കടലാസ് കമ്പനികളുടെ ശുദ്ധീകരണം: കമ്പനി നടത്തല്‍ ചെറിയ കാര്യമല്ല
എ.എം ആഷിഖ് FCS
കേരളത്തില്‍ ഭൂപരിഷ്‌കരണ നിയമ പ്രകാരം ഒരു കുടുംബത്തിനോ വ്യക്തിക്കോ പരമാവധി 15 ഏക്കര്‍ സ്ഥലമേ കൈവശം വെയ്ക്കാന്‍ പറ്റു. ഈയൊരു നിയന്ത്രണം കാരണം കേരളത്തിലെ പല ബിസിനസ് സ്ഥാപനങ്ങളും കൂടുതല്‍ ഭൂമി കൈവശം വെയ്ക്കാന്‍ ഓരോ കമ്പനി രജിസ്റ്റര്‍ ചെയ്ത് അതിന്റെ പേരില്‍ പ്രോജക്റ്റ് ആരംഭിക്കാറുണ്ട്. പക്ഷേ ഈ കമ്പനികള്‍ വാര്‍ഷിക ജനറല്‍ ബോഡി നടത്തുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്യാറില്ലായിരുന്നു. ഇത്തരം കമ്പനികള്‍ക്കെതിരെ കൂടിയുള്ള 'സര്‍ജിക്കല്‍ സ്‌ട്രൈക്കാ'യിരുന്നു കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ കടലാസ് കമ്പനികള്‍ക്കെതിരെയുള്ള നടപടികള്‍.
ബിസിനസ് രംഗത്ത് നിന്ന് കള്ളപ്പണത്തിന്റെ സ്വാധീനം ഇല്ലാതാക്കാനും വ്യാജ കമ്പനികളെയും ഡയറക്റ്റര്‍മാരെയും തുടച്ചുമാറ്റാനുമൊക്കെയുള്ള നടപടിയായി ഇതിനെ വ്യാഖ്യാനിക്കാം. 1956ലെ കമ്പനി നിയമം ഭേദഗതി ചെയ്ത് രാജ്യത്ത് നടപ്പിലായ കമ്പനി നിയമം 2013 പ്രകാരമാണ് കമ്പനികാര്യ മന്ത്രാലയം ഈ ശുദ്ധീകരണ പ്രക്രിയയ്ക്ക് തുടക്കമിട്ടത്. കമ്പനികളുടെ വാര്‍ഷിക കണക്കുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഫയല്‍ ചെയ്യാത്തതും തുടര്‍ച്ചയായി രണ്ടു വര്‍ഷം മുതല്‍ ബിസിനസ് ഒന്നും ചെയ്യാത്തതുമായ കമ്പനികളെയാണ് കടലാസ് കമ്പനികള്‍ അഥവാ ഷെല്‍ കമ്പനികള്‍ എന്നതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത്തരം കമ്പനികള്‍ കള്ളപ്പണം കൈകാര്യം ചെയ്യുന്നതിനുള്ളതാണെന്ന ധാരണയിലാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.
പ്രശ്‌നം ഇടത്തരം കമ്പനികള്‍ക്ക്
അഞ്ച് ലക്ഷത്തോളം കമ്പനികളും, 7000 എല്‍എല്‍പികളും ഇതിനോടകം തന്നെ ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഈ ഒരു പ്രക്രിയയുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ കമ്പനി നിയമം 164-ാം വകുപ്പു പ്രകാരം എല്ലാ കമ്പനിയും അതാത് സാമ്പത്തിക വര്‍ഷം ക്ലോസ് ചെയ്തശേഷം ആറ് മാസത്തിനുള്ളില്‍ ഓഹരിയുടമകളുടെ യോഗം വിളിച്ചു കൂട്ടി ഓഡിറ്റഡ് ഫിനാന്‍സ് പാസാക്കുകയും, 30 ദിവസത്തിനുശേഷം മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫേഴ്‌സിനു കീഴിലുള്ള എല്ലാ സ്റ്റേറ്റ് രജിസ്റ്റേര്‍ഡ് കമ്പനികളും ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുമാണ്.
ഇത്തരം ഫയലിംഗുകളുടെ ഉത്തരവാദിത്തം അതാത് കമ്പനികളുടെ ഡയറക്റ്റര്‍മാരില്‍ നിക്ഷിപ്തമാണ്. മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഇത്തരം റിട്ടേണ്‍ സമര്‍പ്പിക്കാത്ത കമ്പനികളെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതോടൊപ്പം, അത്തരം കമ്പനികളുടെ ഡയറക്റ്റര്‍മാരെ ആ കമ്പനിയിലോ മറ്റുള്ള കമ്പനികളിലോ ഡയറക്റ്റര്‍ ആയി തുടരാന്‍ അഞ്ച് വര്‍ഷം വിലക്കി മറ്റൊരു ഉത്തരവും സര്‍ക്കാര്‍ ഇറക്കി. സര്‍ക്കാരിന്റെ പെട്ടെന്നുള്ള നടപടി ഏറ്റവും മോശമായി ബാധിച്ചത് ചെറുകിട കമ്പനികളെയും
പ്രോപ്പര്‍ട്ടി ഹോള്‍ഡ് ചെയ്യുന്ന കമ്പനികളെയും ആണ്.
അടുത്ത പടിയായി കമ്പനികാര്യ മന്ത്രാലയം റിസര്‍വ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ മുഖേന ഇത്തരം കമ്പനികളുടെ എക്കൗണ്ട് മരവിപ്പിക്കും. ഇത്തരം കമ്പനികള്‍ക്ക് റിവൈവല്‍ ഓപ്ഷന് അവസരമുണ്ട്.
കടലാസ് കമ്പനികളുടെ ശുദ്ധീകരണത്തിന്റെ ഭാഗമായുള്ള മൂന്നാം ഘട്ടമാണ് രാജ്യത്തുള്ള 35 ലക്ഷം ഡയറക്‌റ്റേഴ്‌സിന്റെ മാസ് KYC ഡ്രൈവ്.
എന്തായാലും വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ ഗൗരവത്തോടെ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മാത്രമേ കമ്പനികളും എല്‍എല്‍പികളും കാര്യക്ഷമമായും നിയമവിധേയമായും നടത്തിക്കൊണ്ടുപോകാന്‍ സാധിക്കൂ.
(ആഷിഖ്-സമീര്‍ അസോസിയേറ്റ്‌സിന്റെ മാനേജിംഗ് പാര്‍ട്ണറാണ് ലേഖകന്‍)