ജാക് മാ പറയുന്നു, നിങ്ങളുടെ ആദ്യജോലി പരമപ്രധാനം
പലര്‍ക്കും ആദ്യജോലി അത്ര പ്രചോദനമായി തോന്നാറില്ല. എന്നാല്‍ അലിബാബ സ്ഥാപകനും ശതകോടീശ്വരനുമായ ജാക് മാ പറയുന്നത് ആദ്യ ജോലി നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണ്ണായമാണെന്നാണ്. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ യുവാക്കള്‍ക്കായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ആദ്യ ജോലി നിങ്ങളുടെ ഡ്രീം ജോബ് ആയിരിക്കില്ല. അത് നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ പോലും പറ്റുന്നത് ആയിരിക്കണമെന്നില്ല. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് പഠിക്കാനും നിങ്ങളുടെ കഴിവുകളെ വികസിപ്പിക്കാനുമുള്ള അവസരമാണ് ആദ്യജോലി തരുന്നത്,'' ജാക് മാ പറയുന്നു.
ആദ്യജോലി വലിയ പേരും പ്രശസ്തിയുമുള്ള സ്ഥാപനത്തില്‍ തന്നെ ആയിരിക്കണമെന്നില്ല. പക്ഷെ നല്ലൊരു ബോസിനെ നിങ്ങള്‍ തെരഞ്ഞെടുക്കണം- ശരിയായ രീതിയില്‍, ചെയ്യേണ്ട രീതിയില്‍ ഓരോ കാര്യങ്ങളും എങ്ങനെ ചെയ്യണം എന്ന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സാധിക്കുന്ന മേലധികാരി. അതിനപ്പുറം നല്ലൊരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്ന് നിങ്ങളെ പഠിപ്പിക്കുന്നയാള്‍. അത്തരത്തിലുള്ള മേലധികാരിയുടെ കീഴില്‍ നിങ്ങളുടെ കരുത്ത് തിരിച്ചറിയാന്‍ സാധിക്കുന്നതുവരെയുള്ള സമയം വരെയെങ്കിലും ജോലി ചെയ്യണം- ജാക് മാ പറയുന്നു.
ആദ്യജോലിയില്‍ എത്രനാള്‍ തുടരണം എന്നത് പലര്‍ക്കും ചോദ്യചിഹ്നമാണ്. എന്നാല്‍ മൂന്ന് വര്‍ഷം വരെയെങ്കിലും അവിടെ നില്‍ക്കുമെന്ന് നിങ്ങളോട് തന്നെ പ്രതിജ്ഞയെടുക്കണം എന്നാണ് ജാക് മാ യുവാക്കളോട് പറഞ്ഞത്. തന്റെ രണ്ട് ദശാബ്ദത്തെ പ്രൊഫഷണല്‍ ജീവിതത്തില്‍ പല യുവ പ്രൊഫഷണലുകളും സ്വയം വളരാന്‍ അവസരം ലഭിക്കുന്നതിന് മുമ്പേ ജോലി വിട്ടെറിഞ്ഞ് പോകുന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ രീതി നല്ലതല്ലെന്ന് ജാക് മാ തറപ്പിച്ച് പറയുന്നു. എന്നാല്‍ കൂട് വിട്ട് കൂട് മാറുന്ന പ്രവണത ഏറെയുള്ള മില്ലനിയല്‍സില്‍ ചിലര്‍ക്ക് ഈ പരാമര്‍ശം അത്ര ദഹിച്ചിട്ടില്ല.
ഇംഗ്ലിഷ് അധ്യാപകനായി തുടക്കം
എന്നാല്‍ സ്വജീവിതം ചൂണ്ടിക്കാട്ടിയാണ് 54കാരനായ ജാക് മാ ഉപദേശിക്കുന്നത്. അദ്ദേഹം തന്റെ കരിയര്‍ തുടങ്ങുന്നത് ഇംഗ്ലിഷ് അധ്യാപകനായായിരുന്നു. അലിബാബയിലെ തന്റെ 20 വര്‍ഷത്തെ കരിയറില്‍ അതിജീവിക്കാന്‍ കഴിഞ്ഞത് താനൊരു അധ്യാപകന്‍ ആയതുകൊണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു.
കഴിവുള്ള ആളുകളെ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുക്കാനും അവരെ പ്രചോദിപ്പിക്കാനും അധ്യാപകന്‍ ആയിരുന്നത് കൊണ്ട് കഴിഞ്ഞു. അതുവഴി അലിബാബയില്‍ ഒരു ശക്തമായ ടീമിനെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. നല്ലൊരു അധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികളെ തന്നെക്കാള്‍ മികച്ചവരാക്കാന്‍ പരിശ്രമിക്കും. അതുതന്നെയാണ് അലിബാബയില്‍ ജാക് മാ ചെയ്തതും.
"ഞാന്‍ ആളുകളെ എടുക്കുമ്പോള്‍ എന്നെക്കാള്‍ സ്മാര്‍ട്ട് ആയവരെ തെരഞ്ഞെടുക്കും. നാല്-അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ എന്റെ ബോസ് ആകാന്‍ സാധ്യതയുള്ളവര്‍. പൊസിറ്റീവായ, എന്തും സാഹചര്യം വന്നാലും പിടിച്ചുനില്‍ക്കുന്ന ആളുകളെയാണ് എനിക്കിഷ്ടം.'' അദ്ദേഹം പറയുന്നു.
2019 സെപ്റ്റംബറോടെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് താഴുമെന്ന് പ്രഖ്യാപിച്ച ജാക് മായുടെ ഭാവി ലക്ഷ്യം തന്റെ അധ്യാപനജോലിയിലേക്ക് തിരിച്ചുപോകുകയാണ്.