സാമ്പത്തിക 'കൊടുങ്കാറ്റി'നെ നേരിടാൻ തയ്യാറായിക്കോളൂ: ലോകരാജ്യങ്ങളോട് ഐഎംഎഫ്
ആഗോള സാമ്പത്തിക 'കൊടുങ്കാറ്റി'നെ നേരിടാൻ തയ്യാറായിരിക്കാൻ ലോകരാജ്യങ്ങളോട് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കിലാണ് ലോകസമ്പദ് വ്യവസ്ഥയുടെ വളർച്ചയെന്ന് ദുബായ്യിൽ നടക്കുന്ന വേൾഡ് ഗവണ്മെന്റ് സമ്മിറ്റിൽ ഐഎംഎഫ് മേധാവി ക്രിസ്റ്റീൻ ലഗാർദെ പറഞ്ഞു.
കഴിഞ്ഞ മാസം ഈ വർഷത്തെ ആഗോള ജിഡിപി വർച്ചയുടെ ഫോർകാസ്റ്റ് 3.7 ശതമാനത്തിൽ നിന്നും 3.5 ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു.
ലഗാർദെയുടെ അഭിപ്രായത്തിൽ നാല് കാർമേഘങ്ങളാണ് ലോക സമ്പദ് വ്യവസ്ഥയിൽ നിഴൽ വീഴ്ത്തുന്നത്. ഇത് ഒരു കൊടുങ്കാറ്റിന് കാരണമായേക്കാം.
വ്യാപാര യുദ്ധങ്ങളും ഇറക്കുമതി തീരുവകളിലുള്ള വർധനയും, സർക്കാരുകളുടെ ചെലവുചുരുക്കൽ നടപടികൾ, ബ്രെക്സിറ്റിന്റെ പരിണിതഫലങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം,
ചൈനീസ് സമ്പദ്വ്യവസ്ഥയുടെ മാന്ദ്യം എന്നിവയാണത്രേ ഈ 4 മേഘങ്ങൾ. മേഘങ്ങളുടെ എണ്ണം കൂടുമ്പോൾ ഒറ്റ ഇടിമിന്നൽ മതി ഒരു കൊടുങ്കാറ്റ് ആഞ്ഞടിക്കാം.
ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകൾ (യുഎസ്, ചൈന) തമ്മിൽ നിലനിൽക്കുന്ന വ്യാപാര യുദ്ധം ഇപ്പോൾത്തന്നെ സാമ്പത്തിക വളർച്ചയെ ബാധിച്ചുതുടങ്ങിയെന്നും അവർ വിലയിരുത്തി.
സർക്കാരുകളും,, കമ്പനികളും എന്തിനേറെ വീടുകളും പോലും കടത്തിൽ മുങ്ങിയിരിക്കുകയാണ്. അതിനാൽ തന്നെ വായ്പ ചെലവുകളും ഉയർന്നു, ലഗാർദെ പറഞ്ഞു.