കേരളത്തിലെ തൊഴിലുകൾ എവിടെപ്പോയി?

ന്ത്യയിലെ ആഭ്യന്തര കുടിയേറ്റക്കാരുടെ സ്വര്‍ഗമാണ് കേരളം. പക്ഷേ ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് മന്ത്രാലയത്തിന്റെ സര്‍വെ പ്രകാരം ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ള പ്രധാന സംസ്ഥാനങ്ങളിലൊന്നും കേരളം തന്നെ.

തൊഴിലില്ലായ്മ നിരക്കിന്റെ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കേരളത്തിലുള്ളത്. പത്താം ക്ലാസ് കഴിഞ്ഞാല്‍ ഏതാണ്ടെല്ലാവരും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന രീതിയാണ് കേരളത്തിലുള്ളത്. അതുകൊണ്ടു തന്നെ ഈ നിരക്ക് ഉയര്‍ന്നതാകും.

എന്നിരുന്നാലും നഗര- ഗ്രാമീണ മേഖലയില്‍ തൊഴിലുകള്‍ കേരളത്തിലുണ്ടായിരുന്നു. വൈദഗ്ധ്യമുള്ള തൊഴിലാളികളെ തേടി തൊഴിലുടമകള്‍ നടന്ന കാലവുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളീയ സമൂഹത്തില്‍ തൊഴിലില്ലായ്മ പിടിമുറുക്കുകയാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ നല്‍കുന്ന വ്യാപാര, കെട്ടിട നിര്‍മാണ മേഖലയിലെ പ്രതിസന്ധികളാണ് പ്രധാനമായും തൊഴില്‍ നഷ്ടത്തിന് കാരണം. ചെറുതും വലുതുമായ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ അടച്ചുപൂട്ടി കഴിഞ്ഞു. വ്യാപാര, വ്യവസായ, സേവന രംഗത്തുള്ള സംരംഭങ്ങളില്‍ പലതും നിലനില്‍പ്പിന്റെ ഭാഗമായി ജീവനക്കാരെ വെട്ടിച്ചുരുക്കുകയും ചെയ്യുന്നു.

തൊഴിലുകള്‍ എവിടെ പോയി?

കേരളത്തില്‍ തൊഴില്‍ ക്ഷാമമോ? ഏത് തൊഴിലും ചെയ്യാന്‍ മനസ്സുള്ളവര്‍ക്ക് ഇവിടെ തൊഴിലുണ്ട്? ഇങ്ങനെ പറയുന്ന ഒരു വലിയ വിഭാഗത്തെ നമുക്കിവിടെ കാണാം. ആ വാദം ശരിയുമാണ്. 25 ലക്ഷത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ് തുടങ്ങി ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആളുകള്‍ കേരളത്തില്‍ തൊഴിലെടുക്കുന്നു. ഇതും കൂടാതെ നേപ്പാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ളവരുമുണ്ട്.

ഇവര്‍ എടുക്കുന്ന തൊഴില്‍ മലയാളികള്‍ എത്ര പട്ടിണിയായാലും ഇന്ന് ചെയ്യാന്‍ തയ്യാറാകുന്നില്ല. ഒപ്പം വസ്ത്രത്തില്‍ അധികം അഴുക്ക് പറ്റാതെ മാന്യമായി വേതനം ലഭിച്ചിരുന്ന തൊഴിലുകള്‍ കേരളത്തിനകത്തും പുറത്തും ഒരു പോലെ കുറയുകയും ചെയ്തിരിക്കുന്നു. ഇതാണ് രൂക്ഷമായ തൊഴിലില്ലായ്മയിലേക്ക് മലയാളിയെ തള്ളിവിടുന്നത്.

''വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുന്നതുകൊണ്ടാകുന്ന തൊഴില്‍ നഷ്ടം വളരെ വലുതാണ്. ഗ്രാമീണ മേഖലയിലാണ് കൂടുതലും കടകള്‍ പൂട്ടിപ്പോകുന്നത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന യൂണിറ്റുകളില്‍ രണ്ടു വര്‍ഷത്തിനിടെ 30 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. കടയുടമകള്‍ക്കും ജീവനക്കാര്‍ക്കും ഇതുമൂലം തൊഴിലില്ലാതാവുന്നുണ്ട്,'' കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ ഉദ്യോഗ് മണ്ഡല്‍ ദേശീയ വൈസ് പ്രസിഡന്റുമായ രാജു അപ്‌സര ചൂണ്ടിക്കാട്ടുന്നു.

നിത്യോപയോഗ സാധനങ്ങള്‍ ഒഴികെ മറ്റ് മേഖലകളിലുള്ള റീറ്റെയ്ല്‍ സ്‌റ്റോറുകളിലെല്ലാം പ്രശ്‌നങ്ങളുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. കൊച്ചിയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ബ്രോഡ്‌വേയില്‍ 20 ഓളം കച്ചവട സ്ഥാപനങ്ങള്‍ ഇതിനകം പൂട്ടിപ്പോയി. ഒട്ടനവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച എറണാകുളം, തൃശൂര്‍ ജില്ലകളിലെ പല ഭാഗങ്ങളിലെയും 20 ശതമാനത്തോളം കടകള്‍ ഇപ്പോഴും തുറന്നിട്ടില്ല. പലരും ആ രംഗം ഉപേക്ഷിച്ച സ്ഥിതിയാണ്.

കോഴിക്കോട് ഹൈവേയില്‍ നിരവധി ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. ''പണ്ട് കേരളം വ്യവസായങ്ങളുടെ ശവപറമ്പായിരുന്നുവെങ്കില്‍ ഇന്ന് വ്യാപാരത്തിന്റേതാണ്. കോഴിക്കോട് നഗരത്തിന് നടുവിലുള്ള എന്റെ കെട്ടിടത്തില്‍ 60ല്‍ 12 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. പുതുതായി ആരും വരുന്നില്ല,'' മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവ. സി.ഇ ചാക്കുണ്ണി പറയുന്നു. തൃശൂര്‍ നഗരത്തില്‍ തന്നെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടെക്‌സ്‌റ്റൈല്‍സും റെസ്റ്റൊറന്റുമെല്ലാം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ പൂട്ടി. ഇതെല്ലാം മൂലമുണ്ടായ തൊഴില്‍ നഷ്ടമേറെയാണ്.

''കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു

പൂട്ടിക്കൊണ്ടിരിക്കുന്നു. ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടമായും തൊഴില്‍ നിര്‍

ത്തിയും വന്നവര്‍ വ്യാപാര മേഖലയിലേക്ക് എടുത്ത് ചാടുന്നത് വ്യാപകമായ അടച്ചുപൂട്ടലിന് മറ്റൊരു കാരണവുമാകുന്നുണ്ട്. ഇവര്‍ വരുന്നതോടെ അവിടെ നിലവിലുണ്ടായ കടയും പിന്നാലെ ഇവരുടെ കടയും പ്രതിസന്ധിയിലാകും. ഒടുവില്‍ അവയെല്ലാം പൂട്ടും.

നിര്‍മാണ മേഖലയിലും വ്യാപകമായ തൊഴില്‍ നഷ്ടമാണ്. മറുനാടന്‍ തൊഴിലാളികളില്‍ വലിയൊരു വിഭാഗം മടങ്ങി പോകുന്നുണ്ട്. ഗള്‍ഫില്‍ നിന്ന് അനുദിനം തൊഴില്‍ നഷ്ടപ്പെട്ട് ഏറെ പേര്‍ വരുന്നുമുണ്ട്. സമീപഭാവിയില്‍ കേരളത്തില്‍ വലിയ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും,'' കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി പറയുന്നു.

മുന്‍പ് നാട്ടിന്‍ പുറത്ത് ബസ് ജീവനക്കാര്‍ക്ക് തൊഴിലവസരങ്ങളും നല്ല

വേതനവുമുണ്ടായിരുന്നു. ''കേരളത്തില്‍ നാല് വര്‍ഷം മുമ്പ് 35,000 ത്തിലേറെ സ്വകാര്യ ബസുകള്‍ ഓടിയിരുന്നു. ഇന്ധന വില, സ്‌പെയര്‍ പാര്‍ട്‌സ് വില വര്‍ധന ഒക്കെ മൂലം ഈ ബിസിനസ് അത്ര ലാഭകരമല്ലാതായി. ഇന്ന് 15,000 - 16,000 സ്വകാര്യ ബസുകളാണുള്ളത്. ഇതുമൂലം അര ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമായിട്ടുണ്ട്,'' ബിന്നി ഇമ്മട്ടി വിശദീകരിക്കുന്നു.

കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ തൊഴിലുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റും ഐ എല്‍ ഒ ഗവേണിംഗ് ബോഡി അംഗവുമായ ആര്‍. ചന്ദ്രശേഖരന്‍ പറയുന്നു. ''തൊഴില്‍ രംഗത്ത് അസംഘടിത മേഖലയെ സംഘടിത മേഖലയാക്കി മാറ്റണമെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ നിയമം. ഇന്ത്യ ഇത് അംഗീകരിച്ചുണ്ടെങ്കിലും ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ സംഘടിത മേഖലയെ അസംഘടിത മേഖലയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതൊരു ഭയാനക അവസ്ഥയിലേക്കാവും രാജ്യത്തെ കൊണ്ടെത്തിക്കുക,'' ചന്ദ്രശേഖരന്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യവും കേരളവും അഭിമുഖീകരിക്കുന്ന ഭീകരമായ അവസ്ഥയിലേക്കാണ് ഇദ്ദേഹം വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയിലെ അവസ്ഥ എത്രമാത്രം ഭീകരമാണ്? കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടര്‍ന്നാല്‍ ഇനി പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമോ? തൊഴില്‍ നേടാന്‍ മലയാളികളുടെ മനോഭാവവും കരിയര്‍ സ്വപ്‌നങ്ങളും മാറ്റണമോ? നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സുജ ചാണ്ടി ചൂണ്ടിക്കാട്ടുന്നതുപോലെ ആറുമാസം മുമ്പുള്ള ടെക്‌നോളജിയല്ല ഇന്നത്തേത്. ഈ അവസ്ഥയില്‍ എങ്ങനെയാകും തൊഴിലുകളെ കുറിച്ച് പ്രവചനം നടത്താനാവുക എന്നതാണ് മറ്റൊരു വസ്തുത.

തൊഴിലില്ലായ്മ; നാല് പതിറ്റാണ്ടിനിടെ ഉയര്‍ന്നത് രാജ്യത്ത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തോടെ 2104ല്‍ അധികാരമേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടെങ്കിലും തൊഴിലില്ലായ്മ സംബന്ധിച്ച ശരിയായ കണക്കുകള്‍ പൂഴ്ത്തി വെച്ചിരിക്കുകയാണെന്ന ആരോപണം തെരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ന്നിരുന്നു.

എന്തായാലും പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നടത്തിപ്പ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 6.1 ശതമാനത്തില്‍ എത്തിയതായി അത് വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലുകള്‍ മാറുന്നു, തൊഴിലന്വേഷകരോ?

പല മേഖലകളിലും തൊഴില്‍ അവസരങ്ങളുണ്ട്. എന്നാല്‍ തൊഴിലെടുക്കാന്‍ പ്രാപ്തരായ ആളുകളെ കിട്ടാത്തതാണ് കേരളത്തിലെ പ്രശ്‌നമെന്ന് ചെറുകിട വ്യവസായ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ ദാമോദര്‍ അവന്നൂര്‍ ആവര്‍ത്തിക്കുന്നുണ്ട്. ''അവസരങ്ങള്‍ ഇവിടെ ഉണ്ടാകുന്നുണ്ട്. പക്ഷേ അത് മുതലെടുക്കാന്‍ നമുടെ ആളുകള്‍ക്ക് സാധിക്കുന്നില്ല.

ഒന്നുകില്‍ ജോലി ചെയ്യാനറിയില്ല. അല്ലെങ്കില്‍ വീട്ടുകാരുടെയോ മറ്റോ നിര്‍ബന്ധം കൊണ്ട് പഠിച്ചു വന്ന മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ ഇഷ്ടമില്ല, വൈദഗ്ധ്യവുമില്ല. ഇതൊക്കെയാണ് ഇവിടെ കാണുന്നത്,'' അദ്ദേഹം പറയുന്നു. ഇത്തരക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുണ്ട്. പുതിയത് കിട്ടുന്നുമില്ല, ദാമോദര്‍ അവന്നൂര്‍ ചൂണ്ടിക്കാട്ടുന്നു.

ടെക്‌നോളജി മാറ്റം തൊഴില്‍ മേഖലയെ വളരെയേറെ മാറ്റിയിട്ടുണ്ടെന്ന് ഗ്രീന്‍പെപ്പര്‍ കണ്‍സള്‍ട്ടന്‍സി സിഇഒ കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ''പുതിയ സാങ്കേതിക വിദ്യയും ബിസിനസ് രീതികളുമാകുമ്പോള്‍ ചില ജീവനക്കാര്‍ അനാവശ്യമാകുന്നു. അവര്‍ക്ക് കൊഴിഞ്ഞുപോകേണ്ടി വരും.

ഇന്നത്തെ തൊഴില്‍ നഷ്ടങ്ങളേറെയും അത്തരത്തിലുള്ളതാണ്. ഫാക്ടറി അടച്ചുപൂട്ടി 200 പേര്‍ക്ക് തൊഴില്‍ നഷ്ടമായി എന്നതുപോലെയുള്ള വാര്‍ത്തകളല്ല, മറിച്ച് നിശബ്ദമായ തൊഴില്‍ നഷ്ടങ്ങളുടെ, കൊഴിഞ്ഞുപോകലിന്റെ കാലമാണിത്,'' കൃഷ്ണകുമാര്‍ വിശദീകരിക്കുന്നു.

മാര്‍ക്കറ്റിംഗ് മേഖലയില്‍ മിഡ്ല്‍ ലെവല്‍ മാനേജര്‍മാരുടെ പ്രസക്തി ഇല്ലാതായിരിക്കുന്ന കാലഘട്ടമാണിത്. ടോപ്പ് ലെവല്‍ മാനേജര്‍മാര്‍ സെയ്ല്‍സ് എക്‌സിക്യൂട്ടിവുകളെ നേരിട്ട് നിയന്ത്രിക്കുന്നു. പഴയ കാലത്തെ അനുഭവങ്ങളുമായി ഇന്നത്തെ വിപണിയില്‍ തപ്പിത്തടയുന്ന സീനിയര്‍ മാനേജര്‍മാരെയും മാനേജര്‍മാരെയുമൊന്നും ഇപ്പോള്‍ ആര്‍ക്കും ആവശ്യമില്ല.

പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അവര്‍ വിമുഖത കാട്ടുകയോ സാധ്യമാകാതെ വരികയോ ചെയ്യുന്നു. പഴയ ശീലങ്ങള്‍ വിടാനും തയാറാകുന്നില്ല. അപ്പോള്‍ അവര്‍ പുറന്തള്ളപ്പെടുന്നു. 40 വയസില്‍ കൂടുതലുള്ളവര്‍ക്ക് മറ്റൊരു ജോലി തരപ്പെടാനും ബുദ്ധിമുട്ടാണ്. വലിയൊരു തൊഴില്‍ നഷ്ടത്തിനുള്ള സാധ്യതയാണ് അവിടെ തുറക്കുന്നത്. പഴയ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാവട്ടെ പുതിയ സ്‌കില്‍ഡ് ലേബേഴ്‌സിനെ കിട്ടുന്നുമില്ല.

ഇ കൊമേഴ്‌സ് കമ്പനിയും ഇ കൊമേഴ്‌സ് മേഖലയിലേക്ക് കടക്കാനിരിക്കുന്ന പഴയ തലമുറ കമ്പനിയും തൊഴിലാളികളെ തേടുമ്പോള്‍ പുതുതലമുറ ഇ കൊമേഴ്‌സ് കമ്പനിയെ തെരഞ്ഞെടുക്കും. അവിടെ വര്‍ക്ക് കള്‍ചര്‍ തന്നെ വ്യത്യസ്തവും കരിയറില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതുമാകുമെന്ന് അവര്‍ മനസിലാക്കുന്നു. മിഡ്ല്‍ ലെവര്‍ മാനേജര്‍മാര്‍ പോകുമ്പോള്‍ പകരം ആ പോസ്റ്റില്‍ നിയമനം നടത്തുന്നുമില്ല. അതുകൊണ്ട് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നില്ല.

മറ്റൊന്ന് പല കമ്പനികളും കരാര്‍ വ്യവസ്ഥയിലാണ് തൊഴിലാളികളെ കൊണ്ടു വരുന്നത്. അവിടെ ഒരു സ്ഥിരതയും തൊഴിലാളിക്കില്ല. അതേസമയം പല മേഖലകളിലും തൊഴിലാളികള്‍ നിശ്ചിത കാലത്തിനപ്പുറം നില്‍ക്കുന്നുമില്ല. പരിശീലനം നല്‍കി നല്ല നിലയില്‍ ആകുമ്പോഴേക്ക് വലിയ കമ്പനികളിലേക്ക് മാറുന്നു. മുമ്പ് ഫ്രെഷേഴ്‌സിനെ പല കമ്പനികളും കാര്യമായി പരിഗണിക്കുമായിരുന്നു. കുറച്ച് ശമ്പളം നല്‍കിയാല്‍ മതിയെന്നത് വലിയ ആകര്‍ഷണമായിരുന്നു. ഇന്ന് അതല്ല സ്ഥിതി. സെയ്ല്‍സ് മേഖലയിലല്ലാതെ ഫ്രെഷേഴ്‌സിന് മികച്ച അവസരം ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

ഈ യുവസമൂഹത്തിനെ എന്തുചെയ്യും?

തൊഴില്‍ സൃഷ്ടിക്കുക എന്നാല്‍ മുന്‍കാലത്തെ പോലെ അത്ര എളുപ്പമല്ല. വ്യവസായ വിപ്ലവം അതിന്റെ ഏറ്റവും പുതിയ ഘട്ടത്തിലാണ്. മനുഷ്യന്റെ ഇടപെടല്‍ പരമാവധി കുറച്ചുമതി ഇന്ന്. കോര്‍പ്പറേറ്റ് മേഖലയില്‍ തൊഴിലുകള്‍ ചുരുങ്ങാന്‍ കാരണമതാണ്. 2013-14 മുതല്‍ രാജ്യത്തെ ലിസ്റ്റഡ് കമ്പനികളിലെ തൊഴിലുകള്‍ കുറഞ്ഞുവരുകയാണ്. സര്‍വീസ് മേഖലയിലും തൊഴിലുകള്‍ കുറഞ്ഞുവരുകയാണെന്ന് സിഎംഐഇ നടത്തിയ പഠനം പറയുന്നുണ്ട്.

ബാങ്കിംഗ് രംഗത്തും സ്ഥിതി വ്യത്യസ്തമല്ല. ധനകാര്യ സേവന രംഗത്ത് പുതിയ കമ്പനികളും ഫിന്‍ടെക്കുകളും കടന്നുവരുമ്പോള്‍ പുതിയ ഒട്ടേറെ സേവനങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇവ തൊഴിലുകള്‍ സൃഷ്ടിക്കുന്നില്ല.

നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, സോഫ്റ്റ്‌വെയര്‍ റോബോട്ടിക്‌സ് എന്നിവയെല്ലാം മൂലം മനുഷ്യനെ അധികം ആശ്രയിക്കാതെ മികച്ച സേവനം നല്‍കാനാണ് ബാങ്കുകളും ഫിന്‍ടെക്കുകളും മത്സരിക്കുന്നത്. ബാങ്കിംഗ്, ധനകാര്യ രംഗത്ത് ഇനിയും തൊഴിലവസരങ്ങള്‍ കുറയാനാണ് ഇതിടവരുത്തുക.

തൊഴിലുകള്‍ കുറയുമ്പോള്‍ തൊഴില്‍ തേടി വരുന്ന യുവാക്കളുടെ എണ്ണം കുത്തനെ കൂടുകയാണ്. ഇതാണ് കേരളവും ഇന്ത്യയും അഭിമുഖീകരിക്കാന്‍ പോകുന്ന മറ്റൊരു പ്രശ്‌നം. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയുടെ നിരക്കില്‍ ബീഹാറിന് പിന്നിലായി രണ്ടാമതായാണ് രാജ്യത്ത് കേരളത്തിന്റെ സ്ഥാനം. ബീഹാറില്‍ ഈ നിരക്ക് 40.9 ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇത് 37 ശതമാനമാണ്.

തൊഴിലുകള്‍ ഉയര്‍ന്നുവരുന്ന പുതിയ മേഖലകള്‍ പലതുമുണ്ട്. അതിന് പാകമായ വിധത്തില്‍ പല തൊഴിലധിഷ്ഠിത കോഴ്‌സുകളും കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതികളുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഇവയില്‍ മിക്കതിനും താല്‍പ്പര്യം കാണിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇപ്പോഴും കുറവാണ്. മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ പലരും ഇത്തരം കോഴ്‌സുകളിലേക്ക് വരുന്നില്ലെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ദേശീയതലത്തില്‍ നടന്ന ഒരു സര്‍വെയും ഇതേ വസ്തുത ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തെ 15 - 59 വയസിനിടയിലുള്ളവരില്‍ വെറും രണ്ട് ശതമാനത്തിന് മാത്രമാണ് ഔപചാരികമായ വൊക്കേഷണല്‍ ട്രെയ്‌നിംഗ് ലഭിച്ചിരിക്കുന്നതെന്ന് സര്‍വെ വെളിവാക്കുന്നു. ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരില്‍ 1.2 ശതമാനമാണെങ്കില്‍ നഗരമേഖലയില്‍ ഇത് 3.7 ശതമാനമാണ്. വൊക്കേഷണല്‍ / ടെക്‌നിക്കല്‍ ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കിയ 57.1 ശതമാനത്തിനും ജോലിയുണ്ട്.

പ്രതിമാസം ദശലക്ഷക്കണക്കിന് യുവാക്കളാണ് തൊഴില്‍ വേണ്ടവരായി സമൂഹത്തിലേക്ക് വരുന്നത്. ഇവര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇന്ത്യയിലെ സര്‍ക്കാരിന് അത്രയെളുപ്പത്തില്‍ സാധിക്കില്ല. ലോകബാങ്കിന്റെ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പതിനഞ്ച് വയസിന് മുകളിലുള്ള വര്‍ക്കിംഗ് ഏജിലുള്ള ജനസംഖ്യ പ്രതിമാസം 13 ലക്ഷത്തോളം വര്‍ധിക്കുന്നുണ്ട്. ഇവരെ വേണ്ടവിധത്തില്‍ പുനരധിവസിപ്പിക്കാന്‍ പ്രതിവര്‍ഷം 80 ലക്ഷം തൊഴിലുകളെങ്കിലും സൃഷ്ടിക്കണം. എന്നാല്‍ രാജ്യം സാമ്പത്തികമായി മുന്നേറുന്തോറും തൊഴിലുകള്‍ കുറയുന്ന പ്രവണതയാണ് കാണുന്നത്. ഓട്ടോമേഷന്‍ പോലുള്ള കാരണങ്ങളാണ് ഇതിന് പ്രധാന കാരണം.

ഭാവി എന്ത്?

2014ല്‍ നരേന്ദ്ര മോദി അധികാരത്തിലേറുമ്പോള്‍ ലോകം Industry 4.0 യിലേക്ക് മാറുകയായിരുന്നു. സ്മാര്‍ട്ട് സെന്‍സറുകള്‍, ഓട്ടോമേഷന്‍ ഡിവൈസുകള്‍, ന്യൂ ജനറേഷന്‍ റോബോട്ടുകള്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ക്ലൗഡ് കംപ്യൂട്ടിംഗ്, ഹ്യൂമണ്‍ - മെഷീന്‍ ഇന്റര്‍ഫേസ്, ഓഗ്‌മെന്റഡ് റിയാലിറ്റി, 3ഡി പ്രിന്റിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ് എന്നിവയെല്ലാമാണ് ഈ വിപ്ലവത്തെ നയിക്കുന്നത്.

ഇന്ത്യന്‍ മാനുഫാക്ചര്‍മാര്‍ ഇതെല്ലാം ഉള്‍ച്ചേര്‍ക്കാന്‍ തുടങ്ങിയതോടെ തൊഴിലുകള്‍ കുറഞ്ഞു. ഇത്തരം ടെക്‌നോളജികള്‍ തൊഴിലുകള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും ഇവ മൂലം നഷ്ടപ്പെടുന്നതിന് തുല്യമായത്ര പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല. 2019ല്‍ മോദി വീണ്ടും അധികാരത്തിലേറുമ്പോഴുള്ള പ്രധാന വെല്ലുവിളിയും ഇതുതന്നെ.

മക് കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2017ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ഓട്ടോമേഷന്‍ അതിവേഗത്തിലും നിയന്ത്രിത വേഗത്തിലും താഴ്ന്ന നിരക്കിലും ഉള്‍ച്ചേര്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്ന തൊഴിലുകളുടെ എണ്ണത്തെ കുറിച്ച് സൂചന നല്‍കുന്നുണ്ട്.

നിയന്ത്രിത വേഗത്തിലാണ് ഇന്ത്യയിലെ ഓട്ടോമേഷന്‍ മുന്നേറുന്നതെങ്കില്‍ 2030ഓടെ ഇന്ത്യയുടെ മൊത്തം വര്‍ക്കിംഗ് മണിക്കൂറിന്റെ ഒന്‍പത് ശതമാനം അതുമൂലം യന്ത്രങ്ങള്‍ കീഴടക്കും. അതിവേഗത്തിലാണെങ്കില്‍ മൊത്തം വര്‍ക്കിംഗ് മണിക്കൂറുകളുടെ 19 ശതമാനവും. അതിവേഗത്തില്‍ ഓട്ടോമേഷന്‍ നടപ്പാക്കപ്പെട്ടാല്‍ 2030 ഓടെ 12 കോടി തൊഴിലുകള്‍ രാജ്യത്തു നിന്ന് അപ്രത്യക്ഷമാകും.

കഴിഞ്ഞ അഞ്ചു വര്‍ഷം തൊഴില്‍ സൃഷ്ടിക്കുന്നത് ബുദ്ധിമുട്ടായിരുന്നുവെങ്കില്‍ അടുത്ത പത്ത് വര്‍ഷം അതിലേറെ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. ഇന്ത്യയിലും കേരളീയ സമൂഹത്തിലുമുള്ള യുവസമൂഹത്തെ മികച്ച രീതിയില്‍ വിനിയോഗിക്കാന്‍ സാധിക്കുമോ അതോ ഈ തൊഴില്‍ അന്വേഷിച്ചു നടക്കുന്ന യുവസമൂഹം വലിയൊരു പേടി സ്വപ്‌നമാകുമോ; കേരളം ഉറ്റുനോക്കുന്നതും

ഇതാണ്.

2018ല്‍ മാത്രം തൊഴില്‍ നഷ്ടമായത് 1.10 കോടി പേര്‍ക്ക്

  • ഇന്ത്യയില്‍ തൊഴിലില്ലായ്മ പടിപടിയായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു
  • 2017 ഡിസംബറിലേതിനേക്കാള്‍ 2018 ഡിസംബറില്‍ 1.09 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്.
  • നഗര-ഗ്രാമീണ പ്രദേശത്ത് തൊഴിലുകള്‍ വന്‍തോതില്‍ നഷ്ടമായിട്ടുണ്ട്. ഗ്രാമീണ ഇന്ത്യയില്‍ 91 ലക്ഷം പേര്‍ക്ക് തൊഴിലുകള്‍ നഷ്ടമായപ്പോള്‍ നഗരപ്രദേശത്തെ 18 ലക്ഷം പേര്‍ക്ക് തൊഴിലില്ലാതായി.
  • ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗം വരുന്ന ഗ്രാമീണ ജനതയാണ്. മൊത്തം തൊഴില്‍ നഷ്ടമായവരില്‍ 84 ശതമാനം പേരും ഇവരാണ്.
  • 1.10 കോടി തൊഴില്‍ നഷ്ടമായപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിച്ചതും സ്ത്രീകളാണ്. ഇതില്‍ 88 ലക്ഷം പേര്‍ സ്ത്രീകളാണ്! അതില്‍ തന്നെ 65 ലക്ഷം പേര്‍ ഗ്രാമീണ സ്ത്രീകളും
  • മാസവേതനക്കാരായ 37 ലക്ഷം പേര്‍ക്ക് 2018ല്‍ ജോലി പോയിട്ടുണ്ട്.
  • ദിവസ വേതനക്കാര്‍, കൃഷിപ്പണിയിലേര്‍പ്പെട്ടവര്‍, ചെറുകിട കച്ചവടക്കാര്‍, വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാര്‍ എന്നിവര്‍ക്കാണ് കൂടുതലും തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

ഈ റിപ്പോര്‍ട്ടിന് സമാനമായ സ്ഥിതി തന്നെയാണ് കേരളത്തിലും. ഇതില്‍ നിന്ന് വ്യത്യസ്തമായി ഗള്‍ഫ് മേഖലയില്‍ തൊഴിലെടുത്തിരുന്ന വലിയൊരു വിഭാഗം മലയാളികള്‍ കൂടി ഇവിടേക്ക് തിരിച്ചെത്തുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം.

തൊഴില്‍ സൂചികകളില്‍ കേരളം പിന്നില്‍

തൊഴിലില്ലായ്മയുടെ രൂക്ഷത വ്യക്തമാക്കാന്‍ തൊഴില്‍ സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന വ്യത്യസ്ത നിരക്കുകള്‍ പരിശോധിക്കാവുന്നതാണ്. തൊഴില്‍ പങ്കാളിത്ത നിരക്കില്‍ (Labour Force Participation Rate -LFPR) കേരളം പിന്നിലാണെന്ന് 2019ലെ ഇക്കണോമിക് റിവ്യൂ വ്യക്തമാക്കുന്നു. 18 മുതല്‍ 60 വയസ് വരെ പ്രായമുള്ള തൊഴിലെടുക്കുന്നവരുടെ പങ്കാളിത്ത നിരക്കിനെയാണിത് സൂചിപ്പിക്കുന്നത്.

നഗരപ്രദേശങ്ങളിലെ LFPRലുള്ള നേരിയ വര്‍ധന ഒഴികെ കഴിഞ്ഞ രണ്ട് വര്‍ഷമായി തൊഴില്‍ പങ്കാളിത്ത നിരക്കില്‍ വളര്‍ച്ചയുണ്ടായിട്ടില്ല. കേരളത്തിലെ LPFR 50 ശതമാനമാണെങ്കില്‍ ആന്ധ്രയില്‍ അത് 62.5 ശതമാനവും തമിഴ്‌നാട്ടില്‍ 57.2 ശതമാനവും കര്‍ണ്ണാടകയില്‍ 55.5 ശതമാനവുമാണ്. ഗ്രാമ പ്രദേശങ്ങളില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളെക്കാളും വളരെയേറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

തൊഴില്‍ രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തത്തിലും കേരളം പിന്നിലാണ്. കേരളത്തിലെ സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് 30.81 ശതമാനമാണെങ്കില്‍ ആന്ധ്രയില്‍ അത് 46.6 ശതമാനവും തമിഴ്‌നാട്ടില്‍ 39.2 ശതമാനവും കര്‍ണ്ണാടകയില്‍ 32.7 ശതമാനവുമാണ്. തെഴില്‍ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് പുരുഷന്മാരെക്കാള്‍ കുറവാണെന്ന് ഇത് വ്യക്തമാക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it