ലോക്ക് ഡൗണിനു ശേഷം ഞങ്ങളിത് ചെയ്യും; ബിസിനസ് നായകര്‍ പറയുന്നു

ആഴ്ചകള്‍ നീണ്ട ലോക്ക് ഡൗണ്‍ ചിലയിടങ്ങളിലൊക്കെ ഇനിയും തുടരുമെന്നാണ് സൂചനകള്‍. ബിസിനസ് മേഖല മാത്രമല്ല, സര്‍വ മേഖലകളിലും അനിശ്ചിതത്വം നിറഞ്ഞു നില്‍ക്കുമ്പോള്‍ ലോക്ക് ഡൗണിന് ശേഷം ബിസിനസ് തിരിച്ചു പിടിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളാകും സംരംഭകര്‍ തയാറാക്കി കൊണ്ടിരിക്കുന്നത്. ഇതാ മൂന്നു സംരംഭകര്‍ തങ്ങളുടെ പദ്ധതികളെന്തൊക്കെയെന്ന് വെളിപ്പെടുത്തുന്നു.

വോള്യം കൂട്ടാനാണ് തീരുമാനം

പവിത്രന്‍ പി, മാനേജിംഗ് ഡയറക്റ്റര്‍, പ്രൈം ഡെക്കര്‍ ലൈഫ് സ്റ്റൈല്‍ ഇന്റീരിയോ,
തൃശ്ശൂര്‍

അത്യാവശ്യ വസ്തുവല്ല എന്നതാണ് ഫര്‍ണിച്ചര്‍ മേഖലയുടെ പ്രതിസന്ധി. ചുരുങ്ങിയത് ആറു മാസമെങ്കിലുമെടുക്കും ഈ മേഖലയില്‍ ചലനങ്ങളുണ്ടാവാന്‍. എന്നിരിക്കിലും പോസിറ്റീവ് ആയ ചിന്താഗതി വെച്ചു പുലര്‍ത്താനാണ് എനിക്കിഷ്ടം. നിര്‍മാണ മേഖല സജീവമായാല്‍ ഫര്‍ണിച്ചര്‍ വിപണിയിലും മാറ്റങ്ങള്‍ കാണും. കെട്ടിക്കിടക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനായി വിപണിയില്‍ ലോക്ക് ഡൗണിനു ശേഷം അനാരോഗ്യകരമായൊരു മത്സരം പ്രതീക്ഷിക്കാം. വലിയ നഷ്ടം വരാതിരിക്കാന്‍ വില പരമാവധി കുറച്ചായിരിക്കും വില്‍പ്പനയെന്നാണ് നിഗമനം. പക്ഷേ അതില്‍ ആരെയും കുറ്റം പറയാനാവാത്ത സ്ഥിതിയാണ്.

കൊറോണയ്ക്ക് ശേഷം ആളുകളുടെ ചെലവിടല്‍ ശൈലിയില്‍ മാറ്റം വരാം. ഭൂകമ്പത്തെ തുടര്‍ന്നുള്ള നാളുകളില്‍ ഗുജറാത്തികള്‍ ഒരു വര്‍ഷത്തേക്കുള്ള സാധനങ്ങള്‍ ഒരുമിച്ച് വാങ്ങിക്കൂട്ടിയിരുന്നു. അവരത് ഇപ്പോഴും തുടരുന്നു. അതുപോലെ എന്തെങ്കിലും ശീലം കൊറോണയ്ക്ക് ശേഷവും ഉണ്ടായേക്കാം. ധാരാളിത്തം കുറയുമെന്ന കാര്യത്തില്‍ സംശയമില്ല. ഉപഭോക്താക്കളുടെ എണ്ണം 50 ശതമാനമെങ്കിലും വര്‍ധിപ്പിക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന വോള്യം വിറ്റഴിക്കുക എന്നതാണ് ഉദ്ദേശം. അതിലൂടെ വിലയിലും കുറവ് വരുത്താനാകും.

പരസ്യപ്രചാരണങ്ങളിലൂടെ ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കാനും ശ്രമിക്കും. മനസ്സില്‍ തങ്ങി നില്‍ക്കുന്ന ബ്രാന്‍ഡുകള്‍ക്കാവും ഉപഭോക്താക്കള്‍ മുന്തിയ പരിഗണന നല്‍കുക. കാര്യങ്ങള്‍ പഠിക്കാനായാണ് ഇപ്പോള്‍ സമയം വിനിയോഗിക്കുന്നത്. ജീവനക്കാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നുണ്ട്. അതൊടൊപ്പം പോസിറ്റീവായ വാട്ട്‌സ് ആപ്പ് കൂട്ടായ്മകളിലെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നു.

ആറു മാസം കഴിയട്ടെ

പോള്‍ തച്ചില്‍, മാനേജിംഗ് ഡയറക്റ്റര്‍, റാപോള്‍ സാനിപ്ലാസ്റ്റ്, തൃശൂര്‍

ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും രണ്ടു മൂന്നു മാസമെങ്കിലും പിടിക്കും വിപണി ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍. അപ്പോഴും കച്ചവടം ഉണ്ടാവണമെന്നില്ല. എല്ലാം റെഡിയായി വരാന്‍ ചുരുങ്ങിയത് ആറു മാസമെങ്കിലും പിടിക്കുമെന്നാണ് എന്റെ പക്ഷം.

അപ്പോഴേക്കും പുതിയ മുഖവുമായി ഞങ്ങളെത്തും. ലോക്ക് ഡൗണിന് മുമ്പു തന്നെ പുതിയ പ്ലാന്റിന്റെ നിര്‍മാണം തുടങ്ങിയിരുന്നു. ഇപ്പോള്‍ നിര്‍ത്തി വെച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിച്ച് രണ്ടു മൂന്നു മാസം കൊണ്ട് പുതിയ പ്ലാന്റില്‍ നിന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും. എന്നാല്‍ മുന്‍പ് തന്നെ നിശ്ചയിച്ച ഉല്‍പ്പന്നങ്ങളാകും അത്. ആറു മാസം കഴിഞ്ഞാല്‍ മാത്രമേ വിപണിയുടെ ട്രെന്‍ഡ് മനസ്സിലാക്കാനാകൂ. ഉപഭോക്താക്കള്‍ ഏതു തരത്തിലാണ് ചെലവിടുന്നത് എന്നത് പഠിക്കാന്‍ ഇക്കാലയളവ് വിനിയോഗിക്കും. അതിനു ശേഷം ഉപഭോക്തൃ താല്‍പ്പര്യത്തിനനുസരിച്ച് പുതിയ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യും. കൊറോണ മനുഷ്യരില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നു തന്നെയാണ് വിശ്വാസം. അതുകൊണ്ടു തന്നെ അടുത്ത ലക്ഷ്യം അതു മനസ്സിലാക്കി അതിനനുസരിച്ച ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക എന്നതിനാവും.

ഇപ്പോള്‍ ഞങ്ങളുടെ മാനേജര്‍മാരുമായി ദിവസവും വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നുണ്ട്. അവരുടെ ആശയങ്ങള്‍ ചോദിച്ചറിയുന്നു. വിതരണക്കാരുമായി സംസാരിച്ച് അവരുടെ കാഴ്ചപ്പാടുകളും ചോദിച്ചറിയുന്നു. ഓണ്‍ലൈനായി ലഭ്യമാകുന്ന പുസ്തകങ്ങള്‍ വായിച്ചും മറ്റും പുതിയ അറിവുകള്‍ നേടാനുള്ള ശ്രമം ഞാനും നടത്തുന്നുണ്ട്.

ഞങ്ങള്‍ അടിമുടി മാറും

കെ വി അന്‍വര്‍, മാനേജിംഗ് ഡയറക്റ്റര്‍, മോഡേണ്‍ ഡിസ്‌ട്രോപൊളിസ്, മഞ്ചേരി

ലോക്ക് ഡൗണിലെ പ്രതിസന്ധിയില്‍ മാനസികമായി തളര്‍ന്ന ഡീലര്‍മാര്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിന് എന്‍എല്‍പി അടിസ്ഥാനമായ പരിശീലന ക്ലാസുകള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു.
ലോക്ക് ഡൗണില്‍ നഷ്ടമായ വര്‍ക്കിങ് സമയം തിരിച്ചു പിടിക്കുന്നതിനായി മീറ്റിങ്ങുകള്‍ നൂതന സംവിധാനങ്ങള്‍ (സൂം ആപ്പ്, ഗൂഗിള്‍ കോണ്‍ഫറന്‍സ് തുടങ്ങിയവയുടെ സഹായത്തോടെ ) വഴി ക്രമീകരിച്ച് സമയം ലാഭിക്കും.

ഫാബ്രിക്കേറ്റര്‍മാര്‍, ഫെന്‍സിങ് കോണ്‍ട്രാക്ടര്‍മാര്‍, പെയിന്റര്‍മാര്‍ എന്നിവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കി അവരുടെ വിശ്വസം നേടിയെടുക്കും.

ലോക്ക് ഡൗണിന് ശേഷം ഉപഭോക്താക്കളുടെ ചെലവിടല്‍ ശേഷി കുറവായിരിക്കും , പ്രത്യേകിച്ച് എഫ്എംസിജിയില്‍ ഉള്‍പ്പെടാത്ത ഫെന്‍സിങ് , റൂഫിങ് ഉല്‍പ്പന്നങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍ പൊതുവെ താല്‍പ്പര്യം കുറയും. നബാര്‍ഡ് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള കാര്‍ഷിക വായ്പ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തി കാര്‍ഷിക മേഖലയില്‍ നിന്നും ഫെന്‍സ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉപഭോക്താക്കളെ കണ്ടെത്താനാവും പുതിയ ശ്രമം. അതുപോലെ റൂഫിങ് സെഗ്‌മെന്റില്‍ ലളിതമായ വ്യവസ്ഥകളോടെയുള്ള വിവിധ ബാങ്കുകളുടെ ഭവന വായ്പകളും പരിചയപ്പെടുത്തും. ഓര്‍ഡര്‍ സ്വീകരിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റും . നിലവില്‍ ഡീലര്‍മാര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കുന്നതിന് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ട്. ഡീലറുടെ കൈവശമുള്ള സ്റ്റോക്ക് കുറക്കാന്‍ സഹായിക്കും . മന്ത്ലി , ക്വാര്‍ട്ടര്‍ലി പ്ലാനുകള്‍ ഉണ്ടാക്കുകയും അവ നിരന്തരം അവലോകനം ചെയ്യുകയും ചെയ്യും

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story

Videos

Share it