എന്നതാണ് സത്യം. പല അത്യാവശ്യങ്ങളും അത്യാഡംബരങ്ങള്‍ എന്ന നിലയിലേക്ക് മാറും എന്നതാണ് ഇതിന്റെ ഒരു പരിണിത ഫലം.

B2B ആണെങ്കിലും B2C ആണെങ്കിലും കസ്റ്റമേഴ്‌സിന്റെ ഈ ഒരു മാറ്റം നമ്മുടെ ബിസിനസില്‍ ഉറപ്പായും പ്രതിഫലിക്കും. മാത്രവുമല്ല പഴയതു പോലെ ഉത്പന്നങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെ വില ഉയരാനും, ദൗര്‍ലഭ്യത്തിനും സാധ്യതയും ഉണ്ട്. അങ്ങനെ വരുമ്പോള്‍ നമ്മുടെ ഉല്‍പ്പന്നത്തിന്റെ ഉല്‍പ്പാദന ചെലവും ഗണ്യമായി ഉയര്‍ന്നേക്കാം.

ഈ വിധം നിരവധി കാര്യങ്ങളില്‍ മാറ്റം വരുന്നത് കൊണ്ട് പഴയ പ്രതാപത്തിലും ഈഗോയിലും കുടുങ്ങാതെ പിച്ച വെച്ച് സാവധാനം ബിസിനസിലേക്ക് തിരിച്ചു വരുന്നതാണ് ഏറെ അഭികാമ്യം. സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ അവലംബിക്കുന്ന, ഘട്ടം ഘട്ടമായി കാര്യങ്ങള്‍ ചെയ്യുന്ന ഒരു ലീന്‍ മോഡല്‍ ആണ് ഈ ഒരു ഘട്ടത്തില്‍ ഏറെ നല്ലത്.

2. ഒരു ടീം കള്‍ച്ചര്‍ വളര്‍ത്തി കൊണ്ട് വരുക

നല്ലൊരു ശതമാനം ബിസിനസുകളിലും അതിന്റെ സാരഥി സൂപ്പര്‍ ഹീറോ ആകുന്ന കാഴ്ച ആണ് നമ്മുടെ നാട്ടില്‍ പൊതുവെ കണ്ടു വരുന്നത്. കച്ചവടം നടന്നില്ലെങ്കിലും, കടമെടുത്തിട്ടായാലും ചെലവെല്ലാം നടത്തി കൊണ്ട് പോകുന്ന ഒരു ബിസിനസ്് ഉടമ എന്ന വല്യേട്ടനെ ആണ് പലയിടത്തും കാണാന്‍ കഴിയുക. ബിസിനസിന്റെ ചക്രം ഉരുളല്‍ നിലച്ചപ്പോള്‍ പലരും ഈ ഒരു സമ്പ്രദായത്തിന്റെ പാളിച്ചകള്‍ തിരിച്ചറിഞ്ഞു എന്നതാണ് വസ്തുത.

ബിസിനസ് മുന്നോട്ടു ചലിക്കേണ്ടത് ബിസിനസ്് ഉടമയുടെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ചു ടീമിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്തമാണ്. ഈ സത്യം ബോധ്യപ്പെടുത്തി നല്ല ഒരു ടീം കള്‍ച്ചര്‍ സ്ഥാപനത്തില്‍ കൊണ്ടുവരിക എന്നതായിരിക്കണം ആദ്യ പടി.

എല്ലാ കാര്യങ്ങള്‍ക്കും ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രോസിജിയര്‍ (SOP) ഉണ്ടെന്നു ഉറപ്പു വരുത്തി മുന്നോട്ടു പോയാല്‍ നല്ല ഒരു കള്‍ച്ചര്‍ നമ്മുടെ സ്ഥാപനത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയും.

3. സാമ്പത്തിക അച്ചടക്കം കൊണ്ട് വരിക

നമ്മുടെ സ്ഥാപനത്തില്‍ ചെലവുകള്‍ ചുരുക്കി നല്ലൊരു സാമ്പത്തിക അച്ചടക്കം കൊണ്ടുവരിക എന്നുള്ളതാണ് അടുത്ത പടി. ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍, പല ചെലവുകളും ധൂര്‍ത്തായിരുന്നു എന്ന തിരിച്ചവറിവ് നമുക്ക് ലഭിക്കും. ഓഫിസ് വരെ ഒരു ആഡംബരം ആയിരുന്നു എന്ന തിരിച്ചറിവ് പലര്‍ക്കും ലഭിച്ചു. കൂടാതെ അനാവശ്യ യാത്രകള്‍, മറ്റു ചെലവുകള്‍ എല്ലാം ചുരുക്കാന്‍ കഴിയുന്നവയാണ് എന്ന തിരിച്ചറിവ് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

കോവിഡ് അനന്തര ലോകം, കൈയില്‍ പണമുള്ളവന്റെ കൂടി ലോകം ആയിരിക്കും. അവിടെ പണമുള്ളവന് നല്ല വിലപേശല്‍ ശേഷി കാണും. മാത്രമല്ല പുതിയ വായ്പകള്‍ ലഭിക്കുക എന്നത് ഏറെ കുറെ അസാധ്യമാവുകയും ചെയ്യും.

ആ സാഹചര്യത്തില്‍ നമ്മുടെ ചെലവുകള്‍ പരമാവധി ചുരുക്കാന്‍ നാം ശ്രമിക്കുക. കൂടുതല്‍ ജീവനക്കാരെ 'വര്‍ക്ക് ഫ്രം ഹോം' മോഡിലേക്ക് മാറ്റുക, യാത്രകള്‍ ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിംഗ് പോലെയുള്ള നടപടികളിലേക്ക് നീങ്ങുക എന്നതെല്ലാം പ്രായോഗികമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ചിലതാണ്.

4. കോണ്‍ട്രാക്ടുകള്‍ പുതുക്കുക .

ലോക്ക്ഡൗണ്‍ കാലത്തിന് മുമ്പ് നല്ല ബിസിനസും വിറ്റുവരവും ഉള്ളത് കൊണ്ട് പല ദീര്‍ഘകാല കോണ്‍ട്രാക്ടുകളിലും ഏര്‍പ്പെട്ടിട്ടുണ്ടാകും. ഇതെല്ലാം അതുമായി ബന്ധപ്പെട്ട കക്ഷികളുമായി സംസാരിച്ചു പുതുക്കുക എന്നത് അത്യന്താപേക്ഷിതമാണ്. കെട്ടിട വാടക ഇനത്തില്‍ ഒക്കെ ഇങ്ങനെ ആദ്യ മാസം മുതലേ കുറവ് വരുത്തുവാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുക.

മറ്റൊന്നാണ് ജീവനക്കാരുടെ ശമ്പളവും അവരുമായുള്ള കോണ്‍ട്രാക്ടുകളും. നമ്മുടെ ജീവനക്കാരെ എല്ലാം അതെ പടി നിലനിര്‍ത്തി മുന്നോട്ട് പോവുക അസാധ്യമാണെന്ന കാര്യം അവരോട് പറഞ്ഞു ബോധ്യപ്പെടുത്തുക. പിരിച്ചു വിടല്‍ പോലെയുള്ള നടപടികളിലേക്ക് ഉടന്‍ തന്നെ പോയില്ലെങ്കിലും അവരുടെ വേതന വ്യവസ്ഥകളിലും മറ്റും ഒരു പുനര്‍ വിചിന്തനം ആവശ്യമാണ് .

5. മള്‍ട്ടി ടാസ്‌കിങ് ചെയ്യാന്‍ ജീവനക്കാരെ ശാക്തീകരിക്കുക

നമ്മുടെ സ്ഥാപനത്തിലെ പല നിയമനങ്ങളും ആവശ്യമില്ലാത്തതായിരുന്നു എന്ന തിരിച്ചറിവ് ലോക്ക്ഡൗണ്‍ കാലത്തെ ചില ബിസിനസ് അനുഭവങ്ങളില്‍ നിന്നും മനസ്സിലായിട്ടുണ്ടാവും. അതുപോലെ തന്നെ പല ജീവനക്കാരും അവരുടെ കഴിവിന്റെ പകുതി പോലും ഉപയോഗിക്കുന്നില്ല. ബിസിനസ്് റീസ്റ്റാര്‍ട് ചെയ്യുമ്പോള്‍ കഴിയുമെങ്കില്‍ എല്ലാ ജീവനക്കാരെയും ഒരു റീ ഇന്റര്‍വ്യൂ പ്രോസസ്സ് വഴി കടത്തി വിട്ട്, അവരെ ഒന്ന് അപ്‌സ്‌കില്‍ ചെയ്ത്,  അവരുടെ കഴിവുകള്‍ പരമാവധി നമ്മുടെ ബിസിനസിന്റെ വളര്‍ച്ചക്ക് ഉപകാരപ്പെടുത്തുവാന്‍ ശ്രമിക്കുക.

6. സാധ്യമായത്ര ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുക

റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍ ഒക്കെ ഏറെ വിപുലമാകുന്ന കാലമാണിത്. സ്ഥിരമായി ഒരേ രീതിയില്‍ ചെയ്യുന്നവ കൂടുതല്‍  കാര്യക്ഷമമായി ചെയ്യാന്‍ കഴിയുന്ന ഓട്ടോമേഷനിലേക്കു മാറും വിധം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. എന്ത് ചെലവും സൂക്ഷിച്ചു വേണം. അതുകൊണ്ട് ലാഭ നഷ്ട കണക്കു കൂട്ടലുകള്‍ കൃത്യമായി തന്നെ അവലോകനം ചെയ്തതിനു ശേഷം മാത്രം തുടങ്ങുക.

ഇങ്ങിനെ നമ്മുടെ ബിസിനസിനെ മൊത്തത്തില്‍ ഒന്ന് ക്ലീന്‍ അപ്പ് ചെയ്യുവാന്‍ ഉള്ള അവസരമായി ഇതിനെ കാണണം. തിരിച്ചുവരവ് വിജയകരമാക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും കോവിഡ് അനന്തര ലോകം മുന്നില്‍ വെയ്ക്കുന്ന നിരവധി സാധ്യതകള്‍ നമുക്ക് പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും.

(ലേഖകന്‍ ബിസിനസുകള്‍ക്ക് ഓര്‍ഗനൈസഷന്‍ ഡെവലപ്‌മെന്റ്, ലീഡര്‍ഷിപ് കോച്ചിങ് നല്‍കുന്ന സര്‍ട്ടിഫൈഡ് ലീഡര്‍ഷിപ് കോച്ച്,

സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഫോണ്‍ :9961429066, ഇമെയില്‍ :shihab@winwius.com)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

container cargo freight ship with working crane bridge in shipyard
240 മില്യണ്‍ ബാരല്‍ എണ്ണ ഇന്ത്യയുടെ ഭൂമിക്കടിയില്‍, കുഴിച്ചെടുക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; മിഷന്‍ 24 പർഗനാസ് ലക്ഷ്യം കാണുമോ?
VKC launches India's first pan-India online footwear collection, Amitabh Bachchan
Tesla Modely Mid size suv
logo
DhanamOnline
dhanamonline.com