''വായ്പയുടെ ആവശ്യം കൂടും, ഫണ്ടിന്റെ ലഭ്യത കുറയും; എന്‍ബിഎഫ്‌സികള്‍ക്ക് മുന്നിലുള്ളത് പരീക്ഷണ കാലം'' എന്‍. ഭുവനേന്ദ്രന്‍ പറയുന്നു

കോവിഡ് ബാധ മൂലം വായ്പകള്‍ക്ക് ആവശ്യക്കാരേറും. പക്ഷേ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭ്യത കുറയുന്നത് അവയ്ക്ക് പ്രശ്‌നമാകും. കോവിഡ് ബാധയുടെ വ്യാപ്തിയും നിയന്ത്രണവും സംബന്ധിച്ച് അവ്യക്തത തുടരുന്ന കാലത്തോളം രാജ്യത്തെ ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപന, സാമ്പത്തിക സേവന മേഖലകള്‍ തുടങ്ങിയവയ്ക്ക് മാത്രമല്ല എല്ലാ രംഗത്തും കടുത്ത പ്രതിസന്ധി നിലനില്‍ക്കുക തന്നെ ചെയ്യുമെന്ന് അഹല്യ ഫിന്‍ഫോറെക്‌സ് മാനേജിംഗ് ഡയറക്റ്റര്‍ എന്‍. ഭുവനേന്ദ്രന്‍.

ധനം ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ എന്‍ ബി എഫ് സികള്‍ക്ക് മുന്നിലുള്ള പ്രതിസന്ധികളും ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അദ്ദേഹം വിവരിച്ചു.

സ്വര്‍ണ വായ്പ ഒഴികെയുള്ളവയ്ക്ക് റിസ്‌ക് കൂടുതല്‍

കേരളത്തിലെ പ്രമുഖ എന്‍ ബി എഫ് സികളെല്ലാം തന്നെ കര്‍ശനമായ നിബന്ധനകള്‍ പാലിച്ച് സ്വര്‍ണ വായ്പകള്‍ നല്‍കുന്നവയാണ്. അതുകൊണ്ട് തന്നെ കോവിഡ് ബാധമുള്ള വായ്പാ തിരിച്ചടവില്‍ സംഭവിക്കാനിടയുള്ള വീഴ്ച കേരള എന്‍ ബി എഫ് സികള്‍ക്ക് വലിയ തോതില്‍ പ്രത്യാഘാതം സൃഷ്ടിക്കാനിടയില്ല.

കാരണം ഈടായി സ്വീകരിച്ചിരിക്കുന്നത് സ്വര്‍ണാഭരണങ്ങളാണ്. അതിന്റെ മൂല്യത്തിന്റെ നിശ്ചിത ശതമാനമേ വായ്പ നല്‍കിയിട്ടുള്ളൂ. വായ്പ തിരിച്ചടച്ചില്ലെങ്കിലും സ്വര്‍ണം സ്ഥാപനങ്ങളുടെ കൈവശമുണ്ട്.

എന്നാല്‍ ഇത്തരത്തിലുള്ള ഈടില്ലാതെ നല്‍കിയിരിക്കുന്ന എല്ലാ വായ്പകളുടെയും കാര്യം പ്രതിസന്ധിയിലാണ്.

അഹല്യ ഫിന്‍ഫോറെക്‌സിനെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ മൊത്തം വായ്പകളുടെ 95 ശതമാനവും സ്വര്‍ണവായ്പകളാണ്.

എന്‍ ബി എഫ് സികള്‍ക്ക് മുന്നില്‍ കടുത്ത വെല്ലുവിളികള്‍

കോവിഡ് ബാധയെ തുടര്‍ന്ന് റീറ്റെയ്ല്‍ വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിച്ചതും ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രവര്‍ത്തനം സ്തംഭിച്ചതുമെല്ലാം എന്‍ ബി എഫ് സികള്‍ക്ക് കടുത്ത ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. വായ്പകള്‍ എടുത്തവര്‍ക്ക് മോറട്ടോറിയമുണ്ടെങ്കിലും എന്‍ ബി എഫ് സികള്‍ ബാങ്കുകളില്‍ നിന്ന് നേടിയ ഫണ്ടിന്റെ തിരിച്ചടവിന് മോറട്ടോറിയമില്ല.

എന്‍ ബി എഫ് സികളെ സംബന്ധിച്ചാണെങ്കില്‍ കുറഞ്ഞ ചെലവുള്ള ഫണ്ടിന്റെ ലഭ്യത തന്നെ ഇനി കുറവായിരിക്കും. ബാങ്കുകള്‍ എന്‍ബിഎഫ്‌സികള്‍ക്ക് നല്‍കുന്ന ഫണ്ട് കുറച്ചേക്കും. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് എല്ലാത്തരത്തിലുള്ള വായ്പകള്‍ക്കും ആവശ്യക്കാരേറും. വായ്പകള്‍ കൂടുതല്‍ നല്‍കാന്‍ കൂടുതല്‍ ചെലവ് കുറഞ്ഞ ഫണ്ട് കണ്ടെത്തേണ്ടി വരും.

റീറ്റെയ്ല്‍ എന്‍ സി ഡി ബോണ്ടുകള്‍ വഴി എന്‍ ബി എഫ് സികള്‍ കൂടുതലായി പണം സമാഹരണം നടത്താനാണിട. ബാങ്കുകളിലെ പലിശ നിരക്ക് കുറഞ്ഞതുകൊണ്ട് ആകര്‍ഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്താല്‍ കൂടുതല്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ എന്‍സിഡി ബോണ്ടുകളില്‍ നിക്ഷേപിക്കും.

അഹല്യയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ആവശ്യത്തിന് ഫണ്ടുണ്ട്. ഇനി വേണമെങ്കില്‍ ഞങ്ങളും എന്‍ സി ഡി ബോണ്ടുകളിറക്കും.

ഗള്‍ഫ് പ്രതിസന്ധി കേരളത്തില്‍ വലിയ ആഘാതമാകും

കോവിഡ് ബാധ മൂലമുള്ള പ്രതിസന്ധികള്‍ക്ക് എന്ന് പരിഹാരമുണ്ടാകുമെന്ന കാര്യത്തില്‍ ഇ്‌പ്പോഴും വ്യക്തതയില്ല. ചൈനയിലെ വുഹാനില്‍ ഏഴ് മാസത്തോളം അടച്ചുപൂട്ടല്‍ വേണ്ടി വന്നു. നമ്മള്‍ ഒരു മാസത്തോളമേ ആയിട്ടുള്ളൂ.

ഒന്നോ രണ്ടോ മാസം ഇന്ത്യയും കേരളവുമൊക്കെ പിടിച്ചുനില്‍ക്കും. അതിനുശേഷം എന്താകുമെന്നത് വ്യക്തമല്ല. ഇതിനുമുമ്പുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ നാം തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. പക്ഷേ കോവിഡ് അതുപോലെ ഒന്നല്ല. വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് അത് ഫലപ്രദമായി ജനങ്ങളിലെത്തും വരെ കോവിഡ് ഭീഷണി തന്നെയാണ്.

ഈ അനിശ്ചിതാവസ്ഥ ചെറുകിട ബിസിനസുകാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നമെന്നതാണ് പ്രശ്‌നം. ബഹുഭൂരിപക്ഷവും തകര്‍ന്നടിയും. അവര്‍ക്കായി സര്‍ക്കാരുകള്‍ പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ചില്ലെങ്കില്‍ ചെറു ബിസിനസുകളും അവരെ ആശ്രയിച്ചുള്ള ലക്ഷക്കണക്കിനാളുകളും കടുത്ത പ്രതിസന്ധിയിലേക്ക് വീഴും.

കേരളത്തെ ഉറ്റുനോക്കുന്ന മറ്റൊരു വലിയ പ്രശ്‌നം ഗള്‍ഫിലെ പ്രതിസന്ധിയാണ്. നമ്മുടെ നാട്ടിലെ റീറ്റെയ്ല്‍, വിദ്യാഭ്യാസ, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവന മേഖല എന്നുവേണ്ട എല്ലാ രംഗത്തും ഇതിന്റെ അനുരണനമുണ്ടാകും. എണ്ണ വില ഇടിവ്, കോവിഡ് മൂലമുണ്ടാകാനിടയുള്ള യാത്രാ വിലക്കുകള്‍ എന്നിവ ഗള്‍ഫ് മേഖലയിലെ ബിസിനസുകളെ പ്രതിസന്ധിയിലാക്കും. തദ്ദേശീയരായ ജനങ്ങള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുമ്പോള്‍ ആദ്യം തൊഴില്‍ നഷ്ടപ്പെടുക കുടിയേറ്റക്കാര്‍ക്കാവും. കേരളത്തിന് അത് വലിയ തിരിച്ചടിയാകും.

മണിട്രാന്‍സ്ഫര്‍, ഫോറെക്‌സ് രംഗത്തെല്ലാം ഇപ്പോള്‍ തന്നെ അത് പ്രതിഫലിക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it