ഇന്ത്യ ലോകശക്തിയായി ഉയരും, ഒന്നിനും തടുക്കാനാവില്ല: മൻമോഹൻ സിംഗ്
എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ഇന്ത്യ ലോകത്തിലെ ഏറ്റവും പ്രധാന ശക്തികേന്ദ്രമായ ഉയരുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. "ചെയ്ഞ്ചിങ് ഇന്ത്യ" എന്ന തൻറെ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി തിരിച്ചുവിടാൻ ഒരു സർക്കാരിനും സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാനൊരു ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ മാത്രമല്ല, ആക്‌സിഡന്റൽ ഫിനാൻസ് മിനിസ്റ്റർ കൂടിയാണ്," പി വി നരസിംഹറാവുവിന്റെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി സ്ഥാനമേറ്റതിനെക്കുറിച്ച് സംസാരിക്കവെ സിംഗ് പറഞ്ഞു.
ആർബിഐയിൽ തന്റെ മുൻഗാമിയായിരുന്ന ഐ.ജി പട്ടേൽ ആ സ്ഥാനം നിരസിച്ചതുകൊണ്ടാണ് താൻ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതെന്ന് മൻമോഹൻ സിംഗ് ഓർത്തെടുത്തു.
നരസിംഹറാവുവിന്റെ ഭരണകാലത്താണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ മുഖച്ഛായ തന്നെ മാറ്റിയ വിപ്ലവകരമായ ഉദാരവത്കരണത്തിലേക്ക് രാജ്യം കടന്നത്. അതിന്റെ ചുക്കാൻ പിടിച്ചത് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻ സിംഗും.
1991-ൽ നരസിംഹറാവു സർക്കാർ എടുത്ത ധീരമായ ഒരു തീരുമാനമായിരുന്നു രൂപയുടെ വിനിമയമൂല്യം കുറക്കാനുള്ള (rupee devaluation) നടപടി. ഇന്ത്യയുടെ സാമ്പത്തിക നയം തീരുമാനിക്കുന്ന രീതിതന്നെ മാറ്റിമറിച്ചതായിരുന്നു ഈ നീക്കം. അന്ന് ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് കൈകൊണ്ടെഴുതി തയ്യാറാക്കിയ ഒരു കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഡീ-വാല്യൂവേഷന് റാവു ഉത്തരവിട്ടത്. മന്ത്രിസഭയിൽ പോലും ചർച്ചചെയ്യാതെ അപ്പോൾ തന്നെ അനുമതി നൽകുകയായിരുന്നു.
"മന്ത്രിസഭയിൽ ചർച്ചയ്ക്ക് വെച്ചാൽ നിരാകരിക്കപ്പെടുമോ എന്ന ഭയമുള്ളതുകൊണ്ടാണ് അദ്ദേഹത്തോട് നേരിട്ട് അനുമതി ചോദിച്ചത്. ആ നോട്ട് ഇപ്പോഴും എന്റെ കയ്യിലുണ്ട്," സിംഗ് ഓർത്തെടുത്തു.
അന്നുവരെ ഇന്ത്യ ഒരു ഫിക്സഡ് എക്സ്ചേയ്ഞ്ച് റേറ്റ് ആണ് ഉപയോഗിച്ചിരുന്നത്. 1990 കളിൽ ഉയർന്ന ഇറക്കുമതി ചെലവും അധിക വായ്പാ തിരിച്ചടവും മൂലം കനത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട രാജ്യത്തെ കരകയറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ പരിഷ്‌കാരങ്ങൾ.
1991ലെ തന്റെ ആദ്യ ബജറ്റ് പ്രസംഗത്തിൽ വിക്ടർ ഹ്യൂഗോയെ ഉദ്ധരിച്ച് താൻ പറഞ്ഞ വരികളും അദ്ദേഹം ഓർത്തെടുത്തു: "ഒരു ആശയം, അത് കാലത്തിന്റെ ആവശ്യമാണെങ്കിൽ, അതിനെപ്പിന്നെ ലോകത്തിൽ ഒരു ശക്തിക്കും തടുക്കാനാവില്ല. ലോകശക്തിയായുള്ള ഇന്ത്യയുടെ ഉദയം ഇത്തരം ഒരു ആശയമാണ്."
ധാരാളം സർക്കാരുകൾ അതിനുശേഷം വന്നു. എന്നാൽ നരസിംഹറാവു-സർക്കാർ അടിത്തറയിട്ട സാമ്പത്തിക നയത്തിന് ഈ 25 വർഷങ്ങൾക്കുള്ളിൽ വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സിംഗ് പറഞ്ഞു.