സംരംഭകരെ, ഒഴിവാക്കൂ ഈ അബദ്ധങ്ങള്‍

കേരളത്തിന് തനതായൊരു സംരംഭക സംസ്‌കാരമില്ല. അതുകൊണ്ട് തന്നെ ഒരു വ്യക്തിക്ക് അബദ്ധം പിണഞ്ഞാല്‍ കേള്‍ക്കുന്ന പഴിയേക്കാള്‍ കൂടുതല്‍ സംരംഭകന് അബദ്ധം പറ്റുമ്പോള്‍ കേള്‍ക്കേണ്ടി വരും. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അപ്പോള്‍ സഹായിക്കാനല്ല മറിച്ച് കുറ്റപ്പെടുത്താനാകും ഏറെ തത്രപ്പെടുക. അബദ്ധം പറ്റാതിരിക്കാന്‍ മലയാളി സംരംഭകന്‍ മറ്റാരേക്കാളും മുന്‍കരുതലെടുക്കേണ്ടി വരുന്നതും അതുകൊണ്ട് കൂടിയാണ്. ബിസിനസ് ആശയം സ്വീകരിക്കുന്നതു മുതല്‍ അതിനെ വളര്‍ത്തുന്ന ഓരോ ഘട്ടത്തിലും ഇതിനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിരിക്കണം. ഇനി ഒരു ഘട്ടത്തില്‍ ബിസിനസില്‍ നിന്ന് പുറത്തുകടക്കേണ്ടി വന്നാലും അബദ്ധം പറ്റാതെ നോക്കുകയും വേണം. ഇതാ അബദ്ധം പറ്റാതിരിക്കാന്‍ സംരംഭകര്‍ പ്രാഥമികമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍.

  • സ്വയം വിലയിരുത്തല്‍: ചിലരുണ്ട്; മറ്റുള്ളവന്റെ കീഴില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ ഭേദം സ്വയം ബിസിനസ് നടത്തുന്നതല്ലേ എന്ന ചിന്തയുമായി ബിസിനസിലേക്ക് ഇറങ്ങുന്നത്. ഇതു തന്നെ വലിയ അബദ്ധമാണ്. എന്ത് പ്രതിസന്ധിയുണ്ടായാലും പിടിച്ചു നിന്ന് വിജയിക്കാനുള്ള ആത്മബലമുണ്ടോ? ചെയ്യുന്ന ബിസിനസിനോട് അടങ്ങാത്ത അഭിനിവേശമുണ്ടോ? പരാജയങ്ങള്‍ സംഭവിച്ചാല്‍ പോലും അതില്‍ നിന്ന് കയറാനുള്ള മനോധൈര്യമുണ്ടോ? ഇവയെല്ലാം സ്വയം പരിശോധിച്ച ശേഷം മാത്രം സംരംഭകാനാകുക. ഭാവിയിലെ വലിയ തിരിച്ചടികള്‍ ഒഴിവാക്കാന്‍ ഈ വിലയിരുത്തല്‍ ഏറെ സഹായിക്കും.

  • ആശയം കണ്ടെത്തുന്നത്: അനുകരണം തന്നെ വ്രതമാക്കിയ സംരംഭകരുണ്ട്. ഒരാള്‍ പരീക്ഷിച്ച് വിജയിച്ച ആശയം സ്വീകരിച്ച് ബിസിനസിലേക്കിറങ്ങുന്നതല്ല വിജയം ഉറപ്പാക്കാനുള്ള മാര്‍ഗം. ചെയ്യാന്‍ പോകുന്ന ബിസിനസിനെ കുറിച്ച് എത്രമാത്രം അറിവുണ്ടെന്ന് ആദ്യം ആത്മപരിശോധന നടത്തണം. ജീവനക്കാരെ വെച്ചുമാത്രം ബിസിനസ് മുന്നോട്ടു കൊണ്ടുപോകാനാകില്ല. ഇനി അറിയാവുന്ന ആ മേഖലയിലെ വിപണി സാധ്യതകള്‍ ആഴത്തില്‍ മനസിലാക്കുക. ഭാവിയില്‍ വലിയ അവസരമുണ്ടെന്ന് കണ്ട് ഇന്നിറങ്ങുന്നതും അബദ്ധമാണ്. എല്ലാത്തിനും ഒരു കാലമുണ്ടെന്ന് കേട്ടിട്ടില്ലേ. ചില ബിസിനസ് ആശയങ്ങള്‍ വിജയകരമായി അവതരിപ്പിക്കാനും അനുകൂലമായ സാഹചര്യം വേണം.

  • മൂലധനം കണ്ടെത്തല്‍: ബിസിനസ് കണ്‍സള്‍ട്ടന്റുമാരുടെ വാക്ക് വിശ്വസിച്ച് എണ്ണിച്ചുട്ട അപ്പം പോലെ അത്യാവശ്യം വേണ്ട മൂലധനവുമായി സംരംഭം തുടങ്ങാനിറങ്ങുന്നത് വന്‍ അബദ്ധമാണ്. സംരംഭത്തിന്റെ ആദ്യഘട്ടത്തില്‍ ലാഭമൊന്നും പ്രതീക്ഷിക്കേണ്ട?. മാത്രമല്ല മുന്‍കൂട്ടി കാണാത്ത ചെലവുകളും വരും. ഇതിനുള്ള ഫണ്ട് കൂടി കണ്ടെത്തി, ബിസിനസ് ലാഭകരമാകും വരെ അത്യാവശ്യത്തിനുപയോഗിക്കാനുള്ള പണം കൂടി കൈയില്‍ കരുതിവേണം മുന്നോട്ടു പോകാന്‍. ബിസിനസ് വളര്‍ത്താന്‍ പണം കടം വാങ്ങേണ്ടി വന്നേക്കാം. അത് തിരിച്ചടക്കാനുള്ള വഴി കണ്ടെത്തി വേണം കടം വാങ്ങാന്‍. അല്ലെങ്കില്‍ പിന്നെ കടം വീട്ടാന്‍ വേണ്ടി മാത്രം ബിസിനസ് ചെയ്യേണ്ടി വരും. ഒടുവില്‍ ബിസിനസുമില്ല ജീവിതവുമില്ലാത്ത അവസ്ഥയിലെത്തും. വരുമാനമുള്ളപ്പോള്‍ മാത്രമേ കടം വാങ്ങാവൂ. അതുപോലെ തന്നെ ഒരു പദ്ധതിക്കുള്ള ഫണ്ട് അതിനായി മാത്രം ചെലവിടുക. ഫിനാന്‍ഷ്യല്‍ സര്‍ക്കസ് നടത്തി മുന്നോട്ടു പോകാന്‍ ശ്രമിക്കരുത്. കൃത്യമായ ആസൂത്രണം ഫണ്ടിന്റെ കാര്യത്തില്‍ വേണം.

  • വൈവിധ്യവല്‍ക്കരണം എന്ന ഊരാക്കുടുക്ക്: ആദ്യ സംരംഭം നല്ല രീതിയില്‍ മുന്നോട്ടു പോകുമ്പോള്‍ മറ്റ് മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ആഗ്രഹം പലര്‍ക്കുമുണ്ടാകും. ഇക്കാര്യത്തില്‍ സംരംഭകര്‍ക്ക് 'വിദഗ്ധ ഉപദേശം' നല്‍കാനും ഏറെ പേരുണ്ടാകും. ഈ ഘട്ടത്തില്‍ സംരംഭകര്‍ ഏറെ ശ്രദ്ധാലുക്കളാകണം. അറിയാത്ത മേഖലയിലേക്ക് എടുത്തു ചാടരുത്. മാര്‍ക്കറ്റിംഗ് രംഗത്ത് തിളങ്ങുന്ന ഒരു സംരംഭകന്‍ ഉല്‍പ്പാദന രംഗത്ത് തികഞ്ഞ പരാജയമായേക്കാം. അതുകൊണ്ട് വിപുലീകരണത്തിന്റെ ഭാഗമായി ഉല്‍പ്പാദന മേഖലയിലേക്ക് കടന്നാല്‍ ബിസിനസ് പൊളിയാന്‍ പിന്നെ വേറെ കാരണം വേണ്ടിവരില്ല. വികസന, വൈവിധ്യവല്‍ക്കരണ കാര്യത്തില്‍ തീരുമാനമെടുക്കും മുമ്പ് പരമാവധി പേരോട് ചര്‍ച്ച ചെയ്യുന്നതും അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

  • സിസ്റ്റത്തോടുള്ള അകല്‍ച്ച: സംരംഭം വളരുമ്പോള്‍ അതിനനുസരിച്ച് പ്രൊഫഷണലിസവും വേണം. ആദ്യകാലഘട്ടത്തില്‍ സംരംഭകര്‍ തന്നെയാകും എല്ലാം ചെയ്യുക. ബിസിനസിനെ സിസ്റ്റമാറ്റിക്കാക്കി ഉത്തരവാദിത്തം മികച്ച ജീവനക്കാര്‍ക്ക് കൈമാറാന്‍ പലര്‍ക്കും മടിയാണ്. ഈ അബദ്ധവും ചെയ്യരുത്. എല്ലാം സ്വയം ചെയ്യാനിരുന്നാല്‍ ഭാവി പദ്ധതികളെ കുറിച്ച് ആര് ആലോചിക്കും? അതുകൊണ്ട് തന്നെ സംരംഭത്തില്‍ ശരിയായ സിസ്റ്റം കൊണ്ടുവരാനും സംരംഭകന്‍ മാറി നിന്നാല്‍ പോലും ആ സിസ്റ്റം കൃത്യമായി പിന്തുടരും എന്ന കാര്യം ഉറപ്പാക്കുകയും വേണം.

അതുപോലെ ജീവനക്കാരാണ് സംരംഭത്തിന്റെ സമ്പത്ത്. ഉന്നത തലത്തിലുള്ള ജീവനക്കാരോട് സംരംഭത്തിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ തുറന്നുപറയുന്നതും ക്രിയാത്മകമായ നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസോടെ സ്വീകരിക്കുന്നതും പാകപ്പിഴകള്‍ ഒഴിവാക്കി മുന്നേറാന്‍ ഏറെ സഹായിക്കും.

ബിസിനസ് ചെയ്യുന്നത് സൈക്കിള്‍ ചവിട്ടുന്നത് പോലെയാണ്. ഒരു ഉയര്‍ച്ചയ്ക്ക് ഒരു താഴ്ച കാണും. അതുകൊണ്ട് തന്നെ ജാഗ്രത ഏറെ അനിവാര്യമാണ്. എന്നും നല്ലകാലമായിരിക്കും എന്ന് കരുതുന്നത് തെറ്റാണ്. കരകയറാന്‍ പറ്റാത്ത പ്രശ്‌നമാണെങ്കില്‍ അതി വൈകാരികതയില്ലാത്തെ ബിസിനസിനെ നോക്കി കണ്ട് അതില്‍ നിന്ന് പുറത്തുകടക്കാനാണ് ശ്രമിക്കേണ്ടത്. ബിസിനസില്‍ വൈകാരികതക്ക് സ്ഥാനമില്ല. സംരംഭം കൂടുതല്‍ വളരാന്‍ സംരംഭകന്‍ തന്നെ അതില്‍ നിന്ന് പുറത്തുകടക്കേണ്ടി വരുകയാണെങ്കില്‍ അതിനും മടിക്കരുത്. സംരംഭങ്ങള്‍ തുടങ്ങി വളര്‍ത്തി കൃത്യസമയത്ത് അത് വിറ്റുമാറി നേട്ടം കൊയ്യുന്ന സംരംഭകരുടെ കാലമാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it