GST രജിസ്‌ട്രേഷൻ കുട്ടിക്കളിയല്ല; നിസ്സാരമായിക്കണ്ട് GST രജിസ്‌ട്രേഷൻ എടുത്തുവെക്കുന്നവരെ കാത്തിരിക്കുന്നത് വൻ ബാദ്ധ്യത

GST രജിസ്‌ട്രേഷൻ കുട്ടിക്കളിയല്ല; നിസ്സാരമായിക്കണ്ട് GST രജിസ്‌ട്രേഷൻ എടുത്തുവെക്കുന്നവരെ കാത്തിരിക്കുന്നത് വൻ ബാദ്ധ്യത

ഇന്ത്യാമഹാരാജ്യം മാസങ്ങളായി COVID-19ന്റെ കുരുക്കിലകപ്പെട്ട് വലയുകയാണ്. ദൈനംദിനജീവിതത്തെ ബാധിക്കുന്ന ഒരുപാട് മേഖലകൾ തടസ്സപ്പെട്ടെങ്കിലും ഇന്ന് രാജ്യത്താകമാനം ഒരു തടസ്സവും മുടക്കവുമില്ലാതെ ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്ന ഒരേയൊരു സംഗതി GST നോട്ടീസുകളുടെ വരവാണ്. 2020 ജൂലൈ മാസം ആയപ്പോഴേക്കും ഇന്ത്യയിലെ നികുതിദായകർക്ക് GSTNൽനിന്നും കേന്ദ്ര GST ഓഫീസർ മുഖേനയോ സംസ്ഥാന GST ഓഫീസർ മുഖേനയോ ആയിരക്കണക്കിന് നികുതി നോട്ടീസുകളും പേയ്‌മെന്റ് ഇന്റിമേഷനുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. COVID-19ന്റെ ഈ തീവ്രമായ അവസ്ഥയിൽ പോലും നോട്ടീസുകൾ GSTN പോർട്ടലിൽ നിറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഇത്തരം നോട്ടീസുകളിൽ വലിയൊരു ഭൂരിഭാഗവും എത്തുന്നത്‌ GST രജിസ്‌ട്രേഷൻ എടുത്ത ശേഷം കാലങ്ങളായി തങ്ങളുടെ GSTN പോർട്ടലോ റിട്ടേൺ നിബന്ധനകളോ തിരിഞ്ഞുപോലും നോക്കാതെ ഇട്ടിരിക്കുന്ന ഒരു പറ്റം നികുതിദായകരുടെ അരികിലേക്കാണ്.

GST രജിസ്‌ട്രേഷൻ എന്നത് PAN എടുക്കുന്നതുപോലെയുള്ള ഒറ്റത്തവണ പരിപാടി ആണ് എന്നാണ് ഇന്നും വളരെയധികം ആളുകൾ വെച്ചുപുലർത്തുന്ന ഒരു അബദ്ധധാരണ. ഇത് തെറ്റാണ്. GST രജിസ്‌ട്രേഷൻ എടുക്കുക എന്നത് GST നിയമങ്ങൾ പ്രകാരം ഒരു രെജിസ്റ്റേഡ് ഡീലർ പാലിക്കേണ്ട എല്ലാ നിബന്ധനകളും പാലിച്ചുകൊള്ളാം എന്ന ഒരു സമ്മതപത്രം ഒപ്പിട്ടുനൽകുന്നതിന് തത്തുല്യമായ പ്രവൃത്തിയാണ്. ഇതുകൊണ്ടുതന്നെ രജിസ്‌ട്രേഷൻ എടുത്ത ആളുകൾ GST നിയമങ്ങളുടെ നിബന്ധനകൾ പാലിച്ചില്ല എങ്കിൽ അവരുടെ മേൽ അസ്സസ്സ്മെന്റുകളും പിഴ മുതലായ ശിക്ഷാനടപടികളും ചുമത്താൻ ഡിപ്പാർട്ട്‌മെന്റിന് കേവലം അധികാരമല്ല, ഉത്തരവാദിത്തം ഉണ്ട്.

GST രജിസ്‌ട്രേഷൻ വെറുതേ എടുത്ത് ഇട്ട ശേഷം പ്രശ്നത്തിൽ അകപ്പെട്ടുകൊണ്ടിരിക്കുന്നതായി ഇപ്പോൾ കാണുന്ന മൂന്ന് തരം ആളുകളാണ് ഉള്ളത്:

(1) സ്വന്തം GSTN പോർട്ടലും രജിസ്‌ട്രേഷൻ എടുക്കുമ്പോൾ കൊടുത്ത ഈമെയിൽ അക്കൗണ്ടും ഫോൺ നമ്പറും ശ്രദ്ധിക്കാത്തവർ:

വലിയൊരു വിഭാഗം സാധാരണ ബിസിനസ്സുകാരും GST രജിസ്‌ട്രേഷൻ എടുക്കുന്ന സമയത്ത് ഏതെങ്കിലും ഒരു ഈമെയിൽ അക്കൗണ്ടോ ഫോൺ നമ്പറോ ആവാം കൊടുത്തിരിക്കുന്നത്. ഈ ഈമെയിൽ അക്കൗണ്ടിലേക്കോ ഫോൺ നമ്പറിലേക്കോ ഒക്കെ അസ്സസ്സ്മെന്റ് ഓർഡറുകളോ നോട്ടീസുകളോ ഡിമാൻഡുകളോ വന്നാൽ അത് ശ്രദ്ധിക്കപ്പെടണമെന്നില്ല. GSTNൽ എന്തെങ്കിലും ആവശ്യങ്ങൾക്കു മാത്രമേ സാധാരണ നിലയിൽ ഒരു സാധാരണ അസ്സസ്സി കയറിനോക്കുകയുള്ളൂ. അതിനാൽ നോട്ടീസോ ഡിമാൻഡോ വന്നു കിടന്നാൽ അതും ചിലപ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകാം. പക്ഷേ ഈ അശ്രദ്ധ മാപ്പാക്കിക്കിട്ടാനുള്ള ഒരു വകുപ്പും തൽക്കാലം GST നിയമങ്ങളിലില്ല.

GST നിയമപ്രകാരമുള്ള നോട്ടീസുകൾ GSTNലോ രെജിസ്റ്റേഡ് ഈമെയിൽ അക്കൗണ്ടിലോ ഫോൺ നമ്പറിലോ വന്നാൽ തന്നെ അത് സെർവ് ചെയ്യപ്പെട്ടു കഴിഞ്ഞതായി കണക്കാക്കും. അതായത് നോട്ടീസ് അയക്കപ്പെട്ട ദിവസം മുതൽ അതിൽ പറയുന്ന കാലാവധികൾ കുറഞ്ഞു വന്നുകൊണ്ടിരിക്കും.

GSTNൽ എത്ര വൻ തുകയുടെ ഡിമാൻഡ് വന്നാലും അതിനെതിരെ അപ്പീൽ കൊടുക്കാൻ പറ്റുന്ന പരമാവധി കാലാവധി ഡിമാൻഡ് GSTNൽ വന്നതുമുതൽ 3 മാസത്തിനുള്ളിൽ ആണ്. പരമാവധി 1 മാസം കൂടി അപ്പീലിന്റെ വൈകൽ മാപ്പാക്കി അപ്പീൽ പരിഗണിക്കാം. അതിനപ്പുറം അത് മാപ്പാക്കാനും നിയമത്തിൽ വ്യവസ്ഥയില്ല. ചുരുക്കത്തിൽ, GSTNൽ ഒരു നോട്ടീസ്, അല്ലെങ്കിൽ ഡിമാൻഡ്, 120 ദിവസത്തിനു മുൻപ് വന്നുപോയി എങ്കിൽ നികുതിദായകന് അപ്പീൽ കൊടുക്കാനുള്ള സാഹചര്യം കൂടി നിയമമനുസരിച്ച് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്‌. ചുരുക്കത്തിൽ, ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ ഒരു ഡിമാൻഡ് GSTNൽ ക്രിയേറ്റ് ചെയ്ത് ഇട്ടുകഴിഞ്ഞാൽ, ഈ 120 ദിവസം നമ്മുടെ നികുതിദായകൻ അത് ശ്രദ്ധിച്ചില്ല എങ്കിൽ നികുതിദായകൻ ആ നികുതി, അതിന്റെ പെനാൽറ്റി, അതിന്റെ പലിശ തുടങ്ങിയവയെല്ലാം അടയ്ക്കാൻ ബാദ്ധ്യസ്ഥനായി മാറും. ഈയടുത്ത് വന്നുകൊണ്ടിരിക്കുന്ന ഡിമാൻഡുകളും പെനാൽറ്റി ഓർഡറുകളും എല്ലാം തന്നെ വളരെ വലിയ തുകകളുമാണ്.

(2) രജിസ്‌ട്രേഷൻ എടുത്തിട്ട് റിട്ടേൺ കൊടുക്കാത്തവർ:

ഈ ലേഖനത്തിൽ ആദ്യം പറഞ്ഞതു പോലെ GST രജിസ്‌ട്രേഷൻ എടുക്കുക എന്നത് GST നിയമപ്രകാരം ഒരു രെജിസ്റ്റേഡ് ഡീലർ ചെയ്യേണ്ടതെല്ലാം ചെയ്തുകൊള്ളാം എന്ന് സമ്മതം കൊടുക്കൽ ആണ്. ഇതുകൊണ്ടുതന്നെ
രജിസ്ട്രേഷൻ എടുത്ത ആളുകൾ അതിനു ശേഷം റിട്ടേണുകൾ സമയബന്ധിതമായി കൊടുത്തില്ലെങ്കിൽ ഓരോ മാസത്തെയും അസ്സസ്സ്മെന്റുകൾ ഓഫീസർക്ക് ഉത്തമബോദ്ധ്യമാണ് എന്ന നിലയിൽ എക്‌സ് പാർട്ടി (ex parte) അസ്സസ്സ്മെന്റുകളായി വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ നടത്തുന്ന 62ആം വകുപ്പു പ്രകാരമുള്ള അസ്സസ്സ്മെന്റുകൾക്കും മുകളിൽ പറഞ്ഞ 90 ദിവസം അപ്പീൽ പരിധി ബാധകമാണ്. 90 ദിവസവും അടുത്ത 30 ദിവസവും കൂടി കഴിഞ്ഞാൽ രജിസ്‌ട്രേഷൻ എടുത്തിട്ട് റിട്ടേൺ കൊടുക്കാതിരിക്കുന്ന ആൾക്ക് വൻ ബാദ്ധ്യതയാണ് വരാൻ പോകുന്നത്.

ഉദാഹരണത്തിന് ഒരു ഇലക്ട്രിക്കൽ വർക്ക് ചെയ്യുന്ന ആളുടെ കാര്യം എടുക്കുക. അയാൾക്ക് ടർണോവർ 5 ലക്ഷം മാത്രമായിരിക്കാം. അയാൾ രജിസ്‌ട്രേഷൻ എടുക്കേണ്ട കാര്യമില്ല. പക്ഷേ ഒരു വർക്ക് ഓർഡർ കിട്ടാൻ GST രജിസ്‌ട്രേഷൻ വേണമെന്ന് പറഞ്ഞപ്പോൾ അയാൾ രജിസ്‌ട്രേഷൻ പേരിന് എടുത്തു. പിന്നെ ഇതിന്റെ വരും വരായ്കകൾ ശ്രദ്ധിക്കാതെ വിട്ടു. അദ്ദേഹം GST റിട്ടേണുകൾ മാസം തോറുമോ ത്രൈമാസം ഓപ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അങ്ങനെയോ കൃത്യമായി കൊടുക്കാതിരുന്നാൽ ബന്ധപ്പെട്ട പ്രോപ്പർ ഓഫീസർക്ക് ഇദ്ദേഹത്തിന്റെ റിട്ടേൺ കിട്ടാത്ത പക്ഷം 'ബെസ്റ്റ് ഓഫ് ജഡ്ജ്‌മെന്റ്' അസ്സസ്സ്മെന്റ് നടത്തേണ്ടതായി വരുന്നു. അങ്ങനെ 'ബെസ്റ്റ് ഓഫ് ജഡ്ജ്‌മെന്റ്' അസ്സസ്സ്മെന്റ് നടത്തുന്ന സമയത്ത് എന്താണ് സംഭവിക്കുന്നത്? ഓഫീസർ ഓഫീസറുടെ കാഴ്ചപ്പാടിൽ ഒരു തുക ഫിക്സ് ചെയ്യുന്നു. അടുത്ത മാസം അതിന്റെ 10ഓ 20ഓ ശതമാനം കൂടി കൂട്ടി തുക ചുമത്തുന്നു. ഇതിന്റെ അർത്ഥം, ഒന്നോ രണ്ടോ വർഷമായി റിട്ടേൺ കൊടുക്കാതെ പോയിട്ടുള്ള രജിസ്‌ട്രേഷൻ എടുത്ത ആളുകളുടെ 'ബെസ്റ്റ് ഓഫ് ജഡ്ജ്‌മെന്റ്' അസ്സസ്സ്മെന്റ് നടത്തി ഓർഡറും ഡിമാൻഡും GSTNൽ ഇപ്പോൾത്തന്നെ വന്നു കിടക്കുന്നുണ്ടാവും. നമ്മൾ നേരത്തെ കണ്ട ഇലക്ട്രിക്കൽ കോൺട്രാക്ടർക്ക് ഒരു പക്ഷേ 5 ലക്ഷം മാത്രമേ ടർണോവർ ഉണ്ടായിരിക്കുകയുള്ളൂ. അയാൾക്ക് നിയമമനുസരിച്ച് രജിസ്‌ട്രേഷൻ എടുക്കേണ്ട ആവശ്യം പോലും ഉണ്ടായിരുന്നില്ല. പക്ഷേ അയാൾ എടുത്തു. എന്നിട്ടയാൾ റിട്ടേൺ കൊടുക്കാതിരിക്കുകയാണെങ്കിൽ അയാൾക്ക് 10ഓ 25ഓ ലക്ഷം രൂപയുടെ അസ്സസ്സ്മെന്റ് ഓർഡർ വരെ വരാം. 120 ദിവസം കഴിഞ്ഞാൽ ആ ഓർഡറിനെതിരെ അപ്പീൽ കൊടുക്കാനും തടസ്സമുണ്ടായിരിക്കും.

(3) ഇടപാടുകളുടെ സമഗ്രമായ വിവരങ്ങൾ സൂക്ഷിക്കാത്തവർ:

ഒരു രെജിസ്റ്റേഡ് ഡീലർ റിട്ടേൺ സമയത്തിന് കൊടുക്കുന്നുണ്ട്, GSTN പോർട്ടലും ഈമെയിലും ഫോൺ നമ്പറും ശ്രദ്ധിക്കുന്നുണ്ട് എന്നു തന്നെ ഇരിക്കട്ടെ. എങ്കിലും ഇടപാടുകളുടെ എല്ലാ ചെറിയ വിവരങ്ങൾ ഉൾപ്പെടെ കൃത്യമായി രേഖപ്പെടുത്തി വെക്കുന്നില്ല എന്നുണ്ടെങ്കിൽ അയാളും പ്രശ്നത്തിലാകാം.

ഇപ്പോൾ നിരവധി നോട്ടീസുകൾ വരുന്നത് Form 2A mismatch ആരോപിച്ചുകൊണ്ടാണ്. Form 2A എന്നത് നമ്മുടെ സപ്ലയർമാർ അവരുടെ Form 1 സെയിൽസ് ലിസ്റ്റുകൾ അവരുടെ GSTNൽ അപ്‌ലോഡ് ചെയ്യുമ്പോൾ നമ്മുടെ GSTNഇൽ 'auto-generated' ആയി (അഥവാ സ്വയം ഉണ്ടായി) വരുന്ന ഒരു Form ആണ്. Mismatch ആരോപിച്ചുകൊണ്ട് വരുന്ന ഭൂരിഭാഗം നോട്ടീസുകളുടെയും വസ്തുത എന്തെന്നാൽ നമ്മുടെ കൈയിൽ പർച്ചേസ് ഇൻവോയ്‌സ് ഉണ്ട്, നമ്മൾ പേയ്‌മെന്റ് കൊടുത്തിട്ടുണ്ട്, ഇൻപുട്ട് ടാക്‌സ് എടുത്തിട്ടും ഉണ്ട്. എന്നാൽ ആ ട്രാൻസാക്ഷൻ നമ്മുടെ സപ്ലയർ നമ്മുടെ നമ്പറിൽ അപ്‌ലോഡ് ചെയ്യാതിരിക്കുകയോ ടാക്‌സ് അടയ്ക്കാതിരിക്കുകയോ ചെയ്താൽ നമ്മുടെ Form 2Aയും നമ്മൾ Form 3Bയിൽ കാണിച്ചിരിക്കുന്ന പർച്ചേസ് വാല്യുവും തമ്മിൽ mismatch കാണിക്കും. സാങ്കേതികപ്രശ്നങ്ങൾ കൊണ്ടും ഇങ്ങനെ mismatch കാണിക്കാം. ഇങ്ങനെ നമ്മുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് mismatch വന്നാൽപ്പോലും നമുക്കുമേലേ ഇൻപുട്ട് ടാക്‌സ് നിഷേധിച്ചുകൊണ്ടും അതിന് പലിശയും പെനാൽറ്റിയും ഒക്കെ ചുമത്തിക്കൊണ്ടും നേരത്തേ സൂചിപ്പിച്ച പോലെ സെക്ഷൻ 73/74ന്റെ പേരിൽ വൻ തുകയ്ക്കുള്ള നോട്ടീസുകളും ഡിമാൻഡുകളും വരാം.

ഇത്തരം നോട്ടീസുകൾക്കും ഡിമാൻഡുകൾക്കും മേൽപ്പറഞ്ഞ 90 ദിവസം സമയപരിധി ബാധകമായിരിക്കും. ഇത്തരം നോട്ടീസുകൾ വന്നാൽ മുൻ ഇടപാടുകളുടെയും സപ്ലയർമാരുടെയും വിശദവിവരങ്ങൾ എളുപ്പത്തിൽ എടുക്കാവുന്ന രീതിയിൽ സൂക്ഷിക്കുന്ന ഒരാളല്ല ഡീലർ എങ്കിൽ മറുപടി കൊടുക്കാൻ പോലുമാവാതെ പെട്ടുപോകും എന്നത് ഉറപ്പ്.

(4) GST നിയമത്തിലെ സാങ്കേതികതകൾ അറിയാത്തവർ:

GST നിയമത്തിൽ കുഴപ്പിക്കുന്ന പല വകുപ്പുകളുമുണ്ട്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു കുഴപ്പിക്കുന്ന സെക്ഷനാണ് 'ചില തരം പർച്ചേസുകൾക്ക് ഇൻപുട്ട് എടുക്കാൻ പാടില്ല' എന്ന് പറയുന്ന Sec.17(5). ഇത് കൃത്യമായി മനസ്സിലാക്കാതെ ഇൻപുട്ട് തെറ്റായി ഇൻപുട്ട് എടുത്തുപോകുന്നവർക്ക് നിയമവിരുദ്ധമായി 'Blocked Input Tax Credit' എടുത്തു എന്ന ആരോപണത്തിന്മേൽ പിഴയും പലിശയും ഉൾപ്പെട്ട വൻ തുകകൾക്കുള്ള ഡിമാൻഡുകൾ ഇപ്പോൾ വ്യാപകമായി വരുന്നുണ്ട്.

അപ്പോൾ ചുരുക്കത്തിൽ, GST രജിസ്‌ട്രേഷൻ എടുക്കുന്നവർ (a) വളരെ കൃത്യമായ രീതിയിൽ GST Networkഉം രെജിസ്റ്റർ ചെയ്തപ്പോൾ കൊടുത്ത ഫോൺ നമ്പറും ഈമെയിൽ അക്കൗണ്ടും പരിശോധിച്ചുകൊണ്ടിരിക്കുകയും, (b) റിട്ടേണുകൾ സമയബന്ധിതമായി സമർപ്പിക്കുകയും (c) എല്ലാ ഇടപാടുകളുടെയും ഇടപെടുന്ന സപ്ലയർമാരുടെയും സ്വീകർത്താക്കളുടെയും രേഖകളും മറ്റ് എഴുത്തുകുത്തുകളും കൃത്യമായി സൂക്ഷിക്കുകയും (d) നികുതിസംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രൊഫഷണലായ രീതികൾ അവലംബിക്കുകയും, ചെയ്യാത്ത പക്ഷം വൻ ബാദ്ധ്യതയുണ്ടാകുമെന്നുറപ്പ്. ഈ കഴിഞ്ഞ ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽതന്നെ, COVID-19ന്റെ തിക്തമായ അവസ്ഥ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയത്തുതന്നെ, ആയിരക്കണക്കിന് നോട്ടീസുകളും ഡിമാൻഡുകളുമാണ് GST ഡിപ്പാർട്ട്‌മെന്റ് ഇട്ടുകൊണ്ടിരിക്കുന്നത്. 2017-18 കാലഘട്ടത്തിലെ ആണെങ്കിൽ അത് ഡിമാൻഡ് ആണ്. ആ ഡിമാൻഡിനെതിരെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോൾ നിരവധി നികുതിദായകർ നേരിട്ടുകൊണ്ടിരിക്കുന്നത്.

ചുരുക്കത്തിൽ GST രജിസ്‌ട്രേഷൻ എടുത്തിട്ട് അത് കൃത്യമായി ഫോളോ അപ്പ് ചെയ്യാതിരുന്നാൽ ഇത്തരത്തിലുള്ള ഒരുപാട് അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. PAN എടുക്കുന്നതുപോലെ നിസ്സാരമായി കരുതി GST രജിസ്‌ട്രേഷൻ എടുക്കുന്ന പ്രവണത ആളുകളെ പ്രശ്നത്തിലാക്കും. പലപ്പോഴും അറിവില്ലായ്മ കൊണ്ടാണ് പലരും ഇങ്ങനെ അനാവശ്യമായി രജിസ്‌ട്രേഷൻ എടുത്ത് പ്രശ്നത്തിലാവുന്നത്. അതുകൊണ്ട് ഇത്തരത്തിൽ പെട്ടുപോയ ആളുകൾക്ക് വേണ്ടി സർക്കാർ എന്തെങ്കിലും ആംനസ്റ്റി സ്‌കീം GSTയുടെ ആദ്യ ഒന്നോ രണ്ടോ വർഷത്തേക്കെങ്കിലും ഉടൻതന്നെ പ്രഖ്യാപിക്കണം എന്നും ഇത്തരത്തിൽ ആളുകൾ പെട്ടുപോവാതിരിക്കാൻ ബോധവത്കരണവും മറ്റു നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം എന്നും അഭ്യർത്ഥിക്കുന്നു. അത്തരത്തിലുള്ള എന്തെങ്കിലും ആശ്വാസനടപടികൾ ഉണ്ടാവുന്നതുവരെ, ജാഗ്രതയോടെ GST രജിസ്‌ട്രേഷനെ സമീപിക്കുക എന്നത് മാത്രമാണ് ബിസിനസ്സുകാർക്കുള്ള ഏക പോംവഴി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Adv. K.S. Hariharan
Adv. K.S. Hariharan  

കേരളത്തിനകത്തും പുറത്തുമായി നടത്തപ്പെടുന്ന ധാരാളം നിയമ സംബന്ധിയായ ട്രെയിനിംഗ് പ്രോഗ്രാമുകളിൽ ട്രെയിനർ ആണ്. ട്രൈബ്യുണലുകൾ, അപ്പീൽ ഫോറങ്ങൾ, ടാക്സേഷൻ, മറ്റ് ബിസിനസ് നിയമങ്ങൾ എന്നിവയിൽ സ്‌പെഷലൈസ് ചെയ്ത് പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകനും എറണാകുളത്തെ കെ.എസ്. ഹരിഹരൻ & അസ്സോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ സാരഥിയുമാണ്. ഫോണ്‍: 98950 69926

Related Articles
Next Story
Videos
Share it