സമ്പദ് ഘടന എന്ന് ശരിയാകും; ഫോര്‍ച്യൂണ്‍ 500 പട്ടികയിലെ സിഇഒമാര്‍ പറയുന്നത് ഇതാണ്
കോവിഡ് 19 മഹാമാരിക്ക് മുമ്പുള്ളതിന് സമാനമായ തലത്തിലേക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തിരികെ വരാന്‍ 2022 ന്റെ ആദ്യപാദമെങ്കിലും ആകുമെന്ന് ഫോര്‍ച്യൂണ്‍ 500 പട്ടികയിലെ കമ്പനികളുടെ ചീഫ് എക്‌സിക്യുട്ടീവുമാരില്‍ 52 ശതമാനത്തിലേറെ പേരും പറയുന്നു. 2020ലെ ഫോര്‍ച്യൂണ്‍ 500 പട്ടികയിലെ കമ്പനികളുടെ സി ഇ ഒമാര്‍ക്കിടയില്‍ ഫോര്‍ച്യൂണ്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വെളിവായത്.
തങ്ങളുടെ കമ്പനിയിലെ മൊത്തം ജീവനക്കാരില്‍ 90 ശതമാനവും കോവിഡ് 19ന് മുമ്പുള്ളതുപോലെ സാധാരണയായി തൊഴിലിടത്തില്‍ വരാന്‍ ഇനിയൊരിക്കലും സാധ്യതയില്ലെന്ന് സര്‍വെയില്‍ പങ്കെടുത്ത സിഇഒമാരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നു. 26.2 ശതമാനം പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ തന്നെ തങ്ങളുടെ കമ്പനിയിലെ ബിസിനസ് യാത്രകള്‍ കോവിഡ് കാലത്തിന് മുമ്പുള്ളതിന് സമാനമായ തലത്തിലേക്ക് ഇനിയൊരിക്കലും വരില്ലെന്ന് 50 ശതമാനത്തിലേറെ സിഇഒമാരും പറയുന്നു.
ജീവനക്കാര്‍ കുറയും, സാങ്കേതിക വിദ്യകള്‍ കൂടും
2020 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍, 2021 ജനുവരിയില്‍ മൊത്തം ജീവനക്കാരുടെ എണ്ണം കുറവായിരിക്കുമെന്ന് 53 ശതമാനത്തിലേറെ സിഇഒമാരും അഭിപ്രായപ്പെടുന്നു. അതേസമയം സാങ്കേതികവിദ്യ രൂപാന്തരീകരണം ത്വരിതപ്പെട്ടുവെന്ന് 75 ശതമാനം പേരും ചൂണ്ടിക്കാട്ടുന്നു.
അടുത്തവര്‍ഷം നിക്ഷേപയോഗ്യമായ രാജ്യമേതെന്ന ചോദ്യത്തിന് 74 ശതമാനം പേരും നല്‍കിയ ഉത്തരം അമേരിക്ക എന്നതാണ്. ചൈനയെന്ന മറുപടി ഒന്‍പത് ശതമാനം പേര്‍ നല്‍കിയപ്പോള്‍ ഇന്ത്യയെന്ന് പറഞ്ഞവര്‍ 2.6 ശതമാനമാണ്.
കോവിഡിന് ശേഷം ബിസിനസ് യാത്രകള്‍ കുത്തനെ കുറയുമെന്നും വീഡിയോ കോണ്‍ഫറന്‍സുകള്‍ക്ക് തന്നെയാകും മേല്‍ക്കൈയെന്നും 60 ശതമാനം സിഇഒമാരും പറയുന്നു.
കോവിഡ് കാലം അവരെ പഠിപ്പിച്ചത്
കോവിഡ് പ്രതിസന്ധി സിഇഒമാരെ പഠിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്ന ചോദ്യത്തിന് പ്രധാനമായും ലഭിച്ച ഉത്തരങ്ങളും ശ്രദ്ധേയമാണ്. വര്‍ക്കിംഗ് ഫ്രം ഹോം എന്നത് വര്‍ക്കാകുന്ന ആശയമാണ്, അത്യാവശ്യം എന്ന വാക്കിന്റെ അര്‍ത്ഥം കൃത്യമായി മനസ്സിലായി, നേതൃശേഷിയും മൂല്യങ്ങളുമാണ് പ്രധാനം; പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നുമൊക്കെയാണ് സിഇഒമാര്‍ നല്‍കുന്ന മറുപടികള്‍.
ദി ഹിസ്റ്ററി ഓഫ് ബീസും സാപ്പിയന്‍സും
ലോക്ക് ഡൗണ്‍ കാലത്ത സിഇഒമാര്‍ വായിച്ച പുസ്തകങ്ങളുടെ പട്ടികയില്‍, ഫിക്ഷന്‍ വിഭാഗത്തില്‍ ദി ഹിസ്റ്ററി ഓഫ് ബീസ് മുന്നിലെത്തിയപ്പോള്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ സാപ്പിയന്‍സാണ് ഒന്നാമത്.
സ്വന്തം കമ്പനിയല്ലാതെ, നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ഫോര്‍ച്യൂണ്‍ 500 പട്ടികയിലെ മറ്റ് കമ്പനിയേതെന്ന ചോദ്യത്തിന് ലഭിച്ച ഉത്തരങ്ങളും ശ്രദ്ധേയമാണ്. ഭൂരിഭാഗം പേരും തെരഞ്ഞെടുത്ത ആദ്യ മൂന്നുകമ്പനികള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍ എന്നിവയാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline