നരസിംഹറാവു സർക്കാരിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം: രഘുറാം രാജൻ
ഇന്ത്യയുടെ ചരിത്രത്തിൽ ഉദാരവൽക്കരണം ഉൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ട നരസിംഹറാവു സർക്കാരിൽ നിന്ന് ഇന്നത്തെ നേതൃത്വം പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് മുൻ ആർബിഐ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ.
ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കവെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേതൃത്വത്തിന് ധീരമാനായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ചില തടസങ്ങൾ ഉണ്ട്. അഭിപ്രായ ഐക്യം രൂപീകരിക്കുക എന്നതാണ് ഏറ്റവും കഠിനം. എന്നാൽ നരസിംഹറാവുവും അന്നത്തെ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗും ഇത്തരം തടസങ്ങൾ ഒഴിവാക്കി തീരുമാനങ്ങൾ കൈക്കൊണ്ടതെങ്ങനെയെന്ന് നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു രണ്ടാംഘട്ട സാമ്പത്തിക പരിഷ്‌കാരങ്ങൾ വേണം. അതിന് ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും കൃത്യമായ നടപ്പാക്കലും വേണം, അദ്ദേഹം കൂട്ടിച്ചേർത്തു.
ദാവോസിൽ പറഞ്ഞ മറ്റു പ്രധാന കാര്യങ്ങൾ:
- തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വ്യത്യസ്തമായ ആശയങ്ങളോടുള്ള സഹിഷ്ണുത, സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നിവയാണ് ഇന്ത്യ ശ്രദ്ധ ചെലുത്തേണ്ട മൂന്ന് കാര്യങ്ങൾ.
- ക്രമേണ ഇന്ത്യ ചൈനയേക്കാൾ വലിയ സമ്പദ് വ്യവസ്ഥയാകും. മറ്റ് തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ ഇൻഫ്രാസ്ട്രക്ച്ചർ രൂപീകരിക്കാൻ ഇന്ത്യ മുൻകൈയ്യെടുക്കുന്ന കാലം വരും.
- ആർബിഐ ഗവർണറുടെ അധികാര കാലാവധിയും സ്ഥാനവും സംരക്ഷിക്കാൻ നിയമം വേണം.
- സേവനങ്ങളും ഉൽപന്നങ്ങളും വിലക്കുറവിലും സൗജന്യമായും നൽകുന്നത് ഉപഭോക്താക്കൾക്കും കോപ്പറേറ്റുകൾക്കും നിലവിൽ ഗുണകരമാണ്. ഈ രീതി എത്രകാലം മുന്നോട്ടു പോകും എന്നത് കണ്ടറിയേണ്ട കാര്യമാണ്.
- ഉദാഹരണത്തിന് ഗൂഗിൾ ധാരാളം സൗജന്യ സേവനങ്ങൾ ഇപ്പോൾ നൽകുന്നുണ്ട്. ഉപഭോക്താക്കൾ സൗജന്യമായി എന്തെങ്കിലും നേടുമ്പോൾ അതിന്റെ വില ആരാണ് നൽകുന്നത് എന്നത് നാം അറിഞ്ഞിരിക്കണം. കാരണം ലോകത്ത് ഒന്നും സൗജന്യമല്ല.
- ഇത്തരത്തിലുള്ള ഡിസ്‌കൗണ്ട് കൊണ്ട് വലിയ അളവിലുള്ള ബിസിനസ് ആണ് കമ്പനികൾ നേടുന്നത്. ഈയൊരു പ്രവണത 'സൂപ്പർ സ്റ്റാർ' കമ്പനികളെ സൃഷ്ടിക്കുന്നുണ്ട്. ഡേറ്റ, ടെക്നോളജി പ്ലാറ്റ് ഫോമുകളുടെ കാര്യത്തിൽ കൺസ്യൂമർ, അഡ്വെർടൈസർ എന്നീ രണ്ട് റവന്യൂ സ്ട്രീമുകളും തമ്മിലുള്ള അന്തരം മനസിലാക്കേണ്ടതുണ്ട്.
- നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതിനുമപ്പുറം കോർപറേറ്റുകൾ വളരുകയാണ്.
- തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്ത സാമ്പത്തിക വളർച്ച കൊണ്ട് കാര്യമില്ല.
- ഇന്ത്യയുടെ വളർച്ച കൂടുതലും ഉപഭോഗത്തെ ആശ്രയിച്ചാണ്. പക്ഷെ നിക്ഷേപവും വർധിക്കണം. എന്നാലേ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടൂ.
ധനം ഓൺലൈനിന്റെ പുതിയ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ https://bit.ly/2sGjKNQ