തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയർന്ന നിലയിൽ, സർക്കാർ 'പൂഴ്ത്തിയ' റിപ്പോർട്ട് പുറത്ത്

രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി റിപ്പോർട്ട്. 2017-18 കാലയളവിലെ തൊഴിലില്ലായ്മാ നിരക്ക് വെളിപ്പെടുത്തുന്ന നാഷനല്‍ സാംപിള്‍ സര്‍വേ ഓഫിസിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനത്തിലെത്തിയതായി പീരിയോഡിക് ലേബര്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു. 1972-73 ലാണ് തൊഴിലില്ലായ്മ നിരക്ക് ഇതിനേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയത്. 2011-12 വര്‍ഷത്തില്‍ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇത് പുറത്തുവിടാൻ സർക്കാർ വിസമ്മതിച്ചതിനെത്തുടർന്നാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനായ പി.സി. മോഹനനും കമ്മിഷന്‍ അംഗം ജെ.വി. മീനാക്ഷിയും കഴിഞ്ഞ ദിവസം രാജിവച്ചതെന്നാണ് സൂചന.

കേന്ദ്ര ബജറ്റ് അവതരണത്തിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ചോര്‍ന്നതു കേന്ദ്രത്തിന് തലവേദനയാകും. റിപ്പോർട്ടനുസരിച്ച് ഗ്രാമീണ മേഖലയെക്കാള്‍ നഗരങ്ങളിലാണ് തൊഴിലില്ലായ്മ രൂക്ഷം. 13 മുതല്‍ 27 ശതമാനം വരെയാണ് യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Related Articles
Next Story
Videos
Share it