ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍; അവഗണിക്കപ്പെടുന്നത് വ്യവസായ, വാണിജ്യ മേഖലയിലെ ഗുരുതര പ്രശ്‌നങ്ങൾ
കാലടി - പെരുമ്പാവൂര്‍ മേഖലയ്ക്കും മലയാളിയുടെ തീന്‍മേശയ്ക്കും തമ്മില്‍ ഒരു ബന്ധമുണ്ട്. സംസ്ഥാനത്തെ പാടശേഖരങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സംഭരിക്കുന്ന നെല്ല് അവിടെ നിന്ന് എടുത്ത് മില്ലുകളിലെത്തിച്ച് അരിയാക്കി തിരികെ സര്‍ക്കാരിന് നല്‍കുന്നത് ഈ മേഖലയിലെ റൈസ് മില്‍ ഉടമകളാണ്.
ഇന്ന് ആ പ്രദേശത്തേക്കൊരു യാത്ര പോകൂ. ഏതാണ്ട് 28 ഓളം റൈസ് മില്ലുകളിലെ കാഴ്ച നിങ്ങളെ അമ്പരപ്പിക്കും. അരി മുഖ്യ ആഹാരമായ മലയാളിയുടെ നാട്ടില്‍ ചാക്കുകണക്കിന് ഒട്ടും സംസ്‌കരിക്കാത്തതും പാതി സംസ്‌കരിച്ചതുമായ നെല്ലും അരിയും ചീഞ്ഞഴിഞ്ഞ്, ചാക്ക് പൊട്ടി പുറത്തുചാടി ഉപയോഗശൂന്യമായി കിടക്കുന്നു; കഴിഞ്ഞ ഓഗസ്റ്റ് 15 മുതല്‍.
മഹാപ്രളയത്തില്‍ മുങ്ങിയതാണിവ. ഇതുവരെ അവ നീക്കം ചെയ്യാനുള്ള നടപടിയായിട്ടില്ല. (ഇവ നീക്കം ചെയ്യാനുള്ള കരാര്‍ നല്‍കാനുള്ള ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്‌റ്റോബര്‍ 24 ആയിരുന്നു. അതില്‍ അന്തിമതീരുമാനമെടുക്കാന്‍ ഇനിയും ചിലപ്പോള്‍ മൂന്നുമാസം പിടിക്കും). ബാങ്കില്‍ നിന്ന് വായ്പയെടുത്തും മറ്റും അരി മില്ലിട്ട് ജീവിക്കുന്ന തികച്ചും സാധാരണക്കാരായ ആ സംരംഭകരോട് ഒന്നു സംസാരിച്ചു നോക്കൂ. രോഷവും സങ്കടവും അണപൊട്ടിയൊഴുകും അവരുടെ വാക്കുകളില്‍.
''സിനിമാനടന്മാരുടെയും നടിമാരുടെയും സംഘടനയിലെ പ്രശ്‌നങ്ങള്‍ ഇവിടെ എത്ര ദിവസമാണ് ചര്‍ച്ച ചെയ്യുന്നത്. അരിയാഹാരം കഴിക്കുന്ന മലയാളിയുടെ നാട്ടില്‍ ഇത്ര ദയനീയ അവസ്ഥ മാസങ്ങളായി തുടര്‍ന്നിട്ടും ആര്‍ക്കും അത് ആശങ്കയാകുന്നില്ല. ഒരു സഹായവും എവിടെ നിന്നുമില്ല,'' റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വര്‍ക്കി പീറ്റര്‍ ചൂണ്ടിക്കാട്ടുന്നു.
ശക്തന്‍ നഗറിലെ പച്ചക്കറി ചന്ത
ഇനിയൊന്ന് തൃശൂരിലെ ശക്തന്‍ നഗറിലെ പച്ചക്കറി ചന്തയിലെ കച്ചവടക്കാരെ കാണാം. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ചരക്ക് എത്തിക്കാനുള്ള മിനിലോറിയുടെ വാടക 7000ത്തോളമായിരുന്നു. ഇന്നത് 10,000 -12,000 രൂപയൊക്കെയായി. ''വ്യാപാരിയുടെ ചെലവ് കൂടി. വില്‍ക്കുന്ന സാധനത്തിന്റെ വില കൂട്ടാതെ പിന്നെയെങ്ങനെ അവര്‍ക്ക് നില്‍ക്കാന്‍ പറ്റും. പ്രളയത്തെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ട നിരവധി കച്ചവടക്കാരെ നിങ്ങള്‍ക്ക് കാണാം. ഇതുവരെ ഒരു സഹായവും അവര്‍ക്ക് ലഭിച്ചിട്ടില്ല. കച്ചവടക്കാര്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ അവരെ സഹായിക്കാന്‍ ഇവിടെ വഴികളുണ്ടായിട്ടുപോലും ഉദ്യോഗസ്ഥരോ രാഷ്ട്രീയക്കാരോ സഹായിക്കുന്നില്ല. ആരെങ്കിലും മനസിലാക്കുന്നുണ്ടോ ഇത്,'' ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡലിന്റെ ദേശീയ സെക്രട്ടറി ഡോ. എം. ജയപ്രകാശ് ചോദിക്കുന്നു.
മണ്ഡല - മകര വിളക്ക് കാലം
ഓണം ഒരു വ്യാപാര സീസണാണെന്ന് ഏവര്‍ക്കും അറിയാം. പക്ഷേ നവംബര്‍ മധ്യം മുതല്‍ ജനുവരി വരെ മധ്യം വരെ നീളുന്ന മണ്ഡല - മകര വിളക്ക് കാലം സംസ്ഥാനത്തിന്റെ വ്യാപാര രംഗത്ത് ഉണര്‍വുണ്ടാക്കുന്ന ഒന്നാണെന്ന് എത്രപേര്‍ തിരിച്ചറിയുന്നുണ്ട്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേശീയ, രാജ്യാന്തര മാധ്യമങ്ങള്‍ പോലും ശബരിമലയും അവിടത്തെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തപ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുള്ള അയ്യപ്പഭക്തര്‍ ഈ മണ്ഡല - മകര വിളക്ക് കാലത്ത് ക്ഷേത്രത്തിലേക്ക് വരാനൊന്നു മടിക്കും.
സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള ഹോട്ടലുകള്‍, റെസ്‌റ്റൊറന്റുകള്‍, ടൂറിസ്റ്റ് ടാക്‌സി സേവനദാതാക്കള്‍, ഡ്രൈവര്‍മാര്‍, പച്ചക്കറി - പലചരക്ക് കച്ചവടക്കാര്‍, ഇതര സംസ്ഥാനത്തെ അയ്യപ്പ ഭക്തരെ മുന്നില്‍ കണ്ട് കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളോട് ചേര്‍ന്ന് സീസണല്‍ കച്ചവടം നടത്തുന്നവര്‍ എന്നിവരെയെല്ലാം ഇത് പ്രതികൂലമായി ബാധിക്കും. ''മണ്ഡല - മകര വിളക്ക് കാലത്ത് ഇതര സംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തര്‍ ഇടമുറിയാതെ ഇവിടേക്ക് ഒഴുകും. ഗുരുവായൂര്‍ പപ്പടവും അവരുടെ നാട്ടില്‍ അധികം കിട്ടാതെ, നമ്മുടെ നാട്ടിലുണ്ടാക്കുന്ന കുട പോലുള്ള കുറെയേറെ സാധനങ്ങളും ഇവര്‍ വാങ്ങും. ഇതൊക്കെ ഈ പരിസര പ്രദേശത്തെ കുടില്‍വ്യവസായ യൂണിറ്റുകള്‍ ഉണ്ടാക്കുന്നവയാണ്. ഓരോ പ്രശ്‌നത്തിന്റെ പേരില്‍ ആളുകള്‍ വരാതെയായാല്‍ ഞങ്ങളുടെ കച്ചവടം മാത്രമല്ല, ഒട്ടനവധി കുടില്‍ വ്യവസായയൂണിറ്റുകളുടെ നിലനില്‍പ്പ് കൂടിയാണ് അവതാളത്തിലാകുന്നത്.'' ഗുരുവായൂരിലെ ഒരു കച്ചവടക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
''ഇവിടെ എന്നും പ്രളയമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുകയാണ്.'' ഒറ്റനോട്ടത്തില്‍ എന്തൊരു പിന്തിരിപ്പന്‍ ചിന്തയെന്ന് നമുക്ക് തോന്നാമെങ്കിലും പരസ്യ ഏജന്‍സികളുടെ സംഘടനയായ കെ3എയുടെ സംഘാടകനും രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തകനുമായ ജോസഫ് ചാവറയുടെ ഈ നിരീക്ഷണത്തില്‍ ചില വാസ്തവങ്ങളുണ്ടെന്ന് അദ്ദേഹത്തെ കേള്‍ക്കുമ്പോള്‍ തോന്നും.
''പ്രളയം വന്നപ്പോള്‍ നമ്മളില്‍ ജാതിയും മതവും രാഷ്ട്രീയവുമില്ലായിരുന്നു. മനുഷ്യത്വം മാത്രം. പിന്നെ അതിജീവിക്കണമെന്ന അതിശക്തമായ ആഗ്രഹവും. എന്തൊരു പൊസിറ്റീവായ ചിന്തകളായിരുന്നു. എന്നാല്‍ ഇന്ന് നോക്കൂ. ഇവിടെ ബിസിനസ് മേഖല മൊത്തം തകര്‍ന്നിരിക്കുകയാണ്. പക്ഷെ, എവിടെയും അത് ചര്‍ച്ചയാകുന്നില്ല.
ആകെ കലങ്ങിമറിഞ്ഞ സ്ഥിതിയാണ്. ആ സാഹചര്യത്തില്‍ പ്രളയകാലമായിരുന്നു നല്ലതെന്ന് തോന്നി പോകുന്നു,'' ജോസഫ് ചാവറ വ്യക്തമാക്കുന്നു.
ഇവിടെ സംഭവിക്കുന്നതെന്താണ്?
ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളവും പൊതുസമൂഹവും ചര്‍ച്ച ചെയ്യേണ്ട, കാര്യമായ ഇടപെടല്‍ നടത്തേണ്ട സുപ്രധാന കാര്യങ്ങളുടെ പട്ടികയില്‍ എവിടെയും ഇടം നേടാത്ത വിഷയങ്ങളുടെ പേരിലാണ് ഇവിടെ ഇപ്പോള്‍ വിവാദങ്ങള്‍ അരങ്ങേറുന്നത്.
സാക്ഷരതയില്‍ മുന്നിലാണ് കേരളം. സംസ്‌കാര സമ്പന്നരും. അങ്ങേയറ്റം രാഷ്ട്രീയവല്‍ക്കരിച്ച സമൂഹവും. എല്ലാ കാര്യങ്ങളിലും ഇടപെടല്‍ ആഗ്രഹിക്കുന്നവരും. പൊതുവിഷയങ്ങളില്‍ ഏറെ തല്‍പ്പരരും ആണെങ്കിലും ബിസിനസുകാരോടും കച്ചവടക്കാരോടും പത്തുപേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകരോടും സഹാനുഭൂതി ഇന്നും കുറവാണ്. ഒരേ സമയം എല്ലാ കാര്യങ്ങളിലും അങ്ങേയറ്റം ജാഗ്രത കാണിക്കുകയും സ്വന്തം നാടിന്റെ, നാട്ടുകാരുടെ, വരും തലമുറയുടെ നിലനില്‍പ്പിനെ അവതാളത്തിലാക്കുന്ന കാര്യങ്ങളില്‍ കുറ്റകരമായ നിസംഗത പുലര്‍ത്തുകയും ചെയ്യുന്ന മറ്റെങ്ങും കാണാത്ത ജനതയാണ് കേരളത്തിലേത് എന്നു പറഞ്ഞാലും ഒട്ടും അധികമാകില്ല.
ജലന്ധര്‍ രൂപതാ ബിഷപ്പ് ഫാ. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വിവാദം പുകയുന്ന സമയമാണ് കേരളത്തില്‍ പ്രളയമെത്തുന്നത്. പിന്നീട് എല്ലാ ശ്രദ്ധയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലായി. പ്രളയം പുതിയൊരു, പോസിറ്റീവ് ചിന്തയുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നൊക്കെ പലരും കരുതിയെങ്കിലും പതുക്കെ കേരളത്തിന്റെ രക്തത്തിലലിഞ്ഞ വിവാദ സ്വഭാവം തലപൊക്കി തുടങ്ങി. പ്രളയം മനുഷ്യസൃഷ്ടിയാണോ, ഡാം മാനേജ്‌മെന്റ് പാളിയോ, മാധവ് ഗാഡ്ഗില്ലിനെ കേള്‍ക്കാതിരുന്നത് എന്തുകൊണ്ട്, യുഎഇയുടെ സഹായവാഗ്ദാനത്തില്‍ കേന്ദ്രം ഇടങ്കോലിട്ടതെന്തിന്, കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ചിറ്റമ്മനയം സ്വീകരിക്കുന്നു... അങ്ങനെ വിവാദങ്ങള്‍ തകര്‍ത്തു.
''കേരളത്തിന്റെ ഉയര്‍ന്ന സാക്ഷരത, സാമൂഹിക-സാംസ്‌കാരിക നിലവാരം തുടങ്ങിയവ കാരണമാണ് ചെറിയ പ്രശ്‌നങ്ങള്‍ പോലും ഇവിടെ വലിയ വിവാദമാകുന്നത്. സാധാരണക്കാര്‍ പോലും ഇവിടെ ശാക്തീകരിക്കപ്പെട്ടവരാണ്. എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ട്. ഒരു വിധത്തില്‍ ഇത് കേരളത്തിന് ശാപമാണെങ്കിലും മറ്റൊരു വിധത്തില്‍ ശക്തിയാണ്,'' മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജേക്കബ് ജോര്‍ജ് നിരീക്ഷിക്കുന്നു.
കാണാത്ത ചില യാഥാര്‍ത്ഥ്യങ്ങള്‍
മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. ലോകത്തില്‍ എല്ലായിടത്തും സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കേരളത്തില്‍ സ്ഥിതി വിഭിന്നമാണ്. ബാര്‍ നിരോധനം, നോട്ട് പിന്‍വലിക്കല്‍, ചരക്ക് സേവന നികുതി നടപ്പാക്കല്‍, കടും വേനല്‍, പിന്നീട് വന്ന കനത്ത മഴ, നിപ്പ വൈറസ് ബാധ, എലിപ്പനി, പ്രളയം എന്നിവയ്‌ക്കെല്ലാം പുറമേ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തിയിരുന്ന ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയും അവിടുത്ത തൊഴില്‍ നഷ്ടങ്ങളും എണ്ണവില വര്‍ധന... കേരളത്തിന്റെ ബിസിനസ് മേഖലയുടെ നട്ടെല്ല് ഒടിച്ചത് ഒട്ടനവധി കാര്യങ്ങളാണ്.
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, കച്ചവടക്കാര്‍, കെട്ടിട നിര്‍മാണ മേഖല, ടൂറിസം, ആതുരസേവനരംഗം പോലുള്ള സേവന മേഖല എന്നീ രംഗങ്ങളിലെ പല സംരംഭകരും ഇത്ര ദീര്‍ഘവും അപ്രതീക്ഷിതവും മുന്‍പെങ്ങുമില്ലാത്ത പോലെ രൂക്ഷവുമായ പ്രതിസന്ധികളില്‍ ഇതിനകം തകര്‍ന്നു കഴിഞ്ഞു. എല്ലാ രംഗങ്ങളിലും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. കോര്‍പ്പറേറ്റ് രംഗത്തെ റിസ്ട്രക്ചറിംഗും തൊഴില്‍ നഷ്ടത്തിന് ഇടയാക്കുന്നുണ്ട്. വോഡഫോണ്‍ - ഐഡിയ ലയനത്തോടെ ഏറെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ടത് ഉദാഹരണം.
സ്വകാര്യമേഖലയില്‍ സംരംഭകര്‍ക്ക് പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ സാധിക്കുന്നില്ല. വായ്പാ തിരിച്ചടവ് മുടങ്ങുന്നു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ചിട്ടി കമ്പനികളില്‍ നിന്നും ബിസിനസ് ആവശ്യത്തിന് പണമെടുത്ത ഭൂരിഭാഗത്തിനും തിരിച്ചടവ് കൃത്യമായി നടത്താന്‍ സാധിക്കുന്നില്ല.
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട വ്യവസായ, വാണിജ്യ സമൂഹത്തിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പത്തു ലക്ഷം രൂപ സഹായത്തിന് ഇതുവരെ അന്തിമരൂപമായിട്ടില്ല. ''ഇതര സംസ്ഥാനങ്ങളില്‍ പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങി ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് കാലതാമസമില്ലാതെ പരമാവധി നഷ്ടപരിഹാരം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവിടെ ഒരു സംരംഭകനും ആ പിന്തുണ ലഭിച്ചിട്ടില്ല,'' റാപ്പോള്‍ സാനിപ്ലാസ്റ്റിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പോള്‍ തച്ചില്‍ പറയുന്നു.
പ്രളയത്തിനു ശേഷം കച്ചവട രംഗത്തുണ്ടായ നഷ്ടം ശരിയായ വിധത്തില്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടില്ലെന്ന് വ്യാപാരി സമൂഹവും അവരെ പ്രതിനിധീകരിക്കുന്ന സംഘടനകളും ഏകസ്വരത്തില്‍ പറയുന്നു. പലയിടത്തും ഫോണിലൂടെ ഉദ്യോഗസ്ഥര്‍ വിവരം തിരക്കുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.
പ്രളയാനന്തരം ഉപഭോക്താക്കളുടെ വാങ്ങല്‍ രീതിയില്‍ കാര്യമായ വ്യതിയാനം വന്നു. ഫര്‍ണിച്ചര്‍ മൊത്ത, റീറ്റെയ്ല്‍ രംഗത്ത് മാസങ്ങളായി അനക്കമില്ലെന്ന് പ്രൈം ഡെക്കര്‍ സാരഥിയും വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമായ പവിത്രന്‍ ചൂണ്ടിക്കാട്ടുന്നു.
- വ്യാപാരം കുറഞ്ഞതോടെ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാടക കൊടുക്കാന്‍ പോലും സാധിക്കുന്നില്ല. എറണാകുളം എംജി റോഡിലെ ചെറുകിട കടകളില്‍ ഭൂരിഭാഗത്തിനും മാസങ്ങളായി വാടക കൊടുക്കാന്‍ സാധിച്ചിട്ടില്ല. വ്യാപാര മേഖല മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്റ്റര്‍ ബോര്‍ഡ് അംഗവും മുന്‍ ചെയര്‍മാനുമായ രാജാ സേതുനാഥ്.
- കേരളത്തില്‍ ബിസിനസ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ പരിഷ്‌കാരങ്ങള്‍ പോലും ഫലപ്രദമായി നടപ്പാക്കപ്പെട്ടിട്ടില്ലെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഖാലിദ് ചൂണ്ടിക്കാട്ടുന്നു.
- പ്രളയത്തില്‍ നദീതീരത്ത് പ്രവര്‍ത്തിച്ചിരുന്ന പല യൂണിറ്റുകളും പൂര്‍ണമായും നശിച്ചിരുന്നു. സര്‍ക്കാരിന്റെ നിലവിലെ വ്യവസായ എസ്റ്റേറ്റുകളില്‍ ലഭ്യമായ സ്ഥലത്ത് ഇവയെ പുനരധിവസിപ്പിക്കാനുള്ള വ്യവസായികളുടെ അഭ്യര്‍ത്ഥന ഇതുവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
- നവകേരളം സൃഷ്ടിയെ പ്രതീക്ഷയോടെയാണ് ചെറുകിട വ്യവസായികള്‍ നോക്കിയത്. ''ഒരു മാറ്റവും എവിടെയും വന്നിട്ടില്ല. വ്യവസായ എസ്‌റ്റേറ്റിലെ സ്ഥലം കൈമാറ്റവും വ്യവസായ യൂണിറ്റുകള്‍ ഒരു മേഖലയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള ബുദ്ധിമുട്ടും ഇപ്പോഴും പഴയ സ്ഥിതിയില്‍. ഏകജാലക സംവിധാനം കാര്യക്ഷമമായിട്ടില്ല. പഞ്ചായത്ത് ലൈസന്‍സ് മൂന്നു വര്‍ഷത്തേക്ക് ആക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും കടലാസില്‍ മാത്രം,'' കെഎസ്എസ്‌ഐഎ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജുകുമാര്‍ പറയുന്നു.
- പ്രളയത്തിനുശേഷം പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതോടെ കഷ്ടത്തിലായിരിക്കുന്നത് നിര്‍മാണ മേഖലയാണ്. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പകുതിയോളം ക്വാറികള്‍ അടച്ചു. കല്ലിന്റെ ലഭ്യതയില്‍ 60 ശതമാനത്തോളം കുറവുണ്ട്. കല്ല് വില പ്രളയത്തിനു മുന്‍പുള്ളതിനേക്കാള്‍ ഇരട്ടിയായി. മറ്റ് നിര്‍മാണ സാമഗ്രികളുടെയും വില വര്‍ധിച്ചു. ഇതോടെ പ്രളയദുരിതത്തില്‍ പെട്ടവരുടെ കിടപ്പാടം നിര്‍മാണം പോലും അവതാളത്തിലാണ്.
- കേരളത്തിലെ കാര്‍ഷിക രംഗം വലിയൊരു പ്രതിസന്ധിയിലാണ്. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രളയവും കാര്‍ഷിക മേഖലയെ താറുമാറാക്കിയിരിക്കുന്നു. ജാതി, ഏലം, കുരുമുളക് എന്നിവയ്‌ക്കെല്ലാം വിളനാശം സംഭവിച്ചു.
- പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുന്ന മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂട്ടത്തോടെ മലയാളികള്‍ തിരിച്ചുപോരുന്നുണ്ട്. ഇവരെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന് വ്യക്തതയില്ല.
മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ശ്രദ്ധ പുനര്‍നിര്‍മാണത്തില്‍ നിന്ന് ക്രമസമാധാന പാലനത്തിലേക്കും മറ്റ് വിവാദവിഷയങ്ങളിലേക്കും മാറുമ്പോള്‍ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം എവിടെ എത്തുമെന്ന ആശങ്ക യുഎന്നിന്റെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടിയൊക്കെ ഉയര്‍ത്തിക്കഴിഞ്ഞു.
അതിനിടെ കേരളത്തെ സ്തംഭിപ്പിക്കുന്ന ഹര്‍ത്താലും പൊതുമുതല്‍ നശിപ്പിക്കലും നിര്‍ബാധം തുടരുന്നുമുണ്ട്. ''നമുക്ക് കാതലായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തതു കൊണ്ടാണ് ചെറിയ പ്രശ്‌നങ്ങളൊക്കെ ഇവിടെ വലുതാക്കി കാണിക്കുന്നതെ''ന്ന് അഭിപ്രായപ്പെടുന്നുണ്ട് മുന്‍ ചീഫ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെയും ലോകത്തെ മറ്റ് രാജ്യങ്ങളെയും തട്ടിച്ചു നോക്കുമ്പോള്‍ അത് ശരിയുമാണ്. ഒന്നിനുപിറകെ ഒന്നായി പ്രകൃതി ദുരന്തങ്ങളും മറ്റും വരുന്ന നാടുകളില്‍ ജനങ്ങള്‍ക്ക് ജാതി, മതം, ആരാധനാലയം എന്നൊക്കെ ചിന്തിക്കാന്‍ നേരമില്ല. അവരെ സംബന്ധിച്ചിടത്തോളം ജീവിക്കുക എന്നത് തന്നെയാണ് പ്രധാനം.
പ്രളയകാലത്ത് മലയാളിയും തിരിച്ചറിഞ്ഞു ജീവന്റെ വില. നിലനില്‍പ്പിന്റെ വില. പക്ഷേ ആ തിരിച്ചറിവിന്റെ കാലം ചെറുതായിരുന്നുവെന്നു മാത്രം.
മൂന്നു ദശാബ്ദം മുമ്പ് ധനം പ്രസിദ്ധീകരണം ആരംഭിച്ചപ്പോഴും നാടിന്റെ വികസനം, ബിസിനസുകളുടെ നിലനില്‍പ്പ് എന്നിവ പറയുമ്പോള്‍ ജനപ്രീതി അധികമില്ലാത്ത വിഷയമായിരുന്നു അവ. കാലം മാറിയിട്ടും ഇന്നും ബഹുഭൂരിപക്ഷത്തിനും ആ വിഷയങ്ങളോട് പ്രതിപത്തി പോര.
ഒരു നവകേരളം നിര്‍മിക്കാന്‍ നമുക്കിതുവരെ സാധിച്ചിട്ടില്ല. മാറ്റങ്ങള്‍ സ്വാഭാവിക പ്രക്രിയയായി കടന്നുവന്നവ മാത്രമാണ്. ഇനി മാറാന്‍ ബോധപൂര്‍വ്വമായ, കഠിനമായ ശ്രമം തന്നെ വേണം. എന്ന് ഈ യാഥാര്‍ത്ഥ്യം കേരളീയ സമൂഹവും സര്‍ക്കാരും തിരിച്ചറിയും. എന്ന് അധികാരികള്‍ ഇതിന് പ്രാധാന്യം നല്‍കും? കാത്തിരുന്ന് തന്നെ കാണണം.
കാര്‍ഷിക ഉല്‍പ്പാദനം കുറയുന്നു
കാര്‍ഷികോല്‍പ്പാദന രംഗത്ത് പതിറ്റാണ്ടുകളായി കേരളം പിന്നോക്കം പോയിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും മലയാളികളുടെ സുപ്രധാന ഭക്ഷ്യധാന്യമായ അരിയുടെ ഉല്‍പ്പാദനത്തില്‍. 1972-73ലെ റെക്കോഡ് ഉല്‍പ്പാദനമായ 13.76 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 2015-16 കാലയളവില്‍ 5.49 ലക്ഷം മെട്രിക് ടണ്ണായി കേരളത്തിലെ അരിയുടെ ഉല്‍പ്പാദനം കുത്തനെ കുറഞ്ഞു. അരിക്ക് വേണ്ടി അയല്‍സംസ്ഥാനങ്ങളെയാണ് കേരളം പ്രധാനമായും ആശ്രയിക്കുന്നത്. ഇക്കഴിഞ്ഞ പ്രളയത്തില്‍ ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പാലക്കാട് ജില്ലകളില്‍ വ്യാപകമായ കൃഷിനാശം ഉണ്ടായതിനാല്‍ ഈ വര്‍ഷം കേരളത്തിലെ നെല്ല് ഉല്‍പ്പാദനം വളരെയേറെ കുറയും. ഇത് പൊതുവിപണിയില്‍ അരിയുടെ ഡിമാന്റ് വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല വന്‍ വിലക്കയറ്റത്തിനും വഴിയൊരുക്കും. എന്നാല്‍ സംസ്ഥാനത്തെ സമസ്ത ജനങ്ങളെയും ബാധിക്കുന്ന അടിസ്ഥാനപരമായ ഇത്തരം പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പതിയുന്നില്ല.
ഏകരക്ഷ കിഫ്ബി, പക്ഷേ...
ഏകദേശം പത്തു വര്‍ഷത്തോളമായി കേരള സര്‍ക്കാരിന്റെ റെവന്യു വരുമാനം നിത്യചെലവുകള്‍ക്കു പോലും തികയുന്നില്ല. കടം വാങ്ങുകയും മൂലധന ചെലവ് വെട്ടിക്കുറക്കുകയും ചെയ്യുന്ന അതീവ ഗുരുതരമായ ധനപ്രതിസന്ധിയിലാണ് കേരളമിപ്പോള്‍. കിഫ്ബി വഴി സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനം നടത്താനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ കിഫ്ബി നടപ്പാക്കുന്ന വളര്‍ച്ചാതന്ത്രം വളരെ റിസ്‌കുളളതാണ്.
സംസ്ഥാനത്തെ വന്‍കിട അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ നടത്തിപ്പിന് ആഗോള നിക്ഷേപകരില്‍ നിന്നും പണം കണ്ടെത്തുന്നതിനാണ് കിഫ്ബിയുടെ ശ്രമം. ഇതിലേക്കായി 5000 കോടി രൂപയുടെ മസാല ബോണ്ടുകള്‍ രാജ്യാന്തര ബോണ്ട് വിപണിയിലിറക്കാനാണ് കിഫ്ബി ലക്ഷ്യമിട്ടിട്ടുള്ളത്. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് & പൂവര്‍ (S&P), ഫിച്ച് ഇന്റര്‍നാഷണല്‍ എന്നീ രാജ്യാന്തര റേറ്റിംഗ് ഏജന്‍സികള്‍ BB റേറ്റിംഗാണ് കിഫ്ബിക്ക് നല്‍കിയിരിക്കുന്നത്. കേരള സര്‍ക്കാരാണ് കിഫ്ബിയുടെ ഗ്യാരന്റര്‍. വരുന്ന മാസങ്ങളില്‍ ഒന്നോ അതിലധികമോ തവണകളായിട്ടായിരിക്കും ഫണ്ട് സമാഹരിക്കുക. എന്നാല്‍ കുറഞ്ഞ റേറ്റിംഗ് കാരണം കിഫ്ബി ഉദേശിച്ച തരത്തില്‍ മുഴുവന്‍ ഫണ്ടും സമാഹരിക്കാനാകുമോ എന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. റേറ്റിംഗ് ഇന്‍വെസ്റ്റമെന്റ് ഗ്രേഡില്‍ താഴ്ന്നതായതിനാല്‍ ആകര്‍ഷകമല്ലെന്നതാണ് പ്രശ്‌നം.
ഗാരന്റര്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ മോശമായ സാമ്പത്തിക സ്ഥിതിയും ഭീമമായ കടവുമാണ് റേറ്റിംഗ് കുറയാനുള്ള പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. റേറ്റിംഗുകളില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരാം എന്നതിനാല്‍ ഇത്തരം റേറ്റിംഗുകളിലുള്ള വിശ്വാസവും പൊതുവെ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ എന്‍.പി.എ ഭീമമായ തോതില്‍ കുതിച്ചുയര്‍ന്നതിനാല്‍ പൊതുമേഖലാ ബാങ്കുകള്‍ പോലും ഈ രംഗത്തെ വായ്പാ വിതരണത്തില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളൊക്കെ കിഫ്ബിയുടെ ഫണ്ട് സമാഹരണത്തെ സ്വാധീനിച്ചേക്കാനിടയുണ്ട്.
രാജ്യാന്തര വിപണികളായ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും മുഖേനയാണ് മസാല ബോണ്ടുകളുടെ വിപണനം നടത്തുന്നത്.