സാമ്പത്തിക രംഗത്തെ നേര്‍ദിശയിലാക്കാന്‍ നിര്‍ദേശങ്ങളുമായി എന്‍ ആര്‍ നാരായണമൂര്‍ത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചയ്ക്കാവും രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷം സാക്ഷ്യം വഹിക്കുകയെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തി. കോവിഡുമൊത്തുള്ള ജീവിതം ജനങ്ങള്‍ ഉള്‍ക്കൊള്ളുകയും പുതിയ ശീലമായി അതുമാറുകയും ചെയ്യുന്നതോടെ സമ്പദ് വ്യവസ്ഥയില്‍ തിരിച്ചുവരവ് പ്രകടമാകുമെന്ന് അദ്ദേഹം അനുമാനിക്കുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ എല്ലാ മേഖലയിലെയും എല്ലാവര്‍ക്കും നിയന്ത്രണങ്ങളേതുമില്ലാതെ, മതിയായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന പുതിയൊരു സംവിധാനം രാജ്യത്ത് വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്ന് ആശയം അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നു.

''ഇന്ത്യയുടെ ജിഡിപി ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1947 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചാ ശതമാനത്തിലേയ്ക്ക് എത്തുമെന്ന ഭീതിയുമുണ്ട്,'' നാരായണ മൂര്‍ത്തി പറയുന്നു. രാജ്യത്തെ ഒരു പ്രമുഖ ടെക്‌നോളജി സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള ജിഡിപി താഴേയ്ക്ക് പോകുകയാണ്. ആഗോള വ്യാപാരവും ചുരുങ്ങിയിരിക്കുന്നു. ആഗോളതലത്തിലെ യാത്രകള്‍ ഏതാണ്ട് പൂര്‍ണമായും ഇല്ലാതായി. ഗ്ലോബല്‍ ജിഡിപിയും അഞ്ചുമുതല്‍ പത്തുശതമാനത്തിനിടയില്‍ ചുരുങ്ങാന്‍ സാധ്യതയുണ്ട്.

കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കൂ

മാര്‍ച്ച് 24ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ കൊറോണ വൈറസുമായി ചേര്‍ന്ന് ജീവിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മൂന്ന് കാരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഒന്ന്, ഇതിന് കോവിഡ് 19 വാക്‌സിന്‍ ഇല്ല. രണ്ട്, കൊറോണ വൈറസിന് ചികിത്സയില്ല. മൂന്ന്, ദീര്‍ഘകാലം അടച്ചുപൂട്ടിയിട്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്തംഭിപ്പിക്കാന്‍ പറ്റില്ല.

നിലവില്‍ ഇപ്പോള്‍ ആദ്യം വിപണിയിലെത്തുമെന്ന് കരുതുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പോലും ഇന്ത്യയില്‍ ലഭിക്കാന്‍ ആറു മുതല്‍ ഒന്‍പത് മാസം വരെയെങ്കിലുമെടുക്കും. ഒരു ദിവസം ഒരു കോടി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നടത്തിയാല്‍ പോലും രാജ്യത്തെ ജനങ്ങളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ 140 ദിവസങ്ങളെടുക്കും. അതായത് കോവിഡ് വ്യാപനം ചെറുക്കാന്‍ ദീര്‍ഘകാലമെടുത്തേക്കും.

''അത്രയും കാലം സമ്പദ് വ്യവസ്ഥയെ സ്തംഭിപ്പിച്ചു നിര്‍ത്താന്‍ നമുക്ക് സാധിക്കില്ല. പുതിയൊരു സംവിധാനം വ്യാപകമാക്കുകയാണ് വേണ്ടത്. വൈറസിനെതിരെ പോരാടുന്നതിനൊപ്പം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഉറപ്പാക്കുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്,'' നാരായണമൂര്‍ത്തി പറയുന്നു.

സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും കൊറോണ വൈറസിനോട് പോരാടാന്‍ പറ്റുമെന്ന് നാരായണമൂര്‍ത്തി ചൂണ്ടിക്കാട്ടുന്നു.

സമ്പദ് വ്യവസ്ഥയെ നേര്‍ദിശയിലാക്കാന്‍, ഇന്ത്യന്‍ നഗരങ്ങളിലെ തൊഴിലിടത്തുനിന്ന് ജന്മനാട്ടിലേക്ക് തിരിച്ചുപോയ 14 കോടി കുടിയേറ്റ തൊഴിലാളികളെ തിരിച്ചുകൊണ്ടുവരണമെന്നതാണ് നാരായണമൂര്‍ത്തിയുടെ ആദ്യ നിര്‍ദേശം.

രണ്ടാമതായി അദ്ദേഹം പറയുന്നത്, അടുത്ത മൂന്നുമുതല്‍ ആറുമാസം വരെ രാജ്യത്ത് പുതുതായുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്ന കോവിഡ് രോഗികളെ പരിചരിക്കാന്‍ നിലവിലെ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം.

വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത ബിസിനസുകള്‍ക്കും ജനങ്ങള്‍ക്കും മുന്‍പത്തെ പോലെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന വിധം പൊതുഗതാഗത സൗകര്യങ്ങളും മറ്റ് പൊതുവായ കാര്യങ്ങളും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഒരുക്കി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it