വെല്ലുവിളികളെ മറികടന്ന് വളരാന്‍ മാന്ത്രിക 'C' വിദ്യ
Read the article in English
ഈ കാലവും കടന്നുപോകും. നമുക്കെന്തായാലും പോസിറ്റീവ് ചിന്തയോടെ തന്നെ തുടങ്ങാം. മനുഷ്യരാശി ഒരുപാട് പ്രതിബന്ധങ്ങളെ കടന്നുവന്നതാണ്. നമുക്ക് ഇതിനെയും മറികടക്കാന്‍ സാധിക്കും.
എന്നിരുന്നാലും ചില യാഥാര്‍ത്ഥ്യങ്ങള്‍ കാണാതിന്നു കൂടാ. ആഗോള സമ്പദ് വ്യവസ്ഥ കോവിഡ് മഹാമാരിയെ തുടര്‍ന്ന് കലുഷിതമായിരിക്കുകയാണ്. പലരാജ്യങ്ങളും മാന്ദ്യത്തിലകപ്പെട്ടിരിക്കുന്നു. ചില സമ്പദ് വ്യവസ്ഥകള്‍ മാന്ദ്യത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍, പടര്‍ന്നു കയറുന്ന മാന്ദ്യം, എല്ലാ മേഖകളെയും അങ്ങേയറ്റം മോശമായി ബാധിച്ചുകഴിഞ്ഞു. ഇപ്പോള്‍ തന്നെ ഒട്ടനവധി കമ്പനികള്‍ പാപ്പരായെന്ന് പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇനിയും ഏറെ മോശം വാര്‍ത്തകള്‍ വരാനിടയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളാകും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാവുക.
ഈ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ അതിജീവിക്കാന്‍ പറ്റും? ഞാന്‍ നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നത്, അതിജീവിക്കാനുള്ള ചില കാര്യങ്ങളാണ്.
എന്റെ മാര്‍ഗനിര്‍ദേശം തേടുന്ന നിരവധി പേര്‍ ഫലപ്രദമായി നടപ്പാക്കി മികച്ച ഫലം നേടിയ ഒരു രഹസ്യ ഫോര്‍മുലയാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. അതിനെ ഞാന്‍ 7 C മോഡല്‍ എന്നുവിളിക്കട്ടേ. ഇംഗ്ലീഷ് അക്ഷരമാലയിലെ 'C' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഏഴ് കാര്യങ്ങള്‍ നമുക്ക് പഠിക്കാം. പ്രാവര്‍ത്തികമാക്കാം.
1. CASH: ആദ്യ C, കാഷ് തന്നെയാണ്. കൈയിലെ പണം പൊന്നുപോലെ സംരക്ഷിക്കുക. ഒപ്പം കുറഞ്ഞത് മൂന്നുമാസത്തെ ചെലവിനുള്ള കാശ് സംഭരിച്ച് സൂക്ഷിക്കുക. ഇപ്പോള്‍ തന്നെ പണമില്ലാതെ വിഷമിക്കുമ്പോള്‍ എങ്ങനെ മൂന്നുമാസത്തെ ചെലവിനുള്ള പണം കണ്ടെത്തി മാറ്റി സൂക്ഷിക്കുമെന്നത് ഗൗരവമായ ചോദ്യം തന്നെയാണ്. പണം കണ്ടെത്താനുള്ള വഴികള്‍ വഴിയേ വരുന്നുണ്ട്. രണ്ടാമത്തെ C അതിന് നിങ്ങളെ സഹായിക്കുന്ന ഒന്നാണ്.
2. Cost: രണ്ടാമത്തെ സി, കോസ്റ്റാണ്. കോവിഡ് നമുക്ക് തന്ന തിരിച്ചറിവുകളില്‍ ഒന്നാണ്, ചില ചെലവുകള്‍ അനാവശ്യമാണെന്നത്. ഒന്നുകൂടി ഇരുന്ന് ചിന്തിച്ച് പരമാവധി ചെലവുകള്‍ ഇനിയും കുറയ്ക്കുക. സീറോ ബേസ്ഡ് ബജറ്റിംഗ് സംവിധാനം സ്വീകരിക്കുക. കഴിഞ്ഞ വര്‍ഷം നിങ്ങള്‍ ഒരു കാര്യത്തിന് എത്ര തുക വിലയിരുത്തി എന്ന് നോക്കിയല്ല, ഇപ്പോള്‍ ഒരു കാര്യം ചെയ്യാന്‍ എത്ര തുക വേണ്ടിവരുമെന്ന് നോക്കുക. ഓരോ തരത്തിലുള്ള ചെലവുകളെയും സംബന്ധിച്ചുള്ള നിങ്ങളുടെ എല്ലാ മുന്‍വിധികളും മാറ്റി വെയ്ക്കുക. ഫിക്‌സഡ് കോസ്റ്റ് സാധ്യമായത്ര കുറയ്ക്കുക.
ഉദാഹരണത്തിന്, ഫിക്‌സഡ് കോസ്റ്റ് ഇനത്തില്‍ പെട്ട വാടക ചെലവ് നമുക്ക് പരിഗണിക്കാം.
നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മാസവാടകയുള്ള ഒരു ഷോപ്പുണ്ടെന്നിരിക്കട്ടേ. ആ ഷോപ്പിലെ വില്‍പ്പനയിലൂടെ പ്രതിമാസം കുറച്ചു പണം ലഭിക്കുന്നുണ്ടാകും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ ഷോപ്പില്‍ നിന്ന് പ്രതിമാസം എത്ര പണം കിട്ടുമെന്ന് വ്യക്തമായി കണക്കൂകൂട്ടാന്‍ പറ്റില്ല.
ആ സാഹചര്യത്തില്‍ നമുക്ക് മൂന്ന് മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
ബദല്‍ മാര്‍ഗം 1: നമ്മുടെ ആ ഷോപ്പ് സമീപകാലത്തൊന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കില്ലെന്നാണ് വിശ്വാസമെങ്കില്‍ ആ ഷോപ്പ് പൂര്‍ണമായും ഒഴിവാക്കി, അനാവശ്യ ചെലവ് നിര്‍ത്താം.
ബദല്‍ മാര്‍ഗം 2: ഇനി ഷോപ്പ് അങ്ങനെ പൂര്‍ണമായും കൈവിട്ടുകളയാന്‍ പറ്റില്ലെങ്കില്‍ വാടക നിരക്ക് പരമാവധി കുറയ്ക്കാന്‍ ചര്‍ച്ച നടത്തുക.
ഇനി വാടക കുറയ്ക്കലും ഷോപ്പ് പൂര്‍ണ്ണമായും ഉപേക്ഷിക്കലും സാധിച്ചില്ലെങ്കില്‍ മറ്റൊരു വഴിയുണ്ട്.
ബദല്‍ മാര്‍ഗം 3: കെട്ടിട ഉടമയുമായി തുറന്നുള്ള സംഭാഷണത്തിലൂടെ ഒരു തീരുമാനത്തിലെത്താനുള്ള വഴിയാണിത്. ഉദാഹരണത്തിന്, വാടക എന്നാല്‍ പരമ്പരാഗതമായി ഒരു ഫിക്‌സഡ് കോസ്റ്റാണ്. നമ്മള്‍ വാടകയ്ക്ക് എടുത്ത ഷോപ്പില്‍ കച്ചവടം നടന്നാലും ഇല്ലെങ്കിലും വാടക കൃത്യമായി കൊടുത്തിരിക്കണം.
പുതിയ സാഹചര്യങ്ങളില്‍ വാടകയെ നമുക്ക് രണ്ടു പാര്‍ട്ടാക്കാം. ഒന്നു ഫിക്‌സഡും പിന്നൊന്ന് വേരിയബ്ള്‍ ഉം. അതായത്, ഒരു ലക്ഷം രൂപ വാടകയുള്ള കെട്ടിടത്തിന്റെ വാടക, ഇപ്പോഴത്തെ സാഹചര്യത്തില്‍ 50,000 രൂപയാക്കുക. എന്നിട്ട്, ആ ഷോപ്പില്‍ നടക്കുന്ന വില്‍പ്പനയുടെ നിശ്ചിത ശതമാനം കൂടി വാടക ഇനത്തില്‍ ഇതിനുപുറമേ നല്‍കുമെന്ന് പറയുക.
പ്രാദേശികമായും അല്ലാതെയും കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഓരോ ദിവസവും വരുന്ന സാഹചര്യത്തില്‍ എല്ലാ ദിവസം കട തുറക്കാനോ കച്ചവടം നടക്കാനോ ഉള്ള സാഹചര്യമില്ല. കെട്ടിട ഉടമയ്ക്കും അറിവുള്ള കാര്യമാണല്ലോ ഇത്. കടയില്‍ നടക്കുന്ന മൊത്തം വില്‍പ്പനയുടെ 0.10 ശതമാനം നേരത്തെ നിശ്ചയിച്ച ഫിക്‌സഡ് വാടകയ്‌ക്കൊപ്പം നല്‍കാമെന്ന ധാരണയിലെത്തിയാല്‍ കെട്ടിട ഉടമയ്ക്കും വാടകക്കാരനും അത് ഗുണമാകും. എന്റെ മാര്‍ഗനിര്‍ദേശം തേടുന്ന ജോസഫ് പോള്‍ (വിസ്മയ ബ്രാന്‍ഡ്) എന്ന സംരംഭകന്‍ ഈ വഴി സ്വീകരിക്കുകയും അത് മൂലം മെച്ചമുണ്ടാവുകയും ചെയ്തിട്ടുണ്ട്.
ഈ സമീപനം ഒന്നു നോക്കൂ...
എനിക്ക് എല്ലാ ബിസിനസുകാരോടും പറയാനുള്ള മൂന്ന് കാര്യമിതാണ്. വാടക മാത്രമല്ല, എല്ലാ ചെലവിനത്തെയും ഒരു പുതിയ സമീപനത്തോടെ നോക്കൂക. അതായത്, ഈ ചെലവ് ഒഴിവാക്കാന്‍ പറ്റുന്നതാണോ; Eliminate ചെയ്യാവുന്നതാണോ? രണ്ടാമതായി കുറയ്ക്കാന്‍ അഥവാ Reduce ചെയ്യാന്‍ പറ്റുന്നതാണോ? മൂന്നാമതായി രൂപമാറ്റം വരുത്താന്‍ അഥവാ Convert ചെയ്യാന്‍ പറ്റുന്നതാണോ? Eliminate, Reduce, Convert - ERC സമീപനം എല്ലാവരും സ്വീകരിക്കുക.
ഇനി നമുക്ക് മൂന്നാമത്തെ C യിലേക്ക് പോകാം.
3. Communication: ഇത് അതിപ്രധാനമായ കാര്യമാണ്. നിങ്ങളുടെ ബിസിനസില്‍ പങ്കുചേരുന്ന എല്ലാവരുമായും തുറന്ന് സംസാരിക്കുക. എല്ലാവര്‍ക്കും അറിയാം, ബിസിനസ് അങ്ങേയറ്റം പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണെന്ന്. ഇരുകൂട്ടര്‍ക്കും ഗുണകരമാകുന്ന, ഇരുകൂട്ടരുടെയും പ്രശ്‌നങ്ങള്‍ സഹാനുഭൂതിയോടെ കാണുന്ന വിധത്തിലുള്ള തുറന്ന സംഭാഷണങ്ങളിലൂടെ പുതിയ ധാരണയിലെത്താനും സാധിക്കും.
ഇനി ബാക്കിയുള്ള C കള്‍ അടുത്ത ലക്കത്തില്‍ ചര്‍ച്ച ചെയ്യാം.
അതിനുള്ളില്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ സ്വന്തം ബിസിനസില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കൂ. ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും എന്നോട് പങ്കുവെയ്ക്കൂ. എന്റെ ഇ മെയ്ല്‍: anilrmenon1@gmail.com
(ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ ഡോ. അനില്‍ ആര്‍ മേനോന്‍, സ്ട്രാറ്റജിയിലാണ് പി എച്ച് ഡി എടുത്തിരിക്കുന്നത്. എന്‍ജിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രമുഖ കമ്പനികളുടെ ബിസിനസ് കണ്‍സള്‍ട്ടന്റാണ്. പ്രമുഖ മെന്ററായ ഇദ്ദേഹത്തിന്റെ menonmantras എന്ന യു ട്യൂബ് ചാനലില്‍ സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഉപകാരപ്രദമാകുന്ന ഒട്ടനവധി വീഡിയോകളുമുണ്ട്)
Read the article in English
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline