പ്രളയ ദുരിതാശ്വാസത്തിനിടെ ഹർത്താൽ; കോടികൾ വേണ്ടിടത്ത് കോടികളുടെ നഷ്ടം

തകർന്ന വീടുകൾ, സംരംഭങ്ങൾ, സ്കൂളുകളുടെയും ഓഫീസുകളുടെയും അനവധി പ്രവൃത്തി ദിവസങ്ങൾ; അങ്ങനെ നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു ജനതയുടെ മുൻപിലേക്ക് ഇതാ വീണ്ടും ഒരു ഹർത്താൽ. ഇന്ധനവില വര്‍ധനയ്‍ക്കെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദാണ് കേരളത്തില്‍ ഹര്‍ത്താലായി നടത്തുന്നത്. എല്ലാതവണത്തേയും പോലെ കേരളത്തിൽ ഹർത്താൽ പൂർണം.

ഒറ്റ ദിവസം വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് 1500 കോടി രൂപയിലേറെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്ളവരും ഇല്ലാത്തവരുമായ അനേകം പേർ സംഭാവന ചെയ്തത്ര തുക.

ഒരു ദിവസത്തെ ഹർത്താൽ കൊണ്ട് ജിഡിപി മൂല്യത്തിൽ വരുന്നത് 900 കോടി രൂപയുടെ കുറവാണെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറി പറയുന്നത്.

സംസ്ഥാനത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അതിന്റെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് തിരിച്ചടിയായി ഹർത്താൽ എത്തുന്നത്. നഷ്ടപ്പെട്ട പ്രവൃത്തിദിവസങ്ങൾ തിരിച്ചുപിടിക്കുക എന്നത് വ്യാപാര വ്യവസായ സ്ഥാപങ്ങളെപ്പോലെ തന്നെ സ്കൂളുകൾക്കും പ്രധാനമാണ്.

ഈയൊരവസരത്തിൽ ഹർത്താൽ കേരളത്തിന് അനുചിതമാണെന്ന് ഹൈക്കോടതിയും അഭിപ്രായപ്പെടുകയുണ്ടായി.

ഈ ഹർത്താൽ കേരളത്തിനോടും അവിടത്തെ ജനങ്ങളോടും ചെയ്യുന്ന അനീതിയാണെന്ന് പ്രമുഖ വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഒരു വീഡിയോ സന്ദേശത്തിൽ പറയുകയുണ്ടായി. ഹർത്താലുകൾ ഇതുവരെ അവയുടെ ലക്ഷ്യം കണ്ടിട്ടില്ലെന്ന് മാത്രമല്ല, ജനങ്ങൾക്കും സമ്പദ് വ്യവസ്ഥയ്ക്കും കാര്യമായ ദോഷം സൃഷ്ടിച്ചിട്ടുമുണ്ട്. വെള്ളപ്പൊക്കക്കെടുതിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയപ്പാർട്ടികൾ ഹർത്താൽ വേണ്ടെന്ന് വെക്കേണ്ടതായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എങ്ങനെയെങ്കിലും തകർന്ന ബിസിനസ് സംരംഭങ്ങൾ വിളക്കിച്ചേർക്കാൻ പാടുപെടുന്ന ചെറു സംരംഭകർക്കും ഹർത്താൽ തടസ്സം സൃഷ്ടിക്കുന്നു. മാത്രമല്ല, ദുരിതാശ്വാസ ഫണ്ട് വിതരണം തുടങ്ങിയ അടിയന്തിര സ്വഭാവമുള്ള ജോലികൾ വൈകും.

സമൂഹ മാധ്യമങ്ങളിൽ ഹർത്താലിനെതിരെ പ്രതിഷേധം ശക്തമാണ്.

വ്യാപാരികള്‍, വ്യവസായികള്‍, കേറ്ററിംഗ് മേഖല, ഹോട്ടലുകള്‍, ടാക്‌സി, ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍, ഗതാഗത മേഖലയിലെ താല്‍ക്കാലിക ജീവനക്കാര്‍, നിര്‍മാണ തൊഴിലാളികള്‍, അസംഘടിത മേഖലകളിലെ താല്‍ക്കാലിക തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങി നാനാവിധ മേഖലകളിലും വിവിധ തരത്തിലുള്ള നഷ്ടമാണ് ഹര്‍ത്താല്‍ വരുത്തിവെക്കുന്നത്. ചില മേഖലകളെ പൂര്‍ണമായും നിശ്ചലമാക്കുമ്പോള്‍ ചിലവയെ ഭാഗികമായും ബാധിക്കുന്നു. കേരളത്തിലെ 10 ലക്ഷത്തോളം വ്യാപാരികളെയാണ് ഇത് ബാധിക്കുന്നത്.

ബന്ദിനിടയ്ക്ക് പെട്രോൾ, ഡീസൽ വിലകൾ പുതിയ റെക്കോർഡ് ഉയർച്ചയിലെത്തി. തിങ്കളാഴ്ച്ച ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 80.73 രൂപയും ഡീസൽ 72.83 രൂപയുമാണ് രേഖപ്പെടുത്തിയത്. ഉയരുന്ന ആഗോള എണ്ണ വിലയും റെക്കോർഡ് തകർച്ച നേരിടുന്ന രൂപയും ഇന്ധനവിലക്കയറ്റത്തിന് ആക്കം കൂട്ടുകയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it