കേരളത്തെ ഇങ്ങനെ നശിപ്പിക്കാന്‍ അനുവദിക്കണോ?

കേരളത്തോട് ശത്രുതയുള്ളവര്‍പോലും ചെയ്യാത്ത കാര്യങ്ങളാണ് നമ്മള്‍ ഇപ്പോള്‍ ഇവിടെ ചെയ്തുകൂട്ടുന്നത്. നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഇനിയും കേരളത്തെ നശിപ്പിക്കാന്‍ അനുവദിക്കണോയെന്ന വസ്തുത മലയാളികളായ എല്ലാവരും ചിന്തിക്കണം. കാരണം അത്തരത്തിലുള്ള ചില സംഭവവികാസങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തില്‍ നടന്നുവരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഫാക്ടറി സ്ഥാപിക്കാന്‍ അനുയോജ്യമായൊരു സ്ഥലമാണോ കേരളം എന്നറിയാനായി ബിഎംഡബ്ല്യൂ ടീം ഇവിടേക്ക് വന്നിരുന്നു. അന്ന് കേരളത്തില്‍ ഒരു ഹര്‍ത്താല്‍ ദിനമായിരുന്നതിനാല്‍ പിന്നീടൊരിക്കലും ബിഎംഡബ്ല്യൂ ടീം തിരികെ വന്നതേയില്ല.

ഏകദേശം ഒരു പതിറ്റാണ്ടിനു മുന്‍പ് വളരെ വലിയൊരു അമേരിക്കന്‍ കമ്പനി ടെക്‌നോപാര്‍ക്കിലെ ഒരു കമ്പനിയുമായി ചര്‍ച്ചയ്ക്ക് വന്നിരുന്നു. 3000 തൊഴിലവസരം നല്‍കുന്നൊരു യൂണിറ്റ് ഇവിടെ സ്ഥാപിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അവര്‍ വന്ന ദിവസവും ഇവിടെ ഹര്‍ത്താല്‍ ആയിരുന്നു. അതിനാല്‍ റിസ്‌ക്ക് എടുക്കാനാകാതെ മറ്റാര്‍ക്കോ ബിസിനസ് നല്‍കാനാണ് അവര്‍ തീരുമാനിച്ചത്. തൊണ്ണൂറുകളുടെ മധ്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയൊരു ഹാര്‍ഡ് ഡിസ്‌ക്ക് കമ്പനി അവരുടെയൊരു യൂണിറ്റ് സ്ഥാപിക്കാനുള്ള ഒരു കേന്ദ്രമായി ടെക്‌നോപാര്‍ക്കിനെയും പരിഗണിച്ചു. ഐ.ടി.ഐ പാസായ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് അതില്‍ തൊഴില്‍ ലഭിക്കുമായിരുന്നു. സമരമില്ലാത്തൊരു അന്തരീക്ഷം ആവശ്യപ്പെട്ട അവര്‍ നിയമാനുസൃതമായ വേതനം നല്‍കാമെന്നും കൂടാതെ മറ്റുള്ള ഏതൊരു കമ്പനിയെക്കാളും സര്‍ക്കാര്‍ ജീവനക്കാരുടേതിനെക്കാളും മികച്ച ആനുകൂല്യങ്ങള്‍ നല്‍കാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് അത് സാധ്യമല്ലെന്ന് അറിയിച്ചതോടെ അവര്‍ ചൈനയില്‍ പോയി യൂണിറ്റ് സ്ഥാപിച്ചു.

നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് തൊഴിലുകള്‍

എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തനം ഉറപ്പാക്കണമെന്നുള്ളതിനാലാണ് ബി.പി.ഒ മേഖല കേരളത്തെ പൂര്‍ണ്ണമായും ഉപേക്ഷിച്ചത്. ഹര്‍ത്താലുകളും പ്രതിഷേധങ്ങളും കാരണം കേരളത്തില്‍ അത് സാധ്യമല്ലെന്ന് അവര്‍ വിശ്വസിക്കുന്നു. അതിലൂടെ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് മറ്റുള്ള നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലേക്ക് പോയത്. മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും സാധാരണക്കാരുടെയും പതിറ്റാണ്ടുകളായുള്ള പരിശ്രമത്തിന്റെ ഫലമായാണ് കേരളത്തില്‍ ലേബര്‍ മിലിറ്റന്‍സി ഇല്ലെന്നും ഇതൊരു നിക്ഷേപക സൗഹൃദ സംസ്ഥാനമാണെന്നുമുള്ള പ്രതിച്ഛായ നമുക്ക് വീണ്ടെടുക്കാനായത്.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിന് രണ്ടുദിവസം മുന്‍പാണ് മുത്തൂറ്റിന്റെ എം.ഡി കാറില്‍ യാത്ര ചെയ്തപ്പോള്‍ സമരം നടത്തുന്ന ജീവനക്കാരെ പിന്തുണക്കുന്നവരുടെ ആക്രമണമുണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പരിഷ്‌കൃത സമൂഹത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന രീതി ഇതാണോ? ജനുവരി 8 ലെ പൊതുപണിമുടക്ക് ദിനത്തില്‍ ടൂറിസം വകുപ്പിനെ അതില്‍ നിന്നും ഒഴിവാക്കിയതിന് സംസ്ഥാന ടൂറിസം വകുപ്പുമന്ത്രി നന്ദി പറഞ്ഞിരുന്നു. എന്നാല്‍ അന്നേദിവസം സര്‍ക്കാരിന്റെ അതിഥിയായി എത്തിയിരുന്ന നൊബേല്‍ ജേതാവായ മൈക്കിള്‍ ലെവിറ്റ് സമരക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആലപ്പുഴയിലെ ഹൗസ് ബോട്ടില്‍ മൂന്ന് മണിക്കൂറോളമാണ് കുടുങ്ങിക്കിടന്നത്. ഇത്തരം സംഭവങ്ങളൊക്കെ കേരളത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നവയാണോ?

ജനുവരി 8 ലെ അഖിലേന്ത്യാ പണിമുടക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അനൗപചാരിക പിന്തുണയുണ്ടായിരുന്നു. കേരളത്തില്‍ അത് വിജയിക്കുകയും സാധാരണക്കാരുടെ ജീവിതത്തെ അത് ബാധിക്കുകയും ചെയ്‌തെങ്കില്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ അതൊരു സാധാരണ ദിവസമായിരുന്നു. ഒന്നുകില്‍ യൂണിയനുകള്‍ക്ക് അവിടെ സാന്നിധ്യമില്ലാത്തതുകൊണ്ടോ അല്ലെങ്കില്‍ അവിടെയുള്ള യൂണിയനുകളിലെ അംഗങ്ങള്‍ക്ക് ഈയൊരു സമര രീതി പ്രായോഗികമായി ഫലപ്രദമല്ലെന്ന് അറിയാവുന്നതുകൊണ്ടോ ആയിരിക്കാമത്. ആര്‍ക്കെതിരെയാണോ സമരം നടത്തുന്നത് അത് അവരെ ബാധിക്കില്ലെന്നും പകരം സാധാരണക്കാരെയും ദരിദ്രരില്‍ ദരിദ്രരായവരെയും ആയിരിക്കും അത് ബാധിക്കുന്നതെന്നും അവര്‍ മനസിലാക്കിയിട്ടുണ്ടാകാം.

കടുത്ത വൈരുധ്യം

അസെന്‍ഡ് കേരള 2020 എന്ന പേരില്‍ കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ജനുവരി 9, 10 തീയതികളിലായി കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയൊരു ഇവന്റ് സംഘടിപ്പിച്ചിരുന്നു. പൊതുപണിമുടക്കും മുത്തൂറ്റ് എം.ഡിക്ക് നേരെയുണ്ടായ ആക്രമണവും നൊബേല്‍ ജേതാവിനെ തടഞ്ഞുവെയ്ക്കലുമെല്ലാം കാരണം അതിന്റെ ശോഭയ്ക്ക് മങ്ങലേറ്റില്ലേ? ഇത്തരമൊരു സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പരിപാടി ഇങ്ങനെ നടത്തുന്നതില്‍ നമ്മള്‍ ലജ്ജിക്കേണ്ടതല്ലേ?

ചിലപ്പോള്‍ കേരളം വികസിക്കുന്നത് കാണാന്‍ താല്‍പ്പര്യമില്ലാത്തവരും നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നതുമായ ചില നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരിക്കാം പണിമുടക്കും മര്‍ദ്ദനവും തടഞ്ഞുവയ്ക്കലുമൊക്കെ എന്നെനിക്ക് തോന്നുന്നു. ആഗോള നിക്ഷേപക സംഗമത്തിന് മുന്‍പായി കേരളത്തില്‍ നിലവിലുള്ള ബിസിനസുകാരുടെ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി പരിഹരിക്കുകയും അവരെ വിജയികളാക്കിത്തീര്‍ക്കുന്നൊരു സ്ട്രാറ്റജിയിലേക്ക് നമ്മള്‍ മാറുകയും ചെയ്താല്‍ സംസ്ഥാനത്തെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മെച്ചപ്പെടുമെന്ന് മാത്രമല്ല നിക്ഷേപം ഇവിടേക്ക് ഒഴുകാനും അതിടയാക്കും.

നിയമങ്ങള്‍ വ്യാഖ്യാനിച്ച് സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന നടപടിയും നികുതി രംഗത്തെ പോലീസ് രാജും കര്‍ശനമായി അവസാനിപ്പിക്കണം. നികുതി വെട്ടിക്കുന്നവര്‍ രക്ഷപ്പെടുമ്പോള്‍ നികുതി നല്‍കുന്നവര്‍ക്ക് അന്യായമായ ക്ലെയിമുകള്‍ നല്‍കി അവരുടെ ബിസിനസിന് പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രവണതയും മാറ്റണം. ഇത്തരത്തിലുള്ള ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കിടയിലും അനേകം മലയാളികള്‍ സ്വന്തം നാട്ടില്‍ നിക്ഷേപം നടത്താന്‍ തയ്യാറാകുന്നുവെന്നതാണ് നമ്മുടെയൊക്കെ ആശ്വാസവും പ്രതീക്ഷയും.

2020 ജനുവരി 16 ന് പ്രസിദ്ധീകരിച്ച ധനം മാഗസിനില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്ക് മുന്‍ സി.ഇ.ഒയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമായ ജി. വിജയരാഘവന്‍ എഴുതിയ ലേഖനം

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it