മാര്‍ച്ച് പാദത്തില്‍ ജിഡിപി വളര്‍ച്ച 3.1 % ; വാര്‍ഷിക നിരക്ക് 4.2 ശതമാനം

വരാനിരിക്കുന്നത് മുരടിപ്പിന്റെ നാളുകളെന്ന സൂചനയോടെ കേന്ദ്ര സര്‍ക്കാര്‍ കണക്ക്

GDP Ffitch-ratings-sees-india-growth-slipping-to-0-point-8-in-fy21alls

ഇന്ത്യക്കു വരാനിരിക്കുന്നത് മുരടിപ്പിന്റെ നാളുകളാണെന്ന മുന്നറിയിപ്പോടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വന്‍ ഇടിവുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍ കണക്ക്. ജൂണ്‍ പാദത്തില്‍ സമ്പദ്വ്യവസ്ഥ വലിയ ഞെട്ടലിലേക്ക് നീങ്ങുമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദ (ജനുവരി – മാര്‍ച്ച്) കണക്കുകള്‍ പുറത്തുവരുമ്പോള്‍ 3.1 ശതമാനമാണ് വളര്‍ച്ചാ നിരക്ക്.മാര്‍ച്ച് പാദത്തില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ ഉള്‍പ്പെടുന്നു.എട്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മൂന്നാം പാദത്തില്‍ 4.7 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് രാജ്യം രേഖപ്പെടുത്തിയത്. അതേ സമയം, 2019-20 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 4.2 ശതമാനമാണ്.മുന്‍ വര്‍ഷത്തെ 6.1 ശതമാനത്തില്‍ നിന്നാണ് ഈ താഴ്ച.

വര്‍ധിച്ച മൂല്യത്തോടെയുള്ള ദേശീയ വരുമാനം (ജിവിഎ) 3.9 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. കൊറോണ വൈറസ് വ്യാപനം കാരണം സമ്പദ്ഘടന പ്രതിസന്ധിയില്‍ തുടരുന്ന സാഹചര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം കണക്കാക്കിയിരിക്കുന്ന ജിഡിപി വളര്‍ച്ചാ നിരക്ക് പുനഃപരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

മാര്‍ച്ച് പാദത്തില്‍ ഉല്‍പ്പാദന പ്രവര്‍ത്തനം സാരമായി കുറഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണയും 1.4 ശതമാനമാണു താഴ്ന്നത്.അതേസമയം,  കൃഷിയും സര്‍ക്കാര്‍ ചെലവുകളും മാര്‍ച്ച് പാദത്തില്‍ 5.9 ശതമാനവും 10.1 ശതമാനവും ഉയര്‍ന്നു. ഇന്ത്യയിലെ എട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലും ഏപ്രിലില്‍ 38.1 ശതമാനം റെക്കോര്‍ഡ് താഴ്ചയുണ്ടായതായി വ്യവസായ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ മാസം സിമന്റ്, സ്റ്റീല്‍ ഉല്‍പാദനം യഥാക്രമം 86 ശതമാനവും 83.9 ശതമാനവും കുറഞ്ഞു. വൈദ്യുതി, കല്‍ക്കരി ഉല്‍പാദനം യഥാക്രമം 22.8 ശതമാനവും 15.5 ശതമാനവും താഴ്ന്നു. ഏപ്രിലില്‍ ചരക്ക് കയറ്റുമതി 60% കുറഞ്ഞു.

രണ്ടു മാസത്തിലേറെ നീണ്ട ലോക്ക്ഡൗണും നഗര, വ്യാവസായിക കേന്ദ്രങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്കും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്നു. മറ്റ് വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ കര്‍ശനമായ ലോക്ഡൗണും കടുത്ത സാമ്പത്തിക തകര്‍ച്ചയും മൂലം ജൂണ്‍ പാദത്തില്‍ ജിഡിപിയില്‍ 45% ഇടിവുണ്ടാകുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ചൂണ്ടിക്കാട്ടിയിരുന്നു.40 വര്‍ഷത്തിനിടെയുള്ള  ഏറ്റവും മോശമായ മാന്ദ്യത്തെയാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഈ സാമ്പത്തിക വര്‍ഷം 5% എങ്കിലും സമ്പദ്വ്യവസ്ഥ ചുരുങ്ങും.

സെപ്റ്റംബര്‍ സാമ്പത്തിക പാദത്തിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 5 ശതമാനം ചുരുങ്ങുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ് പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 5.8 ശതമാനം ഇടിയുമെന്ന് സ്വിസ് ബാങ്ക് യുബിഎസ് അറിയിച്ചിരുന്നു. ക്രിസില്‍, ഫിച്ച് റേറ്റിംഗ്‌സ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് എന്നിവരും സമ്പദ്വ്യവസ്ഥ 5 ശതമാനം ചുരുങ്ങുമെന്ന് പ്രവചിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here